ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
"I am the river and the river is me’’
(മാഓറി പഴഞ്ചൊല്ല്, വാന്‍ഗനൂയി ഗോത്രവര്‍ഗം)
ജലം ജീവന്‍റെ ആധാരമാണ്. ഒരു നദി ജീവന്‍റെ ഉറവകളെ സിരകളില്‍ വഹിക്കുന്നവളും. ഈ സത്യം നൂറ്റാണ്ടുകള്‍ക്കു മുന്‍പേ അറിയാവുന്നതുകൊണ്ടാണ് ഓരോ 'മാഓറി' വര്‍ഗക്കാരനും ഏറ്റുപറഞ്ഞിരുന്നത് "ഞാന്‍ നദിയാണ്, നദി എന്നിലാണെന്ന്.' രണ്ടാഴ്ചകള്‍ക്കു മുന്‍പ് വാന്‍ഗനൂയി നദിക്ക് വ്യക്തിത്വം കല്‍പ്പിച്ചു നല്കി ന്യൂസിലാന്‍റിന്‍റെ പരിസ്ഥിതി സംരക്ഷണം വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇവിടെ നമ്മുടെ ഭാരതത്തിലും ഗംഗയ്ക്കും യമുനയ്ക്കും ഉത്തരാഖണ്ഡ് ഹൈക്കോടതി വിധിയിലൂടെ സ്വന്തം വ്യക്തിത്വം സ്വായത്തമാക്കാനായി.
"ഫലസമൃദ്ധിയുടെ ഏദന്‍തോട്ടവും ജീവന്‍റെ വൃക്ഷവും നിലനില്‍ക്കുന്നത് നാലു നദികളാല്‍ സംരക്ഷിക്കപ്പെടുന്ന ഭൂപ്രകൃതിയിലാണ്. (ഉത്പത്തി 1:10-15) നദികളാല്‍ ഉര്‍വ്വരമാക്കപ്പെടുന്ന ഭൂമി ജീവന്‍റെ സുവിശേഷമാണ് പ്രഘോഷിക്കുന്നത്. എന്നാല്‍ ഉപഭോഗത്തിന്‍റെ കനമുള്ള മടിശ്ശീല മരണത്തിന്‍റെ വിറങ്ങലിക്കുന്ന തണുപ്പിലേക്കും വറ്റുന്ന കനിവിലേക്കും എറിഞ്ഞുകൊടുക്കുന്നതിവിടുത്തെ നദികളെയാണ്. ദൈവത്തിന്‍റെ സ്വന്തം നാടെന്നഹങ്കരിക്കുന്ന നമ്മുടെ കൊച്ചു കേരളത്തിന്‍റെ ജീവനാഡികളാണ് 44 പുഴകള്‍. ജലസമൃദ്ധവും - സമ്പന്നവുമായിരുന്ന ഈ പച്ചപ്പിന്‍റെ തുരുത്ത് വരണ്ടുണങ്ങി രോഗാതുരമായി അവസാനിക്കാന്‍ ഇനി അധികകാലം വേണ്ട. പുഴകളില്ലാതായതിന്‍റെ രാഷ്ട്രീയം എന്താണെന്ന് ഇനിയെങ്കിലും കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടണം. രാഷ്ട്രീയ - മത - സാംസ്കാരിക - വ്യവസായിക സംവിധാനങ്ങള്‍ക്കൊന്നും ഇതില്‍നിന്നും കൈകഴുകി മാറിനില്‍ക്കാനാവില്ല.
