
സംശയിക്കുന്ന തോമ്മാ...

ചാലക്കുടിയിലെ പോട്ട ആശ്രമത്തിലും മുരിങ്ങൂരും, കേരളത്തിലും കേരളത്തിനു വെളിയിലുമുള്ള ചില ധ്യാനകേന്ദ്രങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലുമൊക്കെ ധാരാളം അത്ഭുതങ്ങൾ നടക്കുന്നതായി കേൾക്കുന്നു. ഇവയെല്ലാം യഥാർഥത്തിൽ അത്ഭുതങ്ങൾ തന്നെയാണോ? അത്ഭുതങ്ങളുടെ ഉറവിടം ദൈവമാണല്ലോ. അത്ഭുതങ്ങളെന്ന് വിശ്വസിക്കപ്പെടുന്ന പല സംഭവങ്ങളും വെറും മനഃശാസ്ത്രപരമായ പ്രതിഭാസങ്ങളല്ലേ? ഉത്തരം അസ്സീസിയിലൂടെ പ്രതീക്ഷിക്കുന്നു.
ഷിജു കെ. കെ.
ചെറുവത്തൂർ
പ്രിയപ്പെട്ട ഷിജൂ,
ചാലക്കുടിയിലെ പോട്ട ആശ്രമത്തിലും മുരിങ്ങൂരും മറ്റു ധ്യാനകേന്ദ്രങ്ങളിലുമൊക്കെ സംഭവിക്കുന്നതായി കേൾക്കുന്ന അത്ഭുതങ്ങൾ യഥാർഥത്തിൽ അത്ഭുതങ്ങൾ തന്നെയാണോ, അതോ മനഃശാസ്ത്രപരമായ പ്രതിഭാസങ്ങളാണോ എന്നതാണല്ലോ ഷിജുവിൻ്റെ സംശയം. ഈ ചോദ്യത്തിനുള്ള ഏറെക്കുറെ പൂർണമായ ഉത്തരം "ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും" എന്ന ശീർഷകത്തിൽ ഈ പംക്തിയിൽ തന്നെ രണ്ടു ലക്കങ്ങളിലായി കുറെ നാൾമുമ്പ് ഞാൻ എഴുതിയിരുന്നു. (അസ്സീസി, നവംബർ, ഡിസംബർ 1990, ജീവൻ ബുക്സ് പ്രസിദ്ധീകരണമായ "നുറുങ്ങുവെളിച്ചം" എന്ന പുസ്‌തകത്തിലെ 41 മുതൽ 57 വരെയുള്ള പേജുകളിൽ ഈ ലേഖനം വായിക്കാവുന്നതാണ്). അത് വീണ്ടും വായിക്കുവാൻ ബുദ്ധിമുട്ടുള്ളവർക്കുവേണ്ടി സംക്ഷിപ്തമായി ചില കാര്യങ്ങൾ ഇവിടെ കുറിച്ചുകൊള്ളട്ടെ.
ചില തെറ്റിദ്ധാരണകൾ ആദ്യമായിത്തന്നെ, അത്ഭുതങ്ങളെപ്പറ്റിയുള്ള പരമ്പരാഗതമായ ചില തെറ്റിദ്ധാരണകൾ നാം തിരുത്തേണ്ടിയിരിക്കുന്നു. പരമ്പരാഗത ദൈവശാസ്ത്രവീക്ഷണത്തിൽ, പ്രകൃതിനിയമങ്ങൾക്ക് വിരുദ്ധമായോ അല്ലെങ്കിൽ അവക്ക് അതീതമായോ ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ സംഭവിക്കുന്ന ചില കാര്യങ്ങളെയാണ് അത്ഭുതങ്ങളായി കണക്കാക്കിയിരുന്നത്. എന്നാൽ, അത്ഭുതങ്ങളെ ഇപ്രകാരം മനസ്സിലാക്കുന്നതിന് രണ്ടു ബുദ്ധിമുട്ടുകളുണ്ട്. ഒന്ന്, അത്ഭുതങ്ങൾ പ്രകൃതിനിയമങ്ങൾക്ക് വിരുദ്ധമോ അതീതമോ ആണങ്കിൽ, ഒരു കാര്യം അത്ഭുതമെന്നു പറയുന്നതിന് എല്ലാ പ്രകൃതിനിയമങ്ങളെയും നാം അറിഞ്ഞിരിക്കണം. അത് ഒരു മനുഷ്യനും ഒരിക്കലും സാധ്യമല്ലല്ലോ. മാത്രമല്ല, ഇന്ന് പ്രകൃതിനിയമങ്ങൾക്ക് വിരുദ്ധമോ അതീതമോ എന്നു വിചാരിക്കുന്ന കാര്യങ്ങൾ നാളെ പ്രകൃതിനിയമങ്ങൾക്ക് അനുസൃതമായി അനുഭവപ്പെടാം.
