top of page

ഭയത്തില്‍നിന്ന് ഹിംസയിലേക്ക്

Oct 2, 2002

3 min read

സപ
a hit place in fire

കാശ്മീര്‍ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനിരീക്ഷകരുടെ മേല്‍നോട്ടം ഉണ്ടാകണം. പാലസ്തീന്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകണമെങ്കില്‍ യാസര്‍ അരാഫത്തിനെ നേതൃസ്ഥാനത്തുനിന്ന് മാറ്റണം. എന്തു മാര്‍ഗ്ഗത്തിലൂടെയും ഇറാക്ക് പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് സദ്ദാം ഹുസൈനെ പുറത്താക്കും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ലോകപോലീസായ അമേരിക്കയുടെ ഭരണാധികാരികള്‍ നടത്തിയ പ്രഖ്യാപനങ്ങളാണിവ. ലോകത്തിനു മുഴുവന്‍ ബോധ്യമാകുന്ന വിധത്തില്‍ കുറ്റമറ്റ നിലയില്‍ സ്വന്തം രാജ്യത്തെ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാന്‍  പറ്റാത്ത അമേരിക്കയുടെ ഈ ധിക്കാരവും അതിലേക്ക്  നയിച്ച ലോകസാഹചര്യങ്ങളും ലോകജനതയുടെ മനോഭാവങ്ങളും വിലയിരുത്തപ്പെടേണ്ടതുണ്ട്.

തൊഴിലാളിവര്‍ഗ സര്‍വ്വാധിപത്യത്തിന്‍റെ ഒരു ഘട്ടത്തില്‍ വര്‍ഗ്ഗവിഭജനം അപ്രത്യക്ഷമാകുമെന്നും അപ്പോള്‍ ഭരണകൂടം തന്നെ അപ്രസക്തമായി സ്വയം കൊഴിഞ്ഞുപോകുമെന്നുമുള്ള പ്രത്യയശാസ്ത്ര ശാഠ്യത്തില്‍ വിശ്വസിച്ചിരുന്ന സോവിയറ്റ് യൂണിയന്‍ എന്ന രാഷ്ട്രം തന്നെ കൊഴിഞ്ഞുപോയപ്പോള്‍ ലോകരാഷ്ട്രീയരംഗത്ത് അമേരിക്കയുടെ ഒരു ഏകപക്ഷീയതയാണുണ്ടാതെന്ന് നമുക്കറിയാം. ചേരിചേരാപ്രസ്ഥാനത്തിന് നേതൃത്വം നല്കിയ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ രാഷ്ട്രീയരംഗത്തും സാമ്പത്തികരംഗത്തും ഉണ്ടായ അസ്ഥിരതകളും ആ രാജ്യങ്ങളിലെ സമീപകാല ദുര്‍ബലനേതൃത്വങ്ങളും ഈ ഏകപക്ഷീയതയ്ക്ക് ആക്കംകൂട്ടി. ഇതിനെല്ലാം പുറമേ ഗാട്ട്കരാറും ണഠഛ യും വഴി ലോകത്തെ ഒന്നാകെ ഒരു കമ്പോളമാക്കി മാറ്റുന്നതില്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കുണ്ടായ വിജയവും ഐക്യരാഷ്ട്രസംഘടനയുടെ രാഷ്ട്രിയ പ്രഭാവത്തിനുമുമ്പില്‍ മങ്ങിപ്പോയതും സ്ഥിതി ഒന്നുകൂടി ഏകപക്ഷീയമാക്കി. ഈ സാഹചര്യങ്ങളില്‍ അമേരിക്കയ്ക്ക് ലഭിച്ചിരുന്ന മേധാവിത്വം ഏറ്റവും ധാര്‍ഷ്ട്യത്തോടെയും മറ്റ് രാജ്യങ്ങളിലെ  ജനതകളുടെ ആത്മാഭിമാനബോധത്തെ അപഹസിച്ചുകൊണ്ടും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ഉന്മാദാവസ്ഥയിലായിരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം.

