

"It's the lost souls that lay the foundation for a better tomorrow, because those beings are not afraid to be lost, they are not afraid to fail, in the pursuit of something greater, something grander"
- Abhijit Naskar
പരമാവധി വൈകിയെത്താനാണ് അക്കാലത്ത് പ്രത്യേകം ശ്രദ്ധിച്ചത്. അങ്ങനെയാണ് സ്കൂളിലേക്ക് അനവധിയായ വഴികള്‍ ഉണ്ടെന്ന് പിടുത്തം കിട്ടിയത്. താമസിക്കുന്നതിന്‍റെ കാരണങ്ങള്‍ എല്ലാ ദിവസവും കണ്ടെത്തുക ക്ലേശകരമായ ഒന്നായിരുന്നു. എല്ലാം സംഭവിക്കുന്നത് സ്കൂളിലേക്കിറങ്ങുന്നതിന് തൊട്ടുമുമ്പാണ്. അനുജനെ പട്ടി കടിച്ചു, മറ്റേയമ്മച്ചിയുടെ കുഴമ്പ് തീര്‍ന്നു, റേഷന്‍ കടയിലെ ലാസ്റ്റ് ഡേറ്റാണ്. നമ്മള്‍ പോലും വിശ്വസിക്കാത്ത നുണ സാറുമ്മാര്‍ അത്രേം പോലും ഉള്ളിലോട്ട് എടുക്കേണ്ട ഒരു ബാധ്യതയും ഇല്ല. മോനെ നമ്മുടെ റേഷന്‍കട എവിടെയാണെന്ന് രാത്രി കിടക്കാന്‍ അപ്പന്‍ ചോദിച്ചപ്പോള്‍ അത് കത്തിയതാണ്.
എക്സ്ട്രാ ക്ലാസൊന്നും ഈ ഡിസ്കഷനില്‍ പെടുത്തുന്നേയില്ല. അത്തരം മാഷുമാരെല്ലാം തന്നെ ബാലശാപമേറ്റ് അകാലത്തില്‍ മരിച്ചു പോയി. അഞ്ചാം ക്ലാസ്സ് കഴിഞ്ഞപ്പ വന്ന സന്തോഷം! ഇനി കേവലം അഞ്ച് വര്‍ഷം കൂടി ഓടിച്ചാല്‍ മതി. മാഷമ്മാര് നല്ല തങ്കപ്പെട്ട മനുഷ്യര്‍ തന്നെയായിരുന്നു. അതൊന്നുമല്ല കാരണം. ഒരു പൊട്ടന്‍ഷ്യല്‍ ഡ്രോപ്ഔട്ട് സദാ ഉള്ളില്‍ ചുരുണ്ടു കൂടി കിടക്കണുണ്ടായിരുന്നു എന്നുതന്നെ കരുതണം. അതുകൊണ്ടാണ് ആ കവിയുടെ മുഴുവന്‍ കൃതികളില്‍ നിന്ന് ആ വരികള്‍ മാത്രം ഹൃദിസ്ഥമാക്കിയത്. പാഠപുസ്തകങ്ങള്‍ സാമൂഹിക അകലം സൂക്ഷിച്ച കവിയായിരുന്നു. തൊട്ടടുത്ത വായനശാലയിലെ വാര്‍ഷികാഘോഷ മത്സരങ്ങളില്‍ നിന്നു കിട്ടിയ സമ്മാനപ്പുസ്തകമാണത്. 'ജ്ഞാനദീപഗൃഹം' എന്ന ആ വായനശാല ഏതോ ബംഗാളി ഗ്രാമത്തിലാണെന്നൊക്കെ സങ്കല്പിക്കുമായിരുന്നു.
'ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ കൃതികള്‍' എന്നായിരുന്നു പുസ്തകത്തിന്‍റെ പേര്. ഇല്ലാത്ത കുരിശും ചുവന്നതുവഴി സി.ജെ വന്നുവെന്ന് ബഷീര്‍ പറയണപോലെ, ലോകത്തിന്‍റെ മുഴുവന്‍ ദുഃഖങ്ങളും കുടിച്ച് കവിയതിന്‍റെ പുറം ചട്ടയില്‍ കണ്ണുയര്‍ത്താതെ ആത്മവിശ്വാസമില്ലാതെ പരുങ്ങി നിന്നു.
