
കേരളസമൂഹം ഈ കപ്പൂച്ചിൻ മിസ്റ്റിക് കലാകാരനെ മറന്നുകൂടാ
Jul 1, 2007
3 min read

അരനൂറ്റാണ്ടിനു മുമ്പ് കേരളത്തിൽ ആരംഭിച്ച സാംസ്കാരിക വളർച്ച അഭൂതപൂർവ്വമാണ്. കലാസാംസ്ക്കാരിക വേദികളിൽക്കൂടി, പ്രത്യേകിച്ച് നാടകങ്ങളുടേയും റെക്കോർഡ് ഗാനങ്ങളുടെയും സഹായത്തോടെ ഒരു പുതിയ കാഴ്ച്ചപ്പാടും സംസ്ക്കാരവും വളർത്തിയെടുക്കുവാൻ ഇടതുപക്ഷ ശക്തികൾക്ക് സാധിച്ചുവെന്നത് അവഗണിക്കാനാവാത്ത വസ്തുതയാണ്. ഈ പശ്ചാത്തലത്തിൽ ഒരു പ്രവാചകനെപ്പോലെ ആ കാലഘട്ടത്തിൽ പ്രത്യക്ഷപ്പെട്ട ഫൗസ്റ്റിൻ കപ്പൂച്ചിൻ എന്ന വൈദികനെ അനുസ്മരിച്ചു പോകുകയാണ്. 1979 ജൂലൈ 7-ാം തീയതിയാണ് അദ്ദേഹം ഈ ലോകവാസം വെടിഞ്ഞത്.
അതുല്യനായ നാടകകൃത്ത്, ഗാനരചയിതാവ്
ക്രിസ്തീയ നാടകാവതരണ വേദിയിൽ ഏറ്റവും കൂടുതൽ ശോഭിച്ച കത്തോലിക്ക വൈദികരിൽ ഒരാളായി ഫാദർ ഫൗസ്റ്റിൻ ആഗോള സഭാചരിത്രത്തിൽ അറിയപ്പെടേണ്ടത്. അദ്ദേഹത്തിനു മുമ്പും കേരളത്തിൽ ക്രൈസ്തവ നാടകരചനകൾ നടന്നിട്ടുണ്ട്. അവക്കൊന്നും കാര്യമായ അവതരണവേദി ഒരിടത്തും ലഭിച്ചതായി അറിവില്ല. ഫൗസ്റ്റിൻ അച്ചനു മുമ്പ് ആലപ്പുഴയിലും (ആലപ്പി തീയേറ്റേഴ്സ്), എറണാകുളത്തും (കാർമൽ തീയേറ്റേഴ്സ്) ഓരോ മികച്ച ക്ലബ്ബുകൾ ഉണ്ടായിരുന്നു. എങ്കിൽത്തന്നെയും കേരളത്തിനകത്തും പുറത്തും ഈ രംഗത്ത് ഏറ്റവും കൂടുതൽ അറിയപ്പെട്ട നാടകകൃത്തും അവതാരകനും ഫൗസ്റ്റിൻ അച്ചൻ തന്നെയാണ്.
നാടക ക്ലബ്ബ്
പൗരോഹിത്യം സ്വീകരിച്ചു (1954 മാർച്ച് 25) പുറത്തിറങ്ങിയ ഉടനെ അധികാരികൾ ഫൗസ്റ്റിൻ അച്ഛനെ കൊല്ലം തില്ലേരി ആശ്രമത്തോടനുബന്ധിച്ചുള്ള അസ്സീസി പ്രസ്സിൻ്റെ ചുമതല ഏൽപ്പിച്ചു. അക്കാലത്ത് മുതിർന്ന വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കലാപരമായ വികസനത്തിനായി ക്രൈസ്‌തവ നാടകങ്ങൾ ചെറിയ തോതിൽ അവരെ പരിശീലിപ്പിക്കുകയും, വിശേഷ തിരുനാൾ ദിനങ്ങളിൽ അവ പൊതുജനങ്ങൾക്കായി അവതരിപ്പിക്കുകയും ചെയ്യുന്ന പതിവ് തില്ലേരി ആശ്രമത്തിനുണ്ടായിരുന്നു. പരേതരായ ഇഗ്നേഷ്യസ്, അത്തനേഷ്യസ്, തിയോഫിൻ, ഫുൾജൻസ്, സെറാഫിൻ, ഫെർഡിനാൻഡ് തുടങ്ങിയ വന്ദ്യവൈദികർ ഒന്നിനു പിറകെ ഒന്നായി ഇപ്രകാരം ചെയ്തുകൊണ്ടിരുന്നു. ഫാദർ ഫെർഡിന ാൻഡ് അസ്സീസി ആർട്സ് ക്ലബ്ബിനു രൂപം നൽകി.
