ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായ ഫ്രാന്സിസ് തന്റെയുള്ളിലെ ക്രിസ്തുവിനെ അറിഞ്ഞപ്പോള് ഉടുതുണി പോലും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങി. ക്രിസ്തു സ്വന്തമാകണമെങ്കില് വീടും വീടിന്റെ സുരക്ഷിതത്വവും അടക്കം എല്ലാം ഉപേക്ഷിക്കണം.
ക്രിസ്തു സ്വന്തമാകുന്നവന് സ്വന്തമായി ഒന്നുമാവിശ്യമില്ല. ക്രിസ്തുവാല് പൊതിയപ്പെടുന്നവനില് മറ്റൊരാഗ്രഹവും അവശേഷിക്കുന്നില്ല. ക്രിസ്തുവില് അവന് തൃപ്തനാണ് പൂര്ണനാണ്.
ക്രിസ്തുവില് എല്ലാം നിറവേറ്റപ്പെടുന്നുവെന്ന് അവന് അറിയുന്നു.
തകര്ന്നു കിടക്കുന്ന ദേവാലയം പുതുക്കി പണിയുക എന്ന ദൈവസ്വരം ശ്രവിച്ച ഫ്രാന്സിസ് സാന്ഡാമിയാനോ ദേവാലയം സ്വകരങ്ങളാല് നവീകരിക്കാന് ശ്രമം തുടങ്ങി. പിന്നീട് തിരിച്ച റിവിന്റെ വെളിച്ചത്തില് സ്വയം പൊളിച്ചെഴുതി' അതു വഴി സഭയെ പുതുക്കി. സ്വയം നവീകരണ ത്തില് ജീവിതം വഴി തിരിയുന്നു. അവിടെ പുതിയ ആകാശവും പുതിയ ഭൂമിയും പിറക്കുന്നു. യേശു വാഗ്ദാനം ചെയ്ത ദൈവരാജ്യത്തില് ഒരു വന് വീണ്ടും പിറക്കുന്നു.
ശരീരത്തിന്റെ ആഗ്രഹങ്ങള്ക്ക് പിന്നാലെ പായുന്നവന് ശരീരത്തിന്റെ അടിമയാകുന്നു. ഫ്രാന്സിസിന് ശരീരം സഹോദരന് കഴുതയായി രുന്നു. നൈമിഷിക സുഖങ്ങള് ശാശ്വത സത്യ ത്തെ മറച്ചു കളയുന്നു എന്ന് ഫ്രാന്സിസ് അറി ഞ്ഞു. സ്വാദിഷ്ട ഭക്ഷണത്തില് ചാരം വിതറി കഴി ച്ചു. പലപ്പോഴും ഭക്ഷണവും വെള്ളവും പോലും ശരീരത്തിന് നിഷേധിച്ചു. ശരീരത്തിന്റെ പരിമിതി കള് മറികടക്കാന് ഫ്രാന്സിസ് നിരന്തരം ശ്രമിച്ചു.
നാട്യങ്ങളില്ലാതെ ജീവിക്കാന് കഴിയാത്തവരാണ് മനുഷ്യര്. ആസക്തികളും ആഗ്രഹങ്ങളും അസൂയയും അഹങ്കാരവും സ്വാര്ത്ഥതയും പകയും നമ്മെ നമ്മില് നിന്ന് സത്യത്തില് നിന്ന് ക്രിസ്തുവില് നിന്ന് അകറ്റുന്നു.
ഫ്രാന്സിസിനെ പിന്പറ്റാനാവും എന്ന് വിശ്വ സിച്ചിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ ഫ്രാന് സിസ് ഇന്നും അപ്രാപ്യനായി തന്നെ നില്ക്കുന്നു. അങ്ങകലെ അങ്ങുയരെ...
