
സംശയിക്കുന്ന തോമ്മാ

വ്യക്തിപരമെന്നതിലുപരി കത്തോലിക്കാ സമൂഹത്തിന്റെ തന്നെ പ്രശ്നം എന്ന രീതിയിലാണ് ഞാൻ ഈ ചോദ്യം ചോദിക്കുന്നത്. എൻ്റെ കുട്ടിക്കാലത്ത് ഞാൻ വൈദികരിൽ നിന്നും മതാദ്ധ്യാപകരിൽ നിന്നും ഒക്കെ കേട്ടിട്ടുള്ളത് രണ്ടായിരം വർഷം തികയുമ്പോൾ ലോകാവസാനം ഉണ്ടാകുമെന്നും ക്രിസ്തു വീണ്ടും വരുമെന്നുമൊക്കെയാണ്. എന്നാൽ പ്രസ്തുത ലോകാവസാനം' സമീപിച്ചുകൊണ്ടിരിക്കേ മറ്റൊന്നു വിശ്വസിക്കേണ്ടി വരുന്നു. അതായത് രണ്ടായിരം വർഷം പൂർത്തിയാകുമ്പോൾ ലോകാവസാനം ഇല്ലെന്നും കർത്താവിന് സമയവും കാലവും ഒന്നും ഇല്ലെന്നുമൊക്കെ. പല വൈദിക പ്രമുഖന്മാരോടും ധ്യാനഗുരുക്കന്മാരോടും ലോകാവസാനത്തെപ്പറ്റി ചോദിച്ചെങ്കിലും അവരാരും വ്യക്തമായ ഉത്തരം നൽകിയില്ല. അന്തിമവിധിയായിട്ടാണ് അസ്സിസിയെ സമീപിക്കുന്നത്. സഭ ഇക്കാലം വരെ ഒന്നു പറഞ്ഞിട്ട് പിന്നിട് അതു തിരുത്തി പറയുമ്പോൾ സാധാരണ വിശ്വാസികളിൽ സംശയത്തിന്റെയും അവിശ്വാസത്തിന്റെയും കാർമേഘങ്ങൾ കയറിക്കൂടുന്നു. ഇങ്ങനെയാവുമ്പോൾ വിജാതീയരുടെയിടയിൽ ക്രൈസ്തവർ പരിഹാസ്യരാവുകയില്ലേ? കുറെ ക്രൈസ്‌തവരുടെയെങ്കിലും (പ്രത്യേകിച്ച് യുവജനങ്ങളുടെ) വിശ്വാസം കുറയില്ലേ? ഈ വിഷയത്തെപ്പറ്റി വ്യക്തമായ ഉത്തരം അസ്സീസിയിലൂടെ പ്രതീക്ഷിക്കുന്നു.
റോയൽ ജോസഫ്
തെറ്റയിൽ,
മല്ലപ്പള്ളി
പ്രിയപ്പെട്ട റോയൽ,
റോയൽ ഉന്നയിച്ചിരിക്കുന്ന ചോദ്യം കത്തോലിക്കാ സമൂഹത്തിന്റെ അഥവാ ഈ സമൂഹത്തിലെ പലരുടേയും വിശ്വാസത്തിൻ്റെ ഒരു പ്രശ്നമായിരിക്കുന്നു എന്നത് ശരി തന്നെ. കാരണം, രണ്ടായിരാമാണ്ടിനു മുമ്പ് ഭൂമുഖത്തെ മുഴുവൻ ഇളക്കി ഉലക്കുന്ന ഉഗ്രപീഡനങ്ങളും കൊടും തണുപ്പും മൂന്നുദിവസത്തെ കൂരിരുട്ടും എട്ടുമണിക്കൂർ ദീർഘിക്കുന്ന ഭയാനകമായ ഭൂമികുലുക്കവും ഉണ്ടാകുമെന്നും മനുഷ്യരാശിയുടെ മുന്നിൽ രണ്ടു ഭാഗം (പാപികളായ മനുഷ്യർ) നശിക്കുമെന്നും അതിനുശേഷം പാപവും ദുഃഖവും രോഗവും മരണവുമില്ലാത്ത കാലം സമാഗതമാകുമെന്നും പരിശുദ്ധ കന്യകാമറിയം ഫാത്തിമായിൽവച്ച് വെളിപ്പെടുത്തിയ "മൂന്നാമത്തെ രഹസ്യത്തിൽ പറഞ്ഞിട്ടുള്ളതായി വിവരിച്ചുകൊണ്ടുള്ള ലേഖനങ്ങൾ കുറെ നാളുകളായി നമ്മുടെ ചില കത്തോലിക്കാ പ്രസിദ്ധീകരണങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. മരിയ ഭക് തി പ്രചരിപ്പിക്കാനും ആത്‌മാക്കളെ നിത്യ നാശത്തിൽനിന്ന് രക്ഷിക്കാനുമുള്ള തിക്ഷ്ണതയിൽ ചില ധ്യാനകേന്ദ്രങ്ങളും നിരവധി ഭക്ത്താത്മാക്കളും ഈ ലേഖനങ്ങൾ ലഘുലേഖകളായി അടിച്ചും ഫോട്ടോ കോപ്പികളെടുത്തും അനേകർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു.
ഇത്തരം ലേഖനങ്ങളെപ്പറ്റിയുള്ള പ്രതികരണം കുറെ നാൾ മുമ്പ് ഈ പംക്തിയിൽ തന്നെ എഴുതിയിരുന്നതുകൊണ്ട് വീണ്ടും അതിലേക്ക് കടക്കുന്നില്ല പകരം "ലോകാവസാനത്തെക്കുറിച്ച് വിശ്വാസത്തിന്റെ വെളിച്ചത്തിൽ ചില ചിന്തകൾ ഇവിടെ പങ്കുവയ്ക്കാമെന്ന് കരുതുന്നു. എന്നാൽ അത് റോയലിന്റെ ചോദ്യത്തിന് തൃപ്തികരമായ ഉത്തരമാകുമെന്ന് തോന്നുന്നില്ല. ഈ വിഷയത്തിൽ തൃപ്‌തികരമായ ഉത്തരം നൽകാൻ ആർക്കും കഴിയില്ലെന്നതാണ് വാസ്തവം. "അന്തിമവിധി" പറയാൻ അസ്സീസിക്കോ, ഈയുള്ളവനോ ഒരിക്കലും ആവില്ല. അത് ദൈവത്തിനു മാത്രമേ കഴിയൂ.