ഈ ഉന്മാദാവസ്ഥയുടെ മാനസിക പശ്ചാത്തലം ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ അമേരിക്ക ചെയ്യുന്നതുപോലെ മേധാവിത്വപ്രകടനം നടത്തുന്നവര്‍ -വ്യക്തികളും ജനസമൂഹങ്ങളും ഭരണകൂടങ്ങളും- വെളിവാക്കുന്നത് അവരുടെ തന്നെ രണ്ട് ദൗര്‍ബല്യങ്ങളെയാണ്. സ്വന്തം ധാര്‍മ്മികാപചയമാണതിലൊന്ന്. മേധാവിത്വബോധം മൂല്യബോധത്തിനുമേല്‍ കടന്നുകയറ്റം നടത്തുന്നതുമൂലം വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും സംഭവിക്കുന്ന ദുരന്തമാണത്. രണ്ടാമത് പ്രകടമാകുന്ന ദൗര്‍ബല്യം ആത്മവിശ്വാസമില്ലായ്മയാണ്. ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനം നിര്‍ഭയത്വമാണ്. നിര്‍ഭയത്വത്തിന്‍റെ അടിസ്ഥാനമാകട്ടെ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസവും. മൂല്യബോധമില്ലാത്തവരുടെ നിര്‍ഭയത്വം അഹന്തയാണ്. മേധാവിത്വബോധം നല്കുന്ന ഉന്മാദം മൂല്യബോധത്തെ വിഴുങ്ങുമ്പോള്‍ സ്വാഭാവികമായും ഈ മേധാവിത്വം നിലനിര്‍ത്തണമെന്ന സ്വാര്‍ത്ഥതയും എന്നും ഇതു നിലനിര്‍ത്താനാവുമോ എന്ന ആശങ്കയും (ഭയവും) ഉടലെടുക്കുന്നു. മറ്റ് രാജ്യങ്ങളുടെമേല്‍ കുതിര കയറുന്ന അമേരിക്കന്‍ ഭരണകൂടത്തിന്‍റെയും ജനങ്ങളുടെയും ഭയത്തിന്‍റെ വ്യാപ്തി നമുക്ക് മനസ്സിലായത് സംയുക്തവര്‍മ്മയും കൂട്ടരും വിമാനത്തിലിരുന്ന് ആംഗ്യം കാണിച്ചപ്പോഴാണ്.

സംഘര്‍ഷവുമഹിംസയും വളര്‍ത്തുന്ന തിന്മയാണ് ഭയം. വ്യക്തിതലത്തിലാണെങ്കിലും സമൂഹതലത്തിലാണെങ്കിലും ഇതാണനുഭവം. ഭയത്തില്‍ നിന്നുടലെടുക്കുന്ന ഹിംസ വീണ്ടും ഹിംസയെ പെരുപ്പിക്കും. ബിന്‍ലാദമാരുണ്ടായത് അങ്ങനെയാണ്. മറയില്ലാത്ത മേധാവിത്വപ്രകടനത്തിനെതിരെയുള്ള തീവ്രപ്രതികരണങ്ങള്‍ക്ക് ചിലര്‍ മുന്നിട്ടിറങ്ങുന്നു. അത്തരക്കാരെ നേരിടാന്‍ കൂടുതല്‍ ഹിംസ പ്രയോഘിക്കപ്പെടുമ്പോള്‍ ബിന്‍ലാദന്മാരെ ന്യായീകരിക്കുന്ന ലോകമനസ്സ് രൂപപ്പെടുത്തുന്നതിനാണ് കളമൊരുങ്ങുക.

എല്ലാ രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ നിയന്ത്രിക്കുന്ന ശക്തികള്‍, അവര്‍ രാഷ്ട്രീയ നേതാക്കളോ, പട്ടാളമേധാവികളോ മതനേതാക്കളോ ആകട്ടെ ഉള്ളില്‍ ഭയമുള്ളവരും സ്വന്തം ജനങ്ങളെ ഭരണകൂട സംവിധാനങ്ങളും നയങ്ങളും ഉപയോഗിച്ച് പരോക്ഷമായെങ്കിലും ഭയപ്പെടുത്തുന്നവരുമാണെന്ന യാഥാര്‍ത്ഥ്യം ലോകപോലീസിന്‍റെ ഉള്‍ഭയത്തോടും മേധാവിത്വപ്രകടനങ്ങളോടുമൊപ്പം മനസ്സിലാക്കപ്പെടണം. ലോകമെങ്ങും സംഘര്‍ഷം - ഹിംസ - വര്‍ദ്ധിച്ചുവരുന്നതിന്‍റെ പ്രധാനകാരണം ഇതാണ്. സ്വന്തം രാജ്യത്തിനുമേലുള്ള തങ്ങളുടെ മേധാവിത്വം നഷ്ടമാകുമോ എന്ന് ഭയപ്പെടുന്നവരുമായി സന്ധി ചെയ്യുന്നു. പരസ്പരം സഹായിക്കുന്ന കരാറുകളിലേക്ക് രണ്ടുകൂട്ടരും എത്തിപ്പെടുന്നു. തല്‍ഫലമായി ലോകമേധാവിയുടെ സാമന്തന്മാരായി രാജ്യമേധാവിത്വം കൊണ്ടുനടക്കാന്‍ ചിലര്‍ക്ക് അവസരമൊരുങ്ങുന്നു. അത്തരം സാമന്തന്മാരായി സ്വയം തരംതാഴാന്‍ കൂട്ടാക്കാത്തവരെ ഏതുവിധേനയും സ്ഥാനഭ്രഷ്ടരാക്കുക തങ്ങളുടെ അവകാശമായി മേധാവിത്വബോധത്താല്‍ ഉന്മത്തരായവര്‍ സ്വയം  കരുതുകയും മറയില്ലാതെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

