top of page

കൈ ചൂണ്ടരുത്

May 1, 2012

2 min read

ഷക
Finger pointing at you image.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ 'ചിദംബരസ്മരണകളി'ല്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. വിയറ്റ്നാം ജനത അമേരിക്കക്കെതിരായി നടത്തിയ യുദ്ധത്തിന്‍റെ കോള്‍മയിര്‍ കൊള്ളിക്കുന്ന ചരിത്രം തന്‍റെ വീട്ടിലിരുന്ന് വായിക്കുകയാണ് അയാള്‍. ആ ഐതിഹാസിക യുദ്ധത്തിന്‍റെ വിവരണം അയാളെ ഒരു സ്വപ്നലോകത്തിലാക്കുന്നു. പാവപ്പെട്ടവരുടെ പോരാട്ടങ്ങളില്‍ താന്‍ പങ്കെടുക്കുന്നത് അയാള്‍ സ്വപ്നം കാണുന്നു. അങ്ങനെയിരിക്കെ അതാ വാതില്‍ക്കല്‍ ഒരു മുട്ട്. തുറന്നുനോക്കിയപ്പോള്‍ വീടുവീടാന്തരം കയറിയിറങ്ങി സാധനങ്ങള്‍ വില്‍ക്കുന്ന ഒരു പാവം പെണ്‍കുട്ടി. വീട്ടിലേക്ക് അവളെ വിളിച്ചുകയറ്റിയ അയാള്‍, പെട്ടെന്നു മൃഗമാകുകയാണ്. ഒരു നിമിഷം ഞെട്ടിത്തരിച്ചുപോയ അവള്‍ ഉടന്‍ ഇറങ്ങിയോടുകയായിരുന്നു. പിന്നീട് ലോകം മുഴുവന്‍ വായിക്കാനായി അയാള്‍ കണ്ണുനീരില്‍ എഴുതിയിട്ടു: ഇവള്‍ക്കുവേണ്ടിക്കൂടി ജീവിക്കണമെന്നാണല്ലോ ദൈവമേ രണ്ടുമിനിട്ടു മുന്‍പ് ഞാന്‍ തീരുമാനിച്ചുറച്ചത്! ഇത് ഏതൊരു മനുഷ്യന്‍റെയും കഥയാണ്. ഒരുവേള ദൈവത്തെപ്പോലെ പെരുമാറുന്നവന്‍ വേറൊരു വേള പൈശാചികതയിലേക്കു കൂപ്പുകുത്തുന്നു. ധീരതയ്ക്കു പേരുകേട്ട ഒരു ഇന്ത്യന്‍ കപ്പിത്താന്‍, മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍നിന്നു ചാടി രക്ഷപ്പെടാന്‍ തുടങ്ങിയ ഒരു സ്ത്രീയുടെ കൈയില്‍നിന്നു ലൈഫ്ജാക്കറ്റ് തട്ടിപ്പറിച്ച് സ്വയം രക്ഷപെട്ടതായി വായിച്ചതോര്‍ക്കുന്നു. പാറയെന്നു പേരുകേട്ട പത്രോസ് പിന്നീട് ഒരു വേലക്കാരിയുടെ മുമ്പില്‍ ഞാങ്ങണപോലെയാടുന്നുണ്ട്. സ്വര്‍ഗത്തിന്‍റെപോലും ദര്‍ശനം കിട്ടിയെന്നവകാശപ്പെട്ട പൗലോസ് പിന്നീട് ശരീരത്തിലെ ഒരു മുള്ളിനാല്‍ വല്ലാതെ വലയുന്നുണ്ട്. മൈക്കിന്‍റെ മുന്‍പില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഞാന്‍, ആളുകള്‍ മൂക്കത്തു വിരല്‍വച്ചു പോകുന്ന വികാരങ്ങളിലും വിചാരങ്ങളിലുംപെട്ട് വല്ലാതെ വിളറുന്നുണ്ട്.

