

അമ്പതുനോമ്പിന്‍റെ അവസാനഭാഗത്തേക്ക് നാം പ്രവേശിക്കുകയാണല്ലോ. കര്‍ത്താവിന്‍റെ പീഢാസഹനത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും സ്മരണ പേറുന്ന വിശ്വാസ സമൂഹം തീവ്രമായ തപസ്സിന്‍റെയും പ്രാര്‍ത്ഥനയുടെയും ദിവസങ്ങളില്‍ വ്യാപൃതരാകുന്നു. ക്രിസ്തുവിന്‍റെ വിശുദ്ധവാരത്തിലൂടെ ധ്യാനപൂര്‍വ്വം നമുക്കു യാത്ര ചെയ്യാം.
ഓശാന ഞായറാഴ്ചയിലൂടെയാണല്ലോ നാം വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കുന്നത്. കര്‍ത്താവിന് ജയ് വിളിക്കുന്ന സമൂഹത്തെയാണ് നാം ഓശാന ഞായറാഴ്ച കാണുന്നത്. ആഹ്ലാദത്തിന്‍റെ തിരമാലകള്‍ ഉയരുന്ന ജയ് വിളി. കരുത്തോലകള്‍ കയ്യിലേന്തിയാണ് ആഹ്ലാദ പ്രകടനം. നാം ഓരോരുത്തരും കുരുത്തോലകളാണ്. ആനന്ദത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും പ്രതീകമാണ് കുരുത്തോല കര്‍ത്താവിന്‍റെ കരങ്ങളിലുയര്‍ത്തിയ കുരുത്തോലകളായി നാം മാറണം. തെങ്ങില്‍ നിന്നും വെട്ടിയെടുത്തപ്പോള്‍ കുരുത്തോലകള്‍ക്കു വേദനിച്ചു. ഈ ഇളംപ്രായത്തില്‍ എന്തിനെന്നെ വെട്ടിമുറിച്ചു എന്ന് കുരുത്തോലകള്‍ ചിന്തിച്ചു. ദൈവം കുരുത്തോലയ്ക്ക് ഒരു തിരിച്ചറിവു നല്‍കി! നിന്നെ ഇളംപ്രായത്തില്‍ വെട്ടിയെടുത്തില്ലെങ്കില്‍ ഒരു കാലത്തു കരിഞ്ഞ് ഉണങ്ങിയ ഓലയായി നീ മാറുമെന്ന് ഓര്‍ക്കണം. ഈ തിരിച്ചറിവിന്‍റെ ഓശാനയാഘോഷത്തില്‍ നമുക്കും ലഭിക്കണം.
പെസഹാത്തിരുന്നാളില്‍ വിശുദ്ധ കുര്‍ബാനയെപ്പറ്റിയും പാദം കഴുകലിനെപ്പറ്റിയുമൊക്കെ നാം ധ്യാനിക്കുന്നു. ഒരു തൂവാലകൊണ്ട് അവന്‍ ശിഷ്യരുടെ പാദങ്ങള്‍ കഴുകിത്തുടച്ചു. തുടക്കാനുപയോഗിച്ച അരക്കച്ചയെന്ന തൂവാലപോലെ നാം ചെറുതാകണം. വേറോനിക്കാ തൂവാലകൊണ്ട് ക്രിസ്തുവിന്‍റെ മുഖം തുടച്ചപ്പോള്‍ ആ മുഖം അതില്‍പ്പതിഞ്ഞു തുവാലപോലെ മൃദുലമാകുന്ന, ലളിതമാകുന്ന ജീവിതങ്ങളില്‍ ക്രിസ്തുവിന്‍റെ മുഖം പതിയും. മദര്‍ തെരേസയില്‍, അല്‍ഫോന്‍സാമ്മയിലൊക്കെ കര്‍ത്താവിന്‍റെ മുഖം പതിഞ്ഞു. പെസഹാദിനങ്ങളില്‍ തുവാലകൊണ്ടു തുടച്ച, സ്വയം മുറിച്ചുകൊടുത്ത കര്‍ത്താവിന്‍റെ മാതൃക നമ്മെ ബലപ്പെടുത്തട്ടെ. 'പെസഹാ' എന്ന വാക്കിന്‍റെ അര്‍ത്ഥം 'കടന്നുപോകല്‍' എന്നാണല്ലോ. നമ്മളാരും ഈ ഭൂമിയില്‍ സ്ഥിര താമസക്കാരല്ല. ഈ കാണുന്നതെല്ലാം വിട്ടു നാം കടന്നുപോകേണ്ടവരാണ് എന്ന ഓര്‍മ്മയും പെസഹാദിനങ്ങളില്‍ ഹൃദയത്തില്‍ സൂക്ഷിക്കാം.