അതെ, ഇന്ന് കൊച്ചിയില്‍ പെരിയാറിനെ വിഷവിമുക്തമാക്കാന്‍ ജലസമരം നടക്കുകയാണ്. ഇത്തിരിപ്പോന്ന കൊച്ചു കൊച്ചിയില്‍ വ്യവസായ ശാലകളുടെ മാലിന്യങ്ങള്‍ കൊണ്ടുമാത്രം രോഗാതുരമാകുന്ന ലക്ഷക്കണക്കിനു ജനം, ചത്തൊടുങ്ങുന്ന മത്സ്യങ്ങള്‍, നഷ്ടമാവുന്ന ജൈവവൈവിധ്യം; കേരളത്തിന്‍റെ ഗംഗയായ പമ്പയില്‍ അനുദിനം വര്‍ധിക്കുന്ന മാലിന്യങ്ങള്‍, ഭാരതപ്പുഴ, ചാലിയാറ് തുടങ്ങി ചെറു നീര്‍ച്ചാലുകള്‍വരെ എത്തിനില്‍ക്കുന്നു മാലിന്യസംസ്കാരം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജപ്രതിസന്ധിയെ നേരിടാന്‍ ഒഴുകുന്ന പുഴകള്‍ക്ക് തടയിടാം എന്നു കരുതുന്ന നമ്മള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്, പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ ഉപഭോഗം ഞാന്‍ തന്നെ നിയന്ത്രിക്കണമെന്നത്. ചാലക്കുടി പുഴയ്ക്കോ, പമ്പയാറിനോ, മീനച്ചിലാറിനോ, ചാലിയാറിനോ, നിളയ്ക്കോ, പെരിയാറിനോ, പോകട്ടെ ഏററവും ചെറിയ നീര്‍ച്ചാലുകള്‍ക്കെങ്കിലും സംരക്ഷണം / ഉയിര് നല്‍കണമെങ്കില്‍ ഞാന്‍ കൈവിട്ടുകളയേണ്ട ചിലതുകൂടിയുണ്ട്. `മൂന്നുപേര്‍ക്കായി നാലു ബെഡ്റൂമോടുകൂടിയ ഭവനങ്ങളുണ്ടാക്കുമ്പോള്‍, പൊങ്ങച്ചത്തിന്‍റെ പര്യായമായി ഒരു കോടിയില്‍ പണിതീര്‍ക്കാവുന്ന ആരാധനാലയങ്ങള്‍ രണ്ടു കോടിയില്‍ തീര്‍ക്കുമ്പോള്‍, ലാഭം മാത്രം നോക്കി നാണ്യവിളകളുടെ കുത്തകക്കാരായി മാറുമ്പോള്‍, വനവും ഭൂമിയും വെട്ടിയും ഖനനം ചെയ്തും കോര്‍പ്പറേറ്റ് ശക്തിയായി മാറുമ്പോള്‍ തുടങ്ങി പല്ലുതേക്കുമ്പോള്‍ വാഷ്ബേസിനില്‍ വെറുതേ തുറന്നുവിടുന്ന ജലത്തിന്‍റെ കാര്യത്തില്‍വരെ വ്യക്തമായ നിലപാടുകള്‍ എടുക്കാനാവണം. "ഒടുക്കത്തെ ചൂട്, മനുഷ്യനു കുടിക്കാനും തുള്ളി വെള്ളമില്ല" തുടങ്ങിയ ജല്പനങ്ങള്‍ക്കിടയില്‍ ഭരണകൂടവും രാഷ്ട്രീയസംഘടിതശക്തികളും വ്യക്തികളും മറന്നുപോകുന്നത് ജലസാക്ഷരതയുള്ള ഒരു തലമുറയ്ക്ക് ജന്മം നല്‍കാനുള്ള ഉത്തരവാദിത്വമാണ്. പൂച്ചയ്ക്കാരു മണികെട്ടുമല്ലേ?
