top of page

വിശ്വാസം അതല്ലെ എല്ലാം...

Oct 3

3 min read

ഫാ. ജോസ് വെട്ടിക്കാട്ട്
Two persons talking each other
Ai generated image

അടുത്തദിവസവും ആശുപത്രിയിലെ മുറിക്കു പുറത്തിറങ്ങിയിരുന്നാല്‍ പ്രൊഫസ്സര്‍ വരുമെന്നുറപ്പായിരുന്നു. എങ്കിലും പതിവുസ്ഥലത്തുതന്നെ ചെന്നിരുന്നു. തീരെ പ്രതികരിക്കാതെയും ശബ്ദിക്കാതെയും ഉള്‍വലിഞ്ഞു ജീവിക്കുന്നവരാണെങ്കിലും, വിവരവും വിദ്യാഭ്യാസവുമുള്ള സാധാരണ വിശ്വാസികളുടെ മനസ്സിലിരിപ്പും പ്രതിഷേധങ്ങളുമൊക്കെ അന്വേഷിച്ചിറങ്ങാതെതന്നെ ഇങ്ങോട്ടുകിട്ടാന്‍ പറ്റിയ അവസരമാണ് ഇങ്ങനെയുള്ളവരോടു സംസാരിക്കുമ്പോള്‍ കിട്ടുന്നത് എന്നറിയാവുന്നതുകൊണ്ട് കിട്ടിയ സമയം മുതലെടുക്കാമെന്നു ഞാനും കണക്കുകൂട്ടി. അധികം കാത്തിരിക്കേണ്ടിവന്നില്ല, ആളെത്തി.

"അച്ചന്‍ വരുന്നുണ്ടോന്നു ഞാന്‍ നോക്കിയിരിക്കുകയായിരുന്നു. രണ്ടുമൂന്നുദിവസംകൂടെ കഴിഞ്ഞാല്‍ എനിക്കു പോകാറാകും. പിന്നെ അച്ചനെ കിട്ടത്തില്ലല്ലോ. ഇവിടെ പെട്ടുപോയതുകൊണ്ടാണ് ഇപ്പോള്‍ അച്ചനും കേള്‍ക്കാന്‍  ഇരുന്നുതരുന്നതെന്നെനിക്കറിയാം. എന്നാലും അച്ചനോടു ഞാന്‍ പറഞ്ഞതുപോലെയുള്ള കാര്യങ്ങള്‍ എന്‍റെ മനസ്സാക്ഷിക്കു നിരക്കുന്നതാണെങ്കിലും വിവരമുള്ള ഏതെങ്കിലും അച്ചന്മാരുടെ അഭിപ്രായംകൂടെ ചോദിച്ചറിഞ്ഞാല്‍ മനസ്സിനൊരുറപ്പാണല്ലോ. അതുകൊണ്ടാണ് സംസാരിക്കുന്നത് അച്ചനിഷ്ടമില്ലെന്ന് മനസ്സിലായെങ്കിലും വിടാതെകൂടിയത്."

"ഏതായാലും വിവരമുള്ള അച്ചന്മാരുടെകൂട്ടത്തില്‍ എന്നെയും കൂട്ടിയതില്‍ സന്തോഷമുണ്ട്."

"അതു ഞാനല്ല, ഡോക്ടര്‍ അച്ചനു തന്ന സര്‍ട്ടിഫിക്കറ്റാ. ഞങ്ങള്‍ സുഹൃത്തുക്കളായതുകൊണ്ട് ഡോക്ടറുമായി ഞാനിതൊക്കെ സംസാരിക്കാറുണ്ടായിരുന്നു. എന്‍റെ ചോദ്യത്തിനൊക്കെ ഉത്തരംതരാന്‍ പറ്റുന്ന വിവരമുള്ള ഒരച്ചന്‍ വരുന്നുണ്ടെന്നു ഡോക്ടറാണെന്നോടു പറഞ്ഞത്. അതുകൊണ്ടാണച്ചന്‍ വന്നപ്പോളേ ഞാനടുത്തുകൂടിയത്. ഡോക്ടര്‍ എന്നെ ഒഴിവാക്കി തലയൂരാന്‍വേണ്ടി പറഞ്ഞതാണെന്നായിരുന്നു ഞാനോര്‍ത്തത്. പക്ഷേ സംസാരിച്ചുകഴിഞ്ഞപ്പോള്‍ 'വിവരമുള്ള അച്ചന്‍' എന്ന സര്‍ട്ടിഫിക്കറ്റ് അച്ചനു ഫിറ്റിങ് ആണെന്നു തോന്നി."