"ലോകാവസാനം" പഴയനിയമത്തിൽ
ലോകാവസാനത്തെപ്പറ്റിയുള്ള ചിന്തകൾ പഴയ നിയമത്തിൽ ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിലും (ദാനി. അധ്യായങ്ങൾ 7 മുതൽ 12 വരെ കാണുക) അതിൻ്റെ ചുവട് പിടിച്ചെഴുതിയ നിരവധി "അപ്പോക്രിഫൽ" ഗ്രന്‌ഥങ്ങളിലും നമുക്കു കാണുവാൻ കഴിയും: "വെളിപാട് ഗ്രന്ഥങ്ങൾ (apocalyptic writings) എന്നാണ് ഇത്തരം എഴുത്തുകൾക്ക് പൊതുവേ പറയുക (പഴയനിയമത്തോട് ബന്ധപ്പെട്ട കാനോനികമല്ലാത്ത ഗ്രന്‌ഥങ്ങളെയാണ് 'അപ്പോക്രിഫൽ ഗ്രന്ഥങ്ങൾ എന്ന് വിളിക്കുന്നത്.) പ്രവാചകന്മാർക്കോ, ദൈവദാസന്മാർക്കോ കിട്ടുന്ന ദർശനങ്ങളും വെളിപാടുകളുമാണ് വെളിപാടു ഗ്രന്‌ഥങ്ങളുടെ ഉള്ളടക്കമായി സങ്കൽപ്പിക്കപ്പെടുന്നത്. ബാബിലോണിയൻ പ്രവാസകാലത്തും പിന്നീട് ഗ്രീക്ക്-റോമൻ മേൽക്കോയ്മകൾക്ക് കീഴിലും യഹൂദർക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളിൽ അവരെ ആശ്വസിപ്പിച്ചും ദൈവത്തിന്റെ സുനിശ്ചചിതമായ ഇടപെടലും രക്ഷയും വാഗ്ദാനം ചെയ്തും എഴുതപ്പെട്ടിട്ടുള്ളവയാണ് ഈ ഗ്രന്‌ഥങ്ങൾ.
ഇസ്രായേൽ ജനത്തിന്റെ നിസ്സാരതയിലും ബലഹീനതയിലും ദൈവം മുകളിൽനിന്ന് അപ്രതീക്ഷിതമായി ഇടപെട്ട് ദൈവരാജ്യം സ്‌ഥാപിക്കുകയും ദുഷ്ടജനങ്ങളെ നശിപ്പിക്കുകയും നല്ലവരെ സംരക്ഷിച്ച് സൗഭാഗ്യത്തിലേക്കും ശാന്തിയിലേക്കും നയിക്കുകയും ചെയ്യുമെന്നതാണ് ഈ ഗ്രന്ഥങ്ങളുടെ മുഖ്യപ്രമേയം. ഈ പ്രമേയം അവതരിപ്പിക്കുവാൻ പ്രതികങ്ങളും രൂപകങ്ങളും പ്രതികാത്മകമായ നമ്പരുകളും എല്ലാമാണ് വെളിപാടു ഗ്രന്ഥങ്ങൾ ഉപയോഗിക്കുക. ഉദാഹരണമായി ദൈവത്തിൻ്റെ അപ്രതീക്ഷിതവും ശക്തവുമായ ഇടപെടലിന്റെ പ്രതീകങ്ങളാണ് സൂര്യചന്ദ്രന്മാരുടെ തമസ്ക്കരണം, നക്ഷത്രങ്ങളുടെ പതനം, ഭൂമികുലുക്കം തുടങ്ങിയവയെല്ലാം. ദുഷ്ടന്മാരുടെ സർവനാശത്തിന് ഇവയെല്ലാം കാരണമാകും സജ്ജനങ്ങളാകട്ടെ ദൈവത്തിന്റെ പരിപാലനയാൽ ഈ ആപത്തുകളിൽ നിന്ന് രക്ഷനേടി ശാന്തിയുടെ തീരത്തണഞ്ഞ് ദൈവരാജ്യത്തിന് അവകാശികളായിത്തീരും. ദൈവം നൽകുന്ന രക്ഷ പൂർത്തീകരിക്കപ്പെടുന്നത് 'മനുഷ്യപുത്രൻ്റെ' ആഗമനത്തോടെ ആയിരിക്കും. 'മനുഷ്യപുത്രൻ്റെ' ആഗമനവും വിധിയും ആയിരിക്കും ചരിത്രത്തിലെ അന്തിമരംഗം. ഇതാണ് യഹൂദരുടെ ലോകവസാനസങ്കല്പം എന്നു പറയാം.
'ലോകാവസാനം' സുവിശേഷങ്ങളിൽ
സുവിശേഷങ്ങളിൽ യേശുനാഥനും ഈ വെളിപാട് ചിന്തയുടെ സാങ്കേതികത്വങ്ങളും സങ്കൽപങ്ങളും ഉപയോഗിച്ചാണ് 'ലോകാവസാന'ത്തെപ്പറ്റി പറയുന്നത്. പ്രതീകങ്ങളുടേയും രൂപകങ്ങളുടേയും ഭാഷയിലാണ് ദൈവരാജ്യത്തിൻ്റെ പൂർത്തികരണത്തേയും രക്ഷാകര ചരിത്രത്തിൻ്റെ പരിസമാപ്തിയേയും മനുഷ്യപുത്രൻ്റെ "ദ്വിതീയാഗമനത്തെയും (PAROUSIA) പറ്റി അവിടുന്ന് സൂചിപ്പിക്കുന്നത് (മത്താ. 24; മർക്കോ 13, ലൂക്കാ 21 എന്നീ അധ്യായ ങ്ങൾ കാണുക). എന്നാൽ, വെളിപാട് ലിഖിതങ്ങളിൽനിന്ന് വ്യത്യസ്തമായി ലോകാവസാനത്തിന്റെയും ദ്വിതീയാഗമനത്തിന്റെയും സമയമോ, രീതിയോ പറയാൻ അവിടുന്ന് വിസമ്മതിക്കുകയാണുണ്ടായത്. അത് സ്വർഗ്ഗസ്ഥനായ പിതാവിന് മാത്രം അറിയാവുന്ന കാര്യമത്രേ. പുത്രനു പോലും അത് അജ്‌ഞാതമാണ്, (മത്താ. 24, 36, മർക്കോ. 13, 32). അതിനാൽ ജാഗ്രതയോടും പ്രതീക്ഷയോടുംകൂടെ ദൈവരാജ്യത്തിന്റെ അന്തിമമായ പ്രത്യക്ഷവൽക്കരണത്തിനും രക്ഷയുടെ പൂർത്തികരണത്തിനുമായി കാത്തിരിക്കാൻ അവിടുന്ന് എല്ലാവരേയും ആഹ്വാനം ചെയ്തു.
