top of page

നിത്യത

Nov 5, 2018

4 min read

ഫാ. ബോബി ജോസ് കട്ടിക്കാട്

a sky full of stars

പതിന്നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് കടന്നുപോയ ഒരു പെണ്‍കുട്ടിയുടെ ഓര്‍മ്മദിനത്തില്‍ പങ്കെടുക്കാനുള്ള യാത്രയില്‍ കൂടെ കൊണ്ടുപോയ പുസ്തകം 'ഹോംസിക്ക്' ആയിരുന്നു. മനോഹരമായ ചരമാനന്തരഗീതത്തിന്‍റെ പുറകിലുള്ള കഥയാണ് ആ പുസ്തകത്തിലുണ്ടായിരുന്നത്. ആ ഗീതവും കേള്‍ക്കാന്‍ പറ്റി. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരെ ഹോംസിക്ക് ആക്കുന്നു. കാലം ദുഃഖത്തിന്‍റെ തീവ്രതയെ ഇല്ലാതാക്കുന്നുണ്ടോ? ദീര്‍ഘകാലം കഴിയുമ്പോള്‍ ദുഃഖത്തിന്‍റെ സാന്ദ്രതകള്‍ കുറയുമെന്നു വിചാരിക്കുന്നുണ്ടെങ്കില്‍ തെറ്റി. വീട് എന്നത് നിങ്ങള്‍ സ്നേഹിക്കുന്ന ഒരിടമാണെങ്കില്‍ ഉറ്റവര്‍ മരിച്ചുപോകുമ്പോള്‍ നിങ്ങളുടെ വീട് ഇഹത്തിലാണോ? പരത്തിലാണോ? അത് വേറെ എവിടെയോ ആണ്. രണ്ടു വീട് നമുക്കുണ്ടെന്നാണ് സങ്കല്പം. ഒന്ന് കല്ലുകൊണ്ടു പണിത വീട്, രണ്ട് നമ്മള്‍ എന്നും ജീവിക്കുമെന്നു കരുതുന്ന ആത്മീയ ഭവനം. ഈ ആത്മീയ ഭവനത്തിലേക്കുള്ള പ്രേരണയായി ഉറ്റവര്‍ എവിടെയോ നില്‍പ്പുണ്ട്. 'ജീവിച്ചിരിക്കു'ന്നവരുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന 'നില്‍ക്കു' എന്ന പദം പോലും മരിച്ചവരെക്കുറിച്ച് പറയുമ്പോള്‍ ഉപയോഗിക്കാമോ എന്ന് നിശ്ചയമില്ല. അവര്‍ വസിക്കുന്ന താണ് യഥാര്‍ത്ഥ വീടെന്നും നിര്‍ഭാഗ്യവശാല്‍ നമ്മള്‍ അതില്‍ എത്തിപ്പെടാതെ അലഞ്ഞു നടക്കുകയാണെന്നും കരുതുന്നത് നെഗറ്റീവ് ചിന്ത ആണെന്നും തോന്നുന്നില്ല. അതില്‍ ഗുണപരമായ ചില പ്രചോദനങ്ങള്‍ ഉണ്ട്. ചെറുപ്പകാലം മുതല്‍ യാത്രകള്‍ പ്രിയപ്പെട്ടവയായിരുന്നിട്ടും ചില രാത്രികളില്‍ യാത്രാമദ്ധ്യേ വീട് തിരികെ വിളിക്കുന്നു.

