top of page

സുവിശേഷം

Sep 1, 2017

2 min read

ടക
the bible and the cross

പരിചിതമായ വഴികളിലൂടെയും ജീവിതശൈലികളിലൂടെയും നിരന്തരം ജീവിതത്തെ പടുത്തുയര്‍ത്തുമ്പോള്‍ മനുഷ്യനും സംസ്കാരങ്ങള്‍ക്കും മതങ്ങള്‍ക്കും കൈമോശം വരുന്ന ജീവന്‍റെ തുടിപ്പിനെ തിരികെപ്പിടിക്കാന്‍ ചരിത്രത്തിന്‍റെ അപകടം പിടിച്ച കുറുക്കുവഴിയാണ് ബദലുകള്‍. നിത്യജീവിതത്തിന്‍റെ യാന്ത്രിക തിരക്കുകളില്‍ അള്‍ട്രാമോഡേന്‍ സമൂഹമായി മാറിക്കൊണ്ടിരിക്കുന്ന ശരാശരി മെട്രോമലയാളികളുടെയിടയിലും ബദല്‍ പരീക്ഷണങ്ങള്‍ക്കും ഇടപെടലുകള്‍ക്കും സാധ്യതകള്‍ അവസാനിക്കുന്നില്ല എന്നത് സദ്വാര്‍ത്തയാണ്. കള്ളവും ചതിയും ഇല്ലാത്ത, ഐശ്വര്യത്തിന്‍റെയും നീതിയുടെയും നാളുകള്‍ക്ക് സ്വപ്നങ്ങളില്‍ വിത്തു വിതയ്ക്കാനായി സൃഷ്ടിച്ചെടുത്ത ഓണം എന്ന മനോഹരമായ മിത്തുപോലും ബദല്‍ജീവിതത്തിന്‍റെ ഉദാഹരണമായി നിലകൊള്ളുന്നു.

ഇതെഴുതുമ്പോഴും, മേധാപട്കറുടെ ക്ഷീണിച്ചതെങ്കിലും അണയാത്ത ദൃഢതയുള്ള സ്വരം കാതുകളില്‍ വീണ്ടും മുഴങ്ങുന്നുണ്ട്. സമരം, നിരാഹാരം, അറസ്റ്റുകള്‍ വീണ്ടും സമരം, നിരാഹരം, അറസ്റ്റ്... ഇങ്ങനെയൊരു വൃത്തത്തിനുള്ളില്‍ അവരുടെ ജീവിതം നിന്ന് കറങ്ങുന്നതായി തോന്നാമെങ്കിലും കഴിഞ്ഞ കുറെ ദശകങ്ങളായി ഭീതിയിലും ഭയത്തിലും കഴിയുന്ന കുടിയൊഴിപ്പിക്കപ്പെട്ട ഒരു ജനതയ്ക്ക് അവര്‍/മേധാ ഒരു പ്രതീക്ഷയാണ്.

കാലത്തിനൊത്ത് ചലിക്കാത്തവര്‍, പിന്തിരിപ്പന്മാര്‍, സ്വന്തം ആമാശയം നിറയ്ക്കാന്‍ അറിയാത്തവര്‍, യാഥാര്‍ത്ഥ്യബോധങ്ങളില്ലാതെ സ്വപ്നലോകത്തുമാത്രം ജീവിക്കുന്നവര്‍, പഴയ സമ്പ്രദായങ്ങളുടെ മൂടുതാങ്ങികള്‍... ഇത്തരക്കാരെപ്പറ്റി, ബദല്‍ജീവിത പരീക്ഷകരെപ്പറ്റി മുഖ്യധാരാ സമൂഹത്തില്‍ നിര്‍വ്വചനങ്ങള്‍ നിരവധിയാണ്. കുറഞ്ഞ വര്‍ഷങ്ങളിലെ ബദല്‍ പരീക്ഷണങ്ങള്‍കൊണ്ട് സമ്പത്തും മനസമാധാനവും നഷ്ടപ്പെട്ട ഒരു സുഹൃത്തിന്‍റെ കുറിപ്പിലൂടെ ഇന്ന് കടന്നുപോയി. കൈമോശം വന്ന സമ്പത്തിനേക്കാള്‍, വിശ്വസിച്ച് കൂടെക്കൂട്ടിയ ചങ്ങാതിയുടെ മനംമാറ്റമാണ് അദ്ദേഹത്തെ സങ്കടപ്പെടുത്തിയത്. ചില പാഠങ്ങള്‍ വലിയ വിലകൊടുത്ത് നേടേണ്ടതാണെന്ന വ്യക്തതയില്‍ ഈ നഷ്ടത്തിലും അദ്ദേഹം അഭിമാനിക്കുന്നു. വീണ്ടും അടുത്ത പരീക്ഷണങ്ങളിലേക്ക് ഇറങ്ങാന്‍ അദ്ദേഹം തയ്യാറാണ്, കാരണം ഈ ബദല്‍ ജീവിതമാണ് പല മുറിവുകള്‍ക്കുമുള്ള ഔഷധമെന്ന് ആരേക്കാളും നന്നായി അദ്ദേഹത്തിനറിയാം.