സാഹോദര്യത്താല് ഫ്രാന്സിസ്കന് ആത്മീയത ലോകത്തിന് വഴികാട്ടിയാവുന്നു. സൂര്യനും ചന്ദ്രനും നക്ഷത്ര ജാലങ്ങളും മണ്ണും വെള്ളവും സസ്യജന്തുജാലങ്ങള് സര്വവും സഹോദരങ്ങള്. പ്രപഞ്ച സാഹോദര്യത്തിന്റെ പ്രഖ്യാപനമാണ് ഫ്രാന്സിസിന്റെ പ്രഖ്യാതമായ സൂര്യ കീര്ത്തനം.
സഹജീവനമാണ് ഫ്രാന്സിസ്കന് മാതൃക. അക്രമകാരിയായ ചെന്നായ ഫ്രാന്സീസിന് സഹ ജീവിയായിരുന്നു. മോഷ്ടിക്കാന് വന്നവന് സഹോ ദരനായിരുന്നു. അവന്റെ വിശപ്പകറ്റാന് ഭക്ഷണവു മായി പിറകേ പോകാതിരിക്കാന് അവനാവുമായിരുന്നില്ല.
വിശന്നു കരഞ്ഞ സഹോദരനു ഭക്ഷണമൊരു ക്കാന് അവന് സന്യാസനിയമങ്ങള് തടസമായില്ല.
തൊലിപ്പുറത്തെ കുഷ്ഠം സഹോദരനെ ആലിം ഗനം ചെയ്യാതിരിക്കാന് അറപ്പിന് കാരണമായില്ല.
ഫ്രാന്സിസ്കന് സന്യാസ സമൂഹത്തിന്റെ സാഹോദര്യജീവിതം അനുകരണീയമാണ്. പ്രായഭേദമന്യേ സഹോദരങ്ങള് തമ്മില് തമാശകള് പറഞ്ഞും, കുശലം അന്വേഷിച്ചും, രക്തബന്ധങ്ങളെക്കാളും സാഹോദര്യം സൃഷ്ടിച്ചു. നാട്യങ്ങളില്ലാതെ ജീവിക്കാന് ശ്രമിക്കുന്നവര്. പരിമിതികളും ബലഹീതനകളുമുള്ള മനുഷ്യര് എളിമയിലും, പരസ്പര ബഹുമാനത്തിലും കൂടെ ജീവിക്കുന്നവരെ മനസ്സിലാക്കിയും, ശാന്തമായി പരസ്പരം പ്രോത്സാഹിപ്പിച്ചും ഒരേ തോണിയില് യാത്ര ചെയ്യുന്നു.
കുടുംബങ്ങളിലും, സമൂഹങ്ങളിലും സാഹോദര്യത്തിന് പ്രസക്തി കുറഞ്ഞ് വരുന്ന കാലഘട്ടത്തില് യുദ്ധങ്ങളും അസമാധാനവും ഭയപ്പെടുത്തുന്ന സാഹചര്യത്തില് ഫ്രാന്സിസ്കന് ജീവിതശൈലിക്ക് സമൂഹങ്ങളെ പ്രചോദിപ്പിക്കാനാവും. ഫ്രാന്സീസ് അസ്സീസി തന്റെ ജീവിതംകൊണ്ടു മുന്നോട്ടു കൊണ്ടുവയ്ക്കുന്ന സമാധാനവും, സാഹോദര്യവും ഏറെ ചര്ച്ച ചെയ്യപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു. ലോകം മുഴുവന് സമാധാനവും, മനുഷ്യര് തമ്മിലും പ്രകൃതിയോടും സഹോദരതുല്യം ജീവിക്കാന് കഴിയട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു. ആഗ്രഹിക്കുന്നു.
ഫ്രാന്സീസിനെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം തോന്നുന്നത് ഇപ്പോള് ആയിരിക്കുന്ന അവസ്ഥയില് നിന്ന് എത്തിച്ചേരേണ്ട ദൂരമാണ് ഫ്രാന്സീസ്. ഒരു മനുഷ്യന് ആഗ്രഹിക്കേണ്ട, ജീവിക്കേണ്ട ജീവിതം.