top of page

സഹനത്തില്‍നിന്ന് മഹത്വത്തിലേക്ക്

May 14, 2017

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
ree

കര്‍ത്താവിന്‍റെ  സഹനമരണ ഉത്ഥാനങ്ങളുടെ ഓര്‍മ്മകളുടെ വഴിയിലാണ് നാം നില്‍ക്കുന്നത്. ഒരിത്തിരി ആദ്ധ്യാത്മിക ചിന്തകള്‍ നമുക്കായി നല്‍കിക്കൊണ്ടാണ് ഉയിര്‍പ്പുതിരുനാള്‍ കടന്നുപോയത്. ചെറുതും വലുതുമായ സഹനങ്ങള്‍ ദൈവം നമുക്കായി നല്കുന്നുണ്ട്. ചെറിയ ക്ലാസുകളിലെ പരീക്ഷ എളുപ്പമാണ്. ആ പരീക്ഷകള്‍ ജയിക്കുമ്പോള്‍ ചെറിയ പ്രൊമോഷനെ ലഭിക്കൂ. വലിയ ക്ലാസുകളിലെ പരീക്ഷ കട്ടിയുള്ളതാണ്. അവ ജയിച്ചാല്‍ വലിയ പ്രൊമോഷന്‍ ലഭിക്കും. ഐ. എ. എസ്. നല്ല കടുപ്പമുള്ള പരീക്ഷയാണ്. അതു ജയിച്ചു കഴിഞ്ഞാല്‍ വലിയ സ്ഥാനം ലഭിക്കും. ആദ്ധ്യാത്മിക ജീവിതത്തിലും ഇത് സത്യമാണ്. ചെറിയ ചെറിയ സഹനങ്ങള്‍ അകാരണമായി അനുഭവിക്കേണ്ടി വരുമ്പോള്‍ ചെറിയ കൃപകളും ലഭിച്ചുകൊണ്ടിരിക്കും. അകാരണമായി വലിയ സഹനങ്ങളിലൂടെ കടന്നുപോകേണ്ടി വരുമ്പോള്‍ ഉന്നതമായ കൃപകള്‍ കൊണ്ട് ദൈവം നമ്മെ നിറയ്ക്കും. എന്തിനെന്നു ചോദിക്കാതെ വെറുതെ സഹിക്കുന്നവരെ കര്‍ത്താവ് അനുഗ്രഹിക്കും. കുശവന്‍ അവന്‍റെ ഇഷ്ടപ്രകാരം പാത്രങ്ങള്‍ മെനഞ്ഞ് ഉപയോഗിക്കുന്നതുപോലെ ദൈവം തന്‍റെ ഇഷ്ടപ്രകാരം മനുഷ്യനെ ഉപയോഗിക്കുന്നു. അതികഠിനമായ സഹനത്തെ ചോദ്യം ചെയ്യാതെ ദൈവപുത്രന്‍ സ്വീകരിച്ചു. അതിന് ഉത്ഥാനമെന്ന വലിയ സമ്മാനം ദൈവം നല്കി.

എല്ലാം കടന്നുപോകും. ഒന്നും ശാശ്വതമല്ല എന്ന ചിന്തയും കര്‍ത്താവിന്‍റെ സഹനം വഴി നാം പഠിക്കുന്നു. നമ്മെ പുകഴ്ത്തുന്ന ഓശാന വിളികളും നമ്മെ തളര്‍ത്തുന്ന കൊലവിളികളുമെല്ലാം കടന്നുപോകും. ദുഷ്പേരുകളും സല്‍പേരുകളും കടന്നുപോകും. സമ്പത്തും ദാരിദ്ര്യവും കണ്ണീരും പുഞ്ചിരിയുമൊന്നും സ്ഥിരമല്ല. ഇരുണ്ടും വെളുത്തും കടന്നുപോകുന്ന ദിനരാത്രങ്ങള്‍ക്കിടയില്‍ സംഭവിക്കുന്നതെല്ലാം ഉള്‍ക്കൊള്ളുക. നാം തീര്‍ത്ഥാടകരാണ്. കടലിലെ തിരമാലകള്‍ പോലെ ഓരോ അനുഭവങ്ങള്‍ കടന്നുവരും. ഒന്നിന്‍റെയും മുമ്പില്‍ തളരരുത്. അവയൊന്നും സ്ഥിരമായി നില്‍ക്കില്ലെന്നും അതിനുമപ്പുറം ഒരു ജീവിതമുണ്ടെന്നും യേശുവിന്‍റെ മരണോത്ഥാനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

