top of page
ആവശ്യങ്ങളൊഴിഞ്ഞ ഇടമാണ് സമാധാനം
ആവശ്യങ്ങള്‍ നിറവേറിയാല്‍ സമാധാനമുണ്ടാകുമെന്നാണ് നാം കരുതുന്നത്. ഓരോ നിറവേറലും കൂടുതല്‍ ആവശ്യങ്ങള്‍ക്ക് കരുവായിത്തീരുന്നതായാണ് നമ്മുടെ അനുഭവം. ഒരാവശ്യം സാധിച്ചു കഴിഞ്ഞാല്‍ അതില്‍നിന്നും ഉണര്‍ന്നുവരുന്ന അനാവശ്യമായ ആവശ്യങ്ങളെ അവഗണിക്കാന്‍ നമുക്കാവുന്നില്ല. ജീവിതത്തെ കലുഷമാക്കുന്ന പ്രവാഹത്തിലേക്കുള്ള യാത്ര ഈ അശ്രദ്ധയില്‍ നിന്നും തുടങ്ങുകയായി. അന്ധമായ ആ യാത്ര ഒരിക്കലും തിരിച്ചുവരാനാകാത്ത കൂരിരുളിലേക്കാണ് നമ്മെ നയിച്ചുകൊണ്ടുപോകുക. അനാവശ്യങ്ങളെ അത്യാവശ്യങ്ങളാക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. നമ്മിലെ ബലഹീനതകളെ ചൂഷണം ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്ന ആധുനിക ലോകത്തിന്‍റെ വലയില്‍ അകപ്പെടാതെ ജീവിക്കുകയെന്നത് അതീവജാഗ്രത ആവശ്യപ്പെടുന്ന സാധനയാണ്. വേണ്ട എന്നു പറയാനുള്ള ആര്‍ജ്ജവം നേടിയെടുത്താലേ സമാധാനത്തെ നശിപ്പിക്കുന്ന ആവശ്യങ്ങളില്‍നിന്നും ഒഴിഞ്ഞിരിക്കാനാകൂ. എങ്കില്‍ മാത്രമെ സമാധാനമെന്ന സ്വപ്നഭൂമികയിലേക്ക് പ്രവേശിക്കാന്‍ നമുക്കാവുകയുള്ളൂ.
അതിരുകളില്ലാത്ത ആകാശത്തെ സ്നേഹിക്കുന്നവര്‍ അതിരുകള്‍ക്കുള്ളില്‍ ഭവനം പണിയില്ല
തുംഗനാഥിലെ ഉച്ചിയിലിരുന്ന് സ്വപ്നസമാനമായ ഹിമാവൃതമലനിരകളെ നോക്കി നിശ്ചലനായിരിക്കേ കാത്തുസൂക്ഷിച്ചിരുന്ന ആശയലോകങ്ങളെല്ലാം അഴിഞ്ഞുവീണു. നിര്‍ബന്ധബുദ്ധികളെല്ലാം എത്രമാത്രം ബലഹീനമെന്നറിഞ്ഞു. ജീവിതത്തെ കള്ളികളിലൊതുക്കുന്ന എല്ലാ വിഭാഗീയതകളില്‍നിന്നും ഉണര്‍ന്ന് ബോധം ഹിമകണംപോലെ വിനീതമായി. ഹിമാലയത്തിലെത്തുന്ന ഏതു സഹൃദയന്‍റെയും അനുഭവമാണിത്. അല്പനേരത്തേക്കെങ്കിലും ഇങ്ങനെയൊരവസ്ഥയറിയാതെ നാം മലയിറങ്ങില്ല. നമ്മെപ്പോലുള്ളവര്‍ക്കുപോലും ഇത്തരമനുഭവത്തിലൂടെ കടന്നുപോകാനാകുമെങ്കില്‍ ജീവിതംതന്നെ പരംപൊരുളിനു മുന്നില്‍ സമര്‍പ്പിച്ചവരുടെ ലോകം എത്ര വിശാലമായിരിക്കും. അതിരുകളില്ലാത്ത ആകാശത്തില്‍ വിരാജിക്കുന്ന അവരില്‍നിന്നും ഞങ്ങള്‍, നിങ്ങള്‍ എന്ന വേര്‍തിരിവുണ്ടാക്കുന്ന ഒന്നുംതന്നെ സംഭവിക്കില്ല.
