ജോര്‍ജ് വലിയപാടത്ത്
Oct 4
ഫാദര്‍ ഡാമിയന്‍ ഒക്ടോബര്‍മാസത്തില്‍ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു എന്ന പത്രവാര്‍ത്ത അടുത്തയിടെ കണ്ടു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ധത്തില്‍ മൊളോക്കോ ദ്വീപിലെ കുഷ്ഠരോഗികള്‍ക്കിടയില്‍ സേവനം ചെയ്ത്, അവരെ സുഖപ്പെടുത്തി സ്വയം കുഷ്ഠരോഗിയായി മരിക്കുകയായിരുന്നു ഫാദര്‍ ഡാമിയന്‍.
ഹവായ് ദ്വീപ് സമൂഹത്തില്‍ വലിപ്പം കൊണ്ട് അഞ്ചാം സ്ഥാനത്തുള്ള ദ്വീപാണ് മൊളോക്കോ. കീഴ്ക്കാന്തൂക്കായ പാറകളുടെ നാട് എന്നാണ് ഇവിടം അറിയപ്പെടുക. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പകുതിയോടെ ഹവായ്ദ്വീപുകളില്‍ കുഷ്ഠം എന്ന മഹാവ്യാധി പടര്‍ന്നു പിടിച്ചു. കുഷ്ഠരോഗികളെല്ലാം ആരോഗ്യവകുപ്പില്‍ പേരെഴുതിക്കണമെന്നും, എല്ലാവരെയും മൊളോക്കോയിലേക്ക് മാറ്റി താമസിപ്പിക്കണമെന്നും രാജാവ് കല്പനയിറക്കി. കുഷ്ഠം കലശലായവരെയെല്ലാം പോലീസ് തേടി പിടിച്ചു. അങ്ങനെ 141 രോഗികളുമായി 1866-ല്‍ ഹോണോലുലുവില്‍ നിന്ന് മോളോക്കോയിലേക്ക് ഒരു കപ്പല്‍ യാത്രയായി. മൊളോക്കോയിലെ കലാവുപപ്പ, കലമാവോ എന്നീ സ്ഥലങ്ങള്‍ കുഷ്ഠരോഗികളുടെ കോളനികളാക്കി. കലാവുപപ്പയുടെ മൂന്നുവശവും കടലാണ്, നാലാമത്തെ വശം വളരെ ഉയര്‍ന്ന പാറക്കെട്ടും. ദ്വീപില്‍ നിന്നും എളുപ്പം ഓടിപ്പോകാന്‍ സാധിക്കുകയില്ല. പുറം ലോകവുമായി ബന്ധമില്ലാതെ മരണം കാത്തു കഴിയേണ്ട താവളം. കുഷ്ഠരോഗികള്‍ വരുന്നുവെന്നറിഞ്ഞ് ആ പ്രദേശത്തെ ജനമെല്ലാം സ്ഥലംവിട്ടു. മൊളോക്കോ കുഷ്ഠരോഗികളുടെ സങ്കേതമായി. അവര്‍ക്ക് ആവശ്യമായ കിടപ്പാടമില്ല, സ്വന്തക്കാര്‍ കൂടെയില്ല, വേലയും കൂലിയുമില്ല, നിരാശയും ദുഃഖവും തളംകെട്ടി നില്കുന്ന അന്തരീക്ഷം. പേപ്പട്ടികളെക്കാള്‍ കഷ്ടമായി ഉദ്യോഗസ്ഥര്‍ അവരോടു പെരുമാറി. അലസതയുടെ ലോകത്ത് രോഗികള്‍ക്ക് കൂട്ടായത് മദ്യപാനവും, ചീട്ടുകളിയും, അസന്മാര്‍ഗ്ഗിക ജീവിതവും.