രക്ഷയുടെ ഈ പൂർത്തീകരണവും ദൈവ രാജ്യത്തിൻ്റെ പ്രത്യക്ഷവൽക്കരണവും സംഭവിക്കുന്നത് ക്രിസ്‌തുനാഥൻ്റെ രണ്ടാമത്തെ ആഗമനത്തോടെ ആണെന്നത്രേ ആദിമക്രൈസ്‌തവർ ധരിച്ചിരുന്നത്. ഈ ദ്വിതീയാഗമനത്തിനു വേണ്ടി അവർ അതീവ ജാഗ്രതയോടും തീവ്രമായ പ്രത്യാശയോടും കൂടെ കാത്തിരുന്നു. അതിനു വേണ്ടി അവർ തീക്ഷ്‌ണമായി പ്രാർത്ഥിച്ചു ('മാറാനാത്താ' = കർത്താവേ വരണമേ എന്ന പ്രാർത്ഥന). അധികം താമസിയാതെ ഇതെല്ലാം സംഭവിക്കുമെന്ന് അവർ കരുതിയിരുന്നു. കാലക്രമത്തിലാണ് അവർക്ക് മനസ്സിലായത്, ഈ കാത്തിരിപ്പ് നീണ്ടുപോകുമെന്നും ലോകത്തിൽ ജീവിച്ചുകൊണ്ട് ലൗകിക വ്യാപാരങ്ങളിലൂടെ തങ്ങളുടെ ക്രൈസ്‌തവ ജീവിതം മാറ്റുരക്കപ്പെടേണ്ടിയിരിക്കുന്നുവെന്നും.

പുതിയ നിയമത്തിലെ വെളിപാടുപുസ്തകം
ക്രിസ്തുനാഥന്റെ മരണത്തിനും ഉയിർപ്പിനും ശേഷം അപ്പസ്തോലന്മാരുടേയും ആദിമ ക്രൈസ്‌തവരുടേയും പ്രേഷിത പ്രവർത്തനങ്ങളുടേയും ജീവിത സാക്ഷ്യത്തിൻ്റെയും ഫലമായി ക്രൈസ്‌തവ വിശ്വാ സം റോമൻ സാമ്രാജ്യത്തിൽ പലയിടത്തും പ്രചരിച്ചു. അതോടൊപ്പം റോമൻ സാമ്രാജ്യാധികാരികൾ ക്രൈസ്തവരെ പീഡിപ്പിക്കാനും തുടങ്ങി അനേകം പേർ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി വീരമരണം വരിച്ചു. വിശിഷ്യ, റോമൻ ചക്രവർത്തിയായ ഡൊമീഷ്യന്റെ ഭരണകാലത്ത് (AD 81-96) എഷ്യാമൈനറിലെ ക്രൈസ്‌തവസഭകൾക്ക് വളരെയേറെ പീഡനങ്ങൾ സഹിക്കേണ്ടിവന്നു. മതപീഡനകാലത്ത് മാനുഷികമായ ബലഹീനത ചിലരെയെല്ലാം ചഞ്ചലചിത്തരാക്കുക സ്വാഭാവികമാണല്ലോ. ഈ അപകടം അകറ്റുകയും മതപീഡനം നേരിടുന്നവർക്ക് ധൈര്യം പകർന്നു കൊടുക്കുകയും വിശ്വാസത്തിലവരെ ഉറപ്പിക്കുകയും ചെയ്യുകയെന്ന മുഖ്യമായ ലക്ഷ്യത്തോടുകൂടി അപ്പോസ്തോലനായ യോഹന്നാൻറെ ശിഷ്യഗണങ്ങളിൽ ഒരുവൻ എഴുതിയതാണ് പുതിയ നിയമത്തിലെ 'വെളിപാടു' പുസ്തകം.
ദാനിയേലിൻ്റെ പുസ്തകത്തിലും പഴയനിയമവുമായി ബന്‌ധപ്പെട്ട അപ്പോക്രിഫൽ വെളിപാടു പുസ്‌തകങ്ങളിലുമൊക്കെ കാണുന്ന പ്രതികങ്ങളുടെ ഭാഷയും ശൈലിയുമാണ് പുതിയ നിയമത്തിലെ വെളിപാടു പുസ്തകത്തിൻ്റെ കർത്താവും ഉപയോഗിക്കുന്നത്. ക്രിസ്‌തുനാഥൻ്റെ ഉയിർപ്പിന്റെ വിജയവും ദ്വിതീയാഗമനവും ദൈവത്തിന്റെ ശക്തമായ ഇടപെടലും നീതിമാന്മാരു ടെ രക്ഷയും ദുഷ്ടരുടെ ശിക്ഷയുമെല്ലാം ഗ്രന്ഥകർത്താവ് പ്രതീകാത്മകമായി വർണ്ണിക്കുന്നു. മറ്റു വെളിപാടു പുസ്തകങ്ങളുടെ കാര്യത്തിലെന്നപോലെ തന്നെ ഈ വർണ്ണനകളും പ്രതീകങ്ങളും അക്ഷരാർത്ഥത്തിലല്ല എടുക്കേണ്ടത്. അവ നൽകുന്ന രക്ഷയുടെ സന്ദേശം വേണം നാം സ്വീകരിക്കുവാൻ
ലോകാരംഭവും ലോകാവസാനവും ബൈബിളിൽ
ലോകാരംഭത്തെപ്പറ്റി ഉൽപ്പത്തി പുസ്തകത്തിൻ്റെ ആദ്യത്തെ അധ്യായങ്ങളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശാസ്ത്രീയവും ചരിത്രപരവുമായ വിവരണങ്ങളല്ലെന്നു നമുക്കറിയാം. ദൈവമാണ് എല്ലാറ്റിൻറയും ആദ്യകാരണം, അവിടുന്ന് സൃഷ്ടിച്ചതെല്ലാം നല്ലതാണ്. എന്നിങ്ങനെയുള്ള രക്ഷാകരസന്ദേശം അവ നമുക്കു നൽകുന്നു. അതുപോലെ തന്നെ വെളിപാടു ഗ്രന്ഥങ്ങൾ ലോകാവസാനത്തെപ്പറ്റി ശാസ്ത്രീയമോ ചരിത്രപരമോ ആയ അറിവൊന്നും നമുക്കു നൽകുന്നില്ല. ദൈവമാണ് എല്ലാറ്റിന്റേയും അന്ത്യവും അർത്ഥവുമെന്ന രക്ഷാകരസന്ദേശം മാത്രമാണ് അവ നൽകുക.
