top of page

വിശ്വാസം അതല്ലേ എല്ലാം

Jul 1, 2011

3 min read

ഷക
Editorial Page

ലോട്ടറി എടുക്കുന്നതും ദൈവത്തില്‍ വിശ്വസിക്കുന്നതും ഇന്ന് ഏകദേശം ഒരുപോലെയായിട്ടുണ്ട്. ലോട്ടറി എടുത്താല്‍ നഷ്ടപ്പെടുന്നത് അഞ്ചോ പത്തോ രൂപയാണ്; കിട്ടുന്നതോ മഹാഭാഗ്യവും. ദൈവം ഉണ്ടെന്നങ്ങു വിശ്വസിച്ചാല്‍ ചില്ലറ ചില നഷ്ടങ്ങളേയുള്ളൂ: ഇടയ്ക്കൊരു കുര്‍ബാന, ചില പിരിവുകള്‍, കൂടി വന്നാല്‍ ഞായറാഴ്ച ഒരു വേദപാഠക്ലാസ്. പകരം കിട്ടുന്നത് വിലമതിക്കാനാവാത്തവയാണ്: കോളേജില്‍ ഒരു സീറ്റ്, സ്കൂളില്‍ ഒരു ജോലി, രോഗത്തിനു സൗഖ്യം, കുടുംബത്തില്‍ പിറന്നവരുമായുള്ള ബന്ധുത്വം. കൂടാതെ സ്വര്‍ഗമുണ്ടെങ്കില്‍ അതും. "വിശ്വാസം അതല്ലേ എല്ലാം?" എന്നാണു മോഹന്‍ലാലും പറയുന്നത്. ഇങ്ങേ ലോകത്തും അങ്ങേ ലോകത്തുമുള്ള എല്ലാം ഇന്നു കൊണ്ടുത്തരുന്നത് വിശ്വാസമാണ്. കണ്ടില്ലേ, വലിയൊരു ദൈവവിശ്വാസിയുടെ മുറിയില്‍നിന്ന് അടുത്തയിടെ കിട്ടിയത് നോട്ടുകെട്ടുകളും തങ്കക്കട്ടകളുമാണ്. അതുകൊണ്ട് ഇന്ന് എല്ലാവരും ചുമ്മാതങ്ങു വിശ്വസിക്കുകയാണ്. ദൈവമുണ്ടോ? ഉണ്ട്. സ്വര്‍ഗ്ഗമുണ്ടോ? തീര്‍ച്ചയായും. നരകമോ? ഉറപ്പല്ലേ? ആര്‍ക്കും ഒരു സംശയവുമില്ല. സംശയിക്കുന്നവന്‍ വിഡ്ഢിയാണ്. എല്ലാ ഉത്തരങ്ങളും നല്കപ്പെട്ടുകഴിഞ്ഞതാണ്. ഇനി വെറുതെ കണ്ണുമടച്ച് അങ്ങു പോയാല്‍ മതി. സ്ലീപിങ്ങ് ക്രിസ്റ്റ്യാനിറ്റി എന്നൊരു വിശേഷണം കാള്‍ ബാര്‍ത്തിന്‍റേതായിട്ടുണ്ട്. ഉറങ്ങി ജീവിക്കുകയാണു ക്രിസ്തീയത.