മോഹക്ഷയമാണ് മോക്ഷത്തിലേക്കുള്ള വഴി
മോഹമാണ് എല്ലാ കാലുഷ്യങ്ങള്‍ക്കും ബീജമായിരിക്കുന്നത്. ജീവിതത്തെ അതിന്‍റെ അനായാസമായ പ്രവാഹത്തില്‍നിന്നും തടഞ്ഞു നിറുത്തുന്നത് ഒടുങ്ങാത്ത മോഹങ്ങള്‍ മെനഞ്ഞ് നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ആന്തരിക വൃത്തികള്‍ തന്നെയാണ്. മനസ്സെന്ന തന്ത്രശാലിയുടെ കരവലയത്തില്‍നിന്നും മുക്തമായാല്‍ മാത്രമെ മോഹത്തിന്‍റെ ആസുരീയഭാവം നാം തിരിച്ചറിയുകയുള്ളൂ. ജീവിതത്തിന്‍റെ സൗന്ദര്യം ഒരിക്കല്‍ അനുഭവിക്കാനിടവന്നാല്‍ ആശകള്‍ എത്രമാത്രം നമ്മെ ഇരുട്ടിലേക്കു നയിച്ചുകൊണ്ടുപോകുന്നുണ്ടെന്നറിയാം. മോഹക്ഷയത്തിലൂടെ മാത്രമേ കാലുഷ്യം നിറഞ്ഞ ബോധത്തില്‍നിന്നും മുക്തരാകാനാകൂ. ജീവിതം അതിന്‍റെ തനതായ വഴികളിലൂടെ സ്വച്ഛമായി പ്രവഹിക്കുന്നത് അവിടെ നാമനുഭവിക്കും. മനുഷ്യജീവിതം അനുഗൃഹീതമാണെന്നു പറയുന്നത് എന്തുകൊണ്ടെന്ന് നാമറിയും.
വ്യക്തിയുടെ അഭാവമാണ് ഭക്തി
പ്രഭാതത്തിലുണര്‍ന്ന് പുല്‍നാമ്പില്‍ തൂങ്ങിനില്ക്കുന്ന മഞ്ഞുതുള്ളിയുടെ വിശുദ്ധിയിലേക്ക് ഹൃദയമര്‍പ്പിച്ചപ്പോള്‍, കുളിര്‍പെയ്യുന്ന പൗര്‍ണ്ണമി രാവില്‍ ഹിമാലയ താഴ്വരയിലൂടെ ഉന്മത്തനായി അലഞ്ഞുതിരിഞ്ഞപ്പോള്‍, ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയിലേക്കിറങ്ങിവന്ന് മിന്നാമിന്നിക്കൂട്ടങ്ങളായി താഴ്വരയില്‍ കുളിര്‍ പൊഴിക്കുന്നതും നോക്കി മലമുകളില്‍ നിശ്ചലനായങ്ങനെ ഇരുന്നപ്പോള്‍, ഗുരുവചനങ്ങളില്‍ നിറയുന്ന പ്രഭാവവുമായി പാരസ്പര്യപ്പെടാനായപ്പോള്‍, നിഷ്കളങ്കയായ പൈതലിന്‍റെ കണ്‍തിളക്കത്തിലേക്ക് നിര്‍ന്നിമേഷനായി നോക്കിയിരുന്നപ്പോള്‍, ഉള്ളില്‍ കല്ലിച്ചു നിന്നിരുന്ന 'ഞാന്‍' അലിഞ്ഞലിഞ്ഞ് ഇല്ലാതായിപ്പോകുന്നതറിഞ്ഞു. സഹജമായ ഉണ്മയിലേക്ക് അപ്രതിരോധ്യമായ ഒരു പ്രവാഹമുണ്ടാകുന്നതു പോലെ... നിറഞ്ഞ കണ്ണുകളോടെ അറിയാതെ കൈ കൂപ്പിപ്പോയി. ജീവിതത്തില്‍ അപൂര്‍വ്വമായി വന്നുഭവിക്കുന്ന അനുഗ്രഹം. ഇത്തരമനുഭവങ്ങളെ വേണമെങ്കില്‍ നമുക്ക് ഭക്തിയെന്നു വിളിക്കാം.