പുല്ലാണു പുസ്തകജ്ഞാനം പുലരിതന്‍/
പുല്ലാംകുഴല്‍വിളി വന്നു പുണരവേ;
തോല്ക്കുകിലെന്തു പരീക്ഷയില്‍/
തോല്ക്കൊലാ സൗഭഗാസ്വാദനത്തിങ്കല്‍ നാം,
എന്ന അതിലെ 'വിശ്വഭാരതിയില്‍' എന്ന കവിതയിലെ നാലുവരിയില്‍ വെറുതെ മൂക്കും കുത്തി വീണു. പിന്നെയാ സുവിശേഷം, സ്വന്തം നിലയ്ക്ക് ബ്ലാക് ബോര്‍ഡില്‍ എഴുതിയിട്ടപ്പോള്‍ വൃത്തിപിശാചിന്‍റെ അപഹാരമുള്ള ക്ലാസ് മോണിറ്റര്‍ യന്ത്രമനുഷ്യനെപ്പോലെ തലയുയര്‍ത്താതെതന്നെ അതു തുടച്ചു വൃത്തിയാക്കി. ഒന്നും സ്വയംഭൂവല്ല, സൃഷ്ടിക്കപ്പെടുകയാണെന്നു പറയുന്നതുപോലെ ഡ്രോപ്ഔട്ടുകളും നിര്‍മിക്കപ്പെടുകയാണ്. ഡ്രോപ്ഔട്ടാവുന്നതിനു കാരണങ്ങള്‍ പലതും പറഞ്ഞുകേള്‍ക്കാം; അലസത, ദാരിദ്ര്യം, അപമാനഭീതികള്‍, സമ്മര്‍ദങ്ങള്‍, തുടര്‍ച്ചയായ പരാജയങ്ങള്‍. എന്നാലും, തടിയുടെ വളവു മാത്രമല്ല പ്രശ്നം. നിരത്തില്‍ ഇത്രയും പള്ളികള്‍ വേണ്ടായിരുന്നു എന്നു നാം തിരിച്ചറിഞ്ഞതുപോലെ ഇത്രയും പള്ളിക്കൂടവും അതില്‍ അട ച്ചിട്ട ദീര്‍ഘയാമങ്ങളും വേണോ എന്ന വീണ്ടു വിചാരത്തിനു ഇനിയും ഒരു പ്രസക്തിയൊക്കെയുണ്ട്. കോവിഡ് കാലത്തെ കഷ്ടിച്ച് ഒരു മണിക്കൂര്‍ നീളമേയുള്ള വെര്‍ച്വല്‍ ക്ലാസ് മുറിയൊക്കെ അങ്ങ് മറന്നുവല്ലേ? ഏയ് , ഡി സ്കൂളിങ്ങിനുള്ള വാഴ്ത്തല്ല ഇത്. അസാധാരണ ക്ഷമയും ആന്തരികജീവിതവുമുള്ള മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്കു മാത്രം കിട്ടുന്ന ബോണസാണത്.
പള്ളിക്കൂടത്തിലേക്കുള്ള വഴികള്‍ പുല്ലുമൂടാതെ തന്നെ സൂക്ഷിക്കണം. ക്ലാസ്മുറിയിലേക്കുള്ള വഴികളിലും ഇടനാഴികളിലും അറിവിന്‍റെ പരാഗങ്ങളുണ്ട്. ചെയ്യാവുന്ന ഒരു സുകൃതം സ്കൂള്‍ ബസ് ഉപേക്ഷിക്കുകയെന്നതാവും. ഊട്ടിയിലെ ബ്ലിങ്കേഴ്സ് അണിഞ്ഞ കുതിരകളെപ്പോലെ ഇതരകാഴ്ചകള്‍ എല്ലാം കൊട്ടിയടച്ച് ഒരു ജീവപര്യന്ത കാലത്തോളമെങ്കിലും തുടരുന്ന ആ യാത്ര മുതിര്‍ന്നവര്‍ തെല്ല് മനസ്സു വച്ചാല്‍ തിരുത്തി എഴുതാവുന്നതേയുള്ളു. മാക്സിം ഗോര്‍ക്കി തന്‍റെ ആത്മകഥയ്ക്ക് 'My Universities' എന്ന് പേരിട്ടതെന്തിനാവാം.