കഴമ്പില്ലാത്ത പ്രവചനങ്ങളും പ്രചാരണങ്ങളും
ലോകാന്ത്യത്തെപ്പറ്റി വെളിപാടു പുസ്തകത്തിലെ വിവരണങ്ങളിൽ കാണുന്ന പ്രതികങ്ങളും രൂപകങ്ങളും അക്ഷരാർത്ഥത്തിൽ മനസ്സിലാക്കേണ്ട യാഥാർത്ഥ്യങ്ങളായി തെറ്റിദ്ധരിക്കുകയും ലോകാവസാനത്തെയും ദ്വിതീയാഗമനത്തെയുംപ്പറ്റി കൃത്യമായ അറിവു നൽകുന്ന "രഹസ്യകോഡുകളായി കണക്കാക്കുകയും ചെയ്തുകൊണ്ട് നൂറ്റാണ്ടുകളിലൂടെ ചില 'വിശ്വാസികൾ' ലോകാവസാനത്തിൻറെ കൃത്യമായ ആണ്ടുമാസം തീയതിയും രീതിയുമെല്ലാം മുൻകൂട്ടി പ്രവചിക്കുകയുണ്ടായിട്ടുണ്ട്; ഒരുപാട് ജനങ്ങളെ ഭയവിഹ്വലരാക്കുകയും അവരുടെ ഉറക്കം ചെയ്തിട്ടുണ്ട്. അവയെല്ലാം പൊള്ളയായ പ്രവചനങ്ങളായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു. ചില പ്രൊട്ടസ്‌റ്റൻറ് സഭാവിഭാഗങ്ങളും യഹോവാസാക്ഷികളുമായിരുന്നു പണ്ടൊക്കെ ഇങ്ങനെ ചെയ്തിരുന്നു. ഇപ്പോൾ, നിർഭാഗ്യവശാൽ, ചില കത്തോലിക്കരും ലോകാവസാനത്തെപ്പറ്റിയുള്ള ഈ പ്രവചനവും പ്രചാരണ ഏറ്റെടുത്തിരിക്കയാണ് പരി. കന്യകാ മറിയത്തിന്റെയും മൂന്നാം ഫാത്തിമാ രഹസ്യത്തിന്റെയും പേരിൽ
സഭയുടെ പ്രബോധനമല്ല
2000 വർഷം തികയുമ്പോൾ ലോകാവസാനാം ഉണ്ടാകുമെന്നും ക്രിസ്തു വീണ്ടും വരുമെന്നുമാണ് കുട്ടിക്കാലത്ത് വൈദീകരിൽ നിന്നും മതാദ്ധ്യാപകരിൽനിന്നും കേട്ടിട്ടുള്ളതെന്നാണല്ലോ റോയൽ കത്തിൽ എഴുതിയിരിക്കുന്നത്. ബൈബിളോ കത്തോലിക്കാസഭയുടെ പ്രബോധനങ്ങളോ ശരിക്കറിയാവുന്ന വൈദികരും മതാദ്ധ്യാപകരും ഒരിക്കലും അങ്ങനെ പറയുമെന്ന് നോന്നുന്നില്ല. കാരണം യേശുനാഥൻ തന്നെ വളരെ വ്യക്‌തമായി പറഞ്ഞിട്ടുണ്ടല്ലോ. ആ നിമിഷത്തെപ്പറ്റി പിതാവിനല്ലാതെ ആർക്കും - പുത്രനുപോലും അറിഞ്ഞുകൂടെന്ന്. പിന്നെ, മറ്റു പല അന്ധവിശ്വാസങ്ങളും പോലെ, ചില ആളുകളുടെയിടയിൽ നിലനിൽക്കുന്ന ഒരു അന്ധവിശ്വാസം അഥവാ സങ്കൽപ്പം ആണെന്നു പറയാം, ലോകാവസാനം രണ്ടായിരാമാണ്ടോടുകൂടി സംഭവിക്കുമെന്നത്. അടിസ്ഥാനമില്ലാത്ത ഒരു സങ്കൽപ്പമാണിത്. സഭ ഔദ്യോഗികമായി അങ്ങനെ ഒരിക്കലും പഠിപ്പിച്ചിട്ടില്ല. അതിനാൽ “ഒന്നു പറഞ്ഞിട്ട് പിന്നീട് അത് തിരുത്തിപറയേണ്ടി വരുന്ന ഗതികേട് ഇക്കാര്യത്തിൽ സഭക്ക് ഉണ്ടായിട്ടില്ല. അറിവില്ലാത്ത ചില വൈദികരോ, മതാദ്ധ്യാപകരോ പണ്ട് അങ്ങനെ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ, ചില പ്രസിദ്ധീകരണങ്ങളും വ്യക്‌തികളും ഇന്ന് അങ്ങനെ എഴുതുകയും പ്രച വിപ്പിക്കുകയും ചെയ്യുന്നെങ്കിൽ, അത് സഭയുടെ പ്രബോധനമല്ല. ചില വ്യക്തിക ളുടെ അറിവില്ലായ്മയുടേയും തെറ്റിദ്ധാരണകളുടേയും ഒരു കാര്യമത്രേ.
