

1: പരമ്പരാഗതമായി, രണ്ട് മാതാപിതാക്കൾ അടങ്ങുന്ന, കുട്ടികളെ വളർത്തുന്ന സമൂഹത്തിലെ അടിസ്ഥാന യൂണിറ്റ്
2: പരമ്പരാഗത കുടുംബത്തിൽ നിന്ന് വ്യത്യസ്തവും, എന്നാൽ അതിന് തുല്യമായി കണക്കാക്കപ്പെടുന്നതുമായ വിവിധ സാമൂഹിക യൂണിറ്റുകളിൽ ഏതെങ്കിലും
3: ഒരു മേൽക്കൂരയ്ക്ക് കീഴിലും സാധാരണയായി ഒരു ശിരസ്സിന് കീഴിലും വസിക്കുന്ന വ്യക്തികളുടെ കൂട്ടം
4: ഒരു വംശപരമ്പരയിലുള്ള വ്യക്തികളുടെ ഗണം
5: ചില ബോധ്യങ്ങളാലോ പൊതുവായ ബന്ധത്താലോ ഐക്യപ്പെടുന്ന വ്യക്തികളുടെ കൂട്ടം: എന്നിങ്ങനെയെല്ലാമാണ്
മിറിയം വെബ്‌സ്റ്റർ നിഘണ്ടു 'കുടുംബം' എന്നതിനെ ഇപ്പോൾ നിർവചിക്കുന്നത്.
പണ്ടായിരുന്നെങ്കിൽ രണ്ടാമത്തതും അഞ്ചാമത്തേതുമായ നിർവ്വചനങ്ങൾ കാണില്ലായിരുന്നു.
മക്കളില്ലെങ്കിലും കുടുംബം തന്നെ; മാതാപിതാക്കളിൽ ഒരാൾ മരിച്ചുപോയാലും കുടുംബം തന്നെ;
മാതാപിതാക്കൾ ഇരുവരും മരിച്ചുപോയി മക്കൾ മാത്രമായാലും കുടുംബം തന്നെ; എന്നെല്ലാം അംഗീകരിക്കുമായിരുന്നെങ്കിൽ പോലും, വിവാഹം ചെയ്യാതെ ഒരുമിച്ചു ജീവിക്കുന്നവരെയൊന്നും കുടുംബമായി അംഗീകരിക്കില്ലായിരുന്നു, സമൂഹം. (പൊതുസമൂഹത്തിൻ്റെ കാര്യമാണ് പറയുന്നത്). വിവാഹമോചനങ്ങളെ ഉൾക്കൊള്ളാൻ വ്യവസ്ഥാപിത സമൂഹങ്ങൾ ഒരു കാലത്ത് വിമുഖത കാണിച്ചു. ആര് ശരി, ആര് തെറ്റ് എന്നതല്ല പ്രശ്നം. സ്വാതന്ത്ര്യത്തിൻ്റെ ശരിയായ വിനിയോഗമാണോ അത് എന്നതിനെക്കുറിച്ചും എതിരഭിപ്രായങ്ങൾ ഉണ്ടാകാം. ഏതായാലും കാര്യങ്ങൾ അങ്ങനെയായിരുന്നു.
പരമ്പരാഗത സങ്കല്പമനുസരിച്ച് കുടുംബം എന്നത് വിവാഹ ഉടമ്പടിയിന്മേൽ ഊന്നുന്നതും പരമ്പരാഗതമായ ലിംഗ ധർമ്മങ്ങൾ (gender roles) പാലിക്കാൻ നിർബന്ധിക്കുന്നതും വ്യവസ്ഥാപിതമായ ഒരൊറ്റ ഘടന മാത്രം അനുവദിക്കുന്നതും ആയിരുന്നു എന്നാണ് ഇന്നത്തെ ലോകം തിരിച്ചറിയുന്നത്.