യേശുവിന്‍റെ കഠിനമായ സഹനങ്ങളാണ് ആ ജീവിതത്തെ തിളക്കമുള്ളതാക്കി മാറ്റിയത്. സഹനം നമ്മുടെ ജീവിതത്തിന് തിളക്കം തരികയും നല്ല രുചി കൂട്ടുകയും ചെയ്യുന്നു. കൂടുതല്‍ സഹിക്കുന്നവര്‍ക്കാണ് കൂടുതല്‍ തിളക്കം തോന്നിക്കുന്നത്. വീണ്ടും വീണ്ടും മില്ലില്‍ ഇട്ട് കുത്തുന്ന അരിയാണ് രുചിയുള്ള അരി. തീജ്വാലകള്‍ക്കിടയില്‍ ശരിക്കും ശുദ്ധീകരിക്കപ്പെടുന്നതാണ് ഏറ്റവും തിളക്കമുള്ള സ്വര്‍ണം. മുറിപ്പെടുത്തി ദ്വാരങ്ങള്‍ വീഴുമ്പോഴാണ്  മനോഹരമായ ഓടക്കുഴല്‍ രൂപമെടുക്കുന്നത്. ചെമ്പുകഷണങ്ങള്‍ അടിച്ചുപരത്തുമ്പോഴാണ് അരുളിക്കാ ഉണ്ടാകുന്നത്. ഗോതമ്പു മണി വീണ്ടും പൊടിക്കപ്പെടുമ്പോഴാണ് തിരുവോസ്തി ഉണ്ടാകുന്നത്. നമ്മുടെ ജീവിതത്തെ വര്‍ണ്ണപകിട്ടുള്ളതാക്കാന്‍ സഹനങ്ങള്‍ സഹായിക്കുന്നു.

ആരൊക്കെയോ എവിടെയൊക്കെയോ സഹിക്കുമ്പോഴാണ് ലോകത്തില്‍ വിശുദ്ധീകരണം നടക്കുന്നത്. നമ്മുടെ ബുദ്ധികൊണ്ടോ യുക്തികൊണ്ടോ ഇതു മനസ്സിലാക്കാന്‍ കഴിയില്ല. ഒത്തിരിപ്പേര്‍ സഹിക്കുമ്പോള്‍ നമ്മുടെ ചുറ്റുപാടുകളില്‍ വിശുദ്ധീകരണം നടക്കുന്നു. ആരുടെയൊക്കെയോ പാപങ്ങള്‍ക്കു പരിഹാരമായി ചിലരൊക്കെ സഹിക്കേണ്ടി വരുന്നു. ബുദ്ധികൊണ്ടു ചിന്തിച്ചാല്‍ ഇതിനുത്തരം കാണാനാവില്ല. പഴയനിയമത്തിലെ ജോസഫിനെപോലെ നാമും പറയണം, "ദൈവം തന്നു, ദൈവം എടുത്തു, ദൈവത്തിന്‍റെ തിരുനാമത്തിനു സ്തുതി." 'എനിക്കൊന്നും മനസ്സിലാകുന്നില്ല, നിന്‍റെ ഇഷ്ടം പോലെ നടക്കട്ടെ' എന്ന് മറിയത്തെപോലെ നമ്മളും ഏറ്റുപറയണം.

ഓരോ സഹനവും കര്‍ത്താവിന്‍റെ അള്‍ത്താരയിലേക്കു നമ്മെ ഉയര്‍ത്തുന്ന വഴികളാണ.് അല്‍ഫോന്‍സാമ്മയും കൊച്ചുത്രേസ്യായുമൊക്കെ നമ്മെ പഠിപ്പിക്കുന്നത്, സഹനങ്ങള്‍ ദുരിതങ്ങളല്ല, മറിച്ച് ദൈവത്തിലേക്ക് നമ്മെ വലിച്ചടുപ്പിക്കുന്ന വഴികളാണ്. സഹിക്കുന്ന മറ്റ് മനുഷ്യരോട് നമ്മെ താദാത്മ്യപ്പെടുത്തുകയാണ.് കൂടുതല്‍ ക്ഷമാശീലവും മാനസിക പക്വതയും നമുക്കു ലഭിക്കുന്നു. നമ്മുടെ ജീവിതത്തിന്‍റെ നിസ്സാരതയേയും ദൈവത്തിന്‍റെ വലിയ ശക്തിയേയും സഹനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മറ്റുള്ളവരെ ആശ്രയിക്കാതെ നമുക്കു ജീവിക്കാനാവില്ലെന്ന വലിയ പാഠവും സഹനം നമ്മെ പഠിപ്പിക്കുന്നു. നമ്മുടെ കര്‍ത്താവിന്‍റെ ഉത്ഥാനത്തിന്‍റെ വിശുദ്ധ സ്മരണകളിലൂടെ കടന്നുപോകുമ്പോള്‍ സഹനത്തിന്‍റെ നിഗൂഢമായ അര്‍ത്ഥതലങ്ങളെപ്പറ്റി നമുക്ക് ധ്യാനിക്കാം.


May 14, 2017

0

0

Recent Posts

bottom of page