"ദ്വിതീയാഗമനം"- രക്ഷാകരചരിത്രത്തിന്റെ പൂർത്തീകരണം
ഈ ലോകവും അതിൻ്റെ ചരിത്രവും പൂർത്തീകരണത്തിൽ എത്തുമെന്നത് ക്രൈസ്തവ വിശ്വാസമാണ് യേശുനാഥൻ്റെ ജീവിതവും മരണവും ഉയിർപ്പും അതിനുള്ള അച്ചാരമത്രേ. തൻ്റെ ജീവിതത്തിലും മരണത്തിലും ഉയിർപ്പിലും കൂടി യേശുനാഥൻ വരിച്ച വിജയത്തിൻ്റെ പൂർത്തീകരണം: അവിടുത്തെ ദ്വിതീയാഗമനത്തിൽ സംഭവിക്കുമെന്നാണല്ലോ സഭ പഠിപ്പിക്കുന്നത്. ഈ "ദ്വിതീയാഗമനം" ലോകത്തിൻ്റെയും അതിൻ്റെ രക്ഷാകരചരിത്രത്തിൻ്റെയും പൂർത്തീകരണത്തെക്കുന്ന ഒരു പ്രതീകമാണ് ദ്വിതീയാഗമനത്തെ സൂചിപ്പിക്കുന്ന ഗ്രീക്കു പദം "പറൂസിയ (Parousia) എന്നത്രേ. അതിൻ്റെ അർത്ഥം സാന്നിധ്യം' പ്രത്യക്ഷപ്പെടൽ എന്നൊക്കെയാണ്. മിശിഹാ മഹത്വത്തോടെ വാനമേഘങ്ങളിൽ എഴുന്നെള്ളി വരുമെന്ന് പറയുമ്പോൾ പ്രതികാത്‌മകമായി വേണം നാം അതു മനസ്സിലാക്കുവാൻ അവിടുത്തെ മഹത്വത്തിൻ്റെ അന്തിമവും അപ്രതിരോധ്യവുമായ വെളിപ്പെടൽ ആണ് അതുകൊണ്ട് അർത്ഥമാക്കപ്പെടുന്നത്. ദൂരെ സ്വർഗ്ഗത്തിലേക്കു പോയിരുന്ന മിശിഹാ മേഘങ്ങളുടെ മുകളിലുടെ വീണ്ടും ഭൂമിയിലേക്ക് പ്രതാപത്തോടെ വരുന്നതായിട്ടാണ് പലരും ദ്വിതീയാഗമനത്തെ സങ്കൽപ്പിക്കുക ഇതു ശരിയല്ല. സ്വർഗ്ഗത്തിൽ പിതാവിനോടൊപ്പം ആയിരിക്കുന്ന മിശിഹാ അതേ സമയം ഭൂമിയിൽ മനുഷ്യരോടൊപ്പവുമാണ്. അവിടുത്തെ പെസഹാരഹസ്യത്തിലൂടെ സുനിശ്ചിതമായി ഭൂമിയിൽ സ്ഥാപിതമായ ദൈവരാജ്യത്തിൻ്റെ വളർച്ചക്കും പൂർത്തീകരണത്തിനുമായി പരിശുദ്ധാത്മാവിൽ അവിടുന്ന് നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ പ്രവർത്തനത്തിൻ്റെ അന്തിമവിജയവും അവിടുത്തേ മഹത്വീകരണവുമാണ് 'ദ്വിതിയാഗമനം. ദൈവരാജ്യത്തിൻ്റെ പൂർത്തീകരണം അതേസമയം ലോകത്തിൻ്റെയും ചരിത്രത്തിൻ്റെയും പൂർത്തികരണവുമാണ്.
പൗലോസ് ശ്ലീഹാ പറയുന്നതുപോലെ, ലോകവും അതിൻ്റെ ചരിത്രവും - സൃഷ്ടപ്രപഞ്ചം മുഴുവൻ - രക്ഷയ്ക്കും പൂർത്തീകരണത്തിനുമായി കാത്തിരിക്കു കയാണ് (റോമാ. 8, 19-22). ദൈവമക്കളുടെ രക്ഷയും സ്വാതന്ത്ര്യവും പൂർണ്ണമാകുന്നതോടെ ലോകവും ചരിത്രവുമെല്ലാം അവയുടെ പൂർത്തീകരണം പ്രാപിക്കും: പൂർണ്ണതയിലെത്തും. ലോകത്തിൽ നിന്ന് അനിതിയും ചതിയും വഞ്ചനയുമെല്ലാം തൂത്തുമാറ്റപ്പെടും. സത്യവും സ്നേഹവും സാഹോദര്യവും ശാന്തിയും സമാധാനവുമെല്ലാം ഭൂമുഖമെങ്ങും പ്രകാശിക്കും ദുഃഖവും വേദനയും രോഗവും മരണവുമെല്ലാം ലോകത്തിൽ നിന്ന് എന്നന്നേയ്ക്കുമായി വിടപറയും മനുഷ്യകുലം മുഴുവൻ മിശിഹായിൽ സ്നേഹത്തിൻ്റെ ഒരു കൂട്ടായ്മയായിത്തീരും. മിശിഹായുടെ ജീവിതവും മരണവും ഉയിര്‍പ്പും വഴി ദൈവം ലോകത്തിനുവേണ്ടി ആവിഷ്കരിച്ച യുഗാന്തോൻമുഖ രക്ഷ സമ്പൂർണ്ണമാകുന്നതോടെ മിശിഹായുടെ മഹത്വം പ്രത്യക്ഷമാകുകയും ദൈവം എല്ലാറ്റിലും എല്ലാം ആയിത്തീരുകയും ചെയ്യും.
സൃഷ്ടപ്രപഞ്ചം മുഴുവൻ ദൈവത്തെ മഹത്വപ്പെടുത്തുന്ന പുതിയ ആകാശവും പുതിയ ഭൂമിയും ആയി രൂപാന്തരപ്പെടും. അങ്ങനെ ദൈവവും മനുഷ്യകുലവും സൃഷ്ടപ്രപഞ്ചവും ഐക്യപ്പെടുന്ന ശാന്തിയുടെയും സൗഭാഗ്യത്തിൻ്റെയും ആ മഹൽ സംഭവത്തിനാണ് ലോകാന്ത്യം, ദ്വിതീയാഗമനം എന്നൊക്കെ പറയുക. ഇത് സംഭവിക്കുമെന്നത് ക്രൈസ്തവമായ വിശ്വാസവും പ്രത്യാശയും ആണ്.