പരിചിതമല്ലാത്ത ഭക്ഷണശീലങ്ങളില്‍ ഇരിക്കുമ്പോള്‍ വീടിന്‍റെ ലളിതമായ അത്താഴം ഓര്‍മ വരുന്നു. പരുക്കരായ മനുഷ്യരെക്കാണുമ്പോള്‍ വീടിന്‍റെ സൗമ്യത ഓര്‍മ വരുന്നു. ഹോംസിക് എന്ന വികാരം പുരാതനകാലം മുതലേ മനുഷ്യന്‍ കൊണ്ടുനടക്കുന്നു. ആദവും ഹവ്വയുമായിരിക്കണം ഈ ദുഃഖം ആദ്യം അനുഭവിച്ചവര്‍. നിര്‍മ്മലമായ  ഒരു ലോകത്തു നിന്ന് ഇടര്‍ച്ചയുടെ കനി ഭക്ഷിച്ച് പുറത്തുപോകുമ്പോള്‍ അവര്‍ അനുഭവിച്ച ആദിമമായ വേദനയായിരിക്കും ഈ ഹോംസിക്നെസ്സ് എന്നു തോന്നിയിട്ടുണ്ട്. എന്തായാലും ഈ ശരീരത്തിലായിരിക്കു ന്നിടത്തോളം കാലം നമുക്ക് ഹോംസിക് ആയേ പറ്റൂ. എന്തിനു മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നതി നൊക്കെ കൃത്യമായ നിരീക്ഷണങ്ങളും പാഠങ്ങളും സഭയുടെ പ്രബോധനങ്ങളു മൊക്കെയുണ്ട്. സെക്കുലറായി ചിന്തിക്കുമ്പോള്‍ എപ്പോഴും തോന്നിയിട്ടുള്ളത് മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് വാസ്തവത്തില്‍ നമുക്കുള്ള Reminder എന്ന നിലയിലാണ്. അല്ലെങ്കില്‍ ഒരുപക്ഷേ നാം മറന്നുപോവാമായിരുന്ന ജീവിതത്തിന്‍റെ അന്ത്യാദ്ധ്യായം ഓര്‍മ്മിക്കാന്‍ വേണ്ടിയാണ് ഇത്തരം ദിനങ്ങള്‍ കൊണ്ടാടുന്നത്. നമ്മള്‍ മരണം എന്ന സാധ്യതയെ മറന്നുപോകുന്നു. മരണഭയവും മരണബോധവും രണ്ടാണ്. 

മരണഭയത്തില്‍പ്പെട്ട ഒത്തിരി മനുഷ്യരുണ്ട്. ഒരു ദേശത്ത് പത്തറുന്നൂറു മുറികളുള്ള വീട് പിന്നെയും പിന്നെയും പണിതുകൊണ്ടിരിക്കുകയാണ്. അതില്‍ പാര്‍ക്കുന്ന ആള്‍ക്ക് വീടുപണി വലിയ കാര്യമായതുകൊണ്ടല്ല ഒരിക്കലും പണി തീരാത്തത്. ആരോ അയാളോടു പറഞ്ഞു ഈ വീട് പണി പൂര്‍ത്തിയാവുന്ന ദിവസം അയാള്‍ മരിച്ചുപോകുമെന്ന്. മരിക്കാതിരിക്കാന്‍ ഈ മനുഷ്യന്‍ കണ്ടെത്തുന്ന വഴിയാണിത്, മരണഭയം പിടികൂടിയ മനുഷ്യര്‍ എന്തെല്ലാം ചെയ്യുമെന്ന് സങ്കല്പിക്കാനാവില്ല. ഒരു തരത്തില്‍ ചിന്തിച്ചാല്‍ എല്ലാ ഭയങ്ങളുടെയും ആധാരം മരണഭയമാണ് അപമാനിക്കപ്പെടും, കൂടെയുള്ളവര്‍ വിട്ടുപോകും, അവിശ്വസ്തത കാണിക്കും എന്നൊക്കെയുള്ള തോന്നലുകള്‍ ഒക്കെ മരണഭയത്തിന്‍റെ പ്രതിഫലനങ്ങളാണ്. എല്ലാ ഭയങ്ങളുടെയും പൊടിപ്പുകള്‍ മരണഭയം എന്ന വേരില്‍ നിന്നാണ്. ഒരു ഭയവും ഗുണകരമല്ല. മരണബോധമാണ് പ്രധാനം. താരാശങ്കര്‍ ബന്ദോപാധ്യായയുടെ 'ആരോഗ്യനികേതന'ത്തി ലൊക്കെ നിഴലുപോലെ മരണം വീണുകിടക്കുന്നുണ്ട്. പിംഗളകേശിനിയായ മരണദേവത അടിവെച്ച് അടിവെച്ച് വരുന്നതിന്‍റെ ശബ്ദം നാഡിമിടിപ്പുകളില്‍ കേള്‍ക്കുന്നുണ്ട്. അസ്സീസിയിലെ ഫ്രാന്‍സിസി സൊക്കെ മരണത്തെ ഇത്തരത്തില്‍ സംബോധന ചെയ്യുന്നുണ്ട്. Sister death. ഓരോരുത്തരെയും ചുറ്റി അരികില്‍ മരണം നില്‍ക്കുന്നുണ്ടെന്ന തിരിച്ചറിവ് യാഥാര്‍ത്ഥ്യബോധവുമായി ബന്ധപ്പെട്ടതാണ്. 