"അതിനു ഞാനൊന്നും കാര്യമായിട്ടു പറഞ്ഞില്ലല്ലോ."

"അച്ചനൊന്നും കാര്യമായിട്ടു പറഞ്ഞില്ലെങ്കിലും, അച്ചനിന്നലെ കളിയായിട്ടു പറഞ്ഞത് എന്‍റെ ഓര്‍മ്മയിലുണ്ട്. ഞാന്‍ അച്ചനോടു പറഞ്ഞതിന് ഓരോന്നിനും അച്ചനു മറുപടി പറയാനുണ്ടെങ്കിലും അച്ചനതൊന്നുമൊട്ടു പറയാനും വയ്യ എന്ന്. ആ മറുപടിയില്‍ അച്ചന്‍ പറയാതെ പറഞ്ഞ കാര്യമാണ് അച്ചനു വിവരമുണ്ടെന്നുള്ളതിന്‍റെ തെളിവ്."

നല്ല വിവരമുള്ള പ്രൊഫസ്സറാണല്ലോന്ന് എനിക്കും തോന്നി.

"അച്ചാ നമ്മുടെ വൈഫിനൊരു പ്രശ്നം."

"നിര്‍ത്ത്, തുടക്കത്തിലെ ഒരു തിരുത്ത്. 'നമ്മുടെ വൈഫിന്' അല്ല, ഇദ്ദേഹത്തിന്‍റെ വൈഫിന്." പ്രൊഫസ്സറല്ലെ, പറയുന്നതിനു ക്ലാരിറ്റിവേണം.

"കറക്റ്റ്, അച്ചനു വിവരമുണ്ടെന്നുറപ്പായി. ഏതായാലും ഇന്നലത്തെപ്പോലെയല്ല, അച്ചനിന്നു നല്ല മൂഡിലാ."

"എന്നാപ്പിന്നെ വൈഫിനെക്കൂടെ വിളിക്ക്. അവരുടെ പ്രശ്നമാണെന്നല്ലെ പറഞ്ഞത്."

"വേണ്ടച്ചാ, അതൊന്നും ആരോടും പറയുന്നത് പുള്ളിക്കാരത്തിക്ക് ഇഷ്ടമില്ല. സത്യം പറഞ്ഞാലച്ചാ, പറയാന്‍ നാണമാകും, ശരിക്കും ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നത് വല്ലപ്പോഴും ഒറ്റയ്ക്ക് യാത്രപോകുമ്പോഴാ."

"അതിനു ഭാര്യയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല, ഇങ്ങേരുടെ ഇഷ്ടത്തിനു ഭക്ഷണമുണ്ടാക്കിത്തരാന്‍ പുള്ളിക്കാരത്തി പ്രൊഫസ്സറായിരുന്നതു ഹോട്ടല്‍ മാനേജ്മെന്‍റ് പഠിപ്പിക്കുന്ന കോളേജിലൊന്നുമല്ലായിരുന്നല്ലോ."

"കുക്കിങ്ങിന്‍റെ കാര്യമല്ലച്ചാ ഞാന്‍ പറഞ്ഞത്. മിസ്സസിന് ഒന്നാന്തരമായിട്ടു പാകംചെയ്യാനറിയാം."

"പിന്നെ നിങ്ങളെപ്പോലെ അവര്‍ക്കും പ്രായമായില്ലേ, ക്ഷീണംകാണും."

"അതുമല്ലച്ചാ വിഷയം. അവള്‍ക്കെന്നും നോമ്പും ഉപവാസവുമാ. എണ്‍പത്താറുനോമ്പു എനിക്കും മനസ്സിലാക്കാം, ഞാനും സഹകരിക്കാം. പക്ഷേ മിക്കവാറും ആണ്ടുവട്ടം മുഴുവനും നോമ്പായാലോ."

"ഈ എണ്‍പത്താറു നോമ്പേതാന്നു മനസ്സിലായില്ലല്ലോ."

"അതു നമ്മുടെ സഭേടെ നോമ്പ്, 50+25+8+3 ടോട്ടല്‍ 86."

"ഓ.. എന്നാപ്പിന്നെ നിങ്ങളുരണ്ടുംകൂടെ നല്ലപ്രായത്തില്‍ കാണിച്ചിച്ചുകൂട്ടിയ കുരുത്തക്കേടിനൊക്കെ പോകാറായപ്പോളത്തേക്കും പരിഹാരം ചെയ്തേക്കാമെന്നു പുള്ളിക്കാരത്തി തീരുമാനിച്ചുകാണുമായിരിക്കും."

