top of page

ജാലകപ്പിന്നില്‍ നിന്ന്

Sep 1, 2012

2 min read

മക
Drawing of a boy.

'ഞാനിന്നൊരു കവിതാപ്രകാശനത്തിന് പോകുന്നു. വരുന്നോ?'


പ്രിയ സുഹൃത്തിന്‍റെ സ്നേഹപൂര്‍വ്വമായ ക്ഷണം.


'ആരുടെ? എവിടെയാ?' തിരക്കി


'എലിസബത്ത് കോശിയുടെ, നട്ടാശ്ശേരിയില്‍.'


'ആളാരാ? മുന്‍പ് കേട്ടിട്ടില്ലല്ലോ.'


'ക്രിസോസ്റ്റോം തിരുമേനിയും കെ.ബി. ശ്രീദേവിയും ഡോ. പ്രമീളാദേവിയും കെ.ബി. പ്രസന്നകുമാറുമൊക്കെ വേദിയിലുണ്ട്.'


'ഉവ്വോ? എന്നാല്‍ പോന്നാലോ?'


അങ്ങനെയാണ് കോട്ടയത്തിനടുത്തുള്ള നട്ടാശ്ശേരിയിലെ ഗവണ്‍മെന്‍റ് പ്രൈമറി സ്കൂളില്‍ എത്തുന്നത്. ചെന്നപ്പോള്‍ ക്രിസോസ്റ്റോം തിരുമേനിയുടെ സരസമായ പ്രസംഗം ആരംഭിച്ചിരുന്നു. കേട്ടതിങ്ങനെ....


....'കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനും എലിസബത്തും പരലോകത്തെത്തും. അവിടെ സ്വര്‍ഗ്ഗവാതിലിന് മുന്നില്‍ ഞാന്‍ 'എന്‍ട്രി'യും പ്രതീക്ഷിച്ചു നില്‍ക്കുമ്പോള്‍ അതാ, മറിയത്തിന്‍റെ മടിയില്‍ എലിസബത്ത്. തെല്ലൊരത്ഭുതത്തോടെ ഒരു ചെറുപുഞ്ചിരി എലിസബത്തിന് എറിഞ്ഞുകൊടുത്ത് നില്‍ക്കുമ്പോഴുണ്ട് ദൈവത്തിന്‍റെ ഘനഗംഭീരമായ സ്വരം: 'ആരാത്? ഞെട്ടിപ്പോയി! ഞാന്‍... ഞാന്‍... ബിഷപ്പാ പേര് ക്രിസോസ്റ്റോം'


'ഏത് ബിഷപ്പ്' ദൈവം.


'ഞാന്‍ എലിസബത്ത് കോശിയുടെ ബിഷപ്പായിരുന്നു'


'അതിന് ഇവിടെ വരാന്‍ നീ എന്താ ചെയ്തത്?' ദൈവം.


'പ്രത്യേകിച്ചൊന്നുമില്ല. അവസാനകാലം രോഗവും നടക്കാന്‍ വയ്യായികയും ഒക്കെയായിരുന്നു.'


ദൈവം: "നീ എലിസബത്തിനെ നോക്ക്..."


സദസ്സില്‍ 'ചിരി പടര്‍ന്നു.' ദൈവം പറഞ്ഞു 'ഞാനവള്‍ക്ക് സമ്മാനമായി നല്‍കിയ ശോഷിച്ച കാലുകളിലേക്ക് നോക്കാതെ, കാലത്തോളം അവള്‍ കഠിനാദ്ധ്വാനം ചെയ്തു ജീവിച്ചു. കൂടെ മനോഹരങ്ങളായ കവിതകളും എഴുതി നീയോ?


സദസ്സില്‍ വീണ്ടും കൂട്ടച്ചിരി എല്ലാവരുടേയും കണ്ണുകള്‍ വേദിയുടെ ഒരു വശത്ത് ലോഹക്കൂടിനുള്ളില്‍ ഇരിക്കുന്ന വെളുത്ത്, മെല്ലിച്ചതെങ്കിലും, തേജസ്സാര്‍ന്ന സ്ത്രീ രൂപത്തിലേയ്ക്ക്. നറുനിലാവിന്‍റെ ചാരുതയുള്ള ചിരി. ശ്രീമതി എലിസബത്ത് കോശി.


