

അരുതുകളുടെ പഴയ നിയമത്തെ മാറ്റി, സ്നേഹത്തിൻ്റെ ഒരു പുതിയ നിയമം സ്ഥാപിച്ചു അവൻ: അവൻ തന്നെയായിരുന്നു പുതിയനിയമം.
വിഭജനങ്ങളുടെ പഴയ വഴി മാറ്റി, ഉൾക്കൊള്ളലിൻ്റെ ഒരു പുതിയ വഴി തുറന്നു അവൻ: അവൻ തന്നെയായിരുന്നു പുതിയവഴി.
അനുഷ്ഠാനപരതയുടെ പഴയ ആത്മീയത മാറ്റി, കാരുണ്യത്തിൻ്റെ ഒരു പുതിയ ആത്മീയത സ്ഥാപിച്ചു അവൻ: അവൻ തന്നെയായിരുന്നു പുതിയആത്മീയത.
ബലിയർപ്പണങ്ങളുടെ പഴയ ദേവാലയത്തെ മാറ്റി, പ്രാർത്ഥനയുടെ പുതിയ ദേവാലയം സ്ഥാപിച്ചു അവൻ: അവൻ തന്നെയായിരുന്നു പുതിയദേവാലയം.
സ്വയത്തിനു പകരം മറ് റുമൃഗങ്ങളെ ബലിചെയ്യുന്ന ആരാധനകൾ മാറ്റി, അപരർക്കുവേണ്ടി സ്വയം ബലിചെയ്യുന്ന ആരാധന സ്ഥാപിച്ചു അവൻ: അവൻ തന്നെയായിരുന്നു പുതിയബലിമൃഗം.
കുരുതിബലിയെ അവൻ പുനഃസ്ഥാപിച്ചത് സ്വന്തം ജീവിതബലിയാലും
ആചാരാനുഷ്ഠാനങ്ങളെ പുനഃസ്ഥാപിച്ചത് അപ്പം മുറിച്ചുപങ്കുവെപ്പിലും ആയിരുന്നു.
അതിരുകൾ മായ്ക്കുന്ന സ്നേഹത്തിനും, ആരെയും ഒഴിവാക്കാതുള്ള ഉൾക്കൊള്ളലിനും, ദുഷ്ടരോടും കാണിക്കേണ്ട കാരുണ്യത്തിനും, അന്നം പങ്കിടലിനും, ദർശനം പങ്കിടലിനും അന്യജീവനുതകുന്ന ആത്മബലിക്കും, ശിഷ്യരെ പ്രചോദിതരും സജ്ജരും കരുത്തരുമാക്കാനുള്ള ആത്മീയ ഭോജനമത്രേ വിശുദ്ധ കുർബാന.





















