ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
“We all carry a night in us with fear and suspicion.”
- Jose Suresh, In the shadow of a settings sun
ഒടുങ്ങാത്ത നിസ്സഹായതകളുടെ രാവിലാണ് ദൈവം പിറക്കുന്നത്. ക്രിസ്തുവിനും ക്രിസ്തുമസ്സിനും ഇന്നും നക്ഷത്രശോഭ കൊടുക്കുന്നത് സംശയത്തിന്‍റെയും ഭയത്തിന്‍റെയും മുള്‍മുനയില്‍ നില്‍ക്കുന്ന ഈ രാവാണ്. മനുഷ്യനെ സ്വന്തമാക്കാന്‍ സ്നേഹത്തിന്‍റെ ആഴം വെളിപ്പെടുത്താന്‍ ഇരുളടഞ്ഞ ജീവിത വഴികളില്‍ പ്രകാശമാകാന്‍ ഇതിലും മനോഹരമായ വശ്യമായ മറ്റൊരു വഴി ദൈവത്തിനില്ല തന്നെ! പല അടരുകളില്‍ വ്യാപിച്ചു കിടക്കുന്ന ഈ വശ്യമനോഹര രാവിന്‍റെ കഥ പലര്‍ക്കും പലതാകുമ്പോഴും എവിടെയോ ഒരു നേര്‍ത്ത നൂലിഴ അദൃശ്യമായി അതിനെ നെയ്തെടുക്കുന്നുണ്ടെന്നു കരുതാനാണിഷ്ടം.
***
വടക്കന്‍ കേരളത്തിലെ ഒരു വിദൂര കുടിയേറ്റ ഗ്രാമത്തില്‍ ഒരു മാസത്തെ 'പ്രായോഗിക ജീവിത പരിശീലന'ത്തിനു ചെന്ന സെമിനാരി പിള്ളേരായിരുന്നു അവര്‍. പ്രായോഗിക ജീവിത പരിശീലനമെന്നുവെച്ചാല്‍ സെമിനാരിയിലെ മണികിലുക്കങ്ങള്‍ക്കനുസരിച്ചു താളബദ്ധമാക്കാന്‍ ബദ്ധപ്പെട്ടതൊക്കെ മാറ്റിവച്ച് സാധാരണ മനുഷ്യരെപ്പോലെ അവര്‍ക്കൊപ്പം പണിയെടുത്തും കാട്ടില്‍ നിന്ന് വിറകുശേഖരിച്ചും തികയാത്തത് ഭിക്ഷാംദേഹികളായി വാങ്ങിയും ജീവിക്കുക (കാരണം എന്നും പണി കിട്ടണമെന്നില്ല). അങ്ങനെയുള്ള ദിനങ്ങളൊന്നില്‍ കാട്ടില്‍ വഴിതതെറ്റിയ രണ്ടു സെമിനാരി പിള്ളേരെ വഴികാണിച്ചു കൊടുക്കാനവതരിച്ചവനായിരുന്നു കഥയിലെ നായകന്‍ 'മൊട്ട'. ചെറുപ്പത്തിലെ ഉപേക്ഷിച്ചുപോയ അപ്പനെപ്പറ്റി തെല്ലും പരാതികളില്ലാതെ തനിക്കു മാത്രം സ്വന്തമായ രോഗിണിയായ അമ്മയെ പരിചരിക്കാന്‍ കിണറുതേകലും ബോര്‍മ്മയിലെ പണിയും അതിനിടയില്‍ അല്‍പം വിനോദത്തിന് പള്ളിക്കൂടംവരെ പോകുകയും ചെയ്യുന്ന കൊച്ചു കുസൃതി. കാഴ്ചയില്‍ത്തന്നെ ആളു ജഗജില്ലിയാണ്, മരങ്ങളായ മരങ്ങള്‍ ഒരു അസാമാന്യപാടവത്തോടെ കയറിയിറങ്ങി വൈദ്യുതി എത്താത്ത സ്വന്തം കൂരയ്ക്കു മുന്നില്‍ കട്ടന്‍ ചായയുംമായി അവന്‍ നില്‍ക്കുമ്പോഴുള്ള പ്രകാശം അല്‍പം അസാമാന്യം തന്നെ. തുടര്‍ന്നുള്ള കുറച്ചുദിനങ്ങളില്‍ ആ സെമിനാരിക്കാരുടെ കളിചിരിയിലും വിനോദത്തിലും അവരുടെ അന്നത്തില്‍ പോലും ഈ പന്ത്രണ്ടു വയസ്സുകാരന്‍ 'മൊട്ട'യുടെ രുചിയുണ്ടായിരുന്നു.