ഫൗസ്റ്റിൻ അച്ചൻ പ്രത്യക്ഷപ്പെടുന്നു
നാടകവേദി അധികം വൈകാതെ ഫൗസ്റ്റിൻ അച്ചൻ രചിച്ചതാണ് 'അസ്സീസിയിലെ സ്നേഹഗായകൻ' എന്ന നാടകം. അക്കൂട്ടത്തിൽ അനുയോജ്യമായ ഏതാനും ചില ഗാനങ്ങളുമുണ്ടായിരുന്നു. ആർട്സ് ക്ലബ്ബിലെ അംഗങ്ങൾ ഈ നാടകം പരിശീലിച്ച് പൊതുജനങ്ങളുടെ മദ്ധ്യേ തില്ലേരിയിൽ (കൊല്ലം) അവതരിപ്പിച്ചു. വളരെപ്പേരെ ആകർഷിച്ച ആ നാടകം കൊല്ലം രൂപതയിൽ പലയിടങ്ങളിലും അവതരിപ്പിക്കപ്പെട്ടു. ഇക്കാര്യങ്ങൾ അറിഞ്ഞ് ആലപ്പുഴ ജില്ലയിൽ പുളിങ്കുന്നു ഇടവകയിൽ നിന്നും ഈ നാടകത്തിനു ബുക്കിംഗ് ഉണ്ടായി. ആദ്യമായി ഫാദർ ഫൗസ്റ്റിൻ്റെ നേതൃത്വത്തിൽ ഏറ്റവുമൊടുവിൽ "അസ്സീസിയിലെ സ്നേഹഗായകൻ" കൊല്ലം ജില്ലയ്ക്കു വെളിയിൽ നാടക വേദിയിൽ ശോഭിച്ചു. പിന്നീട് തുടർച്ചയായി വെളിയിൽ നിന്നും ലഭിച്ച ബുക്കിംഗ് അസ്സീസി ആർട്സ് ക്ലബ്ബിനു വലിയ ഉത്തേജനമാകുകയും, ഫാദർ ഫൗസ്റ്റിൻ അസ്സീസി പ്രസിൻ്റെ ചുമതല കൂടാതെ, ആർട്സ് ക്ലബ്ബിൻ്റെ ചുമതല കൂടി ഏൽക്കുകയും ചെയ്തു.
നാടകകൃത്ത്, നാടകാവതാരകൻ
നാടകട്രൂപ്പിൻ്റെ ചാർജെടുത്ത ശേഷമുള്ള നിരവധി നാടക രചനകൾ ഫൗസ്റ്റിൻ അച്ചൻ നടത്തിയിട്ടുണ്ട്. അസ്സീസിയിലെ സ്നേഹഗായകനെ കൂടാതെ, അടിയറവുപറയാത്ത രക്തം, രക്താംബരം, രക്തപുഷ്‌പം, വിശുദ്ധ ഗീവർഗീസ്, വെളുത്ത പിശാചുക്കൾ, അർപ്പണം, ശിൽപ്പി, നിലയ്ക്കാത്ത ഗാനം, വെളിച്ചമേ നയിച്ചാലും, പ്രവാചകൻ, നീതിമാൻ, പുഷ്പവർഷം, എല്ലാ സുഖവും എനിക്കു തരൂ. വാടാത്ത ലില്ലി എന്നിവ ഫൗസ്റ്റിൻ അച്ചനിൽ നിന്നും ഉരുത്തിരിഞ്ഞ് നമ്മുടെ രാജ്യത്ത് നിര വധി വേദികളിൽ അവതരിപ്പിക്കപ്പെട്ട പ്രധാന നാടകങ്ങളാണ്.