വിദേശരാജ്യങ്ങളില്‍ നിങ്ങള്‍ പൊതുഇടങ്ങളില്‍ വച്ച് ഒന്നു തുമ്മിയാല്‍ ആളുകള്‍ പെട്ടെന്ന് സിശബ്ദരാകും. എന്നിട്ട് God bless എന്നു പറയും. ശ്വസനപ്രക്രിയയില്‍ ജീവനും മരണവുമുണ്ട് എന്ന അവബോധം. ഒന്നു തുമ്മുമ്പോഴേക്കും ഇത്രയധികം ഭയക്കാനും സ്തുതി പറയാനും എന്തിരിക്കുന്നുവെന്നു തോന്നാം. ഒരാള്‍ തുമ്മുന്ന സമയത്ത് അയാളോടൊപ്പം ജീവനില്ല. പിന്നെ ഏതോ ഒരു ശക്തി നിശ്ചയിച്ചാല്‍ മാത്രമേ പുറമേയുള്ള ശ്വാസം ഉള്ളിലേക്കു തിരിച്ചുവരികയുള്ളു എന്ന വിശ്വാസം. ഓരോ ശ്വാസോച്ഛ്വാസത്തോടൊപ്പവും മരണം കൊണ്ടു നടക്കുന്ന മനുഷ്യര്‍. ഇതു തിരിച്ചറിയുന്നവര്‍ പക്വതയോടെ തന്നെ കാത്തിരിക്കുന്ന നിമിഷങ്ങളെ അഭിമുഖീകരിക്കും. രണ്ടു ചങ്ങാതിമാര്‍. പരസ്പരം കൈകള്‍ കോര്‍ത്ത് യാത്ര പിരിയുന്നു. അതില്‍ ഒരാള്‍ ഭാര്യയോടു പറയുന്നു, "അവന്‍റെ കൈകള്‍ക്കു തണുപ്പുണ്ട്. ആ തണുപ്പില്‍ മരണമുണ്ട്." അറംപറ്റിയതു കണക്ക് ആ രാത്രി അയാള്‍ സഞ്ചരിച്ചിരുന്ന ബോട്ട് മുങ്ങിപ്പോവുകയും കവി കൊല്ലപ്പെടുകയും ചെയ്തു. ഷെല്ലിയാണത്. വല്ലപ്പോഴുമൊക്കെ ഒരു കരം കൊണ്ട് മറ്റേ കരത്തെ ചേര്‍ത്തു പിടിച്ചു പറയണം In my hands I sense death. മരണം ഒരു പ്രക്രിയയാണെന്നു മനസ്സിലാക്കുകയാണ് പ്രധാനം. നമ്മള്‍ പറയാറില്ലേ പെട്ടെന്ന് മരിച്ചു എന്ന്? നല്പതു വയസ്സില്‍ ഒരാള്‍ മരിച്ചു എന്നല്ല പറയേണ്ടത്. നാല്പതുവയസ്സോളം അയാള്‍ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്. ഓരോ നിമിഷവും കോശങ്ങള്‍ മൃതമാവുകയും പുനര്‍ജനിക്കുകയും ചെയ്യുന്നുണ്ട്. മരിച്ച കോശങ്ങള്‍ക്കു വീണ്ടും ജനിക്കാനായില്ലെങ്കില്‍ വാര്‍ദ്ധക്യമുണ്ടാകും. ആ അവസ്ഥയെപ്പോലും നമുക്ക് കുലീനമായി നേരിടാന്‍ കഴിയാറില്ല. കെട്ടകാഴ്ചകളില്‍ വല്ലാതെ ഭ്രമിച്ചു പോവരുതെന്നു മനുഷ്യരെ ഓര്‍മ്മിപ്പിക്കാനുള്ള ഭംഗിയുള്ള റിമൈന്‍ഡര്‍ ആയതുകൊണ്ടാവണം എല്ലാ മതപാരമ്പര്യങ്ങളിലും മരിച്ചവരെ ഓര്‍മ്മിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നത്. 

ഒരു പാദം ജീവിക്കുന്നവരുടെ ലോകത്തും മറുപാദം മരിച്ചവരുടെ ലോകത്തും ചവിട്ടി നില്‍ക്കാന്‍ കഴിയുമ്പോഴാണ് സന്തുലനം ഉണ്ടാകുന്നത്. അതിനുവേണ്ടിയുള്ള സാധ്യതയായിരുന്നു യേശു നമുക്കു മുന്‍പില്‍ എപ്പോഴും തുറന്നിട്ടിരുന്നത്. എന്തിലൊക്കെ ഇടപെടുമ്പോഴും അടിമുടി ക്രിയാത്മകമായിരിക്കുമ്പോഴും യേശു  നമ്മളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും 'കണ്ണുകളുയര്‍ത്തി നോക്കുക'

ഒരു പാദം ജീവിക്കുന്നവരുടെ ലോകത്തും മറുപാദം മരിച്ചവരുടെ ലോകത്തും ചവിട്ടി നില്‍ക്കാന്‍ കഴിയുമ്പോഴാണ് സന്തുലനം ഉണ്ടാകുന്നത്. അതിനുവേണ്ടിയുള്ള സാധ്യതയായിരുന്നു യേശു നമുക്കു മുന്‍പില്‍ എപ്പോഴും തുറന്നിട്ടിരുന്നത്. എന്തിലൊക്കെ ഇടപെടുമ്പോഴും അടിമുടി ക്രിയാത്മകമായിരിക്കുമ്പോഴും യേശു  നമ്മളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കും 'കണ്ണുകളുയര്‍ത്തി നോക്കുക'. എന്നാല്‍ കണ്ണുകളുയര്‍ത്തി നിന്നിരുന്ന ശിഷ്യന്മാരോട് യേശു ചോദിക്കുന്നത് 'നിങ്ങള്‍ എങ്ങോട്ടാണ് നോക്കിനില്‍ക്കുന്നത്?' എന്നാണ്. സ്വര്‍ഗ്ഗാരോഹണ ദിവസമാണ് നമ്മള്‍ ഇതു വായിച്ചു കേള്‍ക്കുന്നത്. അവര്‍ മേഘത്തിലേക്കു നോക്കി നില്‍ക്കുകയാണ്. അവര്‍ അങ്ങനെ നില്‍ക്കേണ്ടവരല്ല. മേഘത്തിലേക്ക് ഉറ്റുനോക്കി നില്‍ക്കുന്ന മനുഷ്യരോട് തീരങ്ങളിലേക്കു പോയി മുക്കുവരോടൊപ്പം പണിയിലേര്‍പ്പെടാനും കൊച്ചുവള്ളങ്ങളില്‍ പോയി ചൂണ്ടയിടുവാനും ഭാര്യയെ സ്നേഹിക്കാനും കുഞ്ഞുങ്ങളെ പരിപാലിക്കാനുമൊക്കെ ആവശ്യപ്പെട്ടുകൊണ്ട് വേദപുസ്തകം അവസാനിച്ചിരിക്കുകയാണ്. അങ്ങനെയാണ് നടപടി പുസ്തകം നമ്മള്‍ വായിക്കുന്നത്. എന്തിന്‍റെയും ഒരു balance ഉണ്ട്. ഇവിടെയായിരിക്കുമ്പോള്‍ മിഴി ഉയര്‍ത്തി നോക്കാനും അങ്ങനെ നോക്കി നില്‍ക്കുമ്പോള്‍ തീരങ്ങളിലേക്കു പിന്മടങ്ങുവാനും പ്രേരിപ്പിക്കുന്ന പുസ്തകം. അന്യവീട്ടില്‍ വേലയ്ക്കു നില്‍ക്കുന്ന ആയയെക്കണക്ക് ജീവിക്കാന്‍ ഞാന്‍ എന്‍റെ മനസ്സിനെ പഠിപ്പിച്ചു എന്ന് അത്ര ഭംഗിയായാണ് വിവേകാനന്ദന്‍ ഇതു പറഞ്ഞത്. ഈ വീട്ടില്‍ കുഞ്ഞിനു ഭക്ഷണമുണ്ടാക്കുമ്പോള്‍, ഈ വീട്ടില്‍ ചുരുണ്ടുകൂടി ഉറങ്ങുമ്പോള്‍ എനിക്കറിയാം ഇതെന്‍റെ കുഞ്ഞല്ല. ഇതെന്‍റെ അത്താഴമല്ല. ഇതെന്‍റെ വീടല്ല അങ്ങനെ മനസ്സിലാക്കിയ മനുഷ്യര്‍ ഹോംസിക് ആണ്. അത് ഗാഢമായ അനുഭൂതികള്‍ ജീവിതത്തിനു തരും. എന്തിനകത്തു നിന്നും മാറിനില്‍ക്കാനുള്ള ധൈര്യം തരും. ചെറിയ കാര്യങ്ങളില്‍ ഇടറിപ്പോകാതി രിക്കാനുള്ള ഊര്‍ജ്ജം തരും. നവംബര്‍ മരിച്ചവരെ ഓര്‍മിക്കാന്‍ മാത്രമല്ല, ജീവിച്ചിരിക്കുന്നവര്‍ എങ്ങനെ മരണത്തെ നേരിടണമെന്നു ഓര്‍മ്മിയ്ക്കാന്‍ കൂടിയുള്ളതാണ്. കാത്തപിറ്റ് കമ്മ്യൂണിറ്റിയില്‍ ഒരു ദിവസം 50 പ്രാവശ്യം  മരണത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ജപമാലയില്‍ 'ഞങ്ങളുടെ മരണനേരത്തു നീ ഉണ്ടായിരിക്കണമെ' എന്ന് പ്രാര്‍ത്ഥിക്കുന്നു. അപ്രതീക്ഷിതകമായ അനുഭവമായി മരണം വരുമെന്നാണ് യേശു, പറഞ്ഞത്. അതിനുവേണ്ടി 'കള്ളന്‍' എന്ന വാക്കാണ് ഉപയോഗിച്ചത്. അതില്‍ യേശു ഉപയോഗിക്കുന്ന റഫറന്‍സ് നോഹയുടെ കാലമാണ്. അന്ന് മനുഷ്യര്‍ തിന്നുകയും കുടിക്കുകയും ആനന്ദിക്കുകയും ഒക്കെ ചെയ്യുന്ന കാലത്ത് പെട്ടന്ന് പ്രളയം വരുന്നതായി കാണുന്നു. 'അധര്‍മ്മം പെരുകി' എന്നൊക്കെ പറയുമ്പോള്‍ ശരിയായ ധര്‍മം കാണാതെ പോയി എന്നും വരാം. തങ്ങളെ ഏല്പിച്ച കാര്യങ്ങളെക്കാള്‍ അനുതാപങ്ങളില്ലാത്ത ആനന്ദത്തില്‍ പെട്ടുപോയ മനുഷ്യര്‍ പല കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടി രിക്കുമ്പോള്‍ ഒരു മനുഷ്യന്‍ മാത്രം ധ്യാനാത്മകത യോടുകൂടി ഒരു പേടകം പണിതുകൊണ്ടിരിക്കുന്നു. എന്തുമാത്രം ലോകം മുങ്ങിപ്പോകുമ്പോഴും തങ്ങളെ ഏല്പിച്ച കര്‍മ്മങ്ങള്‍ ധ്യാനത്തോടെ തുടരുന്ന മനുഷ്യരുണ്ട്. അവര്‍ക്ക് അപ്രതീക്ഷിത പ്രളയങ്ങളെ ഭയപ്പെടേണ്ട കാര്യമില്ല. 'സമയ'ത്തിന് രണ്ടു പ്രയോഗങ്ങള്‍ ഉണ്ട്. 'കെയ്റോസ്', ക്രോണോസ്, ക്രോണോസ് എന്നു പറയുന്നത് കൃത്യമായ ക്ലോക് ടൈമാണ്. കെയ്റോസ് ഒരു കാലമാണ്. പ്രത്യേകമായ ഋതു. സ്വീകാര്യമായ സമയം. ഘടികാര സമയം നോക്കിയല്ല മരണം വരുന്നത് സ്വീകാര്യതയുള്ള കാലഘട്ടം നോക്കിയാണ്. മൂന്ന് കഥകളാണ് യേശു ഈ 'അപ്രതീക്ഷിതാനുഭവ'വുമായി ചേര്‍ത്തു പറയുന്നത്. അവിശ്വസ്തനായ കാര്യസ്ഥന്‍റെ കഥ, മണവാളന്‍ വരുമെന്നോര്‍ക്കാതെ വിളക്കില്‍ എണ്ണ സൂക്ഷിക്കാനുള്ള വിവേകം കാണിക്കാത്ത പത്തു കന്യകമാരുടെ കഥ. വളരെ വൈകി വന്ന് ആ താലന്തുകൊണ്ട് എന്തു ചെയ്തു എന്നന്വേഷിക്കുന്ന യജമാനന്‍റെ കഥ. ഡോണ്‍ ബോസ്കോ,  ഡൊമിനിക് സാവിയോയോട് ചോദിക്കുന്ന കണക്കാണ്: "മരണം വരുമ്പോള്‍ നീ എന്നതു ചെയ്യും?" മറ്റു കുട്ടികള്‍ നാലുപാടും ഓടി ചിതറുന്നുണ്ട്. പ്രാര്‍ത്ഥിക്കാന്‍, പിണക്കമകറ്റാന്‍, കുമ്പസാരിക്കാന്‍... ഡൊമിനിക് സാവിയോ മാത്രം കളിയില്‍ നിന്നു പിന്മാറുന്നതേയില്ല. "I will keep on playing കളിച്ചുകൊണ്ടേയിരിക്കും' എന്നാണ് മറുപടി പറയുന്നത്. മരണഭയമില്ല. 