ഒരു മാസത്തെ സേവനകാലഘട്ടത്തിനു ശേഷം തിരികെ സെമിനാരിയില്‍ എത്തിയവര്‍ എങ്ങനെ ഈ കൊച്ചുമിടുക്കനൊരു കൃത്യമായ വിദ്യാഭ്യാസം നല്‍കാമെന്ന് തലപുകച്ചു. ബോര്‍ഡിംഗ് സ്കൂളുകള്‍ നിര്‍ദ്ദേശിച്ച് ഒന്നില്‍ ആക്കിയെങ്കിലും തന്‍റെ ആരോരുമില്ലാത്ത അമ്മയ്ക്കിനി ആര് എന്ന അവന്‍റെ മറുചോദ്യത്തിനു മുന്‍പില്‍ എല്ലാവരും കീഴടങ്ങി. താന്‍ പഠിച്ച് ഉദ്യോഗം വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അറിയാവുന്ന പണികള്‍ എടുത്ത് അമ്മയെ നോക്കാന്‍ പറ്റുമെന്നുമുള്ള അവന്‍റെ ദൃഢനിശ്ചയത്തെ ആര്‍ക്കും എതിര്‍ക്കാനാവില്ലായിരുന്നു. തുടര്‍ന്നും അമ്മയയും മകനും തങ്ങള്‍ക്കു കിട്ടിയ പുതിയ ബന്ധുജനങ്ങളെ തേടി ഇടയ്ക്കെല്ലാം സെമിനാരിയിലെത്തി. ഡിസംബര്‍ ആദ്യവാരം അവരെ കണ്ടുമുട്ടിയപ്പോള്‍ ഒരു സ്വകാര്യംപോലെ അവന്‍ പങ്കുവച്ച വിശേഷം ഇപ്രാവശ്യം നോമ്പ് നോക്കുന്നു എന്നായിരുന്നു.
12 വയസ്സുകാരന് എന്ത് നോയമ്പ് എന്ന് ആശ്ചര്യപ്പെട്ട എന്നെ ഞെട്ടിച്ചുകൊണ്ട് അവന്‍ പറഞ്ഞത്, അവനു പ്രിയപ്പെട്ട പൊറോട്ടയും ഇറച്ചിക്കറിയും ഈ നോമ്പുകാലത്തു കഴിക്കില്ല. പകരം ആ കാശ് കുടുക്കയില്‍ ശേഖരിക്കും. (പണിയുള്ള ദിനങ്ങളില്‍ വീട്ടിലെ ചോറിനേക്കാളും മൂപ്പര്‍ക്കിഷ്ടം ഹോട്ടലിലെ പൊറോട്ടയും ഇറച്ചിക്കറിയും. അമ്മയ്ക്കു മകനെപ്പറ്റിയുള്ള ഏകപരാതിയും ഇതുമാത്രം, വീട്ടില്‍ ഉണ്ടാകുന്നത് കഴിക്കുന്നില്ല). ഇനി ഈ കാശെന്തിനാണെന്നല്ലേ.... സ്വന്തമായി ഒരു ഉണ്ണിയെ വാങ്ങാന്‍! ഉണ്ണി എന്നത് ഉണ്ണിയേശുവിന്‍റെ ഇഷ്ടംകൊണ്ടുള്ള വിളിപ്പേര്. പള്ളിയിലും അടുത്തുള്ള വീടുകളിലും പുല്‍ക്കൂടു കെട്ടുമ്പോള്‍ നമ്മുടെ 'മൊട്ട'യാണ് പ്രധാന ശില്പി. കാരണം ഈന്തിലകളും മുളയുമൊക്കെ യഥേഷ്ടം സംഭരിക്കാനും ഉപയോഗിക്കാനും അവനു നല്ല വശമാണ്. എന്നാല്‍ ഒരിക്കല്‍പോലും സ്വന്തം വീട്ടുമുറ്റത്ത് ഒരു പുല്‍ക്കൂടൊരുക്കാന്‍ അവനു കഴിഞ്ഞിട്ടില്ല. കാരണം മറ്റൊന്നുമല്ല, പുല്‍ക്കൂട്ടിലെ രൂപങ്ങളുടെ വില അവനു താങ്ങത്തില്ല. ഇപ്രാവശ്യം അവന്‍ രണ്ടും കല്പിച്ചാണ്. എങ്ങനെയെങ്കിലും ഒരു പുല്‍ക്കൂടിനുള്ള തുക സംഭരിക്കണം.
