top of page

അമിതം

Jan 18

2 min read

George Valiapadath Capuchin

നമുക്ക് എവിടെയാണ് പിഴച്ചത്? അതോ, ഇത് നമ്മുടെ പിഴ അല്ലെന്നുണ്ടോ? എങ്ങനെയാണ് ചിന്ത ഇത്രയധികം ദൂരേക്ക് നാടുകടത്തപ്പെട്ടത്? വീണ്ടും, സാമൂഹിക മാധ്യമങ്ങളുടെ കാലത്തെ നമ്മുടെ പ്രതികരണങ്ങളെക്കുറിച്ചാണ്. ലോകമെമ്പാടും ജനങ്ങൾ രണ്ടര മണിക്കൂറോളം സാമൂഹിക മാധ്യമങ്ങൾക്കായി ചെലവാക്കുന്നു എന്നാണ് പറയപ്പെടുന്നത് (സത്യത്തിൽ എൻ്റെ സ്ക്രീൻ ടൈം അതിനെക്കാൾ കൂടുതലാണ്!). സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് ദരിദ്ര രാജ്യങ്ങളിൽ മനുഷ്യർ താരതമ്യേന കൂടുതൽ സമയം സാമൂഹിക മാധ്യമങ്ങൾക്കായി തങ്ങളുടെ സമയം വിനിയോഗിക്കുന്നു എന്നും പറയപ്പെടുന്നു: ശരാശരി മൂന്നു-നാലുമണിക്കൂർ വരെ! ഇത്രയും സമയത്തിനകം കുറേയേറെ പോസ്റ്റുകൾ വായിക്കുകയും വീഡിയോകളും റീലുകളും കാണുകയും അതിനോട് മിക്കതിനോടും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. തിരക്കിട്ടുള്ള സ്ക്രോളിങ്ങാണ്. മുഴുവനുമൊന്നും വായിക്കാനും കാണാനും കേൾക്കാനും സമയമില്ല. എല്ലായിടത്തും പ്രതികരിക്കുകയും വേണം! പ്രതികരണം ശ്രദ്ധിക്കപ്പെടണം എന്നും സ്വാഭാവികമായും താല്പര്യമുണ്ടാവും. അതുകൊണ്ടാവണം, നെഗറ്റീവ് ആയ, വൈകാരികമായി ലോഡഡ് ആയ പ്രതികരണങ്ങൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളുടെ കമൻ്റ് ബോക്സുകൾ നിറയുന്നത്! ചിന്തക്കൊന്നും നേരമില്ല. മനുഷ്യർ തിരക്കിലാണ്. പിന്തള്ളപ്പെട്ടുകൂടാ; പിന്നിലായും പോയ്ക്കൂടാ!


ഞങ്ങളുടെ നാട്ടിൽ കത്തോലിക്കാ ഭവനങ്ങളിലെല്ലാം രാത്രി മിക്കവാറും ഏഴിന് ചില വീടുകളിൽ എട്ടിന് ജപമാലചൊല്ലി കുടുംബ പ്രാർത്ഥന നടത്തുന്ന പതിവുണ്ടായിരുന്നു, കുറച്ചു വർഷം മുമ്പുവരെ. കുടുംബ പ്രാർത്ഥനകൾ പലയിടത്തും മുടങ്ങിപ്പോയ മട്ടാണ്. അതിനുള്ള ഒരു കാരണമായി പറയപ്പെടുന്നത് ടെലവിഷൻ നിത്യജീവിതത്തിൻ്റെ ഭാഗമായി എന്നതായിരുന്നു. സീരിയലുകളും അതു കഴിയുമ്പോഴേക്കും രാത്രി വാർത്തയും വന്നു. വിവിധ ചാനലുകളിലെ സീരിയലുകൾ സ്ത്രീ സദസ്സുകളെ വിരുന്നൂട്ടി. വിശദമായ ചർച്ചകളോടെയുള്ള വാർത്താ മണിക്കൂറുകൾ ആണുങ്ങളെയും ത്രസിപ്പിച്ചു. പയ്യെപ്പയ്യെ കുടുംബ പ്രാർത്ഥനയെ തട്ടിൻപുറത്ത് തള്ളി. പിന്നെ സാമൂഹിക മാധ്യമങ്ങളോടെ സ്മാർട്ട് ഫോണുകൾ വന്നു. ബാക്കിയുണ്ടായിരുന്ന നേരം പോലും അതപഹരിച്ചു. ഫലമോ, കുടുംബ പ്രാർത്ഥന മാത്രമല്ല, കുടുംബത്തിനകത്തെ വ്യക്ത്യന്തര ബന്ധങ്ങളുടെ ഇടം പോലുമാണ് അത് കൊണ്ടുപോയത്!