കേരളത്തില്‍ അടുത്തകാലത്ത് ഏറെ വിവാദമുയര്‍ത്തിയ ഏ ഡി ബി വായ്പ വാങ്ങാന്‍ ശ്രമങ്ങളാരംഭിച്ച എല്‍ ഡി എഫ് സര്‍ക്കാറിനും ഇപ്പോള്‍ ശ്രമം തുടരുന്ന യു ഡി എഫ് സര്‍ക്കാരിനുമറിയാം കേരളീയരുടെ ഭാവിയെ പലവിധത്തിലും ബാധിക്കുന്ന ഉപാധികളോടെയേ വായ്പ ലഭിക്കൂ എന്ന്. എന്നാല്‍ തങ്ങളുടെ ഭരണം നിലനിര്‍ത്തുന്നതിനായി, സംഘടിതരും വിലപേശല്‍ ശേഷി കൂടുതലുള്ളവരുമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശബളവും ആനുകൂല്യവും മുടക്കംകൂടാതെ നല്‍കാനും റോഢും പാലവും പോലുള്ള വികസനാവശ്യങ്ങള്‍ സംബന്ധിച്ച മോഹങ്ങളുള്ള ജനങ്ങളെ പ്രീണിപ്പിക്കാനും പണം കണ്ടെത്തുക എന്ന താല്‍ക്കാലിക മുട്ടുശാന്തി വഴി ദീര്‍ഘകാല പ്രതിസന്ധികളിലേക്ക് സംസ്ഥാനത്തെ തള്ളിവിടാന്‍ ഭരണാധികാരികള്‍ തയ്യാറാവുകയാണ്.

താഴെത്തട്ടിലെ ഭരണാധികാരികളായ പഞ്ചായത്തു പ്രസിഡന്‍റുമാരും ഏതു വിധത്തിലെങ്കിലും കുറെ പണം സര്‍ക്കാരില്‍നിന്നു വാങ്ങി ചില നമ്പരുകള്‍ കാണിച്ച് ജനത്തെ കൂടെ നിര്‍ത്തി ഒരു രണ്ടാമൂഴം കൂടി എങ്ങനെ തരപ്പെടുത്താമെന്നാലോചിക്കുന്നവരാണ്. ഇങ്ങനെ അടിതൊട്ടു മുടിവരെ ഭരണാധികാരികള്‍ തങ്ങളുടെ മേധാവിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പൗരന്മാര്‍ തങ്ങളുടെ വ്യക്തിപരമായ മേധാവിത്വം ഉറപ്പിക്കാന്‍ ഇത്തരം ചെറുകിട- വന്‍കിട ഭരണാധികാരികളുടെ ദാസന്മാരായി  സ്വയം തരംതാഴുന്നത് ജീവിതവിജയത്തിനുള്ള പുതിയ സൂത്രവാക്യമായി കരുതുന്നു. രാഷ്ട്രീയകക്ഷികളിലും മതസംഘടനകളിലും ഇന്ന് ആളുകള്‍ കൂടുന്നത് അവയുടെ വിശ്വാസപ്രമാണങ്ങളിലും നയപരിപാടികളിലുമുള്ള വിശ്വാസംകൊണ്ടല്ല മറിച്ച് മേല്‍ സൂചിപ്പിച്ച പുതിയ സൂത്രവാക്യത്തിലുള്ള വിശ്വാസം കൊണ്ടാണ്. ഇവിടെയും സ്വന്തം നിലനില്പ് എന്ന സ്വാര്‍ത്ഥതയും ഭയവുമാണ് ജനങ്ങളെ നയിക്കുന്നത് എന്നു വ്യക്തമാണ്.