പെട്ടെന്നുടഞ്ഞുപോകുന്ന മണ്‍പാത്രങ്ങളാണു മനുഷ്യരൊക്കെയും. പക്ഷേ ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്തു പറയേണ്ട മറ്റൊന്നുകൂടിയുണ്ട്: ഓരോ മണ്‍പാത്രവും ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട് ഒരു നിധി. ക്രൂരതയുടെ പര്യായങ്ങളായി ചരിത്രം രേഖപ്പെടുത്തുന്ന ചുരുക്കം ചില ഭരണാധികാരികളൊഴികെ, നമ്മള്‍ കണ്ടുമുട്ടുന്ന സാധാരണക്കാരൊക്കെ ഏതൊക്കെയോ വിധത്തില്‍ വിശുദ്ധിയുടെ വിളനിലങ്ങളല്ലേ? തലയോട്ടി കൈയിലെടുത്ത് മരണാനന്തരജീവിതത്തെക്കുറിച്ചു ധ്യാനിച്ചിരിക്കുന്നതാണു വിശുദ്ധിയെന്ന കണിശമായ നിര്‍വചനം സൃഷ്ടിച്ച്, പ്രഘോഷിച്ചു നടക്കുന്നവര്‍ ഇക്കാര്യം അംഗീകരിച്ചേക്കില്ല. ബൈബിള്‍ പക്ഷേ വിശുദ്ധിക്കു വാര്‍പ്പുമാതൃകകളൊന്നും തീര്‍ക്കുന്നില്ലെന്നതാണു സത്യം. കോപംകൊണ്ടു ജ്വലിച്ച മോശയും വല്ലാതെ ഇടറിപ്പോയ ദാവീദും വേശ്യയായിരുന്ന റാഹാബുമൊക്കെ ദൈവത്തിന്‍റെ ഇടപെടലുകള്‍ക്കുള്ള മാധ്യമങ്ങളായിരുന്നല്ലോ. ഇയാള്‍ അശുദ്ധനെന്നും അയാള്‍ വിശുദ്ധനെന്നും എങ്ങനെയാണു തരംതിരിക്കാനാകുക? മദര്‍ തെരേസ ദൈവത്തിന്‍റെ കൈയിലെ ഉപകരണമായിരുന്നു എന്നതിനെക്കുറിച്ച് തര്‍ക്കമില്ലതന്നെ. പക്ഷേ ഡയാന രാജകുമാരിയോ? കുഴിബോംബുകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതില്‍ അവര്‍ നടത്തിയ ഇടപെടലുകള്‍ ഏവര്‍ക്കും അറിവുള്ളതാണ്. പക്ഷേ അവരുടെ സൗന്ദര്യത്തിന്‍റെയും വസ്ത്രത്തിന്‍റെയും വൈയക്തിക ജീവിതത്തിലെ ചില തീരുമാനങ്ങളുടെയും പേരില്‍ അവരെക്കുറിച്ചുള്ള വിധിതീര്‍പ്പുകള്‍ ഇവിടെ നടത്തപ്പെട്ടുകഴിഞ്ഞു. സാനിയ മിര്‍സായുടെ ടെന്നീസ് കളി കാണാതെ, അവര്‍ ധരിച്ച വസ്ത്രത്തിന്‍റെ പേരില്‍ വിമര്‍ശിച്ചവരുണ്ട് നമ്മുടെ നാട്ടില്‍. ഇതിനു സമാനമായ ഉപരിപ്ലവത വിശുദ്ധിയെയും അശുദ്ധിയെയും നിര്‍വചിക്കുന്നതില്‍ മാനദണ്ഡമാകുന്നുണ്ട് എന്നതല്ലേ വസ്തുത?

സുവിശേഷങ്ങള്‍ അങ്ങേയറ്റം അസഹിഷ്ണുതയോടെ കാണുന്ന ഒരു കാര്യം അപരനെതിരായി നടത്തുന്ന വിധിതീര്‍പ്പുകളാണ്. 'കൊതുകിനെ അരിച്ചു നീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന' മാര്‍ഗ്ഗദര്‍ശികളെ ക്രിസ്തു പരിഹസിച്ചു തള്ളി. അങ്ങനെയവന്‍ 'പാപികളുടെ കൂട്ടുകാരന്‍' എന്നു വിളിക്കപ്പെട്ടു. മതം പുറത്തുനിര്‍ത്തിയവരെ അവന്‍ തന്‍റെ രാജ്യത്തിലാക്കി; മതം അകത്തെന്നു നിര്‍ണയിച്ചവരെ അവന്‍ പുറത്തുമാക്കി. വിശുദ്ധിയുടെ മാതൃകയായി മതം പ്രതിഷ്ഠിച്ച ഒരാള്‍പോലും അവന്‍റെ ഉപമകളിലൊന്നില്‍പ്പോലും മാതൃകയാകുന്നില്ല. പുതിയനിയമത്തിലെ ദൈവം കൈചൂണ്ടിനില്‍ക്കുന്ന മൂത്തപുത്രന്‍റേതല്ല, കൈകൂപ്പിനില്‍ക്കുന്ന ഇളയപുത്രന്‍റേതാണ്. ധൂമപടലങ്ങള്‍ക്കുള്ളില്‍ കഴിയുന്ന ആബേലല്ല, കൈകള്‍ പങ്കിലമായ കായേനാണു അവന്‍റെ ഊട്ടുമേശയിലെ പങ്കാളി. ദോസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' എന്ന നോവലില്‍ റസ്ക്കല്‍നിക്കോവ് എന്ന കൊലയാളിയും അയാളുടെ കാമുകിയും വേശ്യയുമായ സോണിയായും അവളുടെ മുറിയില്‍ ഒരുമിച്ചിരുന്നു ലാസറിനെ ഉയിര്‍പ്പിച്ച സുവിശേഷഭാഗം വായിക്കുന്ന ഒരു രംഗമുണ്ട്. അവരുടേതു കൂടിയാണു ക്രിസ്തു. അവര്‍ക്കുമുണ്ട് അവന്‍റെ നെഞ്ചിലിടം.