ഏതുസമയത്തും മരണം പ്രതീക്ഷിച്ചു കഴിയുന്ന ചില രോഗികള്‍ സ്ഥിരമായി ഒരു വൈദികന്‍റെ സേവനം ആഗ്രഹിച്ചിരുന്നു. ബിഷപ് ഫ്രൈറ്റ് ഈ വിവരം അറിയാനിടയായി. 1873 മേയ് 4-ാം തീയതി മാവൂയി ദ്വീപിലെ പുതിയ ദേവാലയ കൂദാശയ്ക്കു വന്നതാണ് മെത്രാന്‍. അവിടെ കൂടിയ വൈദികരോട് മൊളോക്കോ ദ്വീപിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആരോടും സേവനത്തിനു പോകാന്‍ പ്രത്യേകമായി അദ്ദേഹം ആവശ്യപ്പെട്ടില്ലെങ്കിലും, ഫാദര്‍ ഡാമിയന്‍ മൊളോക്കോയിലേക്കു പോകാനുള്ള ധീരമായ തീരുമാനവുമായി മുന്നോട്ടു വന്നു. ശ്മശാനഭൂമിക്കു സമാനമായ മൊളോക്കോയുടെ മണ്ണില്‍ കാലുകുത്തിയപ്പോള്‍ ഡാമിയനു പ്രായം 33 വയസ്സ് മാത്രം.
ഫാദര്‍ ഡാമിയന് താമസസൗകര്യമൊന്നുമില്ലായിരുന്നു. ഒരു പന്തനാസ് വൃക്ഷതണലില്‍ ആദ്യ ദിവസങ്ങള്‍ അന്തിയുറങ്ങി. ഭക്ഷണം വച്ചുകഴിക്കാന്‍ അടുത്തുള്ള ചെറിയൊരു പാറ. മരം കൊണ്ടു നിര്‍മ്മിച്ച വൃത്തി ഹീനമായ കപ്പേള അദ്ദേഹം വെടിപ്പാക്കി. അച്ചന്‍ വന്നദിവസമായിരുന്നു ഒരു കുഷ്ഠരോഗിയുടെ മരണം. ശവപ്പെട്ടിപോലുമില്ലാതെ മൃതസംസ്ക്കാരവും നടത്തേണ്ടി വന്നു. ദിവസവും ഒന്നുരണ്ടു പേരെങ്കിലും മരിക്കും. അവരെ അടക്കാന്‍ ഫാദര്‍ ഡാമിയന്‍ തന്നെ ശവപ്പെട്ടികള്‍ നിര്‍മ്മിച്ചു. ശവക്കുഴികള്‍ എടുത്തിരുന്നതും അദ്ദേഹമാണ്. ദിവസവും കുഷ്ഠരോഗികളെ സന്ദര്‍ശിക്കുക പതിവായിരുന്നു. മരണാസന്നരായ രോഗികളെ പരിചരിക്കാനും മരണത്തിന് ഒരുക്കാനും അദ്ദേഹം എപ്പോഴും സമയം കണ്ടെത്തി. കുഷ്ഠരോഗികളുടെ വികൃതമായ മുഖവും ശരീരവും, മാംസം ചീഞ്ഞഴിയുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധവും ആദ്യനാളുകളിലൊക്കെ ഡാമിയനച്ചന് അസഹനീയമായിരുന്നു. പിന്നീട് എല്ലാറ്റിനോടും അദ്ദേഹം രമ്യപ്പെട്ടു. രോഗികളുടെ ദ്രവിച്ച ശരീരങ്ങളില്‍ തൈലം പൂശി രോഗീലേപനം ചെയ്തു.
ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും വസ്ത്രങ്ങളും ലഭ്യമാക്കാന്‍ ഫാദര്‍ ഡാമിയന്‍ ശ്രമിച്ചു. താമസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും അദ്ദേഹം ആവതു ചെയ്തു. മെത്രാന്‍ നല്കിയ ഫണ്ട് അതിന് ഉപയോഗപ്രദമായി. കല്പണിക്കാരനായും ആശാരിയായും ഡാമിയനച്ചന്‍ തന്നെ പണിയെടുത്തു. നിരാശപ്പെട്ടിരിക്കാതെ അധ്വാനിക്കാനും ഉല്ലസിക്കാനും അച്ചന്‍ രോഗികള്‍ക്ക് അവസരം ഒരുക്കി. രോഗികളായ അനേകം കുട്ടികള്‍ മൊളോക്കോ ദ്വീപില്‍ ഉണ്ടായിരുന്നു. മാതാപിതാക്കളില്‍ നിന്നും ഒറ്റപ്പെട്ട അവര്‍ക്ക് അദ്ദേഹം അച്ഛനും അമ്മയുമായി.
നീണ്ട പതിനാറു വര്‍ഷമാണ് ഡാമിയന്‍ മൊളോക്കോ ദ്വീപില്‍ കുഷ്ഠരോഗികള്‍ക്കുവേണ്ടി മാത്രം ജോലി ചെയ്തത്. അതില്‍ പത്തു വര്‍ഷവും അദ്ദേഹം തനിച്ചായിരുന്നു. ഇംഗ്ലണ്ടിലും അമേരിക്കയിലുമുള്ള ചില നല്ല മനുഷ്യര്‍ അദ്ദേഹത്തെ സാമ്പത്തികമായി കുറെയൊക്കെ സഹായിച്ചു. ലഭിച്ച സഹായങ്ങള്‍ പോലെ ഒട്ടേറെ സഹനങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നു. ചിലര്‍ അദ്ദേഹത്തിന്‍റെ സേവനങ്ങളെ വിമര്‍ശിക്കുകയും സത്യസന്ധതയെ സംശയിക്കുകയും ചെയ്തു. അദ്ദേഹത്തിനെതിരെ പരസ്യപ്രസ്താവനകള്‍വരെ വന്നു. എല്ലാം സഹിക്കുവാനുള്ള പ്രചോദനം വി. കുര്‍ബാനയിലെ ഈശോയുടെ ശക്തിയാണെന്ന് ഫാദര്‍ ഡാമിയന്‍ ആവര്‍ത്തിച്ചു പറയുമായിരുന്നു.
കുഷ്ഠരോഗികളുടെ ശുശ്രൂഷകനും സഹവാസിയുമായ തനിക്ക് രോഗം പകരാനുള്ള സാധ്യത ഏറെയുണ്ടെന്ന് ഡാമിയന്‍ അറിഞ്ഞു. പാദങ്ങളിലെ വേദനയും കൈകളിലെയും ശരീരത്തിന്‍റെ ചില ഭാഗങ്ങളിലെയും നിറം മാറ്റങ്ങളുമായിരുന്നു ലക്ഷണങ്ങള്‍. ഇടതു പാദത്തിലെ സ്പര്‍ശനശേഷിയും കുറഞ്ഞുവന്നു. ഒരു ദിവസം തിളച്ച വെള്ളത്തില്‍ ഡാമിയന്‍ കാലുകള്‍ മുക്കി, ഒട്ടും വേദനയില്ല. ആയിടക്ക് മൊളോക്കോയില്‍ വന്ന ഒരു ത്വക്ക്രോഗവിദഗ്ദ്ധന്‍ അദ്ദേഹത്തെ പരിശോധിച്ചു. മനോവേദനയോടെ ഡോക്ടര്‍ സ്ഥിരീകരിച്ചു: ഡാമിയന് കുഷ്ഠരോഗം പിടിപെട്ടിരിക്കുന്നു. ഫാദര്‍ ഡാമിയന്‍ ഒന്നു മന്ദഹസിച്ചതേയുള്ളൂ. 1885 ജൂണ്‍ മാസത്തിലെ ആദ്യ ഞായറാഴ്ച അദ്ദേഹം കുഷ്ഠരോഗികള്‍ക്കു വേണ്ടി. വി. ബലി അര്‍പ്പിച്ചപ്പോള്‍ പ്രസംഗം തുടങ്ങിയത് 'നമ്മള്‍ കുഷ്ഠരോഗികള്‍' എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ്.