ഇന്ത്യ സ്വാതന്ത്ര്യത്തിന്‍റെ പൊന്‍പുലരിയിലേക്ക് പിറന്ന 1947-ല്‍ തന്നെയാണ് എലിസബത്ത് കോശിയുടെ ജനനം. പക്ഷേ അസ്വാതന്ത്ര്യത്തിന്‍റെ പ്രതീകമെന്നോണം രണ്ടാംവയസ്സില്‍ പോളിയോ ബാധിച്ച് കാലുകള്‍ രണ്ടും തളര്‍ന്നുപോയി. നട്ടാശ്ശേരി എന്ന ഗ്രാമത്തില്‍ പൊകുടിയില്‍ പി.ഐ കോശിയുടെയും സാറാമ്മ കോശിയുടെയും പുത്രിയായി ജനിച്ച് 65 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ അവള്‍ അടയാളപ്പെടുത്തുന്ന പാഠം അതിജീവനത്തിന്‍റേതാണ്. "ഞാനെന്‍റെ കുറവുകളെയെല്ലാം വളരെ വാശിയോടെ അതിജീവിച്ചു എന്നു ഞാന്‍ പറയില്ല, പറയാന്‍ പറ്റില്ല. ആര്‍ക്കുമതു സാദ്ധ്യമാണെന്ന് തോന്നുന്നുമില്ല.' എലിസബത്ത് ഉള്ളുതുറക്കുമ്പോള്‍ വിനിമയം ചെയ്യപ്പെടുന്നത് വാക്കുകളുടെ വിശുദ്ധിയും നിഷ്കളങ്കതയുടെ സൗരഭ്യവുമാണ്. ഈയൊരു സുഗന്ധാനുഭവത്തിലാവണം നട്ടാശ്ശേരി ഗ്രാമം എലിസബത്തിനെ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് 'മോള്‍' എന്ന വിശേഷണത്തോടെ സ്നേഹിക്കുന്നത്. ചെറിയ കാര്യങ്ങള്‍ക്കുപോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന ബാല്യത്തിന്‍റെ കിതപ്പുകള്‍ അവളുടെ ഉള്ളിലുള്ള പാട്ടുകള്‍ക്ക് ശ്രുതിചേര്‍ക്കുന്ന പശ്ചാത്തലമായി. ആകാശം നഷ്ടമായ കിളിയെപ്പോലെ, നീരുറവ നഷ്ടപ്പെട്ട മത്സ്യത്തെപ്പോലെ, മഞ്ഞിലൊന്നു കുളിരാതെ, മഴയിലൊന്ന് നനയാതെ, വെയിലിലൊന്ന് ഉണങ്ങാതെ, പൂവിന്‍റെയും പൂത്തുമ്പിയുടേയും പിന്നാലെ ഓടാനാവാതെ, ഊഞ്ഞാലിന്‍റെ ഉയരങ്ങളില്‍ പറക്കാനാവാതെ, ഉള്ളില്‍ തീക്ഷ്ണമായെത്തുന്ന താളബോധത്തിനൊപ്പം ബാല്യ കൗമാരങ്ങള്‍ ഉള്ളിലുണര്‍ന്ന പ്രണയങ്ങളോടൊത്ത് സല്ലപിക്കാന്‍ കളിക്കൂട്ടുകാരില്ലാതെ ഒറ്റപ്പെട്ടുപോയ ജീവിതം. പക്ഷേ വിങ്ങലുകളെ ശാപവചനങ്ങളാക്കാതെ പ്രാര്‍ത്ഥനാ മന്ത്രങ്ങളായി ഉയര്‍ത്തിയപ്പോള്‍ അകത്തൊരു മിഴി തുറന്നു. പിന്നെ കണ്ടതെല്ലാം വാക്കുകളായി പരന്നൊഴുകുകയായിരുന്നു. ഇരുമ്പ് ചട്ടങ്ങള്‍ക്കുള്ളില്‍ വേച്ചുപോകുന്ന ശരീരം, സ്കൂളിന്‍റെ കവാടങ്ങള്‍ എലിസബത്തിന് മുന്നില്‍ കൊട്ടിയടച്ചപ്പോള്‍ വീട്ടുമുറികളെ ക്ലാസ് മുറികളാക്കി മാറ്റിയ ഗുരുക്കന്മാര്‍ അവള്‍ക്ക് പകര്‍ന്നത് അറിവ് മാത്രമായിരുന്നില്ല ജീവിതത്തിന്‍റെ കനിവുകളും കൂടിയാണ്. പത്താംതരം പബ്ലിക് പരീക്ഷ എഴുതുവാന്‍ എത്തിയപ്പോഴാണ് എലിസബത്ത് ആദ്യമായി ഒരു ക്ലാസ്സ്മുറി കാണുന്നതും ക്ലാസ് മുറിയിലിരിക്കുന്നതും. പിന്നീട് നീണ്ട വര്‍ഷങ്ങളിലെ പഠനം വീട്ടില്‍ത്തന്നെ. അതിനിടയില്‍ അച്ഛന്‍റെ അപകടമരണം. പിന്നെ, അമ്മയും ഏകസഹോദരനുമൊത്തുള്ള ജീവിതം. പഠനം തുടര്‍ന്നു.


