top of page

വിശ്വാസം അതല്ലേ എല്ലാം

Sep 14, 2019

2 min read

ജന
a girl is thinking a new idea

ഫിഫ്ടി ഫിഫ്ടി


മക്കള്‍ക്കു പ്രിയപ്പെട്ട അച്ഛനും അമ്മയുമാകുക, ഓര്‍മ്മയായി മാറുമ്പോഴും മക്കളുടെയുള്ളില്‍ ദീപ്തമായി, തണലായി, മാതൃകയായി മാറുക. നെഞ്ചോടിട്ട് വളര്‍ത്തുമ്പോഴും നെറുകയില്‍ ചുംബനം കൊണ്ട് മൂടുമ്പോഴും ഇടനെഞ്ചിലുള്ള പ്രാര്‍ത്ഥന  ഉന്നതസ്ഥാനമാനങ്ങള്‍ സ്വന്തമാക്കുന്ന, നേട്ടങ്ങള്‍ മാത്രം കൊയ്തെടുക്കുന്ന, ധാരാളം പണം സമ്പാദിക്കുന്ന പ്രശസ്തരും പ്രഗത്ഭരുമായ മക്കളുടെ മാതാപിതാക്കളാകണം എന്നല്ല. ഹൃദയമുള്ള ധാര്‍മ്മികതയുള്ള, ഉത്തരവാദിത്തമുള്ള കനിവുള്ള കരുണയോടെ തന്‍റേത് അപരനുകൂടി പകര്‍ന്നു നല്കാന്‍ തയ്യാറാകുന്ന മക്കളുടെ മാതാപിതാക്കളാകണം എന്നു മാത്രമായിരുന്നു.

തന്‍ പാതി ദൈവം പാതി എന്നാണല്ലോ പ്രമാണം. മാതാപിതാക്കളുടെ ഫിഫ്ടിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ മാത്രമാണ് ഇവിടെ പ്രതിപാദ്യം. മക്കള്‍ മാതാപിതാക്കളുടെ ഫലങ്ങളാണ്. ഫലങ്ങള്‍ നന്നാവണമെങ്കില്‍ വേരില്‍ വളം നല്കണം. പ്രാര്‍ത്ഥനയുടെ കാവലും ബോധപൂര്‍വ്വ ശ്രമങ്ങളും വേണം. ഈ ഭൂമിയില്‍ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും സ്നേഹവും ലാളനയും സംരക്ഷണവും ആവോളം ലഭിക്കാന്‍ അവകാശമുണ്ട്. ബാഹ്യമായ കാര്യങ്ങള്‍ സര്‍ക്കാരിനും സമൂഹത്തിനും നല്കാന്‍ കഴിയും. സ്നേഹവും ലാളനയും ശിക്ഷണവും വിവേകപൂര്‍വ്വം നല്കാന്‍ മാതാപിതാക്കള്‍ക്കേ കഴിയൂ. മക്കളെ ഒന്നാമനാക്കാന്‍ കുറുക്കുവഴികള്‍ തേടുന്നവര്‍ക്കല്ല ഈ പംക്തി. മക്കള്‍ക്കുവേണ്ടി നല്ല മാതാപിതാക്കളാകാന്‍ തയ്യാറുള്ളവര്‍ക്ക് അനുഷ്ഠിക്കാനുള്ള കാര്യങ്ങളാണീയക്ഷരങ്ങള്‍ പേറുന്നത്. റോബര്‍ട്ട് റോസന്തല്‍ ശിഷ്യന്മാര്‍ക്ക് ചില നൈപുണികള്‍ പരിശീലിപ്പിക്കുന്നതിനായി എലികളെ നല്കി. രണ്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരീക്ഷണം. ഒന്നാമത്തെ സംഘത്തോട് അദ്ദേഹം പറഞ്ഞു, 'ഇവ നല്ല ജനുസ്സാണ്, നന്നായി പഠിക്കും, മെച്ചപ്പെടും.' രണ്ടാമത്തെ സംഘത്തോട് പറഞ്ഞു: "ഇത് ബുദ്ധി കുറവായ ജനുസ്സാണ്. പഠിപ്പിച്ചിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല." മൂന്നാഴ്ചത്തെ പരിശീലനത്തിന്‍റെ ഫലം വിസ്മയാവഹമായിരുന്നു. ആദ്യസംഘം പരിശീലിപ്പിച്ച എലികള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രണ്ടാം സംഘത്തിന്‍റെ എലികളാകട്ടെ പുരോഗതിയൊന്നും നേടിയിരുന്നില്ല.

