

മനുഷ്യനെ നവീകരിക്കുന്നത് അവനിലുണ്ടാകുന്ന അവബോധമാണ്. എല്ലാ മനുഷ്യര്‍ക്കും നല്ലവരായി ജീവിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ വിവിധങ്ങളായ കാരണങ്ങളാല്‍ അതിനു കഴിയുന്നില്ല. കുപ്രസിദ്ധരായ കുറ്റവാളികള്‍ക്കുപോലും തങ്ങളുടെ വഴി തെറ്റാണെന്നും അതു തിരുത്തണമെന്നും അറിയാം. പക്ഷേ സാധിക്കുന്നില്ല. ഒരാളുടെ പരിമിതിയെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ആ വ്യക്തിക്ക് അവബോധമുണ്ടായിരിക്കണം. സ്വന്തം പരിമിതിയെക്കുറിച്ചും മറ്റുള്ളവരുടെ വിലയിരുത്തലിനെക്കുറിച്ചും അവബോധമുണ്ടായാല്‍ ആ വ്യക്തി സ്വയം തിരുത്തും. തെറ്റായ അവബോധവുമായി ജീവിക്കുന്നിടത്തോളം കാലം ജീവിതത്തില്‍ വ്യതിയാനങ്ങളുണ്ടാവില്ല. സ്വയാവബോധം വന്നവരെല്ലാം പുതിയ വ്യക്തികളായി മാറിയിട്ടുണ്ട്. ചില സാഹചര്യങ്ങളും സംഭവങ്ങളുമെല്ലാം ദൈവം അനുവദിച്ചു തരും. അനുഭവങ്ങളില്‍ നിന്നു പാഠം പഠിക്കുന്നവനാണ് വിവേകമുള്ള മനുഷ്യന്‍. അതു സൃഷ്ടിക്കുന്ന സുബോധം ഒരുവനെ തിരിച്ചുനടത്തും. ഇന്നലെകളിലെ തെറ്റില്‍നിന്നു മുക്തി പ്രാപിക്കുന്ന പുതിയ മനുഷ്യനായി മാറും.
സ്വയാവബോധത്തിലേക്കു തിരിച്ചുനടക്കുന്ന മനുഷ്യന്‍ പുതിയ തീരുമാനങ്ങളിലേക്കു പ്രവേശിക്കും. ഒരുവന്‍റെ വില നിശ്ചയിക്കുന്നത് അവന്‍ സ്വീകരിക്കുന്ന നിലപാടുകളുടെ വെളിച്ചത്തിലാണ്. ഉറച്ചതീരുമാനമുള്ള മനുഷ്യരെ ലോകം ആദരിക്കും. അവനെവിടെനിന്നു വന്നുവെന്ന് പിന്നീടാരും ചിന്തിക്കില്ല. അവന്‍റെ യാത്ര എങ്ങോട്ടാണ് എന്നാണ് പിന്നീടുള്ള ശ്രദ്ധ. കൊലപാതകിയായ മോശ പുതിയ തീരുമാനത്തിലെത്തിയപ്പോള്‍ മോശയുടെ പഴയകാലം ആരും നോക്കിയില്ല. ക്രിസ്തുശിഷ്യരെ കൊന്നൊടുക്കിയ സാവൂള്‍ പുത്തന്‍ ബോദ്ധ്യത്തിലുറച്ചുനിന്നപ്പോള്‍ പഴയ മനുഷ്യനെ മറന്ന് പുതിയ പൗലോസിനെ മനുഷ്യര്‍ സ്വീകരിച്ചു.
പേരുദോഷങ്ങള്‍ മാറ്റുവാനും ജനഹൃദയങ്ങള ില് സ്ഥാനം പിടിക്കാനുമുള്ള ഏകമാര്‍ഗ്ഗം ഉറച്ചതീരുമാനമുള്ള വ്യക്തിയാവുക എന്നതാണ്. തിരിച്ചറിവിന്‍റെ അവബോധങ്ങള്‍ പുത്തന്‍ തീരുമാനത്തിന്‍റെ ഉടമയാക്കി ഒരുവനെ മാറ്റും.