ബിരുദ ബിരുദാനന്തര പഠനങ്ങള്‍ അവള്‍ക്ക് സമ്മാനിച്ചത് സാഹിത്യത്തിന്‍റെ വലിയ ലോകമായിരുന്നു. പിന്നീട് അതുതന്നെ ജീവിതവുമായിത്തീര്‍ന്നു. മലയാള ഭാഷയിലും ആംഗലേയ ഭാഷയിലും ബിരുദാനന്തര ബിരുദം. ഏറെ ഇഷ്ടമായ ആംഗലേയ സാഹിത്യത്തില്‍ അദ്ധ്യാപികയായി കോട്ടയത്തെ നൈനാന്‍സ് കോളേജിലെത്തുമ്പോള്‍ അവള്‍ക്ക് നഷ്ടമായ ക്ലാസ്സുമുറികളുടെ ആരവങ്ങള്‍ അത്ഭുതത്തോടെ കേട്ടുനിന്നു. ഒച്ചയുണ്ടാക്കാനല്ല ഒച്ചയുണ്ടാക്കരുതെന്ന് പറയാനായിരുന്നു വിധി. 19 വര്‍ഷത്തെ അധ്യാപന ജീവിതം സമ്മാനിച്ച ശിഷ്യസമ്പത്ത് ഇന്നും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും സൗഹൃദത്തിന്‍റെയും തൂവല്‍സ്പര്‍ശമായ് പിന്തുടരുന്നു എന്നത് എലിസബത്തിന് അഭിമാനമാണ്. ഇതിനിടയില്‍ ഏക സഹോദരന്‍റെ ആകസ്മിക മരണം. 5 വര്‍ഷങ്ങള്‍ക്കു മുമ്പ് അമ്മയും ഈ ലോകത്തുനിന്ന് യാത്ര പറഞ്ഞപ്പോള്‍ തനിയെയായ ജീവിതം തനിയെ അല്ല എന്ന് വിളിച്ചുപറയുന്നതായിരുന്നു നട്ടാശ്ശേരിയിലെ ആ മഹാസമ്മേളനം.


