

ഏറ്റവും വലിയ വെളിച്ചപ്പെടലിൻ്റെ ദിനമായാണ് പെന്തക്കുസ്ത കണക്കാക്കപ്പെടുന്നത്.
ഒരു നീണ്ട വാക്യത്തിൽ അതിൻ്റെ കാമ്പ് ലൂക്കാ എഴുതിവക്കുന്നുണ്ട്.
'പാർത്തിയക്കാരും മേദിയക്കാരും എലാമിയക്കാരും മെസപ്പൊട്ടേമിയക്കാരും യൂദയക്കാരും കപ്പദോച്ചിയക്കാരും പോന്തസുകാരും ഏഷ്യക്കാരും ഫ്രീജിയക്കാരും പാംഫീലിയക്കാരും ഈജിപ്തുകാരും കിറേനെക്കാരും ലിബിയക്കാരും റോമായിൽ നിന്നുള്ള സന്ദർശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും ക്രേത്യരും അറേബ്യരും ആയ നാമെല്ലാം' എന്ന് പറയുന്നിടത്ത് തന്നെ അതുണ്ട്.
അക്കാലത്തെ അറിയപ്പെടുന്ന നാടുകളുടെയെല്ലാം പേരുകൾ ഒറ് റ വാക്യത്തിൽ പറയുകയാണ് ലൂക്കാ. ഭാഷകളുടെ, പ്രദേശങ്ങളുടെ, രാജ്യങ്ങളുടെ, വിശ്വാസങ്ങളുടെ എല്ലാ അതിർവരമ്പുകൾക്കും മുകളിലൂടെ എല്ലാവരെയും ചേർത്ത് "നാം" എന്ന് മനുഷ്യർ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്ന അനുഭവമാണ് വിവക്ഷിതം. അതാണ് പെന്തക്കുസ്ത.
പലതായിപ്പോയ ഭാഷകൾ;
പലരായിപ്പോയ ജനതകൾ;
അകന്നു മാറിപ്പോയ ഭൂഖണ്ഡങ്ങൾ അടുത്തുവരികയും സമ്മേളിച്ച് ഒന്നായി "നാം" എന്ന ഒറ്റ ഗണമാകുന്ന ഏറ്റവും ഉന്നതവും ഉദാത്തവുമായ സ്വപ്നമാണ് പെന്തക്കുസ്ത. നാനാത്വത്തെ ഒന്നാക്കുന്ന ദൈവത്തിൻ്റെ ജ്ഞാനവും വെളിച്ചവും ജീവനുമായ സ്നേഹാത്മാവ് മനുഷ്യരിൽ വർഷിക്കപ്പെടുകയാണ്.
അഹന്ത, കാലുഷ്യം, വെറുപ്പ്, പക, അധികാര പ്രമത്തത, എല്ലാം കൊണ്ട് സ്നേഹത്തിൻ്റെ ഉറവയടച്ചു കളഞ്ഞവർ വെട്ടിയും മുറിച്ചും തിരിച്ചും അകറ്റിയും ലോകത്തിൽ കടശ്ശിക്കളിയിലാണ്. പരിശുദ്ധാത്മാവിനെ വിളിച്ചും പടപ്പാട്ട് പാടുന്നുണ്ട് ചിലർ.
പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ യേശു പത്രോസിനെ ഒരുക്കുന്നത് അവൻ്റെ ചങ്കുലയ്ക്കുന്ന ചോദ്യം മൂന്നു തവണ ചോദിച്ചുകൊണ്ടാണ്. "ശിമയേനേ, നീ എന്നെ സ്നേഹിക്കുന്നുവോ?"
അവിടെ നിന്നുമാത്രമേ ഏതൊരു പെന്തക്കുസ്തയും ആരംഭിക്കൂ.





