പക്ഷേ ഇങ്ങനെയൊന്നുമായിരുന്നില്ല ക്രിസ്തീയത തുടക്കത്തില്‍. അത് അലസ ശയനത്തെ അലോസരപ്പെടുത്തുന്ന ഒന്നായിരുന്നു. തന്നോടുതന്നെയും നാട്ടുനടപ്പുകളോടും നല്കപ്പെട്ട ഉത്തരങ്ങളോടും നിരന്തരകലഹത്തില്‍ ഏര്‍പ്പെട്ട ഒന്ന്. മകനെ അപ്പനെതിരായും അമ്മയെ മകള്‍ക്കെതിരായും അതു തിരിച്ചു. പൊരുത്തപ്പെടലിന്‍റെ സമാധാനവുമായല്ല, ഭിന്നിപ്പിന്‍റെ വാളുമായിട്ടാണ് ക്രിസ്തു വന്നത്. അവന്‍ എല്ലാം ചോദ്യം ചെയ്തുകൊണ്ടേയിരുന്നു. അവന്‍റെ അനുയായികളും അതേ ശൈലി പിന്തുടര്‍ന്നു. അന്നത്തെ ദൈവസങ്കല്പത്തെപോലും അവര്‍ വിമര്‍ശിച്ചു. അതുകൊണ്ടാണ് നിരീശ്വരവാദികള്‍ എന്നവര്‍ വിളിക്കപ്പെട്ടത്. ദൈവസങ്കല്പത്തെ ചോദ്യം ചെയ്യുന്നത്, അതിനു മുകളില്‍ പണിയപ്പെട്ട അധികാരഘടനയെ അംഗീകരിക്കാതിരിക്കലാണ്. അതിന്‍റെ പരിണതഫലം അധികാരത്തിന്‍റെ കണ്ണിലെ കരടാകുന്നു എന്നതാണ്. അതിലും വലിയ വിഡ്ഢിത്തമില്ല. അതുകൊണ്ടായിരിക്കണം പൗലോസ് പറയുന്നത്: "നമുക്കിടയില്‍ ഉന്നതകുലജാതന്മാരോ, അധികാരവര്‍ഗത്തില്‍പ്പെട്ടവരോ, ബുദ്ധിമാന്മാരോ ആയിട്ട് ആരും തന്നെയില്ല." (1 കോറി. 1:26) ജീവിക്കാന്‍ പഠിച്ച ബുദ്ധിമാന്മാര്‍ക്കു വിശ്വസിക്കാന്‍ കൊള്ളാവുന്നവനല്ല ക്രിസ്തു. അവന്‍ വ്യക്തമായും ആവശ്യപ്പെടുന്നത് ഒരു ഡീ-ക്ലാസിങ്ങ് ആണ്: മേലാളനില്‍ നിന്നും കീഴാളനിലേക്കുള്ള ചുവടുമാറ്റം. ചുരുക്കത്തില്‍, അന്നു വിശ്വാസം ഉറക്കുകയായിരുന്നില്ല, അലോസരപ്പെടുത്തുകയായിരുന്നു. ഉത്തരങ്ങള്‍ നല്കി ആശ്വസിപ്പിക്കുകയായിരുന്നില്ല, ചോദ്യങ്ങള്‍ ചോദിച്ച് നൊമ്പരപ്പെടുത്തുകയായിരുന്നു.

ദൈവത്തെ കാണുന്നവര്‍ മരിക്കും എന്നൊരു സങ്കല്പം പുറപ്പാടു പുസ്തകത്തിലുണ്ട്. അവനില്‍ വിശ്വസിക്കുന്നതോടെ അടിമുടി മാറാതിരിക്കാനാവില്ല നമുക്ക്. പക്ഷേ ഇന്ന് ദൈവം നമ്മെ കൊല്ലുന്നില്ല. പകരം നാം നമുക്കായി ഒരു ദൈവത്തെ സൃഷ്ടിക്കുകയാണ്. അവന്‍ അധികാരത്തോടു നിരന്തരം കലഹിച്ചിരുന്നു എന്നതു നാം മറന്നുപോയി. എന്നിട്ട് 'ഉന്നതത്തില്‍ നിന്നുള്ള അധികാരം' എന്നൊരു പ്രയോഗം തപ്പിയെടുത്ത് അവതരിപ്പിക്കുകയാണ്. കൂടാതെ രാജചിഹ്നങ്ങളും അവനു ചാര്‍ത്തിക്കൊടുത്തു. ഇല്ല, ഇനിയവന് നമ്മുടെ അധികാരമോഹങ്ങളെ ചോദ്യം ചെയ്യാനാവില്ല. കാലു കഴുകിയവനെ രാജാവാക്കിയാല്‍പിന്നെ, ഒരു വെല്ലുവിളിയും അവനുയര്‍ത്തില്ല. അതുകൊണ്ട് ലൗഡ്സ്പീക്കര്‍ വിളിച്ചുപറയുന്നത് 'വരൂ, ദൈവം അനുഗ്രഹിക്കുന്നു' എന്നാണ്, 'വെല്ലുവിളിക്കുന്നു' എന്നല്ല. ഒരുവള്‍ തന്‍റെ വിശ്വാസത്തെക്കുറിച്ചു വാചാലയായി. അവള്‍ ലാപ്ടോപ്പു വാങ്ങിച്ചതുപോലും ദൈവത്തോടു ചോദിച്ചിട്ടാണത്രേ! ദൈവം വെളിപ്പെടുത്തിയ ബ്രാന്‍ഡാണ് അവള്‍ വാങ്ങിയത്. നമ്മുടെ ആത്മാവിന്‍റെ വിഷയാസക്തികളെ തൃപ്തിപ്പെടുത്തുന്നു, വിശ്വാസം.