ഗാനരചയിതാവ്
കേരളത്തിൽ അന്നുണ്ടായിരുന്ന അന്തരീക്ഷം മനസ്സിലാക്കേണ്ടതുണ്ട്.
1. അശ്ലീലതയുടെ തരംഗങ്ങൾ
ഫൗസ്റ്റിൻ അച്ചൻ്റെ കാലംവരെ ഈ രാജ്യത്ത് ശരിക്കുള്ള ക്രിസ്തീയ ഗാനങ്ങൾ നമ്മുടെ ദേവാലയങ്ങളിലും പൊതുനിരത്തുകളിലും ആലപിക്കപ്പെട്ടില്ല. പള്ളിപ്പെരുന്നാൾ ദിനങ്ങളിൽപ്പ ോലും ഉച്ചഭാഷിണിയിൽ കൂടി നാനാതരത്തിലുള്ള സിനിമാഗാനങ്ങളാണ് പ്രവഹിച്ചിരുന്നത്. അപൂർവ്വം ചിലർ ഇടയ്ക്കൊക്കെ ക്രിസ്തീയ ഗാനങ്ങൾ രചിച്ച് സിനിമാ ഗാനങ്ങളുടെ ട്യൂണിലും രാഗത്തിലും ക്രൈസ്‌തവ മാസികകളിൽക്കൂടി പ്രസിദ്ധീകരിച്ചിരുന്നു.
2. കേരളം ചുവന്നു
ആയിരത്തിതൊള്ളായിരത്തി അമ്പതുകളിലും നമ്മുടെ നാട്ടിൽ എല്ലാ മനുഷ്യരേയും തീവ്രമായി ബാധിച്ച വലിയ സാംസ്കാരിക ഭൂകമ്പങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു. കേരളത്തിലെ സാംസ്കാരികമേഖല മാർക്‌സിസ്റ്റു പാർട്ടികൾ പിടിച്ചെടുത്തു. കെ.പി.എ.സി മുതലായ നാടക ക്ലബ്ബുകളുടേയും വിപ്ലവമായ വിപ്ലവ ഗാനങ്ങളുടേയു ം സഹായത്തോടെ വളരുന്ന തലമുറയെ കമ്മ്യൂണിസ്റ്റു പാർട്ടികൾ പിടിച്ചടക്കിയപ്പോൾ ശരിക്കും കേരളം ചുവന്നു. അക്കാലഘട്ടത്തിൽ കേരളസഭാ നേതൃത്വം അജ്ഞതയുടെ ആഴത്തിൽ ആണ്ടുകിടന്നു. ഈ പശ്ചാത്തലത്തിലായിരിക്കണം ഫൗസ്റ്റിൻ അച്ഛൻ്റെ ഗാനങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത്.
ഫൗസ്റ്റിൻ അച്ചൻ്റെ ഗാനരചന, ഗാനാവതരണം
കേരളത്തിൽ വർദ്ധിച്ചു വന്നിരുന്ന നിരീശ്വര കലുഷിതമായ അന്തരീക്ഷത്തിൽ നിശബ്ദനായ ഒരു യോഗീവര്യനെപ്പോലെ ഫൗസ്റ്റിൽ അച്ചൻ പ്രത്യക്ഷപ്പെട്ടു. ഭക്തിനിർഭരവും അത്യാകർഷകവുമായ നിരവധി ഗാനങ്ങൾ ഫൗസ്റ്റിൻ അച്ചൻ്റെ മിസ്റ്റിക്കൽ ഹൃദയത്തിൽ നിന്നുമൊഴുകി. രചിക്കപ്പെട ്ട ഗാനങ്ങൾക്ക് പ്രൊഫഷണൽ ആയവർ ശബ്ദവും രാഗവും നൽകി
അക്കാലത്ത് ടേപ്പ് റെക്കോഡുകൾ പ്രചാരത്തിലായിട്ടില്ല. ഗ്രാമഫോൺ റെക്കോർഡുകളാണ് ഗാനമാധ്യമങ്ങളായി പ്രവർത്തിച്ചിരുന്നത്. ദരിദ്രനായ ഈ കപ്പൂച്ചിൻ വൈദികൻ ഇരന്നു കിട്ടിയ പൈസയുമായി ഗാനഗന്ധർവ്വൻ യേശുദാസിനെ പരിചയപ്പെട്ടു. ബുദ്ധിമുട്ടുകൾ സഹിച്ച് മദ്രാസിൽ പോയി, യേശുദാസ്, കോമള, ജാനകി മുതലായ ഗായകരെ സംഘടിപ്പിച്ച് ആദ്യമായി ഇറക്കിയ പ്രസിദ്ധ ഗാനങ്ങളാണ്, "വാനിലെ വാരോളി", "സ്വർഗ്ഗസ്ഥനായ പിതാവേ" എന്നിവ. തുടർന്ന് അദ്ദേഹത്തിൻ്റെ നിരവധി ഗാനങ്ങൾ റെക്കോർഡു ചെയ്യപ്പെട്ടു. കേരളത്തിലെ പൊതുജനങ്ങൾ അവയെല്ലാം സഹർഷം സ്വാഗതം ചെയ്തു. ദേവാലയങ്ങളിൽ മാത്രമല്ല. റസ്റ്റോറൻ്റുകളിലും പൊതുനിരത്തുകളിലും അവ ആലപിക്കപ്പെട്ടു. ഈ നാടകഗാനങ്ങൾ ചെറിയ പുസ്‌തകരൂപത്തിൽ നിരവധി സ്ഥലങ്ങളിൽ പ്രചരിച്ചു.
ദേശീയ അംഗീകാരം
കേരളത്തിലും ഇൻഡ്യയിലെ പ്രധാന നഗരങ്ങളിലും ഫൗസ്റ്റിൻ അച്ചൻ്റെ നാടകങ്ങളും ഗാനങ്ങളും അവതരിപ്പിച്ചു. ടെലിവിഷൻ പ്രചാരത്തിലായിട്ടില്ലാതിരുന്ന നമ്മുടെ നാട്ടിൽ റേഡിയോ മാത്രമായിരുന്നു അൽപ്പം പൈസയുണ്ടായിരുന്നവരുടെ ഇലക്ട്രോണിക്ക് മാധ്യമം. ഈ പശ്ചാത്തലത്തിൽ 'ആൾ ഇൻഡ്യാ റേഡിയോ' ഫൗസ്റ്റിൻ അച്ചനെ സമീപിച്ചു. ആയിരത്തി തൊള്ളായിരത്തി അറുപതുകളിലും എഴുപതുകളിലും അദ്ദേഹത്തിൻ്റെ നാടകങ്ങളും ഗ ാനങ്ങളും 'ആകാശവാണി' പലപ്പോഴും പ്രക്ഷേപണം നടത്തിയിരുന്നു.
നാടക ട്രൂപ്പ്
ഫൗസ്റ്റിൻ അച്ചൻ അസ്സീസി ആർട്സ് ക്ലബ്ബിൻ്റെ ചുമതലയേറ്റ ശേഷം നല്ല നടന്മാരെ കോർത്തിണക്കി ക്ലബ്ബ് പുനഃസംഘടിപ്പിച്ചു. ആംഗ്ലോ ഇന്ത്യനായ ശ്രീമാൻ ടെഡി ലോപ്പസിനെപ്പോലെ കഴിവുള്ള സംവിധായകരും നടന്മാരും. കാഴ്ചയ്ക്കും അഭിനയത്തിനും പേരാർജ്ജിച്ച ശ്രീമതി ഇന്ദ്രാണിയെപ്പോലെയുള്ള യുവതികളും തിരഞ്ഞെടുത്ത നടീനടന്മാരുടെ നിര തങ്ങളുടെ അഭിനയപാടവം ഈ ക്ലബ്ബിൽ കൂടി തെളിയിച്ചു. ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളുമടങ്ങുന്ന ഇവരെല്ലാവരും ഫൗസ്റ്റിൻ അച്ചൻ്റെ കൂടെ ആശ്രമദേവാലയത്തിൽ പ്രവേശിച്ച് മുട്ടിൻമേൽ നിന്ന് ഉച്ചത്തിൽ പ്രാർത്ഥന നടത്തി ഓരോ പ്രാവശ്യവും നാടകത്തിനു പുറപ്പെടുന്ന കാഴ്ച്ച ഏറ്റം ഹൃദയസ്‌പർശകമായിരുന്നു. പത്തിരുപത്തഞ്ചു പേരുള്ള ഈ സംഘം ഫൗസ്റ്റിൻ അച്ചൻ്റെ നിർദ്ദേശങ്ങൾ എപ്പോഴും പൂർണ്ണമനസ്സോടും സ്നേഹത്തോടും കൂടി നടപ്പിലാക്കിയിരുന്നു. ഒരു പക്ഷേ ഇത്ര അച്ചടക്കത്തോടും മാന്യതയോടും ദീർഘകാലം നിലനിന്ന നാടക ട്രൂപ്പുകൾ നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടില്ലായിരിക്കാം.