ഉദാഹരണത്തിന്, അടുത്തകാലംവരെ പ്രകൃതിനിയമങ്ങൾക്ക് വിരുദ്ധമോ അതീതമോ, ആയി കരുതിയിരുന്ന പലകാര്യങ്ങളും ഇന്ന് മനഃശാസ്ത്രത്തിന്റെ സിദ്ധികളും സാധ്യതകളുമായി നാം മനസ്സിലാക്കുന്നു. അങ്ങനെ നോക്കുമ്പോൾ, ഒരിക്കലും ഒരു കാര്യവും അത്ഭുതമെന്നു പറയുവാൻ നമുക്കാവില്ല. രണ്ടാമത്തെ ബുദ്ധിമുട്ട്, ദൈവം നേരിട്ട് ഇടപെട്ട് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുവെന്നു പറയുന്നത്, ആദികാരണമായ (First cause) ദൈവത്തെ ദ്വിതീയകാരണങ്ങളുടെ (Secondary causes) തലത്തിലേക്ക് കൊണ്ടുവരുകയാണ്. ദൈവത്തെ സംബന്‌ധിച്ചിടത്തോളം അതൊരു തരംതാഴ്ത്തലാണ്. ദൈവശാസ്ത്രപരമായി അതൊരിക്കലും ശരിയല്ല. ആദികാരണമായ ദൈവം എപ്പോഴും ആദികാരണമായിരുന്നുകൊണ്ട് ദ്വിതീയ കാരണങ്ങളിലൂടെയാണ് പ്രവർത്തിക്കുക. ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നെങ്കിൽ, അതെപ്പോഴും പ്രകൃതി നിയമങ്ങൾക്കനുസരിച്ചും ദ്വിതീയ കാരണങ്ങളിലൂടെയുമായിരിക്കും.
ഈ ദ്വിതീയ കാരണങ്ങളിൽ മനഃശാസ്ത്രപരമായ പ്രതിഭാസങ്ങളും ഉൾപ്പെടാം. അതിനാൽ, അത്ഭുതങ്ങളും മനഃശാസ്ത്രപരമായ പ്രതിഭാസങ്ങളും പരസ്പരവിരുദ്ധമായിരിക്കണമെന്നില്ല. ഒരു രോഗിയെ സുഖമാക്കാൻ ഡോക്ടർ നൽകുന്ന മരുന്നിലൂടെത്തന്നെ പ്രത്യേകമായി ഇടപെട്ട് അവിടന്ന് നിശ്ചയിക്കുന്ന സമയത്ത് അയാളെ സുഖപ്പെടുത്താൻ ദൈവത്തിനു കഴിയും. അതുപോലെതന്നെ, മനഃശാസ്ത്രപരമായ പ്രതിഭാസങ്ങളിലൂടെ പ്രത്യേകം ഇടപെട്ട് അവിടന്ന് നിശ്ചയിക്കുന്ന സമയത്ത് ഒരു രോഗിയെ സുഖപ്പെടുത്താനും അവിടത്തേക്കു കഴിയും. അങ്ങനെ സംഭവിച്ചാൽ, അത് അത്ഭുതമായിട്ടാണ് നാം മനസ്സിലാക്കുക. അതേസമയം, യഥാർഥമായ അത്ഭുതങ്ങളിൽ ദൈവത്തിൻ്റെ പ്രത്യേകമായ ഇടപെടൽ എപ്പോഴുമുണ്ടായിരിക്കുകയും ചെയ്യും. (അത്ഭുതങ്ങളുടെ ഉറവിടം ദൈവമാണെന്നു പറയുന്നത് ഈ അർഥത്തിലാണ്). അങ്ങനെ, ദൈവംതന്നെ സ്‌ഥാപിച്ചിട്ടുള്ള പ്രകൃതി നിയമങ്ങൾക്കനുസൃതമായി, അവിടന്ന് പ്രത്യേകമായി ഇടപെട്ട് ദ്വിതീയകാരണങ്ങളിലൂടെ നിശ്ചിത വ്യക്തിക്കുവേണ്ടി നിശ്ചിത സമയത്ത് അസാധാരണമായ നിശ്ചിത ഫലം ഉളവാക്കുന്നുവെങ്കിൽ, അതിനെയാണ് നാം അത്ഭുതമെന്ന് പറയുക.
