top of page

കുട്ടികളുടെ മനസ്സ്.....

Jan 6, 2018

2 min read

ടക
children

“Child is the father of man”

- My Heart Leaps up

William Wordsworth

പ്രതീക്ഷകള്‍ തിരയൊടുങ്ങിയ ഇരവിനു ശേഷവും മാരിവില്ലിന്‍റെ വര്‍ണപ്രപഞ്ചത്തിലേക്ക് ഹൃദയത്തെ ഉണര്‍ത്താന്‍ ഇനി കഴിയുക ഒരു ശിശുവിനു മാത്രം, കുറഞ്ഞപക്ഷം ഒരു ശിശുവിന്‍റെ ഹൃദയം സ്വന്തമാക്കിയവര്‍ക്കു മാത്രം. 1802 മാര്‍ച്ച് 26ന് വില്യം വേര്‍ഡ്സ്വര്‍ത്ത് ഗ്രാസ്മിയറിലെ 'ഡവ് കോട്ടേജില്‍' വച്ച് My Heart Leaps up എന്ന പദ്യം മുപ്പത്തിരണ്ടാം വയസ്സില്‍ കുറിക്കുമ്പോള്‍ സാക്ഷിയായി ഒരു മഴവില്ലും സഹോദരി ഡൊറോത്തിയും ഉണ്ടായിരുന്നു. ശൈശവ കാല ഓര്‍മകളില്‍ ഊളിയിട്ട് കുറിച്ച ഈ പദ്യം അടുത്ത ദിവസത്തെOde: Intimations of immortalityഎന്ന ബാല്യകാലവിചിന്തനങ്ങളുടെ കാവ്യത്തിനു വഴിമരുന്നിടുകയാണ്. 

കലയിലും സാഹിത്യത്തിലും സുവിശേഷത്തിലും തിരികെയെത്താന്‍ ബാല്യത്തിന്‍റെ ആദി നിഷ്കളങ്കതയില്‍ നിന്ന് കാലഘട്ടത്തെ അഭിമുഖീകരിക്കാന്‍ ആഹ്വാനങ്ങളും ആവേശങ്ങളും ഇടതടവില്ലാതെ മുഴങ്ങുമ്പോഴും അതൊക്കെയും ചിലമ്പിച്ച സ്വരങ്ങളായി അലോസരപ്പെടുത്തി ഇല്ലാതാവുകയാണ് പതിവ്. പതിവുകള്‍ തെറ്റുന്നതപൂര്‍വ്വം മാത്രം. 

കുറച്ചുനാളുകള്‍ക്കു മുന്‍പ് കൗമാരക്കാരുടെ ഒരു ക്യാമ്പ് നടക്കുകയാണ്. ക്യാമ്പിന്‍റെ ദിനങ്ങളിലൊന്നില്‍ ഭക്ഷണം പാഴാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കത്തിനൊടുവില്‍ കുട്ടികളുടെ മനസ്സൊന്നു നൊന്തു. ആ വേദന പതുക്കെ അവര്‍ ഒരു ഉപവാസ സമരത്തിലേക്ക് എത്തിച്ചു. കുട്ടികളുടെ മനശ്ശാസ്ത്രം നന്നായി അറിയാവുന്ന കോര്‍ഡിനേറ്റ്ഴ്സ് കുട്ടികളെ അവരുടെ വഴിക്കുതന്നെ വിട്ടു. സമരം കൊഴുക്കുകയാണ്. കൂട്ടത്തില്‍ ഏറ്റവും ഇളയവന് നന്നായി വിശക്കുന്നു. തിരികെപ്പോരാന്‍ തുടങ്ങിയ അവനോടൊപ്പം കൂടാനും സമരം അവസാനിപ്പിക്കാനും മുക്കാല്‍ പങ്കും തയ്യാറായി. എന്നാലും മൂന്നാലുപേര്‍ തികഞ്ഞ വാശിയിലാണ്. അതുകൊണ്ടുതന്നെ അവരുടെ വാശി കെട്ടടങ്ങുന്നതുവരെ സമരം എല്ലാവരും തുടര്‍ന്നു. ഇവിടെ എന്നെ അദ്ഭുതപ്പെടുത്തിയത് ഭൂരിഭാഗം കുട്ടികളും തിരിച്ചുവരാന്‍ മനസ്സായിട്ടും അവരുടെ നിലപാടുകള്‍ മൂന്നാലുപേര്‍ക്കുവേണ്ടി മാത്രമായി അവര്‍ മാറ്റിവച്ചു എന്നതാണ്. സ്വാഭാവികമായും കുട്ടികള്‍ക്ക് ഏത്, എന്തിന് പ്രാമുഖ്യം കൊടുക്കണം എന്നറിയാത്തതിനാല്‍ ആണ് എന്നാവും ഭൂരിപക്ഷാഭിപ്രായം. അതിനാല്‍ തന്നെ അവരെ തിന്മയ്ക്കൊപ്പമല്ല, നന്മയ്ക്കൊപ്പം നിലകൊള്ളാന്‍ പഠിപ്പിക്കണം എന്ന ഗുണപാഠവും മുതിര്‍ന്നവരില്‍ നിന്നും ആവശ്യത്തിനു കിട്ടും.