എന്നാല്‍ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് ക്രിസ്തുമസിനടുത്ത ദിനങ്ങളില്‍ അവന്‍റെ അമ്മ രോഗിണിയായി ആശുപത്രിയില്‍ അഡ്മിറ്റായി. ക്രിസ്തുമസ് പിറ്റേന്നാണവര്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായത്. തിരികെ വീട്ടിലേക്കു പോകുന്നതിനു മുന്‍പ് കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ എത്തിയതിന്‍റെ നന്ദി പറയാന്‍ അവര്‍ സെമിനാരിയിലെത്തി. ഉച്ചഭക്ഷണത്തിനുശേഷം തിരികെപോകാനൊരുങ്ങിയ അമ്മയോടും മകനോടും അവിടെ നില്‍ക്കാനാവശ്യപ്പെട്ട് അവനൊരു സമ്മാനം എടുക്കാനായി ഞാന്‍ മുറിയിലേക്കോടി. മുറിയിലെത്തിയ എന്‍റെ കൈയ്യില്‍ ആദ്യം തടഞ്ഞത് അനുവാദമില്ലാതെ കൈയ്യില്‍ സൂക്ഷിച്ചിരുന്ന രണ്ടു നൂറുരൂപാനോട്ടുകളായിരുന്നു. എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രം മാറ്റിവച്ച കാശ്. അതുമുഴുവന്‍ കൈയിലെടുത്ത് ചുരുട്ടിപ്പിടിച്ചു. രണ്ടുകാരണങ്ങള്‍ ഉണ്ടതിന്, ഒന്ന് റെക്ടറച്ചന്‍ അറിയാന്‍ പാടില്ല, അറിഞ്ഞാല്‍ അനുവാദമില്ലാതെ പണം സൂക്ഷിച്ചതിന് വഴക്കു കിട്ടും. രണ്ട് അവനിതു കൊടുക്കുന്നതാരും കാണണ്ട. കാഴ്ച മുറിയില്‍ പ്രതീക്ഷയോടെ നിന്നവന്‍റെ കരങ്ങളിലേക്ക് ഞാന്‍ ഈ രണ്ടുനോട്ടും നല്‍കി. സമ്മാനമായി ആ കുഞ്ഞ് പ്രതീക്ഷിച്ചിരിക്കുക കൊന്തയോ, പുസ്തകമോ മറ്റോ. ആ നിരാശയാലാവണം അവന്‍ ചോദിച്ചു എന്താ ഇത്? എന്‍റെ മണ്ടത്തരത്തിനു ഞാന്‍ പറഞ്ഞു, 'നീ ഇത്തവണ നോമ്പു നോറ്റു ശേഖരിച്ച തുക ആശുപത്രിയില്‍ ചിലവായി എന്നെനിക്കറിയാം. അങ്ങാടിയില്‍ നിന്ന് ഉണ്ണിയെ വില്‍ക്കുന്നവര്‍ ഇപ്പോഴും പോയിട്ടില്ല. എന്തായാലും ഇപ്പോള്‍ ഇവിടെനിന്ന് പോകുംവഴി നിനക്ക് വില കുറച്ച് ഒരുണ്ണീശോയെ സ്വന്തമാക്കാം. അടുത്തുവര്‍ഷം എന്താണു സംഭവിക്കുക എന്നു നമുക്കറിയില്ലല്ലോ. അതുകൊണ്ട് ഇപ്പോള്‍ തന്നെ വാങ്ങിക്കോ." വളരെ രൂക്ഷമായി എന്‍റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടവന്‍ പറഞ്ഞതും കരഞ്ഞതും ഒന്നിച്ചായിരുന്നു. "എനിക്കിതു വേണ്ട, നിങ്ങളുടെ കാശു കൊണ്ടുവാങ്ങിയാല്‍ ഒരിക്കലും അതെന്‍റെയുണ്ണിയാവില്ല!' എന്‍റെ ഉണ്ണിയെ എനിക്ക് എന്‍റെ കാശുകൊണ്ടു വാങ്ങണം'. പൊടുന്നനെ ആ നോട്ടുകള്‍ മേശപ്പുറത്തിട്ട് കരഞ്ഞുവീര്‍ത്ത മുഖവുമായി അവന്‍ അവിടംവിട്ടു.
***
അങ്ങനെ മറ്റാരുടെയും കാശിന് എനിക്കൊരു ക്രിസ്തുവിനെ സ്വന്തമാക്കാനാവില്ല. അവന്‍റെ കരഞ്ഞ കണ്ണുകളുടെ ഓര്‍മ്മകളില്ലാതെ ഒരു പുല്‍ക്കൂടും ഇനി എനിക്ക് ക്രിസ്തുവിനെ സമ്മാനിക്കില്ല. എന്‍റെ നിസ്സഹായരാവുകളെ ഭയത്തിന്‍റെയും സംശയത്തിന്‍റെയും നിഴലില്‍ വീണ്ടും ഉറപ്പിക്കാനാണോ മോചിപ്പിക്കാനാണോ ക്രിസ്തുവരികയെന്ന് ഇന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്രമാത്രം അവനെ കാലവും ആചാരവും മതവും അടര്‍ത്തി മാറ്റിയിട്ടുണ്ട് (മത്താ. 1:20). മതം സംസ്കാരം ആചാരം വിദ്യാഭ്യാസം എന്നീ മേഖലകളിലെ നവചിന്താധാരയുമായി കേരള ജനതയുടെ ചരിത്രാവബോധത്തെ നിരന്തരമുണര്‍ത്തുന്ന സുനില്‍ പി. ഇളയിടം ഈ ലക്കത്തില്‍ അസ്സീസിക്കായി തന്‍റെ ചിന്തകളെ പങ്കുവയ്ക്കുന്നു. ദൈവം സ്നേഹമായതിനെ തിരികെ പിടിക്കാന്‍ കുഞ്ഞിന്‍റെ നൈര്‍മ്മല്യത്തെ വീണ്ടെടുക്കാന്‍ പുല്‍തൊട്ടിയില്‍ പിറന്നവന്‍ വരം തരട്ടെ! ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍...