
ഫ്രാൻസിസ് പാപ്പായെക്കുറിച്ചുള്ള സംഭാഷണങ്ങളിലും എഴുത്തുകളിലും മിക്കവരും സംസാരിക്കുന്നില്ലാത്ത വിഷയമാണ് അദ്ദേഹം ആ സ്ഥാനം ഏറ്റെടുത്തതിനു ശേഷം എത്ര ഭീകരമായ ചെറുത്തുനിൽപ്പുകളിലൂടെയാണ് കടന്നുപോയത് എന്നത്. അമേരിക്കയിലെയും യൂറോപ്പിലെയും മാത്രമല്ല ആഫ്രിക്കയിലെയും ഏഷ്യയിലെയും കൂടുതൽ യാഥാസ്ഥിതികമായ പ്രാദേശിക സഭാ നേതൃത്വങ്ങളിൽ നിന്ന് അസാമാന്യമായ ചെറുത്തുനില്പും വിദ്വേഷ പ്രചരണവുമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി നിങ്ങൾ അറിയുന്ന എത്ര സഭാമേലധ്യക്ഷന്മാരും വൈദികരും തങ്ങളുടെ പ്രഭാഷണങ്ങളിലും പ്രസംഗങ്ങളിലും ലേഖനങ്ങളിലും ഫ്രാൻസിസ് പാപ്പായെ എന്നെങ്കിലും ഉദ്ധരിച്ച് നിങ്ങൾ കേട്ടിട്ടുണ്ട് എന്നു മാത്രം ആലോചിച്ചാൽ മതിയാകും. "ഫ്രാൻസിസ് പാപ്പാ വളരെ ജനകീയനാണ്"; "ലോകമെമ്പാടും അദ്ദേഹം എല്ലാ ജനതകളാലും ആദരിക്കപ്പെടുന്നുണ്ട്" എന്നൊക്കെ അവർ പറയും. പക്ഷേ അപ്പോഴും ഒരു വാക്യം പോലും അദ്ദേഹത്തിൽനിന്നും അവർ ഉദ്ധരിക്കാറില്ല. ബനഡിക്റ്റ് പാപ്പായുടെയും ജോൺ പോൾ പാപ്പായുടെയും ഉദ്ധരണികൾ അവരുടെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും സ്ഥിരമായി കാണുകയും ചെയ്യും. എല്ലാവർക്കും എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയില്ല എന്ന കാര്യം അംഗീകരിക്കുന്നു.
പല "കത്തോലിക്കാ" ചാനലുകളും അവരുടെ വാർത്താപത്രികകളിൽ ഫ്രാൻസിസ് പാപ്പായെ അന്തിക്രിസ്തു എന്നും പിശാചെന്നും വരെ വ്യംഗ്യമായി പ്രതിപാദിക്കാറുണ്ടായിരുന്നു. പാപ്പായെ വിമർശിച്ചുകൊണ്ട് ആര് ഒരു പുസ്തകം എഴുതിയാലും ആ പുസ്തകങ്ങൾക്കെല്ലാം സൗജന്യമായി വായനക്കാരെ സമ്പാദിച്ചു കൊടുക്കുക അവരുടെ രീതിയായിരുന്നു. അവരുടെ ദ്രഷ്ടാക്കളോട് ദ്രോഹകരമായ പ്രവൃത്തിയാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത് എന്നുമാത്രം വളരെ വേദനയോടെ പാപ്പാ ഒരിക്കൽ പറയുകയുണ്ടായി.
സഭാനേതൃത്വത്തെ പരസ്യമായി വിമർശിച്ചിരുന്നവരെയെല്ലാം അതിനു മുമ്പുണ്ടായിരുന്ന പാപ്പാമാർ ഔദ്യോഗികമായി വിലക്കുകയോ അവരെ നിശബ്ദരാക്കുകയോ ചെയ്തിട്ടുണ്ട് എന്നോർക്കുക. ലൈംഗികമോ സാമ്പത്തികമോ ആയ കുറ്റങ്ങൾ ചെയ്തിട്ടുള്ളവരെ ഫ്രാൻസിസ് പാപ്പാ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതുപോലെതന്നെ സഭാനേതൃത്വപരമായ തങ്ങളുടെ അധികാര സ്ഥാനങ്ങളെ രാഷ്ട്രീയമായി ദുരുപയോഗിച്ചവരെയും അങ്ങനെതന്നെ ചെയ്തിട്ടുണ്ട്. എന്നാൽ, തന്നെ സ്ഥിരമായി വിമർശിക്കുകയോ പിശാച് എന്ന് വിളിക്കുകയോ ചെയ്തു എന്നതിന്റെ പേരിൽ അദ്ദേഹം ആരുടെ പേരിലും നടപടി എടുത്തിട്ടില്ല എന്നതും ശ്രദ്ധിക്കണം. അദ്ദേഹം സഭയിലേക്ക് കൊണ്ടുവന്ന സംയമനത്തിൻ്റെയും സഹിഷ്ണുതയുടെയും പുണ്യങ്ങളുടെ പേരിൽ തീർച്ചയായും അദ്ദേഹത്തോട് അതിരറ്റ ആദരവുണ്ട്. ഇനിയും സഹിഷ്ണുതയുടെയും സംയമനത്തിൻ്റെയും വലിയ കൃപ സഭയിൽ നിലനിന്നു കാണണമേ എന്നാണ് ഇന്നെൻ്റെ പ്രാർത്ഥന.