മരണത്തെ കള്ളനെന്നു വിളിച്ച യേശുവിന് മരണഭീതിയില്ലായിരുന്നു. എന്തെങ്കിലും കരുതി വയ്ക്കുന്നവര്‍ക്കും ഉപേക്ഷിച്ചുപോകുവാന്‍ വിമുഖതയുള്ളവര്‍ക്കും മാത്രമാണ് ഭയക്കാനുള്ളത്. മരണത്തിന് യേശുവില്‍ നിന്ന് എടുത്തുകൊ ണ്ടുപോകാന്‍ ഒന്നുമില്ലായിരുന്നു. തന്‍റെ മുഴുവന്‍ ജീവിതവും കൊടുത്തുകൊണ്ടിരുന്ന മനുഷ്യന്‍. ആകെ അവശേഷിച്ചത്  ശരീരം മാത്രമാണ്. പതിനെട്ടു മണിക്കൂറുകള്‍ക്കു മുന്‍പ് പറഞ്ഞു 'എന്‍റെ ശരീരവും എടുത്തുകൊള്‍ക.' നിക്കോസ് കസന്‍ദ്സാക്കിസിന്‍റെ വരികള്‍ ഓര്‍മ്മിക്കുകയാണ്... തനിക്ക് അര്‍ബുദമാണെന്ന് ഒരു വെള്ളിടി കണക്കാണ് ആ മനുഷ്യന്‍ അനുഭവിച്ചത്. എന്നിട്ടു പറഞ്ഞു തെരുവിലൂടെ നടക്കുമ്പോള്‍ കണ്ടുമുട്ടുന്ന ഓരോരു ത്തരോടും പറയും: "ഞാന്‍ കസന്‍ദ്സാക്കിസ് ആണ്. നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍. നിങ്ങളുടെ ആയുസ്സില്‍ നിന്ന് അരമിനിട്ട് എനിക്കു തരണം. അതെല്ലാം ചേര്‍ത്ത് ഒരു പ്രത്യേകകാലം ഉണ്ടാക്കും. എന്നിട്ട് എനിക്കറിയാവുന്നതൊക്കെ ഞാനീ എഴുത്തില്‍ ചൊരിയും. ഒടുവില്‍ മരണം എന്‍റെ അരികിലേക്കു വരുമ്പോള്‍ മരണത്തിനു കിട്ടാന്‍ പോകുന്നത് ഒരു സഞ്ചി നിറയെ മജ്ജയില്ലാത്ത എല്ലു മാത്രമായിരിക്കും. നിരന്തരം കൊടുത്ത മനുഷ്യര്‍ എന്തിനാണ് മരണത്തെ ഭയപ്പെടുന്നത്?


ഫാ. ബോബി ജോസ് കട്ടിക്കാട്

0

0

Featured Posts