നരച്ച ചരിത്രകഥകള്‍ക്കിടയിലും വര്‍ണങ്ങളുടെ കുപ്പായമണിയുന്നത് എന്നും സ്വപ്നങ്ങളുടെ പിറകേ നടന്നവര്‍ മാത്രമായിരുന്നു. പഴയനിയമ കാലഘട്ടത്തില്‍ സ്വപ്നങ്ങളെ വ്യാഖ്യാനിച്ച വര്‍ണക്കുപ്പായക്കാരനെ സഹോദരന്മാര്‍ പൊട്ടക്കിണറ്റിലെറിഞ്ഞും വിറ്റും അവന്‍റെ ഭ്രാന്തുകളെ പുറംതള്ളിയപ്പോള്‍ ഓര്‍ക്കുക, അവനുമാത്രമാണ് പിന്നീട് അവര്‍ക്ക് അതിജീവനത്തിന്‍റെ കരുത്ത് നല്കാനായത്. അത് മറ്റാരുമല്ല പഴയനിയമത്തിലെ ജോസഫാണ്. ദാവീദു-ഗോലിയാത്തുമാരുടെ കഥകളില്‍പ്പോലും മറഞ്ഞിരിക്കുന്ന ബദലുകളുടെ പ്രാഗ് രൂപങ്ങളാണ് ബൈബിളിനെ ബദലുകളുടെ പുസ്തകമാക്കി മാറ്റുന്നത്. കാലത്തിനുമുന്‍പേ പറക്കാന്‍ വെമ്പുന്ന ഈ യുഗത്തിലും മുന്‍പേ പറക്കാനാവുന്നത് പഴയ കാലങ്ങളുടെ തിരസ്കരണത്തിലൂടെയല്ല, കൂടുതല്‍ മെച്ചപ്പെട്ട അവതരണങ്ങളിലൂടെ ഉറവിടങ്ങളെ തിരികെപിടിക്കുകയാണെന്ന് അവര്‍ നമ്മെ പഠിപ്പിക്കുന്നു.

