

ഇംഗ്ലീഷിൽ പൊതുവേ ഉപയോഗിക്കപ്പെടുന്ന ഒരു പദം ഉണ്ട് - reimagine. പുനർഭാവന ചെയ്യുക എന്നാണർത്ഥം. നവഭാവന ചെയ്യുക എന്നും പറയാം. എല്ലാക്കാര്യങ്ങളെയും നമുക്ക് പുനർഭാവന ചെയ്യാനാകും. പ്രത്യേകിച്ചും സഭയെക്കുറിച്ച്. ക്രൈസ്തവ സമൂഹത്തോളം നവഭാവനാ സാധ്യതയുള്ള മറ്റേതെങ്കിലും ഒരു യാഥാർത്ഥ്യം ഭൂമുഖത്ത് ഉണ്ടോ എന്നുതന്നെ സംശയമാണ്. ക്രൈസ്തവ സഭാസമൂഹം ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്നുള്ളതുതന്നെയാണ് അതിനു കാരണം.
ദൈവപുത്രനാണ് ക്രിസ്തു എന്ന പറയുമ്പോഴും ഭൂമിയിൽ ജീവിച്ച്, മരിച്ച്, സ്വർഗ്ഗത്തിലേക്ക് പോയ ഒരു മനുഷ്യൻ എന്ന തരത്തിലാണ് സഭയിൽ മിക്കവരും അവിടുത്തെ സങ്കൽപ്പിക്കുന്നത്. പ്രശ്നം എന്താണെന്ന് വച്ചാൽ, അങ്ങനെ ചിന്തിക്കുമ്പോൾ ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമായി ക്രിസ്തു ചുരുങ്ങിപ്പോകാം. എന്നാൽ, ആദിമുതലേ പിതാവിനോടൊപ്പം ആയിരുന്നതും സത്തയിൽ താതനുമായി ഒന്നായവനുമായ ക്രിസ്തുവിലാണ് സഭ ഏറ്റുപറയുന്ന വിശ്വാസം. അപ്പോൾ, യോഹന്നാന്റെ സുവിശേഷം വ്യക്തമാക്കുന്നതുപോലെ "അവൻവഴിയല്ലാതെ യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല" എന്ന് വരും. അങ്ങനെ നോക്കുമ്പോൾ നമ്മുടെ ആരുടെയും ഔദാര്യമില്ലാതെ തന്നെ, ഈ ഭൂമിയിലുള്ള സർവ്വ ജനങ്ങളും ദൈവത്തിന്റെ മക്കളാണ് എന്നത് സ്വാഭാവികമായ യാഥാർത്ഥ്യമാകും. അപ്പോൾ ഈ ഭൂമിയിലുള്ള സർവ്വമനുഷ്യരും സഭയുടെ ഭാഗവുമാകും. മാമ്മോദീസ സ്വീകരിച്ചവരും സ്വീകരിക്കാത്തവരും അതിൽപ്പെടും. ജൂതനും ഹിന്ദുവും മുസ്ലിമും പാർസിയും ബൗദ്ധനും നിരീശ്വരനും ദൈവത്തിന്റെ കുടുംബമായ സഭയിൽ അഥവാ, ക്രിസ്തു-ശരീരത്തിൽ ഉൾക്കൊള്ളുന്നതായി പുനർഭാവന ചെയ്യാൻ നമുക്ക് കഴിയും. പത്ത് മക്കളുള്ള ഒരു വീട്ടിൽ, ഒരാൾ ഒത്തിരി കരുണയുള്ളയാളും മറ്റൊരാൾ ഉദാരമനസ്സിനുടമയും മൂന്നാമതൊരാൾ ലുബ്ധനും നാലാമതൊരാൾ സ്വാർത്ഥനും അഞ്ചാമതൊരാൾ താന്തോന്നിയും ആറാമതൊരാൾ വിഷയലമ്പടനും അടുത്തൊരാൾ സ്വവർഗ്ഗാനുരാഗിയും അടുത്തൊരാൾ പിതൃവിരോധിയും ആയിരിക്കുമ്പോഴും അവരെല്ലാം സഹോദരങ്ങളും ഒരേ പിതാവിന്റെയും മാതാവിന്റെയും മക്കളും, ഒരൊറ്റ കുടുംബത്തിലെ അംഗങ്ങളും, പിതൃസ്വത്തിന് ഒരുപോലെ അവകാശികളും ആയിരിക്കുന്നതുപോലെ സഭയെ പുനർഭാവന ചെയ്യാൻ നമുക്ക് കഴിയും. അങ്ങനെ ഒരു പുനർഭാവനയാണ് വരും ദിനങ്ങൾക്ക് ആവശ്യം.
അങ്ങനെ പുനർഭാവന ചെയ്യുമ്പോൾ, എല്ലാ മക്കളെയും ഒരുപോലെ കാണാനും സ്നേഹിക്കാനും പരിശ്രമിക്കുന്ന മാതാപിതാക്കളോട് സ്നേഹവും കടപ്പാടും ഉണ്ടോ, അതനുസരിച്ച് ജീവിക്കുന്നുണ്ടോ എന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിൻ്റെയും തെരഞ്ഞെടുപ്പിൻ്റെയും വിഷയം മാത്രമാകും. ഒരാൾ ശരിയല്ലാതെ ജീവിക്കുന്നതിനാൽ 'അയാൾ നശിച്ചു പോകണം' എന്നുള്ള ചിന്ത അപ്രധാനവും അപ്രസക്തവും അസ്വീകാര്യവുമാകും!





