ലോകാന്ത്യവും "ലോകാവസാനവും"
'ലോകാന്ത്യം' എന്നു പറയുമ്പോൾ, അത് രണ്ടർത്ഥത്തിൽ മനസ്സിലാക്കാം- ഒന്ന്, ലോകം അതിൻ്റെ ലക്ഷ്യം പ്രാപിക്കുന്നതിനെ സൂചിപ്പിക്കാനും, രണ്ട് അതിൻ്റെ അവസാനത്തിൽ എത്തുന്നതിനെ സൂചിപ്പിക്കാനും. ലോകം അതിൻ്റെ ലക്ഷ്യം പ്രാപിക്കുന്നതിനെപ്പറ്റിയാണ് മുകളിൽ സൂചിപ്പിച്ചത്. ഈ അർത്ഥത്തിൽ ലോകത്തിന് അന്ത്യം ഉണ്ടെന്നത് വ്യക്തമാണല്ലോ. രണ്ടാമത്തെ അർത്ഥത്തിൽ ലോക ത്തിന് അന്ത്യമുണ്ടോ? ഇപ്പോഴത്തെ ലോകം അവസാനിക്കുമോ? ചരിത്രത്തിന് കാലികമായ ഒരവസാനമുണ്ടാകുമോ?
ലോകാവസാനമുണ്ടാകുമോ?
പ്രമുഖരായ കത്തോലിക്കാ ബൈബിൾ പണ്ഡിതന്മാരും ദൈവശാസ്ത്രജ്‌ഞന്മാരും ഇക്കാര്യത്തിൽ വിപരീത അഭിപ്രായക്കാരാണ്. കോടാനുകോടി കൊല്ലങ്ങൾക്കപ്പുറം സൂര്യൻ്റെ താപവും ഊർജ്ജവും വറ്റിപോകുമെന്നും അത് ലോകത്തിൻ്റെ ഉന്മൂലനാശത്തിലായിരിക്കും കലാശിക്കുകയെന്നും ചില ശാസ്ത്രജ്ഞന്മാർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിക്കുകയും പരിപാലിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ദൈവത്തിന് ഈ ഉന്മൂലനാശം തടയാൻ പോംവഴികളൊന്നുമില്ലെന്ന് പറഞ്ഞുകൂടല്ലോ. 2 പത്രോ 3, 7 - 13 ആധാരമാക്കിയാണ് ലോകം അവസാനിക്കുമെന്ന് ചിലർ വാദിക്കുന്നത്. "ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും, മൂലപദാർത്ഥങ്ങൾ എരിഞ്ഞു ചാമ്പലാകും. ഭൂമിയിലെ സകലവും കത്തി നശിക്കും" എന്നെല്ലാം ഇവിടെ പറഞ്ഞിരിക്കുന്നത് അക്ഷരാർത്ഥത്തിലല്ല, പ്രതീകാത്മകമായ അർത്ഥത്തിൽ വേണം മനസ്സിലാക്കുവാൻ. എല്ലാം കത്തിയെരിക്കുന്ന ലോകാന്ത്യത്തിലെ അഗ്നി തിന്മക്കെതിരായി അപ്രതിരോധ്യമായി മുന്നേറുന്ന ദൈവികശക്തിയുടെയും ദൈവിക നീതിയുടേയും പ്രതികമത്രേ.
ലോകം ഭൗതികമായ അഗ്നിയാൽ കുത്തിയെരിഞ്ഞ് നശിപ്പില്ലാതാകുമെന്ന അഭിപ്രായത്തെ 1452 -ൽ രണ്ടാം പിയൂസ് മാർപ്പാപ്പാ അപലപിച്ചിട്ടുള്ളതാണ് (DS. 717) സൃഷ്ടിക്കപ്പെട്ടിരിക്കുന്ന യാതൊന്നിനേയും ദൈവം ഒരിക്കലും ഇല്ലായ്‌മ ചെയ്യുകയില്ലെന്നത്രേ സഭാ പ്രബോധകനായ വി. തോമസ് അക്വിനാസ് പറഞ്ഞിരിക്കുന്നത് (S.Th.l, 9, 104, a.4). ഏണസ്റ്റ് ലൂസിയെർ (Ernest Lussier). ആൻ്റോൺ ഫോഗ്‌റ്റ്ലേ (Anton Voegtle) തുടങ്ങിയ പ്രമുഖ ബൈബിൾ പണ്ഡിതന്മാർ പറയുന്നത്, ലോകാവസം നത്തെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ലെന്നാണ്. ഗിൽബർട്ട് ഗ്രെസ്ഹാക്ക് (Gilbert groshake) തുടങ്ങിയ ദൈവശാസ്ത്രജ്ഞന്മാരും ഈ അഭിപ്രായത്തോടു യോജിക്കുന്നു. എന്നാൻ വോൾഫ്ഹാർട്ട് പനൻബർഗ് (Wolfhart, Pannenberg), കാൾ റാനർ (Karl Rainer), ജോസഫ് റാറ്റ്സിംഗർ (Joseph Ratzinger) തുടങ്ങിയ ദൈവശാസ്ത്രജ്‌ഞന്മാർ അഭിപ്രായപ്പെടുന്നത് ലോകത്തിനും ചരിത്രത്തിനും കാലി കമായ ഒരവസാനമുണ്ടെന്നും കാലികമായ ഈ അവസാനത്തിലാണ് ലോകവും ചരിത്രവും നിർണ്ണായകമായ അവയുടെ അന്ത്യത്തിൽ (ലക്ഷ്യത്തിൽ) എത്തിച്ചേരുന്നതെന്നുമത്രേ.