അനാവശ്യങ്ങളെ അത്യാവശ്യങ്ങളാക്കുന്ന വികൃതിയാണ് മനസ്സ്
എന്താണ് നമുക്കു വേണ്ടത്? കിടക്കാന്‍ അടച്ചുറപ്പുള്ള വീടും കഴിക്കാന്‍ നല്ല ഭക്ഷണവും വേണം. ഉടുക്കാന്‍ വസ്ത്രങ്ങള്‍ വേണം. എന്നാല്‍ എത്ര കിട്ടിയാലും മതിയാവാത്തവിധം ആവശ്യങ്ങളെ പെരുപ്പിച്ചു പെരുപ്പിച്ച് നാം ആപ്പിലായിപ്പോയിരിക്കുന്നു. പരസ്യങ്ങളുടെ പെരുമഴയില്‍ മുങ്ങിപ്പോയ നമുക്ക് അനാവശ്യങ്ങള്‍ പോലും ഇന്ന് അത്യാവശ്യങ്ങളാണ്. എന്താണ് നമുക്കു വേണ്ടതെന്ന് തീരുമാനിക്കുന്നതുപോലും പരസ്യക്കമ്പനികളാണ്. ഇതിനേക്കാള്‍ വലിയ ഒരടിമത്തം വേറെയില്ല. മോഹങ്ങള്‍ക്കു മേലെ മോഹങ്ങള്‍! ആവശ്യങ്ങളുടെ സാക്ഷാത്കാരമാണ് ദൈവാനുഗ്രഹമെന്നു ധരിച്ചവരാണു നാം. അതിന്‍റെ സഫലീകരണത്തിനായി ഏതറ്റംവരെ പോകാനും നാം തയ്യാറാണ്. ജീവിതത്തെ അനായാസമാക്കാന്‍ സഹായിക്കുന്ന ഭൗതികസാഹചര്യങ്ങളാണ് നമുക്കാവശ്യം. എന്നാല്‍ ജീവിതം തന്നെ ആവശ്യങ്ങളുടെ നിറവേറലുകള്‍ക്കാണെന്നുറപ്പിച്ച് ജീവിതം ഹോമിക്കുന്നവരായി മാറിയിരിക്കുന്നു നാം. ജീവിതം ശ്വാസംമുട്ടി വിറങ്ങലിച്ചു നില്ക്കുന്നു. ആവശ്യങ്ങള്‍ പരിമിതമാകുന്നിടത്തേ ജീവിതം സമാധാനപൂര്‍ണ്ണമാകൂ എന്നറിയാത്തിടത്തോളം നാം അടിമകളായി തുടരുകതന്നെചെയ്യും.
വന്നാലും പോയാലും വരവുവയ്ക്കരുത്
നാം ജനിച്ചു വളര്‍ന്ന ഭൂമി നാം സൃഷ്ടിച്ചതല്ല. നമുക്ക് ഊര്‍ജ്ജം പകരുന്ന സൂര്യന്‍ നമ്മുടേതല്ല. ജീവന്‍ നിലനിറുത്താന്‍ മുഖ്യപങ്കു വഹിക്കുന്ന പ്രാണവായു എവിടെനിന്നു വരുന്നു? ശരീരത്തിനകത്ത് അവിരാമമായി പ്രവര്‍ത്തിക്കുന്ന ഹൃദയം മുതലായ അവയവങ്ങളുടെ നിയന്ത്രണം ആരിലാണ്? ഇങ്ങനെ ജീവനെ നിലനിറുത്താന്‍ കാരണമായിരിക്കുന്നവയെ അടുത്തറിയുമ്പോള്‍ നമ്മുടേതായ പങ്ക് വളരെ ചെറുതാണെന്ന് ബോദ്ധ്യപ്പെടും. നമ്മുടേതെന്ന് അവകാശപ്പെടുന്ന വിഭവങ്ങളെടുത്താല്‍ അതിലധികവും പരമ്പരാഗതമായി വന്നുചേര്‍ന്നതാണ്. നമ്മുടെ പ്രയത്നത്തിലൂടെ ആര്‍ജ്ജിച്ചതെന്നു കരുതുന്നതുപോലും മറ്റു പലരുടേയും വിയര്‍പ്പുകൂടി ചേര്‍ന്നതാണ്. അതിനാല്‍ സ്വന്തമെന്നു കരുതുന്നതെല്ലാം സ്വന്തമല്ലെന്നറിയണം. സ്വന്തമെന്ന തോന്നല്‍ നിരാശയിലേക്കു നയിക്കുകയേയുള്ളൂ. വരുന്നതെല്ലാം പോകുന്നതാണെന്നറിയണം. പിടിച്ചുവച്ചാല്‍ അസ്വസ്ഥതയനുഭവിക്കേണ്ടി വരും. അന്യമെന്നു തോന്നുന്നതിനാലാണ് സ്വന്തമാക്കാന്‍ വെമ്പലുണ്ടാവുന്നത്. വരികയും പോകുകയുമെന്നത് പ്രകൃതിയുടെ പ്രകൃതമാണെന്നറിഞ്ഞാലേ വരവു വെയ്ക്കാതിരിക്കൂ. അപ്പോഴേ കാലുഷ്യമകലൂ. ജീവിതം താളാത്മകമാകൂ.