അത്ഭുതങ്ങൾ സംഭവിക്കാറുണ്ടോ?
ഇങ്ങനെയുള്ള അത്ഭുതങ്ങൾ സാധ്യമാണോ എന്നു ചിലർ ചോദിച്ചേക്കാം. ആ ചോദ്യത്തിനുത്തരം പറയാൻ വിഷമമില്ല. സർവശക്തനായ ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള അവിടത്തെ ശക്തിയിലും വിശ്വസിക്കാൻ പ്രയാസമില്ലല്ലോ. എന്നാൽ, ലോകത്തിൽ ഇതുപോലെ അത്ഭുതങ്ങൾ നടക്കുന്നുണ്ടോ എന്ന ചോദ്യത്തിനുത്തരം പറയാൻ അത്രതന്നെ എളുപ്പമല്ല. ബുദ്ധികൊണ്ടോ യുക്തികൊണ്ടോ മാത്രം ഉത്തരം പറയാവുന്ന ഒരു ചോദ്യമല്ല, അത്. വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ മാത്രമേ ആ ചോദ്യത്തിനുത്തരം നൽകാനാവൂ. ശാസ്ത്രീയമായി അത്ഭുതം തെളിയിക്കാൻ ഒരിക്കലും സാധിക്കില്ല. കാരണം അത്ഭുതങ്ങൾ എപ്പോഴും വിശ്വാസത്തിന്റെ തലത്തിലാണ്, ശാസ്ത്രത്തിന്റെ തലത്തിലല്ല. ശാസ്ത്രത്തിന്റെ തലത്തിലുള്ള കാര്യങ്ങൾ മാത്രമേ തെളിയിക്കാനാവൂ. വിശ്വാസത്തിന്റെ തലത്തിലുള്ള കാര്യങ്ങൾ ഒരിക്കലും തെളിയിക്കാനാവില്ല.
മറ്റുവാക്കുകളിൽ പറഞ്ഞാൽ, അത്ഭുതമൊരിക്കലും അസന്ദിഗ്ദ്ധമല്ല. വിശ്വസിക്കുന്നയാൾ അത്ഭുതമായി കരുതുന്ന ഒരു കാര്യംതന്നെ വിശ്വസിക്കാത്തയാൾ പ്രകൃതിയുടെ വെറും പ്രതിഭാസമായി കണ്ടെന്നുവരാം. അത് അത്ഭുതമാണെന്നു തെളിയിക്കാൻ ഒന്നാമത്തെയാൾക്കോ, അല്ലെന്ന് തെളിയിക്കാൻ രണ്ടാമത്തെയാൾക്കോ കഴിയുകയില്ല. യേശുനാഥൻ തന്നെ പിശാചുക്കളെ ബഹിഷ്ക്കരിക്കയും അത്ഭുതരോഗശാന്തികൾ നൽകുകയും ചെയ്തപ്പോൾ ജനക്കൂട്ടം അത് അത്ഭുതമായി തിരിച്ചറിഞ്ഞു. എന്നാൽ ഫരിസേയർ പറഞ്ഞു, പിശാചുക്കളുടെ തലവനായ ബേൽസൗലിനെക്കൊണ്ടാണ് അവിടന്ന് പിശാചുക്കളെ ബഹിഷ്ക്കരിക്കുന്നതെന്ന് (മത്താ. 12, 22-24).