പക്ഷേ ഒന്ന് മാറിനിന്ന് അവരുടെ പാദുകങ്ങളില്‍ നിന്ന് ഒന്നു നോക്കുക. വാശിയില്‍ തുടരുന്ന മൂന്നാലുപേരെ ഒഴിവാക്കി ഭൂരിഭാഗം കുട്ടികളും സമരം അവസാനിപ്പിച്ചാല്‍ കോര്‍ഡിനേറ്റേഴ്സിന്‍റെ മുന്‍പില്‍ അവര്‍ മിടുക്കരും സമരത്തില്‍ തുടരുന്നവര്‍ മോശക്കാരുമാകും. തങ്ങളില്‍ കുറച്ചുപേരെ ഒറ്റപ്പെടുത്തുക എന്നത് അവര്‍ക്ക് താങ്ങാനാവാത്തതാണ്. മോശക്കാരാകുകയാണെങ്കില്‍ ഞങ്ങളെല്ലാവരും ഒരുമിച്ച്, നല്ലവരാകാനാണെങ്കിലും അങ്ങനെതന്നെ. ഇതാണ് കുട്ടികളുടെ മനസ്സ്. അതെ, മനുഷ്യന്‍ ഇനി പഠിക്കേണ്ടത് ഈ കുട്ടികളില്‍ നിന്നാണ്. 

മുതിര്‍ന്നവരുടെ ജാഗരണത്തിന്‍റെ കാലം കഴിയാറായിരിക്കുന്നു. മുതിര്‍ന്നവരോടിനി പറയേണ്ടതില്ല എന്നുപോലും തോന്നിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ നീങ്ങുക. ലോകചരിത്രത്തില്‍ ഇനി മാറ്റങ്ങള്‍ക്കും ക്രിയാത്മകതയ്ക്കും നന്മകള്‍ക്കും അടിസ്ഥാനമാകേണ്ടത് ഹൃദയനൈര്‍മ്മല്യത്തിനും ആത്മവിശുദ്ധിയുമാണ്. കാലത്തിന്‍റെ ചുവരെഴുത്തുകളെ കുഞ്ഞുങ്ങള്‍ക്കുതകുംവിധം വ്യാഖ്യാനിക്കാന്‍ ഇനി നാം പഠിക്കേണ്ടിയിരിക്കുന്നു. വരുംകാലങ്ങളില്‍ അങ്ങനെ ചില നന്മകളുടെ സുകൃതം നമ്മുടെ കൊച്ചുകേരളത്തിലും ഉണ്ടാവും എന്നത് ദൈവരാജ്യപ്രഘോഷണത്തിന്‍റെ മുന്‍പേറായി കുറിക്കാം. 