പാടാണെന്നു പറഞ്ഞാലും പാടില്ലെന്നു പറഞ്ഞാലും പാടേ ഒന്നും പറയരുത്
വൈവിധ്യവും വൈചിത്ര്യവുമാര്‍ന്ന ജീവിതമാണു നമ്മുടേത്. എത്ര ശ്രമിച്ചാലും എല്ലാമായും ഇണങ്ങിപ്പോകാവുന്ന തരത്തിലല്ല നമ്മുടെ സൃഷ്ടി. അങ്ങനെ ഇണങ്ങിപ്പോകണമെന്നുമില്ല. ആര്‍ക്കും ഭാരമാകാതിരിക്കാന്‍ ശ്രമിക്കാനാകും. ഒത്തുപോകാനാവില്ലെങ്കില്‍ സ്നേഹപൂര്‍വ്വം മാറിനില്ക്കാം. എന്നാല്‍ അറുത്തുമുറിച്ച് പ്രതികരിക്കരുത്. നമ്മെപ്പോലെതന്നെ മുറിവേല്‍ക്കുന്ന ഹൃദയമാണവരുടേതുമെന്നു മറക്കാതിരിക്കണം. നോവേല്‍പ്പിക്കുന്നവന്‍ നോവേണ്ടി വരുമെന്നതു പ്രകൃതിനിയമമാണ്. അതിനാല്‍ സൗമ്യമായ പ്രതികരണങ്ങളായിരിക്കട്ടെ നമ്മുടേത്.
യോഗി ത്യാഗിയായാലും ത്യാഗി യോഗിയാവില്ല
എന്തു ത്യജിച്ചാലും നമുക്ക് യോഗിയാകാനാകില്ല. എന്തെങ്കിലും ത്യജിക്കുന്നെങ്കില്‍ അവിടെ ഞാന്‍ എന്ന സാന്നിദ്ധ്യം ശക്തമാവുകയേയുള്ളൂ. നമുക്കൊരിക്കലും സ്വയം ത്യജിക്കാനാവില്ല. ഹൃദയം അനിര്‍വ്വചനീയമായ ശാന്തിയില്‍ നിമഗ്നമായിപ്പോകുന്ന നിമിഷങ്ങളില്‍ 'ഞാന്‍' നിര്‍ജീവമാകും. അവിടെ തന്നില്‍നിന്നും അന്യമായിത്തോന്നിയിരുന്നതുമായി ഒരു യോഗം സംഭവിക്കും. ആ യോഗാത്മകതയില്‍ നാം അലിഞ്ഞില്ലാതാവും. അവിടെ, ആ നിമിഷത്തില്‍ നാം യോഗിയാണ്. നമ്മുടേതെന്നു ധരിച്ച് സ്വന്തമാക്കിവച്ചിരുന്നതെല്ലാം തനിയെ നമ്മില്‍നിന്നും ഒഴുകിയിറങ്ങും. സ്വന്തത്തിന്‍റെ ലോകത്തു ജീവിക്കുന്നവര്‍ക്ക് അതു വലിയ ത്യാഗമായി തോന്നിയേക്കാം. യോഗിയെ സംബന്ധിച്ചിടത്തോളം ജീവന് ഭാരമായിരിക്കുന്നതിന്‍റെ ഒഴിഞ്ഞുപോകല്‍ മാത്രമാണ് ആ 'ത്യാഗം.' അറിയുക:چത്യാഗത്തിലൂടെയല്ല ആരും യോഗികളാകുന്നത്. സ്വന്തമാക്കി വയ്ക്കുന്നവന്‍ ഒരിക്കലും യോഗിയാകുന്നുമില്ല. സ്വന്തം എന്ന അനുഭവം കൊഴിഞ്ഞുവീഴുന്ന നിമിഷമാണത്. അതു സംഭവിപ്പിക്കാനാവില്ല. വന്നു ഭവിക്കേണ്ട അനുഗ്രഹമാണത്.