ഏതെങ്കിലും ഒരു രോഗശാന്തിയോ മറ്റു സംഭവമോ എടുത്ത്, അത് അത്ഭുതമാണെന്ന് സുനിശ്ചിതമായി പറയാനോ ശാസ്ത്രീയമായി തെളിയിക്കാനോ സാധ്യമല്ലെങ്കിലും, അത്ഭുതങ്ങൾ നടക്കുന്നുണ്ടന്ന് വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ പറയാൻ ഒരു ക്രൈസ്‌തവന് ബുദ്ധിമുട്ടുണ്ടാകില്ല. കാരണം, രോഗങ്ങൾ സുഖമാക്കാനും അത്ഭുതങ്ങൾ പ്രവർത്തിക്കാനുമുള്ള അധികാരം യേശുനാഥൻ തന്റെ ശിഷ്യർക്ക് നൽകിയതായി സുവിശേഷംതന്നെ സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ (മത്താ. 10, 1.8; മർക്കോ 16, 17-18; ലൂക്കാ 9, 1-2; 10, 9.17). എന്നാൽ, യേശുനാഥനും ശിഷ്യരും പ്രവർത്തിച്ച അത്ഭുതങ്ങൾ പോലും ശാസ്ത്രീയമായി തെളിയിക്കാൻ ഒരിക്കലും സാധ്യമല്ല. അതുകൊണ്ടായിരിക്കാം, സുവിശേഷകനായ വി. യോഹന്നാൻ അത്ഭുതത്തെ "അടയാളം" (Semeion) എന്നാണ് വിളിക്കുന്നത് (യോഹ. 2, 11. 18; 10, 41). ദൈവത്തിന്റെ പ്രത്യേകമായ സാന്നിധ്യത്തിലും ഇടപെടലിലും വിശ്വസിക്കാനുള്ള ഒരടയാളമാണ് അത്ഭുതമെന്നത്രേ സുപ്രസിദ്ധ ദൈവശാസ്ത്രജ്‌ഞനായ വാൾട്ടർ കാസ്പെർ പറയുന്നത് (cfr. Walter Kasper, Jesus the Christ, London/N.Y. 1976, 89-95).
അത്ഭുതങ്ങളിലെ സന്ദിഗ്ദ്ധത
അത്ഭുതങ്ങളെപ്പറ്റി പൊതുവായി അറിഞ്ഞിരിക്കേണ്ട ദൈവശാസ്ത്ര തത്ത്വമാണ് മുകളിൽ പറഞ്ഞത്. ചാലക്കുടിയിലെ പോട്ട ആശ്രമത്തിലും മുരിങ്ങൂരും കേരളത്തിലും കേരളത്തിനു വെളിയിലുമുള്ള ധ്യാനകേന്ദ്രങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലുമൊക്കെ നടക്കുന്നത് യഥാർഥത്തിൽ അത്ഭുതങ്ങളാണോ എന്ന ചോദ്യത്തിന് ശാസ്ത്രീയമായ സുനിശ്ചയത്വത്തോടുകൂടി 'അതേ' എന്നോ 'അല്ല' എന്നോ ഉത്തരം പറയാൻ സാധിക്കയില്ലെന്ന് ഇതിൽനിന്ന് വ്യക്തമായിരിക്കുമല്ലോ. അസാധാരണമായ രോഗശാന്തികളും മറ്റും ഇവിടെ നടക്കുന്നുണ്ടെന്നതു നിസ്തർക്കമായ ഒരു വസ്തുതയത്രേ. എന്നാൽ, അവ ദൈവത്തിൻ്റെ പ്രത്യേകമായ ഇടപെടലിലൂടെ നടക്കുന്ന സംഭവങ്ങൾ (അഥവാ അത്ഭുതങ്ങൾ) ആണോ, അതോ സാധാരണ ദൈവ പരിപാലനയിൽ സ്വാഭാവികമായി നടക്കുന്ന സംഭവങ്ങൾ ആണോ എന്ന് വ്യക്തമായി വിധി പറയുവാൻ നമുക്കാവില്ല.
അത്ഭുതങ്ങളും മന:ശാസ്ത്ര പ്രതിഭാസങ്ങളും
അസാധാരണമായി നമുക്കനുഭവപ്പെടുന്ന പല രോഗശാന്തികളും ദർശനങ്ങളും പ്രവചനങ്ങളുമെല്ലാം കാരണങ്ങൾകൊണ്ട് സ്വാഭാവികമായി ഉണ്ടാകാമെന്നത് മനഃശാസ്ത്രത്തിന്റെ ഇന്നത്തെ ഉൾക്കാഴ്ചയാണ്. രോഗശാന്തിയുടെ ഉദാഹരണം തന്നെയെടുക്കാം. മനുഷ്യൻ്റെ മനസ്സും ആത്മാവും ശരീരവും തമ്മിൽ ആഴമായ ബന്‌ധമാണുള്ളത്. മനസ്സിനെയും ആത്മാവിനെയും ബാധിക്കുന്ന കാര്യങ്ങൾ ശരീരത്തെയും, ശരീരത്തെ ബാധിക്കുന്ന കാര്യങ്ങൾ മനസ്സിനെയും ആത്മാവിനെയും ബാധിക്കുന്നുണ്ട്. പാപം അഥവാ കുറ്റം ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും നിഷേധമാണ്; ദൈവത്തിനും സഹജീവിക്കുമെതിരായ തിന്മയാണത്.
