

മനുഷ്യസമൂഹത്തില്‍ ഏറ്റവും വൈവിധ്യമാര്‍ന്ന ജീവിതതലങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടിരിക്കുന്നവര്‍ സ്ത്രീകളാണെന്ന് പറയാം. അതുകൊണ്ടുതന്നെ ഭാരതം അത്ഭുതാദരങ്ങളോടും ആരാധനയോടെയുമാണ് സ്ത്രീകളെ കണ്ടിരുന്നത്. മാതാവ് പേറ്റുനോവും പോറ്റുനോവും അനുഭവിക്കുന്നവളാണ്. ഏതൊരമ്മയും ആഗ്രഹിക്കുന്നത്, അവള്‍ ലോകത്തിന് ദാനമായി നല്‍കുന്ന മക്കളെ സംസ്കാരചിത്തരാക്കി വളര്‍ത്താനാണ്. അതിനുള്ള ആശ്രയവും തുണയുമായി അമ്മ നിതാന്ത ജാഗ്രതയോടെ ഓരോ ജീവിതത്തിലും തിരികൊളുത്തി നിലകൊള്ളുകയാണ്. അലിവും കനിവും മുനിയുന്ന, സാന്ത്വനവും സമാശ്വാസവും നല്‍കുന്ന മാതൃത്വം പൊക്കിള്‍ക്കൊടിബന്ധം അറ്റുവീണതിനുശേഷവും തുടരുന്നു. മക്കളുടെ ജീവിതം അന്ധകാരമയമാകുമ്പോള്‍ അമ്മയുടെ വാക്കുകള്‍ തുണയായെത്തുന്നു. അമ്മയുടെ താങ്ങും തണലുമില്ലാത്തവര്‍ നിരാശരായിത്തീരും. അവളുടെ മരണശേഷവും മക്കളോടൊപ്പം വിശ്വം നിറയുന്ന, സനാതന സത്യമായി അവള്‍ നിറയുന്നു.
മറിയത്തിന്‍റെ സാന്നിധ്യം വിശ്വംമുഴുവന്‍ നിറഞ്ഞിരിക്കുന്നു എന്ന പ്രഖ്യാപനവും അതിലുള്ള വിശ്വാസവുമാണ് സ്വര്‍ഗ്ഗാരോപണത്തിരുനാള്‍, പരിശുദ്ധ അമ്മയെക്കുറിച്ച് നാല് വിശ്വാസ സത്യങ്ങളാണുള്ളത്. പരിശുദ്ധ മറിയം അമലോത്ഭവയാണ്. പരിശുദ്ധ മറിയം നിത്യകന്യകയാണ്. പരിശുദ്ധ മറിയം ദൈവമാതാവാണ്. പരിശുദ്ധ മറിയം സ്വര്‍ഗ്ഗാരോപിതയാണ്. ഇതാ കര്‍ത്താവിന്‍റെ ദാസി എന്ന് പറഞ്ഞുകൊണ്ട് ദൈവഹിതത്തിനായി തന്നെത്തന്നെ വിട്ടുനല്‍കിക്കൊണ്ട്, ദൈവം വിതച്ച മണ്ണില്‍ കര്‍ത്താവിന്‍റെ ദാസിയായി, യേശുവിന്‍റെ അമ്മയായി, പരിശുദ്ധാത്മാവിന്‍റെ മണവാട്ടിയായി തന്നെത്തന്നെ ദൈവത്തിന് വിട്ടുകൊടുത്തതിന്‍റെ പ്രതിഫലമാണ് മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണം. ദൈവപുത്രനെ സ്വീകരിക്കാന്‍ മാലാഖമാര്‍ മാത്രം വന്നു മറിയത്തെ സ്വീകരിക്കാന്‍ വാനവഗണം മുഴുവന്‍ എത്തി. പീറ്റര്‍ ഡാമിയന്‍ മറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണത്തിന്‍റെ മാഹാത്മ്യത്തെക്കുറിച്ചെഴുതിയ വാക്കുകളാണിവ. ദൈവവചനത്തെ അനുസരിച്ചവളും പരിശുദ്ധാത്മാവില്‍ പൂരിതമായവളും മരണമില്ലാത്തവന് ജന്മം നല്‍കിയവളുമായ മറിയത്തിന്‍റെ ശരീരം അഴുകാന്‍ ദൈവം അനുവദിക്കില്ല. പരിശുദ്ധ മറിയം ഈ ലോകത്തു നിന്നും കടന്നുപോയതിന്‍റെ ഓര്‍മ്മ മാതാവിന്‍റെ നിദ്രയുടെ തിരുനാള്‍ (dormition of Mary) എന്ന പേരില്‍ പൗരസ്ത്യസഭകള്‍ ആഘോഷിച്ചിരുന്നു. ഇക്കാര്യത്തില്‍ മരണം എന്ന കഠിനപദം പോലും ഉപയോഗിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു എന്നോര്‍ക്കണം.
മംഗളവാര്‍ത്ത അറിയിച്ച ദൂതന്‍ കൃപനിറഞ്ഞ മറിയത്തിനു സ്തുതിചൊല്ലി. കൃപാദാനങ്ങള്‍ നിറഞ്ഞ് ജീവിതാന്ത്യത്തില്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ട മറിയത്തെ സഭയും മാനവരാശിയും സ്തുതിയുടെ അങ്കി അണിയിക്കുകയാണ്, സ്വര്‍ഗ്ഗാരോപണതിരുനാളില്‍. പാരമ്പര്യങ്ങള്‍ അവള്‍ക്കായി കരുതിവെച്ചിരുന്ന എല്ലാ ബഹുമാനത്തിന്‍റെയും വണക്കത്തിന്‍റേയും പാരമ്യമാണ് അവളുടെ സ്വര്‍ഗ്ഗാരോപണ തിരുനാളില്‍ നിറയുന്നത്.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും നമ്മള്‍ ഇതേ ദിനം തന്നെ ആഘോഷിക്കുന്നു. നമുക്ക് കൈവന്ന സ്വാതന്ത്ര്യം അധികാരകൈമാറ്റം മാത്രമായിരുന്നില്ല. രാജ്യത്തിനുവേണ്ടി നമ്മുടെ പൂര്‍വ്വീകര്‍ കണ്ട സ്വപ്നത്തിന്‍റെ സാക്ഷാത്ക്കാരം കൂടിയായിരുന്നു. പരമപവിത്രമെന്ന് അവര്‍ കരുതിയ മതേതരമൂല്യങ്ങള്‍ അവര്‍ കാത്തുസൂക്ഷിച്ചത് ഭാവിതലമുറക്കുവേണ്ടി കൂടിയായിരുന്നു. എന്നാല്‍ ബഹുസ്വരതയുടെ കോട്ടകൊത്തളമായ മതേതരത്വത്തിന് വിള്ളലേറ്റിരിക്കുന്നു. ബഹുസ്വരതക്കുനേരെ തുറന്നുവെച്ച വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്ന ഭീതിദമായ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അത് ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണ്. അതുകൊണ്ടുതന്നെ, അസഹിഷ്ണുതയുടെ നിഴല്‍ രാഷ്ട്രഗാത്രത്തെ തൊടാതിരിക്കാനുള്ള ശ്രദ്ധ പരമപ്രധാനമാണ്. കാലാതീത കാന്തിയുള്ളൊരു ത്രിവര്‍ണ്ണപതാക എങ്ങും ഉയര്‍ന്നു പറക്കട്ടെ.





