തൃപ്തിയുള്ളിടത്തേ മുക്തിയുള്ളൂ
തൃപ്തിതേടി അലയുകയാണു നാം. സന്തോഷമിരിക്കുന്നത് വലിയ കാര്യങ്ങളിലാണെന്നും ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കലിലാണെന്നും തെറ്റിദ്ധരിച്ചതിനാലാണ് ഒരിക്കലും സന്തോഷമനുഭവിക്കാതെ നാം അലഞ്ഞുതിരിയുന്നത്. സ്വന്തമാക്കുംതോറും സ്വന്തമാക്കാനുള്ള വ്യഗ്രത വര്‍ദ്ധിക്കുന്നതേയുള്ളൂ. സ്വന്തമാക്കുന്നതോടെ അതിന്‍റെ സൗന്ദര്യവും മൂല്യവുമെല്ലാം എങ്ങോ പോയ്മറയുന്നു. മുക്തിയുടെ താക്കോലിരിക്കുന്നത് തൃപ്തിയിലാണെന്നും തൃപ്തിയിരിക്കുന്നത് സാധാരണത്വത്തിലാണെന്നുമുള്ള സത്യം നാമറിയുന്നില്ല. ഒരിത്തിരിനേരം തോട്ടത്തില്‍ വിരിഞ്ഞുനില്ക്കുന്ന പൂക്കളുടെയടുത്ത് ചെന്നിരിക്കുക. മൃദുത്വമാര്‍ന്ന ആ ഇതളുകളിലൂടെ കണ്ണോടിക്കുക. കാറ്റേറ്റ് മരച്ചില്ലകള്‍ ഊയലാടുന്നതിലേക്ക് ഹൃദയത്തെ വിട്ടുകൊടുക്കുക. മക്കളോടൊപ്പം കുറച്ചുനേരം കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കാന്‍ സമയം കണ്ടെത്തുക. ഒന്നിനുംവേണ്ടിയല്ലാതെ അല്പം നടക്കാനിറങ്ങുക. മുമ്പിലൂടെ കടന്നുപോകുന്ന മനുഷ്യരെ നോക്കി ഒന്നു മന്ദഹസിക്കുക. തനിക്കുചുറ്റുമുള്ള പ്രകൃതിയുടെ വൈവിധ്യത്തിലേക്ക് കണ്ണും കാതും തിരിക്കുക. കുറച്ചുസമയം ശാന്തമായൊരിടത്ത് മൗനമായിരിക്കുക. ജീവിതത്തിലേക്ക് തൃപ്തിയുടെ അലയൊലികള്‍ ഒഴുകിയെത്തും. പിരിമുറുക്കങ്ങളില്‍നിന്ന് ഉള്ളം മുക്തമാകും.
ഉള്ളവരായാലും ഇല്ലാത്തവരായാലും ഉള്ളില്ലാത്തവരാകരുത്
കരുണയാണ് ജീവിതത്തിന്‍റെ കാതല്‍, അരുളില്ലാത്ത ജീവിതം നിര്‍ജ്ജീവമാണ്. പുഷ്പസമൃദ്ധിയില്ലാത്ത വസന്തംപോലെയും കരുതലും വാത്സല്യവുമില്ലാത്ത അമ്മയെപ്പോലെയും നിരര്‍ത്ഥകവും അരോചകവുമായിരിക്കുമത്. മരുഭൂമിയിലെ കാനല്‍ജലം പോലെയും നിഷ്ഫലഗന്ധപുഷ്പംപോലെയുമാണ് അങ്ങനെയുള്ള ജീവിതമെന്ന് നാരായണഗുരു പറയുന്നു. സ്വസ്ഥവും ശാന്തവുമായ ജീവിതം സംഭവിക്കണമെങ്കില്‍ അരുളും അന്‍പും അനുകമ്പയും ജീവിതത്തിന്‍റെ അന്തര്‍ധാരയായി വര്‍ത്തിക്കണം. ധനവും ബലവും പ്രശസ്തിയും അധികാരവുമെല്ലാം ആര്‍ജ്ജിക്കുന്നതിനായി നാം പെടാപാടുപെടുന്നത് ശാന്തമായ ഒരു ജീവിതത്തിന് അടിത്തറ പാകാനാണ്. അന്ധമായ ആ യാത്ര കാലുഷ്യത്തിന്‍റെ ഇരുള്‍ക്കയത്തിലേക്ക് നമ്മെ താഴ്ത്തിക്കൊണ്ടു പോയിട്ടേയുള്ളൂ. ജീവിതത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വരുമ്പോള്‍ നിഷേധാത്മകതയ്ക്ക് വിധേയരാകാതെ ഹൃദയത്തെ പ്രസന്നതയോടെയും കാരുണ്യത്തോടെയും തുടരാനനുവദിക്കുകയാണെങ്കില്‍ ശാന്തിയുടെ ഭവനം നമ്മില്‍ സജീവമാകും.