അനുയാത്രയെന്നൊരു ബോധന രീതിയുണ്ട്. അതില്‍ ആചാര്യനും വിദ്യാര്‍ത്ഥിയും നിരന്തരം സഞ്ചരിച്ചു കൊണ്ടിരിക്കുയാണ്. അനുമാത്ര അവര്‍ ഇരുവരും സ്വയം നവീകരിക്കുകയാണ്. അതുകൊണ്ട് തന്നെ ഉതിര്‍ന്നുപോവുകയോ, അടര്‍ന്നു പോവുകയോ ഏതാണ്ട് അസാധ്യമാണ്. അവിടെ 'ഡ്രോപ്പ്ഔട്ട്' എന്ന പദം അരഭിത്തി മാത്രമുള്ള ഞങ്ങളുടെ പള്ളിക്കൂടങ്ങളില്‍ പണ്ട് ക്ഷുഭിതരായ സാറുമ്മാര്‍ പറഞ്ഞിരുന്ന ഗെറ്റ് ഔട്ട് പോലെ ഫലിതമാകും. ശരിക്കും ആരാണ് പുറത്ത്, ആരാണ് ഇപ്പോള്‍ അകത്ത്?
ഈ യേശുവിനൊക്കെ പിടുത്തം കിട്ടിയതു പോലെ അധ്യാപനം അനുയാത്രയായി മാറുന്നൊരു കാലത്തില്‍ ഒരാളും ഡ്രോപ്ഔട്ടെന്ന വിശേഷണത്തില്‍ തലകുനിച്ചു നില്‍ക്കില്ല. ഞാനെന്‍റെ ആടുകളെ പേര് ചൊല്ലി വിളിക്കുന്നു എന്ന മൊഴിയില്‍ അതിന്‍റെ ധ്വനികള്‍ അടക്കം ചെയ്തിട്ടുണ്ട്. കാരണം, അപ്പോഴേക്കും പള്ളിക്കൂടത്തിന്‍റെ ചുവരുകള്‍ വികസിതമാവുകയും മേല്‍ക്കൂര ഉയരുകെയും ചെയ്യും.
അറിവിന്‍റെ മൂന്നു ഘട്ടങ്ങളെന്ന് സ്പിനോസ കരുതുന്ന by imagination, by reason, by intuition എന്നിവയ്ക്ക് അത്രയും ഇടം കൊടുക്കുന്നതാണ് നടപ്പുബോധനരീതികളെന്നു തോന്നുന്നില്ല. അകത്തും പുറത്തുമുള്ള സഞ്ചാരങ്ങളിലാണ് അതിന്‍റെ പാത തെളിയുന്നത്. Mentor എന്ന രീതിയില്‍ അദ്ധ്യാപകന്‍ പുനര്‍ നിര്‍വചിക്കപ്പെടും എന്ന് തന്നെയാണ് ഇപ്പോഴും നമ്മള്‍ കരുതുന്നത്. ഒരു പ്രിയമിത്രം തന്‍റെ വിദ്യാഭ്യാസ സ്ഥാപനത്തിന് ആ പേരിട്ടിരിക്കുന്നതു കണ്ടപ്പോള്‍ സന്തോഷം വന്നു. 'Dream catcher' എന്ന് തന്‍റെ സിനിമാ സംരംഭങ്ങള്‍ക്ക് പേരിട്ട ടി.ആര്‍. ഷംസുദ്ദിനാണ്. കുറെ നല്ല പടങ്ങള്‍ അവരുടെതാണ്. കാണക്കാണെ, 1983, ക്വീന്‍ തുടങ്ങി. ആ അര്‍ത്ഥത്തില്‍ ഇതുമൊരു സ്വപ്നസങ്കല്പമാകാം. തൂവലുകളിലേക്ക് കിനാക്കള്‍ സൗമ്യമായി ഇനിയും വിരുന്നു വന്നേക്കും.