"തമാശല്ലച്ചാ, ഞാന്‍ കാര്യമായിട്ടു പറഞ്ഞതാ. അവള്‍ക്കു ഭയങ്കര പേടിയാ. വിദ്യാഭ്യാസമുണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല, കൈനോട്ടക്കാരന്‍റെയടുത്തു പോകുന്നതുപോലെയാ, എവിടെയെങ്കിലും ദിവ്യന്മാരെ കാണാന്‍ പൊയ്ക്കോണ്ടിരിക്കും. അധികവും അച്ചന്മാരെയാണ്. അവര് ഓരോന്നോരോന്നു പറഞ്ഞുവിടും. അതിന്‍റെ പേരില്‍ ആഴ്ചയില്‍ മൂന്നും നാലും ഉപവാസോം, നോമ്പിന്‍റെ കാര്യം പറയുകേംവേണ്ട. ഇറച്ചിയോ മീനോ വാങ്ങിച്ചുകൊടുത്താല്‍ വച്ചുതരും, കഴിക്കത്തില്ല. അതുകൊണ്ടു ഞാന്‍ വാങ്ങാറുമില്ല. എനിക്കാണേല്‍ നോണ്‍വെജാണ് ഇഷ്ടോം. മൂന്നു മക്കളുണ്ട്. മൂന്നുപേരും കുടുംബമായി ജോലിയുമായി പുറത്താണ്. എല്ലാദിവസോം അവരു വിളിക്കും. എന്നും കാണും അവര്‍ക്കെന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍. കൊച്ചിനു പനി, ജോലിസ്ഥലത്ത് ആരാണ്ട്, അല്ലെങ്കില്‍ വീട്ടില്‍ വേലക്കാര് ചെറിയ പ്രശ്നമുണ്ടാക്കി. പിള്ളേരു പഠിക്കുന്ന സ്കൂളില്‍ ആര്‍ക്കോ വൈറല്‍ഫീവര്‍ ആണ്, ഗ്യാസുകാരന്‍ വരാന്‍ താമസിച്ചു അങ്ങനങ്ങു പോകുന്നു ഓരോദിവസത്തേയും വാര്‍ത്താക്കുറിപ്പും നിവേദനങ്ങളും. ഇതിനെല്ലാം പരിഹാരമായി പ്രാര്‍ത്ഥിക്കാന്‍ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നത് നമ്മുടെ, സോറി, എന്‍റെ ഭാര്യയാണ്. ഇതില്‍ മൈനര്‍ ഐറ്റംസിനൊക്കെ അവള്‍ സ്വന്തമായി മരുന്നു കുറിക്കും. ഒരുദിവസം ഉപവാസം, ഒരാഴ്ച ഇറച്ചിനോമ്പ് അല്ലെങ്കില്‍ മീന്‍നോമ്പ്, ചിലപ്പോള്‍ രണ്ടും നോമ്പ്. മേജര്‍ സംഗതികളുമായി ദിവ്യന്മാരുടെ അടുത്തേക്കോടും. അവരുകൊടുക്കുന്നതു കട്ടിയായ ക്യാപ്സ്യൂളുകളാണ്. കുര്‍ബ്ബാന ചൊല്ലിക്കണം, ചിലടത്ത് ദാനധര്‍മ്മം ചെയ്യണം, ചിലടത്ത് പോയി ആരാധന നടത്തണം. ഞാനിങ്ങനെ പലപരിപാടികളുമായി നടക്കുമ്പോള്‍ പുള്ളിക്കാരത്തിയും റിട്ടയര്‍ ചെയ്തതുകൊണ്ട് തൊഴിലില്ലായ്മ ഫീല്‍ ചെയ്യാതിരിക്കാന്‍ ഞാനെല്ലാത്തിനുമങ്ങു കണ്ണടച്ചു കൊടുത്തേക്കും. പെന്‍ഷനായിട്ടും അല്ലാതെയുമൊക്കെ കാശിനു ബുദ്ധിമുട്ടുമില്ല. പക്ഷെ എന്‍റെ അവസ്ഥ അച്ചനൊന്നോര്‍ത്തു നോക്കിക്കേ, ഞാനെന്നും ഈ കോവയ്ക്കായും പാവയ്ക്കായും വെണ്ടയ്ക്കായും പച്ചക്കറിയുമായി കഴിയുന്നതുകൊണ്ടു വേലക്കാരത്തിപോലും പറയുന്നതു ടോയ്ലറ്റില്‍പോലും കന്നാലിക്കൂട്ടിലെ മണമാണെന്നാ."