രണ്ടാം വത്തിക്കാൻ കൗൺസിൽ
ലോകത്തിൻ്റെ അന്ത്യത്തെ, അഥവാ ലക്ഷ്യപ്രാപ്തിയെപ്പറ്റി രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നത് ശ്രദ്ധേയമാണ്! "ലോകത്തിൻ്റെയും മനുഷ്യരാശിയുടേയും അന്തിമഘട്ടം നമുക്കജ്‌ഞാതമാണ്. പ്രപഞ്ചരൂപാന്തരത്തിൻ്റെ ഭാവിസവിശേഷതകളും നമുക്കറിഞ്ഞുകൂടാ. പാപകലുഷിതമായ ലോകത്തിൻ്റെ ബീഭത്സരൂപം കടന്നുപോകും. എന്നാൽ നീതി വസിക്കുന്ന പുതിയ വാസസ്ഥലവും പുതിയ ഭൂമിയും നമുക്കായി ദൈവം ഒരുക്കിയിട്ടുണ്ടെന്ന് നമുക്കറിയാം. ആ സൗഭാഗ്യം മനുഷ്യഹൃദയത്തിലുരുവാകുന്ന സമാധാനത്തിനു വേണ്ടിയുള്ള എല്ലാ അഭിലാഷങ്ങളേയും പൂർത്തിയാക്കുകയും അവയെ അതിശയിക്കുകയും ചെയ്യുന്നു. അന്നു ദൈവപുത്രർ മൃത്യുവിനെ ജയിച്ച് ക്രിസ്‌തുവിലുത്ഥാനം ചെയ്യും. ബലഹീനതയിലും ക്ഷയത്തിലും വിതയ്ക്കപ്പെട്ടവ അക്ഷയത്വത്താൽ അലങ്കരിക്കപ്പെടും. അവിടെ സ്നേഹവും അതിന്റെ പ്രവർത്തനങ്ങളും നില നിൽക്കുകയും ദൈവം മനുഷ്യനുവേണ്ടി സൃഷ്ടിച്ചവയെല്ലാം വ്യർത്ഥതയുടെ ദാസ്യത്തിൽ നിന്നു സ്വതന്ത്രമാകുകയും ചെയ്യും" (സഭ ആധുനിക ലോകത്തിൽ. 39).
പാപകലുഷിതമായ ലോകത്തിൻ്റെ ബീഭത്സരൂപം കടന്നുപോകുമെന്നും നീതിവസിക്കാത്ത പുതിയ വാസസ്ഥലവും പുതിയ ഭൂമിയും ദൈവം നമുക്കാ യി ഒരുക്കിയിട്ടുണ്ടെന്നും ദൈവപുത്രർ മരണത്തെ ജയിച്ച് ക്രിസ്തുവിൽ ഉത്ഥാനം ചെയ്യുമെന്നുമെല്ലാം കൗൺസിൽ പറയുന്നുണ്ടെങ്കിലും ലോകത്തിന് കാലികമായ അവസാനമുണ്ടെന്ന് കൗൺസിൽ ഒരിക്കലും പറയുന്നില്ല. അതേസമയം, ബലഹീനതയിലും ക്ഷയത്തിലും വിതയ്ക്കപ്പെട്ടവ അക്ഷയത്വത്താൽ അലങ്കരിക്കപ്പെടുമെന്നും സ്നേഹവും അതിൻ്റെ പ്രവർത്തനങ്ങളും നിലനിൽക്കുമെന്നും സൃഷ്ടി വ്യർത്ഥതയുടെ ദാസ്യത്തിൽനിന്ന് സ്വതത്രമാകുമെന്നും കൗൺസിൽ എടുത്തു പറയുന്നുമുണ്ട്.
എപ്പോൾ? എങ്ങനെ?
എപ്പോൾ, എങ്ങനെയാണ് ഈ രൂപാന്തരീകരണം സംഭവിക്കുക? ചരിത്രത്തിൻ്റെ ഒരു നിർണ്ണായകഘട്ടത്തിലാണോ ഇത് സംഭവിക്കുക, അതോ ചരിത്രത്തിലുടനീളം ഓരോ വ്യക്‌തിയുടേയും മരണത്തോടെ ഇത് സംഭവിച്ചുകൊണ്ടിരികയാണോ? (കർത്താവിന് സമയവും കാലവും ഒന്നും ഇല്ലാത്തതുകൊണ്ട്, എല്ലാ സമയവും അവിടുത്തെ വരവുമായി ഒരേ അകലത്തിലായതുകൊണ്ട്, ചരിത്രത്തിലുടനീളം ഓരോ വ്യക്‌തിയുടേയും മരണത്തിൽ ഈ രൂപാന്തരം നടന്നുകൊണ്ടിരിക്കയാണെന്നു പറയുന്ന പ്രമുഖരായ ദൈവശാസ്ത്രജ്ഞന്മാരുണ്ട്. ഉദാ. Gerhard Lohfiny).
എങ്ങനെയാണ് പാപവും അതിൻ്റെ പരിണിതഫലങ്ങളായ ദുഃഖം, വേദന, രോഗം, മരണം തുടങ്ങിയവയെല്ലാം എന്നന്നേയ്ക്കുമായി അവസാനിച്ച്, സത്യവും നിതിയും സ്നേഹവും സാഹോദര്യവും സമാധാനവുമെല്ലാം നിത്യം വിളയാടുന്ന പുതിയ ആകാശവും പുതിയ ഭൂമിയും ആയി ലോകവും ചരിത്രവും രൂപാന്തരപ്പെടുക? ലോകവും ചരിത്രവും കാലികമായി അവസാനിച്ചിട്ടാണോ പുതിയ ആകാശവും പുതിയ ഭൂമിയും രൂപം കൊള്ളുക? ഇതിനൊന്നുമുള്ള ഉത്തരം നമുക്കറിഞ്ഞുകൂടാ. ക്രിസ്‌തുവിൻ്റെ ഉയിർപ്പിൽ നിർണ്ണായകമായ വിജയം വരിച്ച ദൈവത്തിൻ്റെ അപ്രതിരോധ്യമായ ശക്തി ഇവിടെ പ്രവർത്തിക്കും എന്ന് നമുക്കറിയാം. എന്നാൽ എപ്പോൾ, എങ്ങനെ അത് സംഭവിക്കുമെന്ന് പറയാൻ നമുക്കാവില്ല. അത് ദൈവത്തിൻ്റെ രഹസ്യമാണ്.