***

Brother Sun, Sister Moon എന്ന ഇറ്റാലിയന്‍ സിനിമ കണ്ടിട്ടില്ലെങ്കില്‍ അതിനൊന്നു മനസ്സു വച്ചാല്‍ നന്നായിരുന്നു. 1972ല്‍ ഫ്രാങ്കോ സിഫ്രെല്ലി എന്ന സംവിധായകന്‍ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണത്. ഒരു കത്തീഡ്രല്‍ പള്ളിയിലെയും, ഒരു ഗ്രാമീണദേവാലയത്തിലെയും ആരാധനയുടെ സമാന്തര കാഴ്ചയുണ്ടതില്‍. ആദ്യത്തേത് അതിന്‍റെ കണിശത കൊണ്ടും ആഡംബരത്തോടടുത്തു നില്ക്കുന്ന അലങ്കാരങ്ങള്‍ കൊണ്ടും കാഴ്ചക്കാരെ വിസ്മയിപ്പിക്കുമ്പോള്‍ രണ്ടാമത്തേത് ഒരു ഇടയ ഗീതം പോലെ അകക്കാമ്പിനെ മസൃണമാക്കുന്നു. ലാളിത്യത്തിന്‍റെ സുവിശേഷനൈരന്തര്യമായി ഫ്രാന്‍സിസ് ഈ അസാധാരണ ചിത്രത്തില്‍ പ്രതിധ്വനിക്കുന്നുണ്ട്. വെറുതെയല്ല സഭയുടെ ഭാവി ഫ്രാന്‍സിസിന്‍റെ ഭാവിയാണെന്ന ശീര്‍ഷകത്തില്‍ പുസ്തകമെഴുതാന്‍ ചിലര്‍ ധൈര്യപ്പെടുന്നത്. ഇന്ത്യയുടെ ഭാവി ഗാന്ധിയുടെ ഭാവിയാണെന്നൊക്കെ പറഞ്ഞതുപോലെ, ആശയക്കുഴപ്പമില്ലാത്ത വിചാരങ്ങളാണിത്.
ഒരു കാര്യം നിലനില്ക്കണമെങ്കില്‍ അത് പച്ചയായി നില്‍ക്കേണ്ടതുണ്ട്. അവനവന്‍റെ ഏകാന്തതയെയും ആന്തരികതയെയും ഭാസുരമാക്കാന്‍ ഉപയുക്തമല്ലാത്ത എല്ലാത്തില്‍നിന്നും കുതറി നടക്കുക എന്നതാണ് സാരം. വസ്ത്രത്തെക്കാള്‍ പ്രധാനമാണ് ശരീരമെന്നും, അപ്പത്തെക്കാള്‍ മൂല്യമുള്ളതാണ് പ്രാണനെന്നുമുള്ള യേശുമൊഴികളില്‍ ആ സനാതനപാഠത്തിന്‍റെ പൊരുളുണ്ട്. Essential, Existential എന്നീ പദങ്ങള്‍ക്കിടയിലുള്ള നേരിയ വ്യത്യാസം കണ്ടെത്തുക ശ്രമകരമാണ്. എന്നിട്ടും അതിലാണ് ജീവിതാനന്ദത്തിന്‍റെ അര്‍ത്ഥവും ആഴവും ഉള്ളടക്കം ചെയ്തിരിക്കുന്നത്. മഹാഭാരതം ഉദ്യോഗപര്‍വ്വത്തില്‍ 'ആരാലും തോല്‍പ്പിക്കപ്പെടാത്ത അസംഖ്യം സൈനികര്‍ വേണമോ അതോ നിരായുധനായി, യുദ ്ധം ചെയ്യാതെ നില്ക്കുന്ന ഞാന്‍ വേണമോ?' എന്ന പാര്‍ത്ഥസാരഥിയുടെ ചോദ്യം ഇതുതന്നെയാണ് അര്‍ത്ഥമാക്കുന്നത്.