പ്രൊഫസ്സര്‍ നല്ല ഫോമിലായിരുന്നു. എഴുന്നേറ്റുനിന്നു ചിരിച്ചുപോയി.

"നിവൃത്തികേടുകൊണ്ടു ഞാന്‍ നോക്കുന്ന ഈ നോമ്പുകൊണ്ടു എനിക്കുവല്ല ദോഷപൊറുതീം കിട്ടുമോ അച്ചാ?"

"അല്ല, ഇതിപ്പം പ്രശ്നം ഭാര്യയ്ക്കല്ല, സാറിനാണല്ലോ. ഭാര്യ സമാധാനത്തില്‍ നോമ്പുംനോക്കി ജീവിക്കുന്നു. സാറ് എലേം പുല്ലുംതിന്ന് സമാധാനമില്ലാതെയും ജീവിക്കുന്നു."

"സമാധാനക്കേടൊന്നുമില്ലച്ചാ, എന്നാലും ഒരു മടുപ്പ്. കാര്യമായിട്ടു ചോദിക്കുവാ അച്ചാ, ഞാന്‍ പുള്ളിക്കാരത്തിക്കു തടയിടണോ? ഞാന്‍ വേണ്ടെന്നു കട്ടായം പറഞ്ഞാല്‍ അവളിതൊക്കെ നിര്‍ത്തുമായിരിക്കും. പറഞ്ഞു ബോധ്യപ്പെടുത്താന്‍ നോക്കിയതാ, പറ്റത്തില്ല. ഇതിനെന്താ ഒരു പ്രതിവിധി?"

"പോട്ടെന്നു വയ്ക്കു സാറെ. 'വിശ്വാസം അതല്ലെ എല്ലാം.' ഇനിയിപ്പം അവരെ നന്നാക്കാന്‍ നോക്കിയാല്‍ നടക്കുമോ. പിന്നെ വല്ലപ്പോഴുമൊക്കെ ഇറച്ചീം മീനും തിന്നണമെന്നു മുട്ടുമ്പം എന്തെങ്കിലും കാരണം പറഞ്ഞ് ഒന്നു കറങ്ങീട്ടു വന്നാപ്പോരെ?"

"ഇവളീ ആണ്ടുവട്ടം മുഴുവന്‍ നോമ്പുനോക്കുന്നതുകൊണ്ട് അവള്‍ക്കു വല്ല ഫലോം ഉണ്ടോ അച്ചാ. അവളു ചിന്തിക്കുന്നത് അവളുടെ ഉപവാസോം നോമ്പുംകൊണ്ടാ മക്കടെകാര്യോം ഞങ്ങടെ കാര്യോം എല്ലാം ഭംഗിയായിട്ടു പോകുന്നതെന്നാ. ഞാന്‍ എതിര്‍ത്തെങ്ങാനും പറഞ്ഞാല്‍ അതു പിശാചിന്‍റെ തട്ടിപ്പാണെന്നും പറഞ്ഞ് അതിനെ ഇറക്കിവിടാന്‍ ഉടനെ അവളു രണ്ടുദിവസം ഉപവസിക്കും. ഉപവാസോം പ്രാര്‍ത്ഥനേംകൊണ്ടുമാത്രമേ, ഈ വകകള്‍ ഇറങ്ങിപ്പോകത്തുള്ളു എന്ന് അവളു മിക്കവാറും കാണാന്‍ പോകാറുള്ള ഒരച്ചന്‍ അവള്‍ക്കു പറഞ്ഞുകൊടുത്തുപോലും. അതു നേരാണോ അച്ചാ, അതില്‍ വലിയ കാര്യമുണ്ടോ അച്ചാ?"

"എനിക്കിവിടെ ഇന്നലെ പറഞ്ഞ ഉത്തരമേ പറയാനുള്ളു, 'പറയാതെ വയ്യ, പറയാനുംവയ്യ!!'

"എന്നാലും എന്‍റെ സമാധാനത്തിന് അച്ചനൊന്നു പറഞ്ഞുനോക്ക്."

"അതു നമുക്കു നാളത്തേക്കുവച്ചാലോ?"

"അച്ചന്‍റിഷ്ടം."

ഫാ. ജോസ് വെട്ടിക്കാട്ട്

0

191

Featured Posts