

ഏതാണ്ട് ഒരു 30 വർഷം മുമ്പാണത്. ഞാൻ ഫിലിപ്പീൻസിൽ എത്തിയിട്ട് അഞ്ചാറു മാസം ആകുന്നതേയുള്ളൂ. ദൈവാനുഗ്രഹത്താൽ ഒരു ഇടവക പള്ളിയിൽ താമസവും പാർട്ട് ടൈം ശുശ്രൂഷയും തരപ്പെട്ടിരുന്നു. ജീപ്പിനു പോകേണ്ട ദൂരം നടന്നും പുറത്തുനിന്നുള്ള ഭക്ഷണവും കാപ്പിയും ഒഴിവാക്കിയും ആദ്യ മാസങ്ങളിലെ സ്റ്റൈപ്പൻഡ് ചേർത്തുവച്ച് ക്വിയാപ്പോയിലെ തെരുവോരത്തു നിന്ന് കാനൺൻ്റെ ഒരു സെക്കൻഡ് ഹാൻഡ് ക്യാമറ വാങ്ങി. ഇനി അതിന് ഒരു ഫ്ലാഷ് ഗൺ വാങ്ങണം. കുബാവോയിലെ ഒരു ചെറിയ ഇലക്ട്രോണിക്സ് കടയിൽ സന്ധ്യമയങ്ങുന്ന നേരത്താണ് ചെന്നത്. ഒറ്റ ഷട്ടർ കടയിൽ തിക്കിത്തിരക്കി കസ്റ്റമേഴ്സ്. ഫ്ലാഷ് ചോദിച്ചു. ഒരു പുതിയ ഫ്ലാഷും അത് ടെസ്റ്റ് ചെയ്യാനായി, നാല് ബാറ്ററിയും തന്നിട്ട് സെയ്ൽസ്മാൻ മറ്റുള്ളവരുടെ കാര്യങ്ങളിലേക്ക് തിരിഞ്ഞു. പാക്കറ്റിൽ നിന്ന് ഫ്ലാഷ് പുറത്തെടുത്ത് പിൻഭാഗം തുറന്ന് ബാറ്ററി അതിൽ വച്ചടച്ച് ഫ്ലാഷ് ഓൺ ചെയ്തു. ചെറിയൊരു മൂളലോടെ ഫ്ലാഷ് ചാർജ് ആയി എന്ന് പച്ച ഇൻഡിക്കേറ്റർ വ്യക്തമാക്കി. ഫ്ലാഷിലേക്ക് നോക്കി ടെസ്റ്റ് ബട്ടൺ അമർത്തി. ഉജ്ജ്വലമായ പ്രകാശത്തോടെ ഫ്ലാഷടിച്ചു. അത്രയും ഓർത്തില്ല. കണ്ണിൽ ഇരുട്ട് കയറി. തലചുറ്റുന്നതുപോലെ. വീഴാതിരിക്കാൻ കൗണ്ടറിലേക്ക് ചാഞ്ഞുനിന്നു. രണ്ടുമൂന്ന് മിനിറ്റെങ്കിലും എടുത്തു കാണും കാഴ്ച തിരിച്ചു വരാൻ. മൂന്ന് മിനിറ്റ് നീണ്ട ആന്ധ്യം.
പൗലോസിന്റെ മാനസാന്തര തിരുനാൾ ആണ് കടന്നുപോകുന്നത്. കോഴിക്കോട് ആയിരുന്നപ്പോൾ എക്യുമെനിക്കൽ മീറ്റിങ്ങുകൾ ഉണ്ടാകുമായിരുന്നു, പങ്കെടുക്കാൻ. കഴിഞ്ഞ ഒരാഴ്ചയായി ലോകത്തിലെ സഭകളെല്ലാം സഭൈക്യവാരം ആചരിച്ച് ഐക്യത്തിനായി പ്രാർത്ഥിക്കുകയാണ്. നാമും പ്രാർത്ഥിച്ചു.