Use common words to say uncommon things എന്ന ഷോപ്പനോവറുടെ പാഠം കൃത്യമായി പാലിച്ചത് ഭൂമിയുടെ ഗുരുക്കന്മാരായിരുന്നു. കുട്ടിക്കഥകള്‍കൊണ്ടും കൊച്ചുവര്‍ത്തമാനങ്ങള്‍കൊണ്ടും അവര്‍ പറഞ്ഞത് അസാധാരണ ജീവിതപാഠമായിരുന്നു. 2 കോറി 1:13ല്‍ പൗലോസ് പറയുന്നതു പോലെ, 'നിങ്ങള്‍ക്കു വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതൊഴിച്ച് മറ്റൊന്നും ഞങ്ങള്‍ എഴുതുന്നില്ല' എന്ന ധൈര്യമാണത്. സൈക്കിള്‍ പഠിക്കുന്ന കുട്ടികളാണ് നിരത്തിലൂടെ അതിവേഗത്തിലോടിച്ചു പോകുന്നതെന്ന് നിരീക്ഷിച്ചിട്ടുണ്ടോ? തീരെ പതുക്കെ ചക്രമുരുളുമ്പോള്‍ ഓര്‍ക്കണം അവന്‍ അത ിന്റെ 'മാസ്റ്റര്‍' ആയെന്ന്. അപ്പോള്‍ അതാണ് കാര്യം. Hack away all the inessentials എന്ന് തോറോ പറഞ്ഞു തരും.
കണ്‍വര്‍ജസിന്‍റെ ശാസ്ത്രമാണിത്. വെയിലില്‍ അക്ഷരാര്‍ത്ഥത്തില്‍ തീയാളുന്നു എന്നു പറഞ്ഞാല്‍ നിങ്ങളുടെ കുട്ടിക്കത് ബോധ്യപ്പെടണമെന്നില്ല. എന്നാല്‍ ഒരു ലെന്‍സിലേക്ക് അതിനെ കേന്ദ്രീകരിക്കുമ്പോള്‍ കടലാസിനും കരിയിലയ്ക്കും തീ പിടിക്കുന്നതുപോലെ, ഓരോരോ കാര്യങ്ങളിലേക്ക് ബുദ്ധിയും ഹൃദയവും ഏകാഗ്രമാകുമ്പോള്‍ എല്ലാത്തിലും തീയാളുന്നു എന്നൊരു സുകൃതം കൂടിയുണ്ട് ലളിതപാഠങ്ങളില്‍.
സെറാഫിക് പുണ്യവാനെന്നാണ് അസ്സീസിയില െ ഫ്രാന്‍സിസിനുള്ള വിശേഷണം. അഗ്നിച്ചിറകുള്ള മാലാഖമാരാണ് സെറാഫുകള്‍. അയാള്‍ പുലര്‍ത്തുകയും പകര്‍ത്തുകയും ചെയ്ത കനലിനു പിന്നില്‍ നിശ്ചയമായും ഒരു ഏകോപനം ഉണ്ടായിരിക്കും. എവിടെയും ഉണ്ടെന്നതിന് ഒരു പക്ഷികൂവലും, ഇവിടെയുണ്ടായിരുന്നുവെന്നതിന് പൊഴിഞ്ഞുവീണ തൂവലും, നാളെയും ഉണ്ടാവുമെന്നതിന് അടയിരുന്നതിന്‍റെ ചൂടും മതിയെന്ന് നമ്മുടെ ഒരു കവി പ്രാര്‍ത്ഥിക്കുമ്പോള്‍ അത് പുതിയ കാലത്തിന്‍റെ കിളിപ്പാട്ടാകുന്നു.
ഡ്രോപ്ഔട്ട്
ബോബി ജോസ് കട്ടികാട്
അസ്സീസി മാസിക, സെപ്റ്റംബർ 2025
























