top of page
ഭാരതത്തിന്‍റെ 78-ാം സ്വാതന്ത്ര്യദിനം നാം ആഘോഷിക്കുകയാണല്ലൊ. ഇത്തരുണത്തില്‍ രാജ്യത്തിന്‍റെ ഇന്നത്തെ അവസ്ഥയെപ്പറ്റി പരിചിന്തനം നടത്തുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. വിദ്യാഭ്യാസരംഗത്തുണ്ടായ മാറ്റത്തെപ്പറ്റിയാണ് നാമിവിടെ പരിശോധിക്കുന്നത്.
സ്വാതന്ത്ര്യം ലഭിക്കുന്ന കാലഘട്ടത്തിലും വിദ്യാഭ്യാസ നിലവാരം അന്നത്തെ നിലയ്ക്ക് മികച്ചതുതന്നെയായിരുന്നു. എന്നാല്‍ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം അന്യമായിരുന്നു. അതിനുള്ള കാരണം ബ്രിട്ടീഷ് ഭരണാധികാരികളുടെ അരിച്ചുമാറ്റല്‍നയം (Filtration Policy|) മൂലം വിദ്യാഭ്യാസം സമ്പന്നരിലും മേല്‍ജാതിക്കാരിലും ഒതുങ്ങിനിന്നു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം, വിദ്യാഭ്യാസരംഗത്തെക്കുറിച്ച് പഠിക്കുവാന്‍ ജനാധിപത്യഭരണകൂടം കമ്മീഷനുകളെ നിയമിച്ചു. ഭാരതത്തിന്‍റെ സാംസ്കാരിക പൈതൃകം നിലനിര്‍ത്തി പ്രാഥമികതലം മുതല്‍ സര്‍വ്വകലാശാലതലംവരെ പരിഷ്കരിക്കുന്നതിന് നിരവധി നിര്‍ദ്ദേശങ്ങള്‍ വിവിധ കമ്മീഷനുകള്‍ നല്‍കുകയുണ്ടായി. രാധാകൃഷ്ണന്‍, മുതലിയാര്‍, കോത്താരി കമ്മീഷനുകള്‍ ഇതിന് ഉദാഹരണങ്ങളാണ്. ഇപ്പോള്‍ പുതിയ വിദ്യാഭ്യാസ നയവും പ്രാബല്യത്തില്‍ വന്നിരിക്കുന്നു.
ഓരോ സംസ്ഥാനവും തനതായ വിദ്യാഭ്യാസ നയങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. വിദ്യാഭ്യാസം കൊണ്ട് ലഭിക്കുന്ന നേട്ടം പലതരത്തിലാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ ഇടപെടലുകള്‍ വിദ്യാഭ്യാസത്തെ ബാധിച്ചിരിക്കുന്നു. ശരിയായ അറിവ് ലഭിക്കുവാന്‍ ഇത് പലപ്പോഴും തടസ്സമാകുന്നു.
അറിവ് ലഭ്യമാക്കുന്നതിനൊപ്പം വിദ്യാഭ്യാസം വ്യക്തിത്വവികസനത്തിലൂടെ മാനുഷിക മൂല്യങ്ങളില്‍ അടിയുറപ്പിക്കുകയും വേണം. വിദ്യാര്‍ത്ഥികളും അധ്യാപകരും ഈ ലക്ഷ്യപ്രാപ്തിയിലേക്കാണ് ഉന്നം വെക്കേണ്ടത്. ഇന്നത്തെ വിദ്യാഭ്യാസം തൊഴിലില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കുന്നു. നല്ല മാര്‍ക്കോടെ വിജയിക്കുകയെന്നത് മാത്രമായിരിക്കുന്നു് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം. അധ്യാപകരും അതിന് കൂട്ടുനില്‍ക്കുന്നു.
ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പലരും മനുഷ്യനെ മനസ്സിലാക്കുന്നില്ല. കുടുംബത്തിലും സമൂഹത്തിലും അവര്‍ക്ക് പൊരുത്തപ്പെടാനാകുന്നില്ല. പലരും വിവാഹജീവിതം തന്നെ ആഗ്രഹിക്കുന്നില്ല. അവര്‍ സ്വയം ഒറ്റപ്പെടാനാണ് ആഗ്രഹിക്കുന്നത്. ഈ വിപത്ത് മറികടക്കണമെങ്കില്‍ പ്രാഥമികതലം മുതല്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കൊണ്ടുവരണം. സത്യം, സ്നേഹം, നീതി തുടങ്ങിയ മൂല്യങ്ങള്‍ കുട്ടികള്‍ മറന്നുപോകുന്നു. മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഈ മൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കണം. മാതാപിതാക്കളും അധ്യാപകരും ഇന്ന് കുട്ടികള്‍ക്ക് അനുകരണ യോഗ്യരാകുന്നില്ല. മാതാപിതാക്കള്‍ വീട്ടില്‍ അധ്യാപകരും അധ്യാപകര്‍ വിദ്യാലയങ്ങളില്‍ മാതാപിതാക്കളുമായി മാറണം. ഇതല്ലാതെ വേറൊരു പോംവഴിയും കാണുന്നില്ല.
പ്രാഥമികതലം മുതല്‍ ഈ പരിഷ്കാരം കൊണ്ടുവരണമെങ്കില്‍ നമ്മുടെ മാതാപിതാക്കളും അധ്യാപകരും ഏറെ വിട്ടുവീഴ്ചയ്ക്ക് തയാറാകേണ്ടിവരും. ക്ഷമയും സഹിക്കാനുള്ള കരുത്തും അവര്‍ക്കുണ്ടാകണം.. എങ്കില്‍ മാത്രമേ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തീകരിക്കുമ്പോള്‍ പ്രത്യാശയോടെ ജീവിതത്തെ അഭിമുഖീകരിക്കാനുള്ള ധൈര്യം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാവുകയുള്ളൂ. സ്വതന്ത്രമായ വിദ്യാഭ്യാസസമ്പ്രദായം നമ്മുടെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും രൂപപ്പെടട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.