ഈ സന്ദിഗ്ധാവസ്‌ഥയിൽ ഒരേ ഒരു നിലപാടേ നമുക്ക് അവലംബിക്കാനാവൂ: “ഞാൻ നിങ്ങളോട് പറയുന്നത് എല്ലാവരോടുമ ായിട്ടാണ് പറയുന്നത്, ജാഗരൂകരായിരിക്കുവിൻ" (മർക്കോ 13 - 37) എന്ന കർത്താവിൻ്റെ തിരുവചനം ഹൃദയത്തിൽ സൂക്ഷിക്കുക. അതേസമയം, രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നതുപോലെ പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടിയുള്ള ഈ ജാഗ്രതയും കാത്തിരിപ്പും ഭൗതിക പുരോഗതിക്കു വേണ്ടിയുള്ള സത്യത്തിലും നീതിയിലും സ്നേഹത്തിലും സാഹോദര്യത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു നവ്യലോകം പടുത്തുയർത്തുന്നതിനുവേണ്ടിയുള്ള, ഈ ലോകത്തെ ദൈവരാജ്യത്തിൻ്റെ ഉപമയും സാദ്യശ്യവും ആക്കി തീർക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളിൽനിന്ന് ഒരിക്കലും നാം പിന്തിരിഞ്ഞുകൂടാ
ഫാത്തിമാ രഹസ്യത്തിൽ ഉദ്വേഗജനകമായി ഒന്നുമില്ല ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത ഫാത്തിമയിലെ മൂന്നാമത്തെ രഹസ്യത്തിൽ ലോകാവസാനത്തെ സംബന്‌ധിക്കുന്നതോ ഉദ്വേഗജനകമായതോ ആയ ഒന്നുമില്ലെന്നു കർദ്ദി. ജോസഫ് റാറ്റ് സിംഗർ വെളിപ്പെടുത്തി. ഈ രഹസ്യം അറിയാവുന്ന വളരെ ചുരുക്കം പേരിൽ ഒരാളാണു വിശ്വാസ തിരുസംഘാദ്ധ്യക്ഷനായ കർദ്ദിനാൾ റാറ്റ്സിംഗർ. ഫാത്തിമയിൽ മാതാവ് അവസാനമായി പ്രത്യക്ഷപ്പെട്ട 1917 ഒക്ടോബർ 13-ൻ്റെ 79-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ അവസരത്തിലാണ് കർദ്ദിനാൾ ഇപ്രകാരം പറഞ്ഞത്. "സംഭ്രമം ജനിപ്പിക്കുകയായിരുന്നില്ല മറിയത്തിൻ്റെ ലക്ഷ്യം ലോകാവസാനത്തിൻ്റെ ദൃശ്യങ്ങളും അവൾ കാണിച്ചിട്ടില്ല. മനുഷ്യരെ ക്രിസ്‌തുവിലേക്കടുപ്പിക്കുകയാണ് അവൾ ചെയ്യുന്നത്. നാം യേശുവിലേക്കടുക്കുക എന്നതാണ് പരമപ്രധാനമായ കാര്യവും. വിശ്വാസികളിൽ സംഭ്രമം പരത്തുന്നതിനോടും കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിനോടും സഭയ്ക്കു യോജിപ്പില്ല. ഫാത്തിമാരഹസ്യത്തെയും അതിലുണ്ടെന്നു പറയപ്പെടുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളെയും പറ്റിയുള്ള അമിതമായ വ്യഗ്രത യഥാർത്ഥ മരിയഭക്‌തിയുടെ ലക്ഷണവുമല്ല. യഥാർത്ഥത്തിൽ പ്രധാനമായ കാര്യങ്ങളിലേക്കു വിശ്വാസികളെ ആകർഷിക്കുകയാണു സഭയുടെ ലക്ഷ്യം. അതാണു ശരിയായ മരിയഭക്തിയും" - കർദ്ദിനാൾ വിശദീകരിച്ചു. (സത്യദീപം നവം: 13, 1996) |
ഫാത്തിമാ രഹസ്യത്തിൽ ഉദ്വേഗജനകമായി ഒന്നുമില്ല
ഇനിയും വെളിപ്പെടുത്തിയിട്ടില്ലാത്ത ഫാത്തിമയിലെ മൂന്നാമത്തെ രഹസ്യത്തിൽ ലോകാവസാനത്തെ സംബന്‌ധിക്കുന്നതോ ഉദ്വേഗജനകമായതോ ആയ ഒന്നുമില്ലെന്നു കർദ്ദി. ജോസഫ് റാറ്റ് സിംഗർ വെളിപ്പെടുത്തി. ഈ രഹസ്യം അറിയാവുന്ന വളരെ ചുരുക്കം പേരിൽ ഒരാളാണു വിശ്വാസ തിരുസംഘാദ്ധ്യക്ഷനായ കർദ്ദിനാൾ റാറ്റ്സിംഗർ. ഫാത്തിമയിൽ മാതാവ് അവസാനമായി പ്രത്യക്ഷപ്പെട്ട 1917 ഒക്ടോബർ 13-ൻ്റെ 79-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ അവസരത്തിലാണ് കർദ്ദിനാൾ ഇപ്രകാരം പറഞ്ഞത്.
"സംഭ്രമം ജനിപ്പിക്കുകയായിരുന്നില്ല മറിയത്തിൻ്റെ ലക്ഷ്യം ലോകാവസാനത്തിൻ്റെ ദൃശ്യങ്ങളും അവൾ കാണിച്ചിട്ടില്ല. മനുഷ്യരെ ക്രിസ്‌തുവിലേക്കടുപ്പിക്കുകയാണ് അവൾ ചെയ്യുന്നത്. നാം യേശുവിലേക്കടുക്കുക എന്നതാണ് പരമപ്രധാനമായ കാര്യവും. വിശ്വാസികളിൽ സംഭ്രമം പരത്തുന്നതിനോടും കേട്ടുകേൾവിയില്ലാത്ത കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിനോടും സഭയ്ക്കു യോജിപ്പില്ല. ഫാത്തിമാരഹസ്യത്തെയും അതിലുണ്ടെന്നു പറയപ്പെടുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളെയും പറ്റിയുള്ള അമിതമായ വ്യഗ്രത യഥാർത്ഥ മരിയഭക്‌തിയുടെ ലക്ഷണവുമല്ല. യഥാർത്ഥത്തിൽ പ്രധാനമായ കാര്യങ്ങളിലേക്കു വിശ്വാസികളെ ആകർഷിക്കുകയാണു സഭയുടെ ലക്ഷ്യം. അതാണു ശരിയായ മരിയഭക്തിയും" - കർദ ്ദിനാൾ വിശദീകരിച്ചു. (സത്യദീപം നവം: 13, 1996)






