എലിസബത്ത് കോശിയോടു സംസാരിക്കുമ്പോള്‍ - അവര്‍ക്കടുത്തായിരിക്കുമ്പോള്‍ നമ്മിലേക്ക് സംക്രമിക്കപ്പെടുന്നത് അവരുടെ ശാരീരിക വൈകല്യത്തേക്കുറിച്ചുള്ള ആകുലതകളോ ഓര്‍മ്മപ്പെടുത്തലുകളോ അല്ല. മറിച്ച് നന്മകളുടെ നേരറിവുകളും ദര്‍ശനങ്ങളുടെ സൗകുമാര്യവുമാണ്. അത് മാത്രമാണ് എലിസബത്തിനെ ആള്‍ക്കൂട്ടത്തിലെ 'ഒറ്റയാള്‍' ആക്കുന്നത്. പ്രകൃതിയേയും പച്ചപ്പിനേയും ഒരുപാട് സ്നേഹിക്കുന്ന, കിളിയായ് പറക്കുവാന്‍ ഇഷ്ടപ്പെടുന്ന, നര്‍ത്തകിയാകാന്‍ കൊതിക്കുന്ന, ഒരു കവിയാകാന്‍ മോഹിക്കുന്ന മനസ്സാണ് എലിസബത്തിന്‍റേത്. കല്ലുകളിക്കാനും ഇലഞ്ഞിപ്പൂക്കള്‍ പെറുക്കാനുമുള്ള ആഗ്രഹം ഇപ്പോഴും കാത്തു സൂക്ഷിക്കുമ്പോള്‍ ആദിനൈര്‍മ്മല്യങ്ങള്‍ എലിസബത്തിന് ഇനിയും നഷ്ടമായിട്ടില്ല എന്ന് തിരിച്ചറിയണം. ഏതൊരു കാര്യവും ഒരു ഉത്തരവാദിത്വമാകുമ്പോള്‍ സന്തോഷം നഷ്ടമാകുന്നു എന്ന തിരിച്ചറിവാണ് എല്‍സയെ വ്യത്യസ്തയാക്കുന്നത്. ഉത്തരവാദിത്വമല്ലാതെ തന്നെ ചുറ്റുമുള്ളതിനെയെല്ലാം സ്നേഹിക്കാനാവുമ്പോഴാണ് യഥാര്‍ത്ഥ സന്തോഷം അനുഭവിക്കാനാകുന്നത് എന്ന് എലിസബത്ത് പറുയമ്പോള്‍ അവരാല്‍ സ്നേഹിക്കപ്പെടുന്നവരിലേക്കും ആ വലിയ സന്തോഷം പ്രസരണം ചെയ്യപ്പെടുന്നു.


കഴിഞ്ഞുപോയ നീണ്ട 20 വര്‍ഷങ്ങളില്‍ ജാലകപ്പിന്നില്‍ നിന്ന് താന്‍ കണ്ട ലോകത്തെ ധ്യാനനിമഗ്നമായി വാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വച്ച എലിസബത്ത് ആ വാക്കുപെട്ടിയുടെ താക്കോല്‍ നട്ടാശ്ശേരിക്കാരെ ഏല്‍പ്പിച്ചപ്പോള്‍ കേരളത്തിന്, മലയാളിക്ക് അതിലംഘനത്തിന്‍റെ ശക്തമായ കുറെ കവിതകള്‍ തുറന്നുകിട്ടി.


പ്രണയത്തെക്കുറിച്ചും, പ്രകൃതിയെക്കുറിച്ചും വി. ഗ്രന്ഥത്തിലെ ചില സന്ദര്‍ഭങ്ങളെക്കുറിച്ചും അവിടെ ശരിയായി വായിക്കപ്പെടാതെ പോകുന്ന മനുഷ്യരെക്കുറിച്ചും വാക്കുകള്‍ക്കിടയിലെ മൗനങ്ങളെക്കുറിച്ചുമൊക്കെ കവി സൗമ്യമായും തീക്ഷ്ണമായും സംവദിക്കുമ്പോള്‍ പോളിയോ വന്ന് തളര്‍ന്നുപോയ അവളുടെ രണ്ട് കാലുകളും വാല്‍മീകത്തിനുള്ളിലെ പരുവപ്പെടലായി മാറി എന്ന് നാം തിരിച്ചറിയുന്നു. ചിത്രവര്‍ണ്ണങ്ങളും ചിറകുകളും അവസാനത്തേക്കായി മാറ്റിവച്ച കൊക്കൂണിന്‍റെ ധ്യാനമായി അത് രൂപാന്തരപ്പെടുന്നു.

മക

0

0

Featured Posts