രോഗം പെട്ടെന്നാണ് ശരീരം മുഴുവന്‍ ബാധിച്ചത്. മുഖവും കൈകളും നീരുവന്നു പഴുത്തു. പുരികങ്ങള്‍ കൊഴിഞ്ഞു, ശരീരം വിരൂപമായി. ഭീകരമായ രോഗത്തിന് താന്‍ അടിമയായെന്ന് ഡാമിയന്‍ തന്‍റെ ജ്യേഷ്ഠനെ എഴുതി അറിയിച്ചു. കുര്‍ബാനയര്‍പ്പിക്കാന്‍ വിഷമമുണ്ടെന്നും, രോഗികള്‍ക്കുവേണ്ടി മൊളോക്കോയില്‍ തന്നെ തുടരുന്നുവെന്നും, വൃദ്ധയായ അമ്മയെ ഇക്കാര്യം അറിയിക്കേണ്ടെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു. എഴുത്ത് അവസാനിപ്പിച്ചത് ഇങ്ങനെയാണ്, ഇനി നമ്മള്‍ ഭൂമിയില്‍ കണ്ടുമുട്ടുകയില്ല, സ്വര്‍ഗ്ഗത്തില്‍ നമുക്ക് ഒരുമിക്കാം. ഒരിക്കല്‍ ഡാമിയന്‍റെ അമ്മയെ സന്ദര്‍ശിക്കാനെത്തിയ ഒരുസ്ത്രീ മൊളോക്കോയിലെ കുഷ്ഠരോഗിയായ വൈദികന്‍റെ ശരീരത്തിലെ മാംസം അടര്‍ന്നു പോകുന്നുവെന്ന പത്രറിപ്പോര്‍ട്ട് വായിച്ചുകേള്‍പ്പിച്ചു. അങ്ങനെ 83 വയസ്സായ ആ വൃദ്ധമാതാവ് കഠിനമായ മനോവേദനയോടെ ഈ ദാരുണ സത്യം അറിഞ്ഞു. സാധുവായ ആ അമ്മ അധികം നാള്‍ പിന്നീട് ജീവിച്ചിരുന്നില്ല. ഇതിനോടകം ഡാമിയന്‍റെ സേവനരംഗത്ത് ചില സഹായികള്‍ എത്തിയിരുന്നു, ബ്രദര്‍ ജോസഫ് ഡട്ടനും ഏതാനും സഹപ്രവര്‍ത്തകരും കൂടെ കുറെ സന്ന്യാസിനികളും വന്നു.
ഡാമിയന്‍ രോഗബാധിതനായ വിവരം അറിഞ്ഞ് ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്ന് അന്വേഷണം വരവായി. വാര്‍ത്താ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വിവരം പരസ്യപ്പെടുത്തി. റോമിലെ രക്തസാക്ഷികളുടെ ധീരതയോട് ഡാമിയന്‍റെ ധീരത തുലനം ചെയ്യപ്പെട്ടു.
