

ആ പുരോഹിതനും, പുരോഹിത കുലത്തിൽത്തന്നെ ജനിച്ച അയാളുടെ പത്നിയും ചേർന്ന് എത്രയോ വർഷം പ്രാർത്ഥിച്ച് കാത്തിരുന്നതാണ്! തങ്ങളുടെ വംശം നിലനിർത്തുക എന്ന ഏറ്റവും മിനിമം ആവശ്യമല്ലേ അവർക്കുണ്ടായിരുന്നുള്ളൂ! എന്നിട്ടും ആശയറ്റ് മനുഷ്യൻ പിന്മാറുവോളം സ്വർഗ്ഗം നിശ്ശബ്ദത തുടർന്നു. എന്നിട്ട് ഒട്ടുമേ നിനച്ചിരിക്കാത്ത വേളയിൽ പെട്ടന്നതാ സ്വർഗ്ഗദൂതനെത്തുന്നു. വാഗ്ദാനപേടകം എന്നേ നഷ്ടപ്പെട്ടിരുന്നു! എന്നോ ശൂന്യമായിപ്പോയ വിശുദ്ധിയുടെ വിശുദ്ധ സ്ഥലത്തെ തിരശ്ശീലകൊണ്ട് മൂടിയിട്ട ശേഷം, ദൈവസാന്നിധ്യം അകത്തുണ്ട് എന്ന് സങ്കല്പിച്ച് ധൂപാർപ്പണം ചെയ്തുപോരികയായിരുന്നു അക്കാലത്ത് പുരോഹിതർ. സക്കറിയായും അതുതന്നെയാണ് ചെയ്യുന്നത്. അയാൾക്ക് ലഭിക്കുന്ന ദൂത് ഭാര്യയോടു ചേരാനാണ്. "നിൻ്റെ പ്രാർത്ഥന കേട്ടിരിക്കുന്നു. നിൻ്റെ ഭാര്യ എലിസബത്തിൽ നിനക്കൊരു പുത്രൻ ജനിക്കും. അവന് നീ യോഹന്നാൻ എന്ന് പേരിടണം." എന്നാണ് ദൂതൻ പറയുന്നത്.
അത് അയാളുടെ പ്രജയായിരിക്കും. എന്നാൽ, അതേസമയം അതയാളുടെ പ്രജ അല്ലാതിരിക്കുകയും ചെയ്യും! സക്കറിയാ എന്നായിരിക്കില്ല, മറിച്ച് യോഹന്നാൻ എന്നായിരിക്കും അവൻ്റെ പേര് എന്ന് പറയുന്നതിലൂടെ, വിരിയിട്ടു മറച്ച ശൂന്യതക്കുമുന്നിൽ ധൂപമർപ്പിക്കുന്ന ഒരു പുരോഹിതൻ ആയിരിക്കില്ല അവൻ എന്നൊരു ധ്വനി കേൾക്കാം. മറിച്ച്, ആത്മാവും സത്യവുമായ തിരുസാന്നിധ്യത്തിനു മുന്നിലായിരിക്കും അവൻ ധൂപാർച്ചന നടത്തുക. സീലോഹാ കുളത്തിലെ ജലം കൊണ്ടല്ല അവൻ ശുദ്ധി വരുത്തുക, മറിച്ച് ജോർദ്ദാനിലെ ഒഴുക്കുനീരുകൊണ്ടാവും അവൻ വിശുദ്ധിയുടെ വിശുദ്ധിയെ ക്ഷാളനം ചെയ്യുക. അവൻ നിഴലിൻ്റെ പുരോഹിതൻ ആയിരിക്കില്ല. മറിച്ച്, യാഥാർത്ഥ്യത്തിൻ്റെ പുരോഹിതനായിരിക്കും അവൻ. അങ്ങനെ, ക്രമപ്രകാരം പുരോഹിത ഗോത്രത്തിൽ ജനിച്ച പുരോഹിതനായിരുന്നിട്ടും അവൻ ദേവാലയത്തിലെ പുരോഹിതവൃത്തി സ്വീകരിക്കാതെ മരുഭൂമിയിലെ പുരോഹിതവൃത്തിയാണ് അനുഷ്ഠിക്കുന്നത്. ഏലിയായെപ്പോലെ പുരോഹിതനും പ്രവാചകനുമായി അയാൾ. എന്നാലോ, ഏലിയായെപ്പോലെ കാളകളെ ബലിയർപ്പിക്കുകയായിരുന്നില്ല - തന്നെത്തന്നെ ബലിയർപ്പിക്കുകയായിരുന്നു അയാൾ!
വെറുതേയാവില്ല സ്ത്രീകളിൽ നിന്ന് ജനിച്ചവരിൽ അയാൾ ശ്രേഷ്ഠനാവുന്നത്!