വാന്‍ഗനൂയി നദിക്ക് വ്യക്തിഗത അവകാശം നല്കിയ നടപടിയെപ്പറ്റി ന്യൂസിലാന്‍റ് മന്ത്രി ക്രിസ് ഫിന്‍ലെയ്സണ്‍ പ്രസ്താവിച്ചത് ശ്രദ്ധേയമാണ്: "എന്തിനീ നദിയെ വ്യക്തിയായി പരിഗണിച്ച് സംരക്ഷിക്കണം എന്ന ആശ്ചര്യം പലര്‍ക്കുമുണ്ടാകാം. എന്നാല്‍ ഒന്നറിയുക ഒരു വ്യക്തിയേക്കാളും കുടുംബത്തേക്കാളും സംഘടന/വ്യവസായശാലകളേക്കാളും പ്രാധാന്യം ഒരു നദിക്കുണ്ട്. ഇത് നമ്മുടെ ജീവനാണ്." കേരളത്തിലെ പ്രാക്തന ഗോത്രവിഭാഗമായ കാടര്‍ ആദിവാസി ഗോത്രത്തിലെ വാഴച്ചാല്‍ ഊര് മൂപ്പത്തി ഗീതയും പറയുന്നത് ഇതുതന്നെ; "ഈ പുഴ ഞങ്ങളിലൊരാളാണ്, ഇത് ഞങ്ങളുടെ ജീവനും ജീവിതവുമാണ്. ഇവിടെ പുഴയില്ലാതായാല്‍ നേട്ടം ആര്‍ക്കാണ്? നഷ്ടം ഞങ്ങള്‍ക്കു മാത്രമല്ല ഒരു ജനതക്കു മുഴുവനുമാണെന്ന് എന്നാണിനി ഇവിടെയുള്ളവര്‍ മനസ്സിലാക്കുക?"
ഇന്നും ചില മനുഷ്യരെങ്കിലും തിരിച്ചറിവിന്‍റെ ശബ്ദമായി നിരന്തരം ചോദ്യങ്ങളുന്നയിക്കുന്നതുകൊണ്ടാണ് നാം നിലനില്‍ക്കുന്നത് എന്ന് തിരിച്ചറിയുക. പുഴകളെപ്പറ്റി ചാലക്കുടി പുഴയുടെ കാവലാളുകളില്‍ പ്രാധാനിയായ ഡോ. എ. ലത, ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ നമ്മോട് ഈ ലക്കം സംസാരിക്കുന്നുണ്ട്. പെരിയാറിനായി ഡോ. മാര്‍ട്ടിനും. ഇവരാരും കസേരകളിലിരുന്ന് വ്യാഖ്യാനിച്ചതല്ല ഈ അറിവുകളും ശരികേടുകളും. ഒഴുകുന്ന പുഴയുടെ നന്മ ആര്‍ക്കൊക്കെ നഷ്ടമായോ അവര്‍ക്കൊപ്പം പലതും നഷ്ടപ്പെടുത്തി ഇവര്‍ സമ്പാദിച്ച അറിവുകളാണിത്.
ഈ ഉയിര്‍പ്പില്‍ പ്രത്യാശയുടെ കിരണമായി വരുംതലമുറയിലെ കുട്ടികളും അവരുടെ പുഴ സംരക്ഷണവും ജീവന്‍റെ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളില്‍ പെടുന്നു. അതേ, ഉയിര്‍പ്പ് മുദ്രണവും തുടര്‍ച്ചയുമായി നമ്മിലേക്കിറങ്ങുക ജീവന്‍റെ സുവിശേഷമായാണ്. ഇതൊരു തുടര്‍ച്ചയാണ്, അടയാളപ്പെടുത്തലാണ്.
ഒരു പുഴ ഒഴുകുമ്പോള്‍ ഒരു പ്രപഞ്ചത്തിന്‍റെ ഒഴുക്ക് തന്നെയാണ് സംഭവിക്കുന്നത്. ഇതൊരാവസവ്യവസ്ഥയാണ്. പകരം വെയ്ക്കാനാവാത്ത ഒരു പ്രതിഭാസം. ഞാനോ നീയോ ഈ ഭൂമിയിലില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കില്ല. എന്നാല്‍ ഈ ജൈവൈവിധ്യങ്ങളില്‍ ഏറ്റവും ചെറുതില്ലാതായാല്‍, ശുദ്ധജല പ്രവാഹത്തിന്‍റെ ആവാസവ്യവസ്ഥ ഇടമുറിഞ്ഞാല്‍ പിന്നെ ഉയിര്‍ക്കാന്‍ ഇവിടൊന്നും ബാക്കിയാകില്ല. ഒരു തുള്ളി കണ്ണീരെങ്കിലും ഈ നദികള്‍ക്കായി മാറ്റിവയ്ക്കാനായില്ലെങ്കില്‍ ഇവിടെ വേനലൊടുങ്ങില്ല.
ഉയിര്‍പ്പുതിരുനാളിന്‍റെ മംഗളങ്ങള്‍.