അമേരിക്കയില്‍നിന്ന് മൂന്ന് ഫ്രാന്‍സിസ്ക്കന്‍ സിസ്റ്റേഴ്സ് മൊളോക്കോയില്‍ എത്തിയിരുന്നു. അവര്‍ കുഷ്ഠരോഗാശുപത്രിയിലാണ് ജോലി ചെയ്തത്. ഡാമിയന്‍റെ സന്ന്യാസസഭയിലെ ഫാ. വെന്‍ഡലിന്‍ വികാരിയായി വന്നു. തന്‍റെ ജോലി തുടരാന്‍ ആളുണ്ടായല്ലോ എന്ന് ഫാ. ഡാമിയന്‍ ആശ്വസിച്ചു. സിസ്റ്റേഴ്സ് അച്ചന് ഏറ്റവും നല്ല ശുശ്രൂഷ നല്കി. അദ്ദേഹത്തിന്‍റെ കൈവിരലുകളിലും ചെവിയിലും മുഖത്തും വ്രണങ്ങള്‍, ഒപ്പം കരള്‍ രോഗവും. തന്‍റെ അന്ത്യത്തോട് അടുക്കുകയായിരുന്നു ഫാ. ഡാമിയന്‍. മൊളോക്കോയിലെ ജനം മുഴുവന്‍ അദ്ദേഹത്തിന്‍റെ ചുറ്റും കാത്തു നിന്നു. അവര്‍ അദ്ദേഹത്തിന്‍റെ ഇഷ്ടഗാനങ്ങള്‍ ആലപിച്ചുകൊണ്ടിരുന്നു. കഴിഞ്ഞുപോയ ദിനങ്ങളെല്ലാം ഫാ. ഡാമിയന്‍റെ ഓര്‍മ്മയില്‍ നിറഞ്ഞു. തന്‍റെ ആശീര്‍വ്വാദം ചോദിച്ച് ചുറ്റും നിന്നവര്‍ക്ക് നിറകണ്ണുകളോടെ വ്രണംനിറഞ്ഞ കൈകള്‍ ഉയര്‍ത്തി ആശീര്‍വ്വാദം നല്കി.
അന്ന് ഓശാന ഞായറാഴ്ചയായിരുന്നു. അദ്ദേഹത്തിന്‍റെ ബോധം മറഞ്ഞുകൊണ്ടിരുന്നു. തിങ്കാളാഴ്ച ആ അവസ്ഥയില്‍ തുടര്‍ന്നെങ്കിലും ഏറെ നേരം നീണ്ടുനിന്നില്ല. 1889 ഏപ്രില്‍ 15-ാം തീയതി ഫാ. ഡാമിയന്‍ അന്ത്യശ്വാസം വലിച്ചു. നാല്പ്പത്തെട്ടാമത്തെ വയസ്സിലായിരുന്നു ആ സംഭവം. അത്ഭുതമെന്നു വേണമെങ്കില്‍ പറയാം, മരണശേഷം അദ്ദേഹത്തിന്‍റെ മുഖത്തു യാതൊരു രോഗലക്ഷണവുമില്ല, വ്രണങ്ങളെല്ലാം മാറി പ്രസന്നമായ മുഖം.
ചൊവ്വാഴ്ചയായിരുന്നു മൃതസംസ്കാരം. ശവമഞ്ചം പള്ളിയില്‍ നിന്നെടുത്തു. കുഷ്ഠരോഗികള്‍ വിലാപയാത്രയായി തങ്ങളുടെ പിതാവിന്‍റെ മൃതദേഹവും വഹിച്ചു മുന്നോട്ടു നീങ്ങി. ആദ്യനാളുകളില്‍ താന്‍ അന്തിയുറങ്ങിയ പന്താനസ് മരത്തിന്‍റെ ചുവട്ടിലാകണം തന്‍റെ അന്ത്യവിശ്രമമെന്നും അദ്ദേഹം ആഗ്രഹിച്ചു. ആ കുഴിമാടത്തില്‍ ഫാ. ഡാമിയന്‍ എന്നു പേരെഴുതിയ കുരിശും നാട്ടി.
ഫാ. ഡാമിയനെ വിശുദ്ധപദവിയിലേക്കുയര്‍ത്താന്‍ പോള്‍ ആറാമന്‍ മാര്‍പാപ്പായും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പായും വളരെ താല്പര്യമെടുത്തു. 1995 ജൂണ്‍ 4-ാം തീയതി അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇതാ ഇപ്പോള്‍ വിശുദ്ധ പദവിയുടെ നിമിഷങ്ങള്‍.