എട്ടു മണിക്കൂർ തൊഴിലും രണ്ടു മണിക്കൂറിലധികം യാത്രയും പിന്നെ പാചകവും മറ്റ് വീട്ടുപണികളും ഒരു മണിക്കൂറെങ്കിലും ടെലവിഷനും നേരത്തേ പറഞ്ഞതു പോലെ രണ്ടര മണിക്കൂർ സോഷ്യൽ മീഡിയയും ഏതാനും ഫോൺ വിളിയും കൂടി ആകുമ്പോൾ മണിക്കൂറെത്രയായി? മാനസിക സമ്മർദ്ദം വാങ്ങാൻ ഇനിയാരും ചന്തയിൽ പോകേണ്ടിവരില്ല!


ആത്മീയ അച്ചടക്കം നഷ്ടപ്പെടുകയും മാനസിക സമ്മർദ്ദം വർദ്ധിക്കുകയും ചെയ്യുന്നു എന്നു മാത്രമല്ല, സ്വാഭാവിക ജീവിതത്തിൽ അന്തർലീനമായിരുന്ന ചിന്ത / വിചിന്തനം / ധ്യാനം എന്നതുകൂടിയാണ് മാനവകുലത്തിന് നഷ്ടമാകുന്നത്. മേലധികാരിയുമായി, ഭാര്യയുമായി, ഭർത്താവുമായി - വൈകാരിക ക്ഷതമുണ്ടാവുകയാേ ഉണ്ടാക്കുകയോ ചെയ്യുന്ന ഒരു ഇൻ്ററാക്ഷൻ സംഭവിച്ചിട്ടുണ്ടെങ്കിൽ, തന്നിൽനിന്ന് മാറിനിന്ന് അതിനെ നോക്കിക്കാണാനുള്ള - അതുതന്നെയാണ് ധ്യാനത്തിൻ്റെ ഒരു രൂപം - സാധ്യത കൂടി ഈ തിരക്കിനിടക്ക് നമുക്ക് നഷ്ടമാവുകയാണ്. മനുഷ്യർ ഇത്രകണ്ട് അക്രമാസക്തരാകുന്നത് സിനിമയും മാധ്യമങ്ങളും മൂലമാണ് എന്ന് പറയുന്നത് നമ്മളെല്ലാം ആയിരിക്കുന്ന വിഷമവൃത്തത്തെക്കുറിച്ചുള്ള അവബോധം ഇല്ലാത്തതുകൊണ്ടാണ്.


1 പ്രയോറിറ്റൈസ് (prioritize) ചെയ്യുക: മുൻഗണനാ ക്രമം തീരുമാനിക്കുക.

2 ക്രമീകരിക്കുക (organize) ചെയ്യുക: ജീവിതം ക്രമീകരിക്കാനുള്ള വിദ്യാഭ്യാസം മിക്കവർക്കും ലഭ്യമാകുന്നില്ല. ഒരു ദിവസംതന്നെ രണ്ടു തവണയൊക്കെ ടൗണിലോ കടയിലോ പോകുന്നവരെ കാണാം. കടുക് തീരാറാവുമ്പോഴേ കടുക് എന്നും മാവ് തീരാറാവുമ്പോഴേ മാവ് എന്നും, വാങ്ങാനുള്ള വസ്തുക്കളുടെ ലിസ്റ്റ് എഴുതിവക്കുന്ന ഒരു ശീലം തുടങ്ങിയാൽത്തന്നെ രണ്ടു മാസത്തിനകം നിരവധി മണിക്കൂറുകളും ഒത്തിരി പെട്രോളും നാം ലാഭിച്ചിരിക്കും.

3 ബോധപൂർവ്വം ജീവിതം മെല്ലെയാക്കുക (slowdown): ഡിജിറ്റൽ മീഡിയയും സോഷ്യൽ മീഡിയയും വഴി നമുക്കു ലഭിക്കുന്നത് വിവരങ്ങളാണ് (information). അത് പ്രോസസ്സ് ചെയ്യാൻ സമയം എടുക്കുന്നില്ലെങ്കിൽഅതുകൊണ്ടുമാത്രം വലിയ കാര്യമില്ല. അതിനെ മനസ്സിലിട്ട് ജിഗ്സോ പസിൽ പോലെ അങ്ങുമിങ്ങും ബന്ധിപ്പിച്ചു നോക്കണം. അല്പനേരം മാറിനിന്ന് നമ്മെത്തന്നെ നോക്കണം; ന്യായീകരണം മാറ്റിവച്ച് കാര്യകാരണ സഹിതം നമ്മെ ചോദ്യം ചെയ്യണം. പറഞ്ഞ വാക്കുകളെയും പറയാതെ പോയ വാക്കുകളെയും കുറിച്ച് ആത്മശോധന ചെയ്യണം. ഇവയൊക്കെയാണ് നമ്മെ വീണ്ടും നാമാക്കാനുള്ള പോംവഴികൾ എന്നുതോന്നുന്നു.


Recent Posts

bottom of page