top of page

നാലാം

Jan 19, 2025

1 min read

George Valiapadath Capuchin

സൂചകങ്ങളും സൂചനകളും കൊണ്ട് സംപുഷ്ടമാണ് യോഹന്നാന്റെ സുവിശേഷം. അടയാളങ്ങളുടെ പുസ്തകം, മഹത്ത്വത്തിന്റെ പുസ്തകം എന്നിങ്ങനെ രണ്ടു ഭാഗങ്ങളും, അവയ്ക്ക് മുമ്പും പിമ്പുമായി ഒരു പൂർവ്വാഖ്യാനവും ഒരു ഉത്തരാഖ്യാനവും ചേരുന്നതാണ് നാലാം സുവിശേഷം.

ഒത്തിരി പ്രത്യേകതകൾ പറയാനുണ്ട് യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ച്. ആകെ 7 അപ്പസ്തോലന്മാരെ മാത്രമേ ഈ സുവിശേഷം പേരെടുത്ത് പറയുന്നുള്ളൂ. പൂർവ്വാഖ്യാനം കഴിഞ്ഞ് ആദ്യ അദ്ധ്യായത്തിൽത്തന്നെ 5 ശിഷ്യന്മാരെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

സുവിശേഷത്തിൻ്റെ അന്ത്യത്തിലെ ഉത്തരാഖ്യാനമായ 21-ാം അദ്ധ്യായത്തിലും 5 ശിഷ്യന്മാരെയും അവർക്കു പുറമേ സെബദീ പുത്രന്മാരെയും പരാമർശിക്കുന്നു.

സമാന്തര സുവിശേഷങ്ങളിൽ വളരെ പ്രാമുഖ്യത്തോടെ പരാമർശിച്ചിട്ടുള്ളതാണ് സെബദീപുത്രന്മാരായ യാക്കോബിനെയും യോഹന്നാനെയും കുറിച്ച്. എന്നാൽ നാലാം സുവിശേഷത്തിൽ സെബദീപുത്രന്മാർ എന്ന് പരാമർശിക്കുന്നതല്ലാതെ അവരെ പേരെടുത്തു പറയുന്നില്ല.


പേര് പറയാതെ "യേശു സ്നേഹിച്ചിരുന്ന ശിഷ്യൻ" പക്ഷേ, നിരവധി തവണ കടന്നുവരുന്നുണ്ട്.

"യേശുവിന്റെ അമ്മ" എന്ന് പറയുന്നതല്ലാതെ അവളെയും ഈ സുവിശേഷം പേരെടുത്ത് പറയുന്നില്ല എന്നതാണ് മറ്റൊരു സവിശേഷത.


യേശുവിന്റെ അമ്മ രണ്ടുതവണയാണ് പ്രത്യക്ഷപ്പെടുന്നത്. അടയാളങ്ങളുടെ പുസ്തകത്തിലെ ആദ്യ അടയാളമായ കാനായിലെ വിവാഹ വേളയിലെ അടയാളത്തിലേക്ക് അവനെ നയിക്കാനായിട്ടും മഹത്ത്വത്തിന്റെ പുസ്തകത്തിൽ കുരിശിലെ മരണ നേരത്തും. രണ്ടും സംക്രമണ നേരങ്ങളാണ്. "തൻ്റെ സമയ"ത്തിലേക്കുള്ള യാത്ര ആരംഭിക്കുമ്പോഴും "തൻ്റെ സമയ"ത്തിൻ്റെ പൂർത്തീകരണത്തിലും.


നാമം ഉച്ചരിക്കപ്പെടാതുള്ള "യേശുവിൻ്റെ അമ്മ" യും നാമം ഉച്ചരിക്കപ്പെടാതുള്ള "യേശുവിൻ്റെ പ്രിയ ശിഷ്യനും" പ്രിയതരമായ രണ്ട് മുഖങ്ങളാണ്. കുരിശിൻ ചുവട്ടിൽ അവർ പരസ്പരം ചേർന്നാണ് നിലക്കുന്നത്.

അവരിലാണ് പുതിയ ലോകം രൂപപ്പെടുന്നത്!


Recent Posts

bottom of page