ദുഃഖവെള്ളിയാഴ്ചയിലെ കുരിശിന്‍റെ വഴിയില്‍ ഒരു ശിമയോനെ നാം കാണുന്നു. കുരിശു ചുമക്കുന്ന മനുഷ്യരുടെ മുന്നില്‍ അവരുടെ കുരിശിന്‍റെ ഭാരം കുറയ്ക്കാനും മനുഷ്യനായി നാം മാറുന്നുണ്ടോ? നമ്മുടെ നൊമ്പരങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ നമ്മെ ആശ്വസിപ്പിച്ചവരുണ്ടോ? അപരന്‍റെ കുരിശു താങ്ങുവാന്‍ അവസരം ലഭിച്ചിട്ടും മനപ്പൂര്‍വ്വം നമ്മള്‍ ഒഴിഞ്ഞു മാറുന്നുണ്ടോ? കാല്‍വരിയുടെ മുകളില്‍ 3 കുരിശുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ഒന്നാമത്തെ കുരിശ് ഇടതു വശത്തെ കള്ളന്‍റെ കുരിശാണ്. കൊപവും, മുറുമുറുപ്പും പരാതിയും ആ കുരിശിന്‍ നിന്നുയര്‍ന്നു. ജീവിതത്തിലെ പ്രതിസന്ധികളാകുന്ന കുരിശില്‍ കിടന്നു പിടയുമ്പോള്‍ നാം അസ്വസ്ഥരാകുന്നുവെങ്കില്‍ നമ്മള്‍ ഇടതുവശത്തെ കള്ളന്‍റെ കുരിശിലാണു കിടക്കുന്നത്. രണ്ടാമത്തെ കുരിശ് വലതു വശത്തെ കള്ളന്‍റെ കുരിശാണ്. സ്വന്തം തെറ്റുകള്‍ തിരിച്ചറിഞ്ഞ് പശ്ചാത്തപിക്കുന്ന കുരിശാണത്. അപരന്‍റെ നന്മ അംഗീകരിച്ചും സ്വന്തം അപരാധങ്ങള്‍ ഏറ്റുപറഞ്ഞും ജീവിക്കുന്നവര്‍ ഈ കുരിശിലാണ് കിടക്കുന്നത്! നടുവിലത്തെ കുരിശ് കര്‍ത്താവിന്‍റെ കുരിശാണ്. അതു വീണ്ടെടുപ്പിന്‍റെ കുരിശാണ്. കള്ളനില്‍പോലും നന്മ കാണുവാന്‍ നമുക്ക കഴിഞ്ഞാല്‍ നമ്മള്‍ ക്രിസ്തുവിന്‍റെ കുരിശിന്‍റെ നിഴലിലായിരിക്കും നില്‍ക്കുന്നത്.
മറിയത്തിന്‍റെ ഇളകാത്ത വിശ്വാസം പ്രകടമാകുന്ന ദിവസമാണ് ദുഃഖശനി. സ്വന്തം പുത്രനെ ലോകത്തില്‍ ഒരു കല്ലറയ്ക്കും ഒതുക്കി കിടത്താന്‍ കഴിയില്ലെന്ന വിശ്വസിച്ച മറിയത്തിന്‍റെ മാതൃക നമുക്ക് ശക്തി പകരട്ടെ. ദുഃഖശനിയില്‍ നിന്നും ഉയര്‍പ്പിലേക്കുള്ള ദൂരം ചെറുതാണ്. മാലാഖമാര്‍ 'അവനിവിടില്ല' എന്ന സദ്വാര്‍ത്ഥ ശിഷ്യരെയും മഗ്ദലന മറിയത്തെയും അറിയിച്ചു. മരിച്ചുപോയ ദൈവം നമുക്കില്ല. നമ്മുടെ ദൈവം ജീവിക്കുന്ന ദൈവമാണ്. അവന്‍ ഇന്നലെയും ഇന്നും എന്നും ഒരുവന്‍തന്നെ. മൂടിവയ്ക്കപ്പെടുന്ന ഏതു സത്യവും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കും. താല്‍ക്കാലികമായി നമ്മെ ചിലര്‍ തകര്‍ക്കുമ്പോള്‍ ഭയപ്പെടരുത്. സത്യം നമ്മുടെ പക്ഷത്താണെങ്കില്‍ അവസാന വിജയം നമ്മുടേതായിരിക്കും. ഉയിര്‍പ്പ് തിരുനാള്‍ മംഗളങ്ങള്‍.






