സ്വർഗ്ഗാരോഹണ നേരത്ത് പതിനൊന്ന് പേർക്കുമായിട്ടാണ് കർത്താവ് സുവിശേഷപ്രഘോഷണ ദൗത്യം ഏൽപ്പിക്കുന്നത്. എന്നിട്ടും, പന്തക്കുസ്താക്ക് മുമ്പുതന്നെ യൂദാസിന്റെ ഒഴിഞ്ഞു കിടന്ന സ്ഥാനം ഒരു പന്ത്രണ്ടാമനെ തെരഞ്ഞെടുത്ത് പത്രോസ് നികത്തിക്കഴിഞ്ഞിരുന്നു. നല്ല കാര്യം. പക്ഷേ, കർത്താവ് വിട്ടില്ല. കർത്താവപ്പോൾ ഒരു പതിമൂന്നാമനെ അവതരിപ്പിച്ചു. എന്താണ് പതിമൂന്നാമൻ്റെ പ്രത്യേകത? 12 പേരും ചരിത്രത്തിലെ, നസ്രത്തിൽ നിന്നുള്ള യേശുവിനെയും അവന്റെ അത്ഭുതങ്ങളും അടയാളങ്ങളും കണ്ടിട്ടുള്ളവരും അവന്റെ സ്വരവും വചസ്സുകളും കേട്ടിട്ടുള്ള വരും ആയിരുന്നു. അവർ എല്ലാവരും തങ്ങളുടെ ഗുരുവിനെക്കുറിച്ച്, 'അവൻ ദൈവപുത്രനായ മിശിഹാ ആയിരുന്നു' എന്ന് വിളിച്ചു പറഞ്ഞാലും കുബുദ്ധികൾക്ക് അതിൽ സംശയം തോന്നാം. തോൽപ്പിക്കപ്പെട്ട പന്ത്രണ്ട് പേർ - കൊല്ലപ്പെട്ട തങ്ങളുടെ ഗുരുവിന്റെ ശരീരം എടുത്തു മാറ്റിയിട്ട് 'അവൻ ഉയർത്തെഴുന്നേറ്റു' എന്ന് പറയുന്നു! അതൊരു കള്ളക്കഥയാണ് എന്ന് ശ്രോതാക്കൾക്ക് സംശയം തോന്നുന്നത് സ്വാഭാവികം മാത്രമാണ്.
എന്നാൽ തോൽപ്പിക്കപ്പെട്ടവൻ വിജയശ്രീലാളിതനുമാണ്. വിജയിയുടെ വഴി മറ്റൊന്നായിരുന്നു. നസ്രത്തിൽ നിന്നുള്ള യേശു എന്ന മനുഷ്യനെയോ അവൻ്റെ അത്ഭുതങ്ങളോ കണ്ടിട്ടില്ലാത്ത, അവൻ്റെ സ്വരമോ പ്രബോധനങ്ങളോ കേട്ടിട്ടില്ലാത്ത, അവനെയും അവന്റെ കൂട്ടരെയും ശത്രു സ്ഥാനത്ത് കണ്ട് നശിപ്പിക്കാൻ ഒരുമ്പെട്ടിറങ്ങിയിരുന്ന ഒരുവനെ മൂന്നുനാളത്തേക്ക് അന്ധനാക്കി തൻ്റെ ശക്തനായ വക്താവാക്കിക്കളഞ്ഞു മരണത്തെ ജയിച്ചവൻ. 12 പേരിലും വ്യത്യസ്തമായിരുന്നു 13-ാമൻ്റെ സാക്ഷ്യം. ഞാൻ കണ്ടിട്ടില്ല; ഞാൻ കേട്ടിട്ടില്ല; ഞാൻ സ്പർശിച്ചിട്ടില്ല; എന്നാൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. തിളയ്ക്കുന്ന യൗവ്വനത്തിൽ അന്നാദ്യമായി കാഴ്ചയാലല്ലാതെ വിശ്വാസത്താൽ നടന്നു അയാൾ.
"ഞങ്ങൾ നടക്കു ന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല" എന്ന ശക്തമായ പ്രസ്താവന നടത്തുന്നു പിന്നീടയാൾ.
അഞ്ച് രാജ്യാന്തര യാത്രകളിലൂടെ പതിനായിരത്തിലധികം മൈലുകൾ വിശ്വാസം പറഞ്ഞ് സഞ്ചരിച്ചു; പുതിയ നിയമത്തിലെ 27 ഗ്രന്ഥങ്ങളിൽ 13 ഉം അയാളുടെ പേരിലാണ്.
എണ്ണമറ്റ പീഡനങ്ങളും കല്ലേറുകളും പ്രഹരങ്ങളും കാരാഗൃഹവാസങ്ങളും കപ്പൽഛേദങ്ങളും അനുഭവിച്ചിട്ടും, വിശപ്പിലും പട്ടിണിയിലും ജാഗരണത്തിലും കഴിഞ്ഞിട്ടും ദിവസങ്ങളോളം കടലിൽ ഒഴുകി നടന്നിട്ടും സ്വന്തം കൈകളാൽ അധ്യാനിച്ച് ജീവിച്ചിട്ടും അതെല്ലാം വെറും ഉച്ഛിഷ്ടത്തിന് സമാനം എന്ന് പറഞ്ഞ് അയാൾ തള്ളിക്കളഞ്ഞു. ക്രിസ്തുവിൽ ഉള്ള വിശ്വാസമാണ് അവയെക്കാളെല്ലാം വിലയുള്ളത് എന്നേറ്റുപറഞ്ഞ് അവസാനം ശിരസ്സറുത്തുള്ള രക്തത്തിൻ്റെ മാമ്മോദീസയും മനസ്സാ സ്വീകരിച്ചു അയാൾ.
അങ്ങനെ, അവസാനം വന്നവൻ എല്ലാവരെയുംകാൾ മുമ്പനായി -അയാളത് ആഗ്രഹിച്ചിരുന്നില്ല എങ്കിൽപ്പോലും !





