എന്നാൽ, സ്വന്തം സന്തോഷത്തിൽ ഊന്നുന്നതും വൈകാരികമായ കണക്ഷനെ അടിസ്ഥാനമാക്കുന്നതും ലിംഗധർമ്മങ്ങളുടെ അനുശാസനകൾ നിഷേധിക്കുന്നതും തൊഴിൽപരമായ സ്വപ്നങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുപോകുന്നതും വൈജാത്യമാർന്ന ഘടനകൾ സ്വീകരിക്കാൻ സ്വ ാതന്ത്ര്യം നല്കുന്നതുമാണ് ആധുനിക കുടുംബ സങ്കല്പം എന്നാണ് നമ്മുടെ സമകാലിക ലോകം സാക്ഷിക്കുന്നത്.
ഇപ്പറഞ്ഞ പരമ്പരാഗത - ആധുനിക കുടുംബ സങ്കല്പങ്ങളുടെ ഘടകങ്ങളിൽ എല്ലാം ഒരുപോലെ പ്രാധാന്യവും ഗൗരവവും ഉള്ളവയല്ല എന്ന് വ്യക്തം. ക്രിസ്റ്റ്യൻ ആത്മീയതയുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് പറഞ്ഞാൽ, പരമ്പരാഗത കുടുംബ സങ്കല്പത്തിലെ ഒരു പ്രധാന അംശം തള്ളിക്കളയേണ്ടത് തന്നെയായിരുന്നു. അക്കാര്യത്തിൽ ആധുനിക കുടുംബ സങ്കല്പത്തോട് അനുഭാവം തോന്നുന്നുണ്ട്. എന്നാൽ, ആധുനിക കുടുംബസങ്കല്പത്തിലെ ഒരു പ്രധാന അംശത്തോട് തീരെ ചേർന്നു പോകാനും കഴിയില്ല. പരമ്പരാഗത കുടുംബ സങ്കല്പത്തിൽ ലിംഗ ധർമ്മങ്ങൾ നിശ്ചയിച്ചു നല്കുന്ന പ്രവണത തീർച്ചയായും ആധുനിക സമൂഹത്തിന് ചേരുന്നല്ല. ലിംഗനീതി നിഷേധിക്കുന്ന സാമൂഹിക വ്യവസ്ഥിതി ആയിരുന്നു അത് എന്ന കാര്യത്തിൽ സംശയമില്ല. ആധുനിക കുടുംബ സങ്കല്പത്തിൽ ലിംഗ ധർമ്മങ്ങളുടെ അനുശാസനകൾ നിഷേധിക്കുന്ന പങ്കാളികൾ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നുമുണ്ട്. ആധുനിക കുടുംബ സങ്കല്പത്തിൽ വൈകാരികമായ കണക്ഷനെ ഗൗരവത്തിലെടുക്കുന്നതും തീർച്ചയായും നല്ലതുതന്നെയാണ്. എന്നാൽ, അവനവൻ്റെ സന്തോഷത്തിൽ ഊന്നുന്ന രീതി ഏതൊരു കുടുംബത്തിൻ്റെയും ആത്മീയ തലത്തിൻ്റെ നിരാസമായിട്ടാണ് തോന്നുന്നത്. പരമ്പരാഗത കുടുംബത്തിലാകട്ടെ, ആധുനിക കുടുംബത്തിലാകട്ടെ, അവനവനിസത്തിൽ നിന്ന് ഒരാൾ പുറത്തു കടക്കുന്നില്ലെങ്കിൽ, ലൈംഗിക ബന്ധത്തിനുള്ള ഒരു ഉടമ്പടിച്ചീട്ട് മാത്രമേ ആകുന്നുള്ളൂ പങ്കാളിത്തം. ഞാൻ - ഞാൻ - ഞാൻ എന്ന് മുഴച്ചുന്തി നില്ക്കുന്ന ഈഗോയെയും നാർസിസിസത്തെയും അല്പമെങ്കിലും പൊട്ടിക്കാൻ കഴിയുന്നില്ലെങ്കിൽ ഏതൊരു ബന്ധവും മാനുഷ്യകത്തിലേക്ക് ഉയരുന്നില്ല എന്നുതോന്നുന്നു.





