ദൈവത്തില്‍ വിശ്വസിക്കുന്നു എന്നതുകൊണ്ട് നീ എന്താണര്‍ത്ഥമാക്കുന്നത്? കാര്യമായിട്ട് ഒന്നും തന്നെ അര്‍ത്ഥമാക്കുന്നില്ലെന്നതാണു സത്യം. ചരിത്രത്തില്‍ നിന്നു മൂന്നു വലിയ വിശ്വാസികളെ എടുക്കാം. ഒന്ന്, ഗോല്‍വാല്‍ക്കര്‍ - ഹൈന്ദവവിശ്വാസി. സസ്യാഹാരം മാത്രം കഴിച്ചിരുന്നയാള്‍. പക്ഷേ അദ്ദേഹമാണു ഹൈന്ദവരല്ലാത്തവരെല്ലാം ഇന്ത്യ വിടണമെന്ന് ആക്രോശിച്ചത്. രണ്ട്, ഔറംഗസേബ് - ഇസ്ലാംവിശ്വാസി. നോമ്പുനോക്കുകയും ലളിതവസ്ത്രം ധരിക്കുകയും ചെയ്ത മുഗള്‍ ചക്രവര്‍ത്തി. പക്ഷേ അദ്ദേഹമാണ് സിംഹാസനം കിട്ടാന്‍ അപ്പനെ തുറങ്കിലടച്ചതും സഹോദരന്മാരുടെ കഴുത്തറത്തതും. മൂന്ന്, ജോര്‍ജ് ബുഷ് - ക്രൈസ്തവ വിശ്വാസി. ഞായറാഴ്ചയാചരണത്തോടും ബൈബിള്‍ പാരായണത്തോടും വിശ്വസ്തത പുലര്‍ത്തിയയാള്‍. പക്ഷേ അദ്ദേഹമാണ് ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കിയ ഇറാഖിയുദ്ധത്തിന് ഉത്തരവിട്ടത്. നിന്‍റെ നൃശംസതയ്ക്കുപോലും അരു നില്ക്കുന്ന ഒന്നാക്കി നിന്‍റെ വിശ്വാസം നിന്‍റെ ദൈവത്തെ മാറ്റിയെടുത്തേക്കാം.

പുതിയ നിയമത്തെ 'പുതിയ'താക്കുന്നത് എന്താണ്? പുതിയ നിയമത്തെ കാച്ചിക്കുറുക്കിയാല്‍ രണ്ടു കല്പനകളില്‍ ഒതുക്കാമെന്നാണല്ലോ ക്രിസ്തു പറയുന്നത്: ദൈവസ്നേഹവും മനുഷ്യസ്നേഹവും. എന്നാല്‍ ഇവ രണ്ടും ഒട്ടുമേ പുതിയവയല്ല. ആദ്യത്തേത് നിയമാവര്‍ത്തനം 6-ാം അധ്യായത്തിലും രണ്ടാമത്തേത് ലേവ്യര്‍ 19-ാം അധ്യായത്തിലുമുള്ളതാണ്. ദൈവത്തെ സ്നേഹിക്കുക എന്നത് യഹൂദമതത്തിന്‍റെ ചങ്കായിരുന്നു. അതു വാതില്‍പ്പടിയില്‍ രേഖപ്പെടുത്തണമെന്നും നെറ്റിത്തടത്തില്‍ ധരിക്കണമെന്നും കിടക്കുമ്പോഴും നടക്കുമ്പോഴും ധ്യാനിക്കണമെന്നും നിഷ്കര്‍ഷിക്കപ്പെട്ടിരുന്നു. 'അയല്‍ക്കാരനെ സ്നേഹിക്കുക' എന്നതു വെറും നാട്ടുനടപ്പെന്ന രീതിയില്‍ പറഞ്ഞു പോയ ഒന്നാണ്. നരച്ചവരുടെ മുമ്പില്‍ എഴുന്നേറ്റു നില്ക്കണമെന്നും ശരീരത്തില്‍ പച്ചകുത്തരുതെന്നും പറയുന്നതിനിടയ്ക്കാണ് മനുഷ്യസ്നേഹത്തെക്കുറിച്ചു പറയുന്നത്. വളരെ അപ്രധാനമായിരുന്ന ആ കല്പനയെ ക്രിസ്തു അവിടെനിന്നു പറിച്ചെടുത്ത്, ഏറ്റവും പ്രധാനപ്പെട്ട ആദ്യകല്പനയോടു വിളക്കിച്ചേര്‍ത്തു. അങ്ങനെയാണു രണ്ടു പഴയ കല്പനകളെ അവന്‍ പുതിയതാക്കിയത്. സ്വൊവാരസ് പ്രഭു പറയുന്നത്, രണ്ടാമത്തെ കല്പന ആദ്യത്തെ കല്പനയുടെ അര്‍ത്ഥം വിശദീകരിക്കുന്നു എന്നാണ്. 'ദൈവത്തെ സ്നേഹിക്കുന്നു' എന്നത് വളരെ അവ്യക്തമായ ഒരു പ്രയോഗമാണ്. അതു മൂര്‍ത്തമായി ആവിഷ്കരിക്കപ്പെടുന്നത് സഹോദരസ്നേഹത്തിലാണ്. നിന്‍റെ ദൈവ വിശ്വാസം അളക്കുന്നതിനുള്ള അളവുകോല്‍ സ്നേഹത്തില്‍ കുതിര്‍ന്ന നിന്‍റെ ജീവിതമാണ്. അവന്‍റെ രാജ്യം അവകാശപ്പെടുത്തുന്നത് 365 ദിവസവും ദേവാലയത്തില്‍ ചെലവഴിച്ച പുരോഹിതനും ലേവായനുമല്ല, സ്നേഹത്തില്‍ കുതിര്‍ന്നു ജീവിച്ച ശമരിയാക്കാരനാണ്. ദൈവത്തിനുള്ള ബലിയല്ല, മനുഷ്യനോടുള്ള കാരുണ്യമാണ് സുവിശേഷം ആവശ്യപ്പെടുന്നത്. ഒരിക്കല്‍ ശബരിമലയടുത്ത് നിറയെ അയ്യപ്പന്മാരുണ്ടായിരുന്ന ഒരു വണ്ടിയുടെ ബ്രെയ്ക്കുപൊട്ടി. ഒരാള്‍ കുറുക്കുവഴിക്ക് ജീപ്പുമായി വന്ന്, ബസ് ഇടിച്ചുനിര്‍ത്തി. ആളുകള്‍ അത്ഭുതത്തോടെ ആരാഞ്ഞു: "ആരാണു ധൈര്യം തന്നത്, അയ്യപ്പനോ?" അയാളുടെ മറുപടി: "എനിക്കു നല്ല പൂസായിരുന്നു. ആളുകള്‍ അലറിവിളിച്ചപ്പോള്‍ ഞാനെന്തൊക്കെയോ ചെയ്തുപോയതാണ്." പതിനെട്ടാംപടി കയറുന്ന ഏതു വിശ്വാസിയെയുംകാള്‍ ഈ പൂസായവന്‍ ദൈവത്തോടു ചേര്‍ന്നു നില്ക്കുന്നു.