സത്യത്തില്‍ രണ്ടു സംഘത്തിനും നല്കിയത് ഒരേ ജനുസ്സില്‍പ്പെട്ട എലികളെയായിരുന്നു. പിന്നെ എന്തുകൊണ്ട് ഈ വ്യത്യാസം? വ്യത്യാസം വന്നത് എലികളില്‍ നിന്നല്ല. പരിശീലിപ്പിച്ചവരുടെ വിശ്വാസത്തില്‍നിന്നാണ്. ഒന്നാമത്തെ സംഘത്തിന്‍റെ പരിശീലകര്‍ എലികള്‍ നല്ല ഇനമാണ്, കഴിവു കൂടിയവരുമാണ്, അതുകൊണ്ട് വേഗത്തില്‍ പഠിക്കുമെന്ന് വിശ്വസിച്ചു. ഈ വിശ്വാസം അറിയാതെ (അബോധപൂര്‍വ്വം) പല മാര്‍ഗങ്ങളിലൂടെ  എലികളിലേക്കു വിനിമയം ചെയ്യപ്പെട്ടു. എലികളെ അഭ്യസിപ്പിച്ച അവസരങ്ങളില്‍ കൂടുതല്‍ സഹാനുഭൂതിയും ധാരണയും പ്രോത്സാഹനവും നല്കി. അങ്ങനെ അവരുടെ അധ്യാപകര്‍ വിശ്വസിച്ചത് അവരില്‍ സംഭവിച്ചു.

കുഞ്ഞുങ്ങളുടെ പ്രാഥമികവും പ്രധാനപ്പെട്ടവരുമായ പരിശീലകരെന്ന നിലയില്‍ മാതാപിതാക്കളുടെ വിശ്വാസമാണ് ഫലം നിശ്ചയിക്കുന്നത്. വിശ്വാസം രണ്ടു തരമുണ്ട്. ഒന്നാമത്തെ വിശ്വാസം എല്ലാ കുട്ടികളിലും പ്രതിഭയുണ്ട്. അതിനെ ഉണര്‍ത്താന്‍ മാതാപിതാക്കളെന്ന നിലയില്‍ തങ്ങള്‍ക്ക് കഴിയും. രണ്ടാമത്തെ വിശ്വാസം - തന്‍റെ കുട്ടിയുടെ ഉള്ളില്‍ പ്രതിഭയൊന്നുമില്ല. അവന്‍ ശരാശരി മാത്രമാണ്. ഇനി ഉണ്ടെങ്കില്‍ അതിനെ ഉണര്‍ത്താന്‍ മാതാപിതാക്കളെന്ന നിലയില്‍ തങ്ങള്‍ക്ക് കഴിയില്ല. 

മാതാപിതാക്കളുടെ വിശ്വാസത്തിന് അനുസരിച്ചാണ് കുട്ടികള്‍ വളരുന്നത്. എന്‍റെ കുട്ടിയിലും പ്രതിഭയുടെ വിത്ത് ദൈവം നിക്ഷേപിച്ചിട്ടുണ്ട്. അതിനെ ശരിയായി പരിപോഷിപ്പിച്ചാല്‍ അവനും പ്രതിഭയായി മാറും. എന്‍റെ കുട്ടി പ്രതിഭയാണെന്ന് മനസ്സില്‍ ആവര്‍ത്തിക്കുക. ആവര്‍ത്തിച്ചുപയോഗിക്കുന്ന വാക്കിന് ആറ്റംബോംബിനെക്കാള്‍ ശക്തിയുണ്ട്. തലച്ചോറിന്‍റെ നിത്യാഹാരമാക്കി ഈ ചിന്തയെ മാറ്റുക. നാമറിയാതെ നമ്മില്‍നിന്നു പ്രസരിക്കുന്ന ചൈതന്യം കുട്ടിയിലെ പ്രതിഭയ്ക്കു നല്ല തുടക്കം നല്കും. 

