top of page

വേറിട്ടു നടക്കുന്നവർ

Oct 25, 2009

2 min read

ഷക
Gandhi And St. Francis

ആള്‍ക്കൂട്ടത്തില്‍നിന്നു വേറിട്ട്, ഒറ്റയ്ക്കു നടക്കാന്‍ ശ്രമിച്ചവരോട് ചരിത്രം സാമാന്യമായി രണ്ടു രീതികളിലാണ് പ്രതികരിച്ചിട്ടുള്ളത്. ആദ്യത്തേത്, അവരുടെ ശത്രുക്കള്‍ അവലംബിച്ച മാര്‍ഗ്ഗമാണ്: ജയിലിലടയ്ക്കുക, വെടിവയ്ക്കുക, പടിക്കു പുറത്താക്കുക. രണ്ടാമത്തേത്, അവരുടെ ആരാധകര്‍ അവലംബിച്ച മാര്‍ഗ്ഗമാണ്: ബിംബവത്കരിക്കുക, കണ്ണാടിക്കൂട്ടിലടയ്ക്കുക, പടിക്കു പുറത്താക്കുക. എതിര്‍ത്തവനും ആരാധിച്ചവനും ചെയ്തതു ഫലത്തില്‍ ഒന്നുതന്നെ. ഒരാള്‍ വെടിവയ്ക്കുകയും അപരന്‍ കണ്ണാടിക്കൂട്ടിലടയ്ക്കുകയും ചെയ്തു എന്നതിലേയുള്ളൂ വ്യത്യാസം. പക്ഷേ രണ്ടു കൂട്ടരും, വെല്ലുവിളിയുയര്‍ത്തിയ ജന്മങ്ങളെ സ്വന്തം ജീവിതത്തിന്‍റെ പടിക്കു പുറത്താക്കിയിട്ട്, തങ്ങളുടെ അലസശയനം തുടര്‍ന്നു.

ഇത് ഒക്ടോബര്‍ മാസം. മൂന്നു ബദല്‍ ജീവിതങ്ങളെ - ഗാന്ധി, അസ്സീസിയിലെ ഫ്രാന്‍സിസ്, കുഞ്ഞച്ചന്‍- സ്മരിക്കുന്ന കാലം. വ്യത്യസ്തമായ കാലഘട്ടത്തിലും നാട്ടിലും സംസ്കാരത്തിലും ജീവിച്ചിരുന്നവര്‍. എങ്കിലും സമാനതകള്‍ എത്രവേണമെങ്കിലും ഇവരില്‍ നമുക്കു കാണാനാകും. മൂവരും ഈശ്വരനെയും മണ്ണിനെയും മനുഷ്യനെയും പ്രണയിച്ചവര്‍. തങ്ങളുടെ പരിസരത്തെ ഇരുട്ടകറ്റിയവര്‍. ഒരു കോപ്പ ആട്ടിന്‍പാലോ ഒരു ഉണക്കറൊട്ടിയോ കുറച്ചു ചൂടുകഞ്ഞിയോ മതിയായിരുന്നു അവരുടെ വയറുനിറയാന്‍. മൂവരും യാത്ര ചെയ്തത് വിളുമ്പുപ്രദേശങ്ങളിലൂടെ. 1947 ഓഗസ്റ്റ് 14 അര്‍ദ്ധരാത്രിയില്‍ ഇന്ത്യയുടെയും ലോകത്തിന്‍റെയും ശ്രദ്ധ പ്രകാശധോരണിയില്‍ മുങ്ങിനിന്ന ഡല്‍ഹിയായിരുന്നെങ്കില്‍, ഗാന്ധിയുടെ ശ്രദ്ധ നവ്ഖാലിയിലെ ഇരുണ്ട ഗലികളായിരുന്നു. മദ്ധ്യയുഗ സന്ന്യാസികള്‍ ലോകത്തെയും ശരീരത്തെയും പേടിച്ച്, വിശാലമായ ഭൂപ്രദേശങ്ങള്‍ക്കു ചുറ്റും കനത്ത കരിങ്കല്‍ ഭിത്തി കെട്ടി സുരക്ഷിതമാക്കി, അതിനുള്ളിലെ വലിയ ആശ്രമങ്ങളില്‍ ദൈവവിചാരം മാത്രമായി കഴിഞ്ഞപ്പോള്‍, അസ്സീസിയിലെ ഫ്രാന്‍സിസ് തന്‍റെ ആശ്രമം സ്ഥാപിച്ചത് റിവോ തോര്‍ത്തോയിലെ കുഷ്ഠരോഗികളുടെ ഇടയിലായിരുന്നു. നിങ്ങളുടെയിടയില്‍ വേര്‍തിരിവുകളും വിഭാഗീയതകളുമുണ്ടെങ്കില്‍ നിങ്ങളുടെ അപ്പംമുറിക്കല്‍ശുശ്രൂഷയും മറ്റാചാരങ്ങളും വൃഥാവ്യായാമങ്ങളാണെന്നു പഠിപ്പിക്കുന്ന വേദഗ്രന്ഥത്തില്‍ വിശ്വസിച്ചവര്‍തന്നെ ഒരു മനക്കടിയും കൂടാതെ തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും ആചരിച്ചിരുന്നപ്പോഴാണ് കുഞ്ഞച്ചന്‍ കറുത്തവരെ തൊടുകയും തീണ്ടുകയും ചെയ്തത്. മതജീവിതവും ഈശ്വരചിന്തയും ഈ മൂവരെയും പ്രേരിപ്പിച്ചത് മതിലുകള്‍ ഉയര്‍ത്താനല്ല, തകര്‍ക്കാനാണ്. ഇവരുടെ ശത്രുക്കള്‍ ഇവരോടു ചെയ്യുന്നതു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പക്ഷേ സാധാരണ മനുഷ്യര്‍ക്കു ഗ്രഹിക്കാനാവാത്തത് ഇവരുടെ ആരാധകര്‍ ചെയ്യുന്നതാണ്.

ഗാന്ധി പറഞ്ഞ പ്രസിദ്ധമായ ഏഴു തിന്മകളില്‍ ഒന്നാണല്ലോ ത്യാഗമില്ലാതെയുള്ള ആരാധന. അതാണിവിടെ നടക്കുന്നത്. ഒരു ഗാന്ധിജയന്തി നാളില്‍ ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം ആദ്യപേജില്‍ കൊടുത്തത് ഗാന്ധിയുടെ പടമുള്ള ടീഷര്‍ട്ട് ധരിച്ച ഒരു ഹോളിവുഡ് നടിയുടെ പടമായിരുന്നു. ഇവര്‍ തമ്മില്‍ ആകെയുള്ള ബന്ധം രണ്ടുപേര്‍ക്കും വസ്ത്രം കുറവാണെന്നതുമാത്രം. ഒരാള്‍ക്കത് ദരിദ്രനാരായണന്മാരോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെ പ്രകടനമായിരുന്നെങ്കില്‍, മറ്റേയാള്‍ക്കത് കാശുണ്ടാക്കാനുള്ള മാര്‍ഗ്ഗമാണ്. പക്ഷേ, ഗാന്ധിയെ ഗാന്ധിജിയെന്നു വിളിക്കാത്തതില്‍ അവരും പ്രതിഷേധിക്കും. മൂന്നാംക്ലാസ് തീവണ്ടിയാത്രയെ പുച്ഛിക്കുന്നവരും പഞ്ചനക്ഷത്രങ്ങള്‍ക്കിടയില്‍ കഴിയുന്നവരും ഗാന്ധിയുടെ തൊപ്പി ധരിക്കും, കറന്‍സികളില്‍ അദ്ദേഹത്തെ 'അടിച്ചു' വയ്ക്കും. പടം വച്ചു പൂജിക്കും. പൂജിക്കാത്തവരെ വിദ്രോഹികളെന്നു മുദ്ര കുത്തുകയും ചെയ്യും.

ആരാധിക്കാനല്ല, അനുകരിക്കാനാണ് ഈ മൂവരും നമ്മോടാവശ്യപ്പെടുന്നത്. ആരാധന ഭ്രാന്തമായ ആവേശമായി മാറാനുള്ള സാധ്യത വളരെക്കൂടുതലാണ്. ജീവിച്ചിരുന്നപ്പോള്‍ത്തന്നെ തങ്ങളെ അനുനയിപ്പിക്കാനും പാട്ടിലാക്കാനുമുള്ള ആരാധകരുടെ ശ്രമങ്ങളോട് അവര്‍ ശക്തമായി പ്രതികരിച്ചിരുന്നു.

ഇന്ത്യയ്ക്കുവേണ്ടി അടരാടിക്കൊണ്ടിരുന്നപ്പോഴും ഗാന്ധി തന്‍റെ നാട് ലോകസമൂഹത്തിന്‍റെ നന്മയ്ക്കായി സ്വയം സമര്‍പ്പിക്കണമെന്നു വാദിച്ചിരുന്നു. ഹിറ്റ്ലര്‍ക്കെതിരേ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിലകൊണ്ടു അദ്ദേഹം. ഗാന്ധിക്ക് ഇന്ത്യയെക്കാളും പ്രധാനം ഈ ലോകമായിരുന്നു. ദേശീയവാദവും സമുദായവാദവുമൊന്നും മനുഷ്യകുല നന്മയ്ക്കതീതമാകാന്‍ പാടില്ല. പൊതുനിരത്തിലൂടെ ഇഴഞ്ഞു പോകുന്ന പുഴുവിനെ ഇലയില്‍ കോരിയെടുത്ത് ഓരത്തേയ്ക്കു വയ്ക്കുകയും മഴക്കാലത്ത് തേനീച്ചകള്‍ക്കും ഉറുമ്പുകള്‍ക്കും വെള്ളത്തില്‍ പഞ്ചസാര കലക്കിക്കൊടുക്കുകയും ചെയ്തിരുന്ന ഫ്രാന്‍സിസ്. തവളകളെ വലിച്ചു കീറുമ്പോഴല്ല അവയെ അറിയുന്നത്, അവയ്ക്കു മുമ്പില്‍ കൈകൂപ്പുമ്പോഴാണ്. മേല്‍ജാതി ക്രിസ്ത്യാനികള്‍ തന്‍റെയടുത്തു കുമ്പസാരിക്കുന്നതിനെ കുഞ്ഞച്ചന്‍ നിരുത്സാഹപ്പെടുത്തിയിരുന്നത്രേ; ദലിതര്‍ക്കായി പക്ഷെ എത്രവേണമെങ്കിലും സമയം അദ്ദേഹം ചെലവഴിക്കുമായിരുന്നു. ഈശ്വരഭക്തി ഒരുവനെ ആത്യന്തികമായും നയിക്കേണ്ടത് ഓരം തള്ളപ്പെട്ടവരുടെ ഇടയിലേക്കാണ്.

കാക്കയ്ക്കു കാഷ്ഠിക്കാനുള്ള പ്രതിമകളുയര്‍ത്തിയല്ല, മൂവരുടെയും ബദല്‍ശൈലികള്‍ സ്വന്തമാക്കിയാണു അവരുടെ ഓര്‍മ്മകളെ നാം ജ്വലിപ്പിച്ചു നിര്‍ത്തേണ്ടത്.

Featured Posts