

ക്രിസ്തുവിന് സഭയെന്ന ഒറ്റശരീരം എന്ന നിലക്ക് പൗലോസ് കല്പന ചെയ്യുമ്പോൾ അതൊരു രൂപകമായിട്ടല്ല, അദ്ദേഹത്തിൻ്റെ ആഴമുള്ള ക്രിസ്തുവിജ്ഞാനീയം എന്ന നിലക്കാണ് തിരിച്ചറിയപ്പെടേണ്ടത്. കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൻ്റെ 12-ാം അധ്യായം 12 മുതൽ വാക്യങ്ങളിലാണത്. സഭ വിഭജിതമാകുന്നു എന്ന് തോന്നിപ്പിച്ച ഒരു സന്ധിയിലാണത്. വരദാനങ്ങളുടെ പേരിലായിരുന്നു സഭ അക്കാലത്ത് വിഭജിതമാകുന്നത്. അത്തരം ഒരു സന്ധിയിലാണ് പൗലോസ് ക്രിസ്തുവിൻ്റെ ശരീരമാണ് സഭ എന്നും ആ ശരീരത്തിൽ എല്ലാ അംഗങ്ങളും ഉണ്ടായിരിക്കണം എന്നും, ആരും പുറത്തല്ല എന്നും സ്ഥാപിക്കുന്നതിനായി എല്ലാവരും അംഗങ്ങളാകുന്ന "ക്രിസ്തുശരീരം" എന്ന പരികല്പന മുന്നോട്ടുവക്കുന്നത്. അത് വളരെ ഉചിതവും ശരിയും ആണുതാനും.
എന്നാൽ, മാമ്മോദീസ സ്വീകരിച്ച് ക്രിസ്തുശരീരത്തിൽ അംഗങ്ങളായിത്തീർന്നവരെ മാത്രമാണ് പൗലോസ് അവിടെ വിവക്ഷിക്കുന്നത് എന്ന കാര്യം സമ്മതിക്കണം. അപ്പോൾ, സഭയെന്നത് ക്രിസ്തുശരീരത്തിൻ്റെ ഒരു മൈക്രോകോസമേ (Microcosm)ആകുന്നുള്ളൂ. തനിക്കുവേണ്ടിത്തന്നെയല്ല സഭ. സഭ ലോകത്തിനു വേണ്ടിയാണ്. ലോകത്തിന് പ്രകാശമായിരിക്കാനാണ്, ഭൂമിക്ക് ലവണമായിരിക്കാനാണ്, ലോകത്തിന് പുളിപ്പായിരിക്കാനാണ് സഭ. അപ്പോൾ മെെക്രോകോസത്തെക്കാൾ മാക്രോകോസത്തിനാണ് പ്രാധാന്യം!
നിങ്ങൾ ലോകത്തിൻ്റെ നയനങ്ങളാണ് എന്ന് അവകാശപ്പെട്ടുകൊള്ളൂ. അങ്ങനെ ആയിരിക്കാൻ ശ്രമിക്കുകയും നിരന്തരം അഞ്ജനം എഴുതുകയും ചെയ്യണം എന്നുമാത്രം. "നിന്നിലെ പ്രകാശംതന്നെ അന്ധകാരമെങ്കിൽ ആ അന്ധകാരം എത്ര വലുതായിരിക്കും!" ( മത്താ. 6:23) എന്ന് താക്കീത് ചെയ്യുന്നുണ്ടല്ലോ ക്രിസ്തു!





