ചുരുക്കത്തില്‍ വ്യക്തികള്‍ തമ്മിലുള്ള ബന്ധം മുതല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍വരെ ഇന്ന് ഭയം എന്ന വികാരത്തെ അടിസ്ഥാനമാക്കി രൂപം കൊള്ളുന്നവയായിത്തീര്‍ന്നിരിക്കുന്നു. എന്‍റെ സുരക്ഷിതത്വം എനിക്ക് ചുറ്റുമുള്ളവരും ഉള്ളവയും (മനുഷ്യരും മനുഷ്യേതര പ്രകൃതിഘടകങ്ങളും) ഞാനും തമ്മില്‍ സമഭാവനയോടും പരസ്പരബഹുമാനത്തോടുമുള്ള ബന്ധത്തിലധിഷ്ഠിതമാണെന്ന ചിന്തയ്ക്കു പകരം എന്‍റെ സുരക്ഷിതത്വം എനിക്കു ചുറ്റുമുള്ളവരുടെയും ഉള്ളവയുടെയും മേല്‍ ഏതുവിധേനയെങ്കിലും മേധാവിത്വം നേടുമ്പോഴാണ് എന്ന ഹിംസാത്മകമായ ചിന്തയാണിന്ന് എവിടെയും നിലനില്‍ക്കുന്നത്. ആധുനിക മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്.

ഭയത്തില്‍നിന്നും ഉടലെടുത്തിട്ടുള്ള ഈ പ്രതിസന്ധിയില്‍ ഏറെക്കാലം മാനവരാശിക്ക് നിലനില്‍ക്കാനാവില്ല. കാരണം ഈ പ്രതിസന്ധി ഏതു നിമിഷവും സര്‍വ്വനാശത്തിനിടയാക്കുന്ന ഒരു പൊട്ടിത്തെറിയായി വികസിച്ചേക്കാം. നിര്‍ഭയത്വമുള്ള വ്യക്തികളും ജനസമൂഹങ്ങളുമുണ്ടായാല്‍ മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്ന് മാനവരാശിക്ക് മോചനമുള്ളൂ. നിര്‍ഭാഗ്യവശാല്‍ വിദ്യാലയങ്ങളില്‍ നിന്നോ ദൈവാലയങ്ങളില്‍നിന്നുപോലുമോ നിര്‍ഭയനായ മനുഷ്യനല്ല പുറത്തുവരുന്നത്. മറിച്ച് വിദ്യാലയങ്ങളും ദൈവാലയങ്ങളും കൊണ്ടുനടക്കുന്നവര്‍ പറഞ്ഞാല്‍ കേള്‍ക്കുന്നവരും അവര്‍ കാലാകാലങ്ങളില്‍ പ്രസരിപ്പിക്കുന്ന ഭ്രമങ്ങളില്‍ വളരെപെട്ടെന്ന് ആടിയുലയുന്നവരുമായ ഭീരുക്കളെയാണ് അവിടെ രൂപപ്പെടുത്തുന്നത്.

ഇവിടെയാണ് ഗാന്ധിയന്‍ സമീപനങ്ങളുടെ പ്രസക്തി വെളിവാകുന്നത്. ശരീരാദ്ധ്വാനവും ലളിതജീവിതവും സത്യഗ്രഹവും എല്ലാം മനുഷ്യനെ ഭയത്തില്‍നിന്നും ഭ്രമങ്ങളില്‍നിന്നും മോചിപ്പിച്ച് നിര്‍ഭയനാക്കാനുള്ള കര്‍മ്മപദ്ധതികളാണ്. സാരാംശത്തില്‍ എല്ല മതദര്‍ശനങ്ങളും ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജനാധിപത്യത്തിന്‍റെ രാഷ്ട്രീയ തത്ത്വശാസ്ത്രം യഥാര്‍ത്ഥത്തില്‍ വിരല്‍ചൂണ്ടുന്നതും നിര്‍ഭയരായ പൗരന്മാരുടെ ഭരണക്രമത്തിലേക്കാണ്. എന്നാല്‍ പൊതുവില്‍ പറഞ്ഞാല്‍, മതനേതാക്കളും രാഷ്ട്രീയനേതാക്കളും വിരല്‍ചൂണ്ടുന്നത് വിപരീതദിശയിലേക്കാണ് താനും. അതുകൊണ്ടുതന്നെ ലോകരാഷ്ട്രീയരംഗം മുതല്‍ ഗ്രാമതലരാഷ്ട്രീയ രംഗം വരെ മേധാവിത്വം പുലര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികളെ നേരിടാന്‍ വ്യക്തികളെ നിര്‍ഭയരും സ്വാതന്ത്ര്യബോധമുള്ളവരും സ്വാശ്രയത്വമുള്ളവരുമാക്കി മാറ്റുന്ന അടിസ്ഥാനപരമായ സാമൂഹിക ഇടപെടലുകളും ഏറെയാണ്.

Featured Posts