ഈ പ്രാവശ്യം അസ്സീസിയുടെ താളുകളില്‍ കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ചില വ്യക്തികളെയും അവരുടെ സംഘടിതപ്രവര്‍ത്തനമേഖലകളെയും പരിചയപ്പെടാം. ഔപചാരികതകളുടെ മാമൂലുകളില്ലാതെ ആമി, വീണ മരുതൂര്‍, സബ്ന എന്നിവരൊക്കെ പങ്കുവയ്ക്കുന്ന കഥകള്‍ പലതും അപൂര്‍ണങ്ങള്‍ തന്നെയാണ്. ഉള്ളിലെ ആഹ്ലാദവും സംതൃപ്തിയും അക്ഷരത്തില്‍ അടയാളപ്പെടുത്താനുള്ള ക്ഷമയോ നേരമോ പലപ്പോഴും ഇവര്‍ക്ക് ലഭിക്കാറില്ല. അതിലുപരി അക്ഷരങ്ങള്‍ക്കും മീതെയാണ് പല അനുഭവങ്ങളും നിലകൊളളുക. അതേ, പുതുവര്‍ഷത്തില്‍ പ്രതീക്ഷകളൊക്കെയും ഇനി കുട്ടികളിലാണെന്നാണിവര്‍ പറയുകയാണ്. കുട്ടികളും അവരുടെ അനുഭവങ്ങളുടെ ലോകവും സമ്മാനിക്കുന്ന കഥകള്‍ കോറിയിടാന്‍ കടലാസിനേക്കാള്‍ നല്ലത് ഹൃദയമാണെന്ന തിരിച്ചറിവോടെ തന്നെ ചില കഥകള്‍ ഇവിടെ അവതരിപ്പിക്കുകയാണ്. 

"നിങ്ങളുടെ സ്വപ്നങ്ങള്‍ ഒരിക്കലും നിങ്ങളുടെ കുട്ടികള്‍ക്കു നല്കരുത് പകരം അവരുടെ സ്വപ്നങ്ങള്‍ നിങ്ങളുടേതാക്കി മാറ്റുക" എന്ന് ജിബ്രാന്‍ പറയുമ്പോള്‍ ദയവായി പരിഹസിക്കാതിരിക്കുക. കാരണം നമ്മള്‍ മുതിര്‍ന്നവരുടെ  മാത്സര്യമോ അഹന്തയോ സ്വാര്‍ത്ഥതയോ ലവലേശം തീണ്ടാത്ത കുഞ്ഞുങ്ങളെ വഴിതിരിച്ചുവിടുന്നത് നമ്മള്‍ തന്നെയാണ്. വഴിതെറ്റുന്ന ബാല്യത്തെയും അടിമത്തങ്ങളിലേയ്ക്കു നീങ്ങുന്ന കൗമാരത്തെപ്പറ്റിയും ആകുലപ്പെടുകയും വിലപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഒരു നിമിഷം തിരികെ ചോദിക്കുക എന്താണ് ഞാനിവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതെന്ന് ആത്മാര്‍ത്ഥമായി ചോദിച്ചാല്‍ ആര്‍ക്കാണ് തെറ്റിയതെന്ന്, തെറ്റിക്കൊണ്ടിരിക്കുന്നതെന്ന ഉത്തരം നിങ്ങള്‍ക്കു കിട്ടും.

ഇതുകൊണ്ടാണവന്‍ ദൈവരാജ്യം ആര്‍ക്കാണെന്നു കൃത്യമായി പറഞ്ഞുവച്ചിട്ട് പൊയ്ക്കളഞ്ഞത് (മത്തായി 18: 3-5). കാലത്തിന്‍റെ   കാഴ്ചയില്‍ മുഖമുള്ളവരെയും ഉന്നതന്മാരെയും മുതിര്‍ന്നവര്‍ക്കൊപ്പം മാറ്റിവച്ചിട്ട് വഴിയോരത്തെ കോമാളിക്കൊപ്പം നൃത്തം ചവിട്ടിയ അസ്സീസിയിലെ ഫ്രാന്‍സിസിനും നന്നായി അറിയാമായിരുന്നു മുതിര്‍ന്നുപോയവരില്‍ നിന്ന് വലിയ പ്രതീക്ഷകളൊന്നുമില്ലെന്ന്. സന്മാര്‍ഗത്തിന്‍റെ പാഠങ്ങളും പാഠഭേദങ്ങളുമായി സംസ്കാരവും മതവും വിദ്യാലയങ്ങളും അവരെ അക്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കാലത്തും നീ നന്നാവില്ല എന്ന ആക്രോശത്തോടെ. ദയവായി ഈ ഉപദേശങ്ങളുടെ പരമ്പരകള്‍  താഴ്ത്തിവച്ചിട്ട് സ്നേഹത്തോടെ കരുതലോടെ ഈ കുട്ടികളുടെ കണ്ണുകളില്‍ നോക്കുക. അവിടെ തെളിയും നന്മയുടെ വഴി. അതു മാത്രമാണിനി പ്രതീക്ഷ. 

പുതുവത്സരാശംസകള്‍.

 

ടക

0

0

Featured Posts