പുതിയ ഒരു ജോഡി വസ്ത്രം വാങ്ങിയിട്ട് നാലുവര്‍ഷമായ ഒരു സുഹൃത്ത് എനിക്കുണ്ട്. പണമില്ലാത്തതിനാലല്ല അവനത് വാങ്ങാത്തത,് മറിച്ച് അനാവശ്യമായ ഒരു ജോഡി വസ്ത്രം വാങ്ങുമ്പോള്‍ നഷ്ടമാകുന്നത് അതുണ്ടാക്കാന്‍ ഉപയോഗിച്ച പ്രകൃതിവിഭവങ്ങളാണ്! ഇതൊരു ബദല്‍ നിലപാടാണ്. കേട്ടപ്പോള്‍ അതിശയിച്ച എനിക്ക്, പക്ഷേ ഇന്നറിയാം കടന്നുപോയ സന്ന്യാസവര്‍ഷങ്ങളില്‍ പരിചയപ്പെട്ട, കൂടെ ജീവിച്ച ചില മുതിര്‍ന്ന സന്ന്യാസസഹോദരങ്ങളുടെ നിലപാടുകള്‍ കൃത്യമായ ബദല്‍ ജീവിതത്തിന്‍റെ സാക്ഷ്യങ്ങളായിരുന്നുവെന്ന്. നീണ്ട 44 വര്‍ഷങ്ങള്‍ തത്വശാസ്ത്രത്തിന്‍റെയും മനശ്ശാസ്ത്രത്തിന്‍റെയും പാഠങ്ങള്‍ ഇഴകീറി ലളിതമായി പറഞ്ഞുകടന്നുപോകുമ്പോഴും, ഉടുതുണി കഴുകി ഉണങ്ങാനിട്ട് കളസവും ധരിച്ച് വെയിലത്ത് നിന്നവര്‍ മുതല്‍ മരണശേഷം മുറിക്കുള്ളില്‍ അവശേഷിപ്പിച്ചത് രണ്ടുടുപ്പും ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നും വാങ്ങിയ രണ്ടുരൂപയുടെ വിവേകാനന്ദസൂക്തങ്ങളും മാത്രം... ഇവരൊക്കെ ശരിക്കും ബദലുകളായിരുന്നു. പകലന്തിയോളം പണിയെടുത്തും പഠിപ്പിച്ചും സ്വരുക്കൂട്ടുന്നതു പലതും വെറുതെ കളയുന്നുവെന്ന് വേണമെങ്കില്‍ പറയാവുന്നവര്‍. അതെ, ക്രിസ്തീയ സന്ന്യാസം പോലും ക്രിസ്തുമതത്തിന്‍റെ വ്യവസ്ഥാപിത ചട്ടക്കൂടുകള്‍ക്കുള്ളില്‍ ബദലുകളായി രൂപംകൊണ്ടതാണ്. ഇവിടെ ബദലുകള്‍ക്ക് മാതൃക മറ്റാരുമല്ല, ക്രിസ്തു തന്നെ. വട്ടനെന്നു കരുതി സ്വന്തം സഹോദരങ്ങള്‍തന്നെ അവനെ പിടിച്ച് അകത്തിടാന്‍ ഒരുമ്പെട്ടതാണ്. (മര്‍ക്കോ 3:21). പറഞ്ഞതും പ്രവര്‍ത്തിച്ചതും ജീവിച്ചതും ബദലുകളായതുകൊണ്ടു മാത്രം. കുരിശില്‍ കഴുവേറ്റപ്പെട്ടവന്‍. കാലങ്ങള്‍ കഴിയുന്തോറും അവന്‍റെ ബദലിന്‍റെ നന്മകളൊക്കെയും നാം അടര്‍ത്തിമാറ്റിക്കൊണ്ടിരിക്കുന്നു. എവിടെയും ദീപാലംകൃതമായ കണ്ണാടിച്ചുവരുകള്‍ക്കുള്ളില്‍ രൂപക്കൂടുകളില്‍ പൂട്ടിവച്ച് പ്രദര്‍ശിപ്പിക്കാന്‍ മാത്രം നാം വല്ലാതെ തത്രപ്പെടുന്നു; അവനെയും അവന്‍റെ പ്രിയപ്പെട്ട അനുയായികളെയും. തീര്‍ച്ചയായും അവര്‍ക്ക് വിശുദ്ധിയുടെ പതക്കങ്ങളും സ്ഥാനങ്ങളും നാം സദയം കല്പിച്ചു നല്കിയിട്ടുണ്ട്. പ്രഘോഷണങ്ങളുടെയും തിരുനാളുകളുടെയും ആടയാഭരണങ്ങളുടെയും വെടിക്കെട്ടുകളും (സോറി, വെടിക്കെട്ട് നിരോധിച്ചുപോയി) നാം നടത്തുന്നുണ്ട്. വേണ്ടിവന്നാല്‍ കണ്ണാടിക്കൂട് തുറന്നൊന്ന് ധൂപിച്ചേക്കാം അത്ര മതി, അതിനപ്പുറം ഇവര്‍ ഒരിക്കലും ജനമധ്യത്തിലേക്ക് പച്ചയായ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിവരാന്‍ പാടില്ല. അങ്ങനെ വരേണ്ടിവന്നാല്‍ എന്‍റെ ജീവിതത്തിനും ആഘോഷങ്ങള്‍ക്കും കപടതകള്‍ക്കും അതൊരു ഭീഷണിയും ചോദ്യവുമായി മാറില്ലേ? അതെ, ബദലുകളെ ഒക്കെ മ്യൂസിയം പീസാക്കാന്‍ നമുക്ക് അസാമാന്യകഴിവുണ്ട്. ഒരു പരിധിവരെ അക്ഷരങ്ങളിലൂടെ ഞാനും ചെയ്യുന്നത് അതു തന്നെയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ.