സദാചാരത്തെ സംബന്ധിച്ചു കണിശമായ വിധിതീര്‍പ്പുകള്‍ കൊണ്ടുനടക്കുന്ന നാടാണ് കേരളം. അവയോടു പൊരുത്തപ്പെടാത്തവരെ തമസ്കരിച്ചുകളയുകയാണ് മാധ്യമങ്ങള്‍. ഗാന്ധിയുടെയും നെഹ്റുവിന്‍റേയും വിവാഹേതരബന്ധങ്ങളെക്കുറിച്ചുള്ള കഥകള്‍ക്ക് ഇന്നാട്ടില്‍ ഇനിയും പഞ്ഞമില്ല. ലൈംഗികസംബന്ധിയായ ഏതെങ്കിലും കേസിലകപ്പെട്ടവരെ ഈച്ചകണക്കെ പൊതിയുകയാണ് നാട്ടുകാരും മാധ്യമങ്ങളും. ഒരിക്കലും ഉയര്‍ത്താനാവാത്തവിധം അവരുടെ ശിരസ്സു നാം താഴ്ത്തിക്കുകയാണ്. അവരെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും പറഞ്ഞ് ഒരേ സമയം മേനി നടിക്കുകയും ഏതോ സുഖമനുഭവിക്കുകയുമാണു നാം. ഒരുപാടു കാപട്യമുണ്ട് ഇത്തരം വിധിതീര്‍പ്പുകള്‍ക്കു പിന്നിലെന്നതാണു വസ്തുത. 'അപവാദ'കേസുകളില്‍ കുടുങ്ങിയവരെക്കുറിച്ച് ഊട്ടുമുറിയിലിരുന്നു വിമര്‍ശിച്ചിട്ട്, കിടപ്പുമുറിയിലിരുന്ന് അശ്ലീലം ആസ്വദിക്കുന്നു. ട്രെയിനിലെ കുളിമുറി ഭിത്തിയില്‍ അസഭ്യം എഴുതിവച്ചിട്ട് ജീന്‍സിട്ട പെണ്‍കുട്ടിക്കെതിരേ കൈ ചൂണ്ടുന്നു. ഇന്ത്യന്‍ സിനിമകളിലെ ആഭാസനൃത്തങ്ങള്‍ ആവോളം കണ്ടിട്ട്, പാര്‍ക്കിലിരുന്നു പ്രണയിക്കുന്ന വെള്ളക്കാരെ നോക്കി പുച്ഛിക്കുന്നു.

ഇന്നതു ശരിയെന്നും ഇന്നതു തെറ്റെന്നും ഇത്ര കാര്‍ക്കശ്യത്തോടെ നിര്‍വചിക്കാന്‍ ആരുടെ കൈയിലാണ് വ്യക്തമായ മാനദണ്ഡമുള്ളത്? അപരന്‍റെ നേര്‍ക്കു കൈചൂണ്ടാന്‍മാത്രം ബലമുള്ള, ഒരിക്കലും ഇടറാത്തവരായി ആരാണിവിടെ ഉള്ളത്? ഒന്നോര്‍ത്താല്‍ അതിശയം തോന്നുന്നു: ഒരുപാട് ഇടറുന്ന നാം പാപപുണ്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണകള്‍ പുലര്‍ത്തുകയും അവയുടെ അടിസ്ഥാനത്തില്‍ വിധിതീര്‍പ്പുകള്‍ നടത്തുകയും ചെയ്യുന്നു. പക്ഷേ ക്രിസ്തുവാകട്ടെ അത്തരം നിര്‍വചനങ്ങള്‍ കൊടുക്കുകയോ, വിധിപ്രസ്താവങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. അവന്‍ കൈചൂണ്ടിയത് പാപിനിയുടെ നേര്‍ക്കല്ല, അവളെ പിടിച്ചുകൊണ്ടു വന്നവരുടെനേര്‍ക്കാണ്. നോമ്പുകാലത്തു കോഴിസൂപ്പു കുടിച്ചതു പരസ്യമായി പറഞ്ഞ ഫ്രാന്‍സിസിനെപ്പോലെയോ, തന്‍റെ ഇടര്‍ച്ചകള്‍ എഴുതിവച്ച ഗാന്ധിയെപ്പോലെയോ, കൂടെ ശയിച്ച സ്ത്രീയുടെ തോളില്‍ കൈയിട്ടു നടന്ന ജോണ്‍ എബ്രഹാമിനെപ്പോലെയോ സുതാര്യമായ ജീവിതത്തിനു നമ്മില്‍ പലര്‍ക്കും ധൈര്യമില്ലായിരിക്കാം. പക്ഷേ സ്വന്തം ഇടര്‍ച്ചകളെ ഓര്‍ത്തിട്ടെങ്കിലും അപരന്‍റെ ഇടര്‍ച്ചയുടെ മുമ്പില്‍ കുറച്ചുകൂടി ആദരവോടെ തീര്‍ച്ചയായും നമുക്കു നില്‍ക്കേണ്ടതുണ്ട്.

ഷക

0

1

Featured Posts