ദൈവം മനുഷ്യനായി എന്നു നാം വിശ്വസിക്കുന്നു. അതു ചെലവില്ലാത്ത വിശ്വാസമാണ്. ഈ ചെറിയവരൊക്കെ ഞാന്‍ തന്നെയെന്നു ക്രിസ്തു പഠിപ്പിച്ചു. അത് ഇത്തിരി ചെലവുള്ളതായതുകൊണ്ട് നമ്മുടെ വിശ്വാസപ്രമാണത്തിന്‍റെ ഭാഗമായിട്ടില്ല. പക്ഷേ അസ്സീസിയിലെ ഫ്രാന്‍സിസ് അതങ്ങു വിശ്വസിച്ചു. ഫലമോ? ഇനിമേല്‍ കുഷ്ഠരോഗി അയാള്‍ക്കു ക്രിസ്തുവാണ്. അയാളുടെ ചുണ്ടുകള്‍ ഫ്രാന്‍സിസ് ആദരവോടെ തൊടുന്നു. എന്നെങ്കിലും നമ്മുടെ വിശ്വാസം നമ്മെ ശല്യപ്പെടുത്തിയിട്ടുണ്ടോ? ബലഹീനനോടുള്ള അനാദരവ് ക്രിസ്തു വിശ്വാസത്തിന്‍റെ നേര്‍ ലംഘനമാണെന്നറിഞ്ഞ് നാം കുമ്പസാരിച്ചിട്ടുണ്ടോ? ദിവ്യകാരുണ്യത്തിന്‍റെ മുമ്പില്‍ കുമ്പിടുമ്പോഴും അതു സ്വീകരിച്ചുവരുന്നവളെ നാം കാമത്തോടെ നോക്കുന്നു. വിശ്വാസം മനുഷ്യനെ ഈശ്വരന്‍റെ സ്വഭാവത്തിലേയ്ക്കുയര്‍ത്തുന്നതാണ്; അല്ലാതെ ഈശ്വരനെ മനുഷ്യന്‍റെ സ്വഭാവത്തിലേക്കു താഴ്ത്തുന്നതല്ല.

Featured Posts