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് സുവിശേഷപ്രഘോഷണത്തിനു പോയ ഒരു കഥയുണ്ട്. പകലന്തിയോളം ഒരു വാക്കുപോലും ഉരിയാടാതെ അസ്സീസിയുടെ തെരുവുകളിലൂടെ ഇളംകാറ്റുപോലെ ഒഴുകി നടന്ന് തിരിച്ചുവന്നപ്പോള്‍ കൂട്ടുപോയ ലിയോയ്ക്ക് സങ്കടവും നിരാശയും സഹിക്കാനായില്ല. "സുവിശേഷപ്രഘോഷണമെന്നു പറഞ്ഞ് നിങ്ങളെന്നെ വെറുതെ വെയിലുകൊള്ളിച്ച് കോമാളിയാക്കി"യെന്ന് അയാള്‍ വഴക്കടിക്കുമ്പോള്‍, ഫ്രാന്‍സിസിന്‍റെ മറുപടി: "ലിയോ, നമ്മള്‍ സദാ സുവിശേഷം പ്രഘോഷിക്കുക. അത്യാവശ്യമെങ്കില്‍ വാക്കുകള്‍ ഉപയോഗിക്കുക." അതെ അവരെ കണ്ടവര്‍ സുവിശേഷത്തെ നേരിട്ടു കാണുകയായിരുന്നു, വാക്കുകളുടെ മറയില്ലാതെ. ഇതൊരു ബദലാണ്. നിരന്തരം നമ്മെ വെല്ലുവിളിക്കുന്ന ബദല്‍.

ഈ ലക്കത്തില്‍ അസ്സീസി ബദലുകളുടെ ദൈവശാസ്ത്ര പരിണാമങ്ങളെപ്പറ്റി അവയുടെ ചില നേര്‍സാക്ഷ്യങ്ങളെപ്പറ്റി പങ്കുവയ്ക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ ഒരു മറുപടിയുണ്ട്. ബദല്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ചില വ്യക്തികളെയും സംഘടനകളെയും നേരില്‍ക്കണ്ട് അസ്സീസിക്കായി കുറിപ്പുകള്‍ തയ്യാറാക്കാന്‍ പോയ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ കഷ്ടിച്ച് 18 തികഞ്ഞ ഒരു കൊച്ചുസുഹൃത്ത് തിരികെ വന്നപ്പോള്‍ പറഞ്ഞ ആദ്യവാചകം ഇതായിരുന്നു: "പോയതുകൊണ്ടൊരു കാര്യം മനസ്സിലായി. നമ്മളാരും ഒന്നും ചെയ്യുന്നില്ലായെന്ന്." അവരുടെ കുറിപ്പുകളൊക്കെ സ്ഥലപരിമിതികള്‍മൂലം അടുത്ത ലക്കത്തിലേക്ക് നീക്കിവച്ചിട്ടുണ്ട്. ബദലുകള്‍ എന്ന വാക്ക് ഉടലെടുക്കുമ്പോള്‍ തെളിയുന്ന ആദ്യചിത്രം അട്ടപ്പാടിയിലെ 'സാംരഗ്' ആണ്. അവിടെ നിന്നുതന്നെ കഥകള്‍ തുടങ്ങാം. കാലം കരുതിവെച്ച വഴികളെയും പാദമുദ്രകളെയും നിരന്തരം അപനിര്‍മ്മിച്ചുകൊണ്ട് ഒരു സമൂഹത്തിന്‍റെ മുറിവുകള്‍ക്ക് ഇവരെല്ലാം ഔഷധകൂട്ടുകളാവുകയാണ്. ക്രിസ്തുവിനെയും സഭയെയും സന്ന്യാസത്തെയും ഈ കണ്ണിലൂടെ വായിച്ചെടുക്കുമ്പോള്‍ മാത്രമേ വര്‍ധിച്ചുവരുന്ന അധര്‍മ്മങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും തടയിടാനാവൂ. അവിടെ മാത്രമേ സ്നേഹം പൂവിടുകയുള്ളൂ.  



ടക

0

1

Featured Posts