ദൈവം ആദരവും ബഹുമതിയും നൽകി സ്വീകരിച്ചു
1979 ജൂലൈ 7 മുതൽ 8 വരെ ആകാശവാണി ഫൗസ്റ്റിൻ അച്ചൻ്റെ മരണവാർത്തയും സംസ്കാരകർമ്മങ്ങളും പ്രക്ഷേപണം ചെയ്തപ്പോൾ നിരവധി ഹൃദയങ്ങൾ ദുഃഖത്തിൽ മുങ്ങി. സഭയോ സമൂഹമോ ജീവിതകാലത്ത് അദ്ദേഹത്തെ ആദരിച്ചില്ല. അദ്ദേഹം അതൊട്ടാഗ്രഹിച്ചുമില്ല. മരണാനന്തര ബഹുമതിയെക്കുറിച്ച് ചിന്തിക്കുവാൻ K.C.B.C. -യോ, സമുദായമോ തയ്യാറായില്ല. എങ്കിലും പാവനവും പരിശുദ്ധവുമായ ജീവിതം കാഴ്ച്ചവച്ച ഈ പ്രസിദ്ധ കലാകാരൻ്റെ ജീവിതത്തിൻ്റെ പുഷ്പിക്കലിൽ ഈശ്വരൻ വിളിച്ചു. ആ കലാപൂഷ്പത്തെ അകാലത്തിൽ അടർത്തിയെടുത്ത് വാനവദൂതരുടെ ഗണത്തിൽ ചേർത്ത് അംഗീകാരം കൊടുത്തു. ഫൗസ്റ്റിൻ അച്ചൻ്റെ പാവനസ്മരണ വാടാത്തപുഷ്പമായി ഇന്നും ജനസ ഹസ്രങ്ങളുടെ ഹൃദയങ്ങളിൽ നിലകൊള്ളുന്നു.
M.G. യൂണിവേഴ്സിറ്റിയിൽ മലയാളത്തിലെ ബൈബിൾ നാടകങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ഡോ. വിൻസന്റ് നെടുങ്ങാട്ടിലിൻ്റെ ഗ്രന്ഥത്തിൽ ഇതു സംബന്ധിച്ച് വിശദമായ വിവരങ്ങൾ കാണാം.
ഇതു സംബന്ധിച്ചു മേല്പറഞ്ഞ ഡോക്‌ടർ നെടുങ്ങാട്ടിന്റെ ഗ്രന്ഥം കാണുക. V.J. ജോയിയും, ഫിലിപ്പ് പെരുമ്പളത്തുശേരിയും Mr. Teddy Lopez -ന്റെ സഹായത്തോടെ ഈ നാടകങ്ങൾ ഓരോന്നിനെക്കുറിച്ചും ശേഷമുണ്ടായവയെക്കുറിച്ചും വിശദമായി എഴുതിയിട്ടുണ്ടല്ലോ.
കേരളസമൂഹം ഈ കപ്പൂച്ചിൻ മിസ്റ്റിക് കലാകാരനെ മറന്നുകൂടാ
ഫാ. സിസ്റ്റസ് തുണ്ടത്തിൽ
അസ്സീസി മാസിക, ജൂലൈ 2007