പ്രതിഭയുടെ വിക്ഷേപണതട്ട് (Launching Pad) ആത്മവിശ്വാസമാണ്. ആത്മവിശ്വാസം മക്കള്‍ക്ക് ലഭിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. 'അവര്‍ക്കത് കഴിയും' എന്നുള്ള വിശ്വാസം നിരന്തരമായി പ്രകടിപ്പിക്കണം. ശരാശരിയുടെ സ്കെയിലുമായി കുട്ടികളുടെ പിന്നാലെ പായാതിരിക്കുക.  അവന്‍ പ്രതിഭയാണെന്നും ഇന്നല്ലെങ്കില്‍ നാളെ അവനത് തെളിയിക്കുമെന്നും വിശ്വസിക്കുക. 

അമിതാവേശത്താല്‍ സ്വയം മറക്കരുത്. ഒന്നും അടിച്ചേല്പിക്കരുത്. സ്വാഭാവികവും ആസ്വാദ്യവുമായ പ്രക്രിയയാണ് പ്രതിഭയുടെ വളര്‍ച്ച. സന്തോഷം അവരുടെ ജന്മാവകാശമാണ്. പ്രതിഭയെ ഉണര്‍ത്തല്‍ അവര്‍ക്കൊരനുഗ്രഹമാകണം, ഭാരമാകരുത്. ഓരോ കുട്ടിയുടെയും തലച്ചോര്‍ ദൈവത്തിന്‍റെ വരദാനമാണ്. കുട്ടിയെ പ്രതിഭയാക്കി പരിപോഷിപ്പിച്ചെടുക്കാന്‍ അവരെ വളര്‍ത്തുന്നവര്‍ക്ക് കഴിയുമെന്നു മനസ്സിലാക്കുക. കുട്ടിയുടെ തലച്ചോര്‍ നവവും  മാലിന്യരഹിതവുമാണ്. അവഗണിച്ചാല്‍ വന്യവും ഇണക്കമില്ലാത്തതുമായത് വളരും. പരിപാലിച്ചാല്‍ അതില്‍ പ്രതിഭയുടെ വിത്തുകള്‍ മുളപൊട്ടും. 

മാതാപിതാക്കളുടെ മനോഭാവമാണ് കുട്ടികളുടെ പ്രതിച്ഛായ രൂപീകരിക്കുന്ന അസംസ്കൃത വസ്തു. മാതാപിതാക്കളുടെ പ്രസാദാത്മക മനോഭാവത്തില്‍നിന്ന് അവരുടെ പ്രസാദാത്മക മനോഭാവം ഉടലെടുക്കും. അത്തരമൊരു മനോഭാവത്തില്‍ നിന്ന് മാത്രമാണ് ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ശ്രമിച്ചു നോക്കാനുള്ള മനസ്സും ജന്മം കൊള്ളുകയുള്ളൂ. കുട്ടിയില്‍ പ്രതിഭ ഉറങ്ങുന്നുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് ഉണര്‍ത്താന്‍ ശ്രമിച്ചാല്‍ അവര്‍ക്കും അതുപോലെ തോന്നുകയും പ്രതിഭയെപ്പോലെ പെരുമാറുകയും ചെയ്യും. പ്രോത്സാഹജനകവും   ആത്മാര്‍ത്ഥവും സ്നേഹനിര്‍ഭരവുമായ നിങ്ങളുടെ മനോഭാവത്താല്‍, അനുകരണീയമായ പ്രതിച്ഛായയ്ക്കു യോഗ്യനാകുവാന്‍ വേണ്ടി അവന്‍ കഠിനാധ്വാനം ചെയ്യും. അങ്ങനെ ചെയ്യുന്നതിലൂടെ  സമൃദ്ധമായ ജീവിതത്തിന്‍റെ തിളക്കം അവന്‍ ആസ്വദിക്കും. ക്രമേണ അനുകരണീയ പ്രതിച്ഛായ അവരുടെ ആത്മപ്രതിച്ഛായയാകും

ജന

0

0

Featured Posts