സ്നേഹം, കാരുണ്യം, സൗമ്യത, സഹിഷ്ണുത തുങ്ങിയവ ആത്മാവിന്റെയെന്ന പോലെതന്നെ മനസ്സിന്റെയും ശരീരത്തിന്റെയും സ്വാഭാവികമായ, ചൈതന്യദായകമായ, ഭാവങ്ങളാണ്. അതുപോലെതന്നെ, കോപം, അസൂയ, വിദ്വേഷം, വെറുപ്പ് തുടങ്ങിയവ മനസ്സിനെയെന്ന പോലെ ശരീരത്തെയും ദോഷകരമായി ബാധിക്കുന്ന തിന്മകളാണ്. ശരീരത്തിന്റെ ജീവകോശങ്ങളിലും നാഡീവ്യൂഹങ്ങളിലുമെല്ലാം താളപ്പിഴകൾ സൃഷ്ടിച്ച്, ക്രമേണ പല ശാരീരികരോഗങ്ങളിലേക്കും അവ നയിക്കാറുണ്ട്.
ശരീരവും മനസ്സും ആത്മാവും തമ്മിൽ ഇപ്രകാരം ഗാഢമായ ബന്ധമുണ്ടെങ്കിൽ, ആത്മാവിനും മനസ്സിനും ലഭിക്കുന്ന സ്വാസ്ഥ്യവും സമാധാനവു ം ശാരീരികമായ രോഗശാന്തിക്കും കാരണമാകുമെന്ന് വ്യക്തമാണല്ലോ. ദൈവവചനം ശ്രവിച്ച് അനുതാപത്തിലേക്കും യഥാർഥമായ മാനസാന്തരത്തിലേക്കും വരുന്ന വ്യക്‌തികൾ ദൈവത്തോടും സഹോദരങ്ങളോടും അനുരജ്ഞനപ്പെടാനും സന്നദ്ധരാകും. അതുവഴി പല ശാരിരികരോഗങ്ങൾക്കും കാരണമായ വിദ്വേഷവും വെറുപ്പും കോപവും അസൂയയുടെല്ലാം അവരിൽനിന്ന് ഉന്മൂലനം ചെയ്യപ്പെടുന്നു. രോഗകാരണങ്ങൾ നീങ്ങുന്നതോടെ രോഗവും മാറുന്നു. അസാധാരണമായി നമുക്കനുഭവപ്പെടുന്ന പല രോഗശാന്തികളും ഇപ്രകാരം സ്വാഭാവികമായി സംഭവിക്കുന്നവയാകാം.
ഒരുപിടി രോഗങ്ങൾ മനഃശാസ്ത്രപരമാണെന്ന കാര്യത്തിൽ വൈദ്യശാസ്ത്രവിദഗ്ദ്ധരും മനഃശാസ്ത്രവിദഗ്ദ്ധരും ഇന്ന് ഏറെക്കുറെ ഏകാഭിപ്രായക്കാരാണ്, ഇങ്ങനെയുള്ള രോഗങ്ങൾക്ക് വൈദ്യശാസ്ത്രത്തിന്റെ ചികിത്സകൊണ്ടുമാത്രം ശമനം ലഭിക്കയില്ല. മനഃശാസ്ത്രപരമായ ചികിത്സയാണ് ഇവിടെ ആവശ്യം. യൂറോപ്പിലും അമേരിക്കയിലുമൊക്കെ വളരെ ചെലവേറിയ മനഃശാസ്ത്രചികിത്സാരീതികൾ പ്രാബല്യത്തിലുണ്ട്. നമ്മുടെ നാട്ടിൽ അവകുറവാണ്. പ്രായോഗികമായ പലകാരണങ്ങളാൽ ഉള്ളവ ഉപയോഗപ്പെടുത്താനും പലർക്കും സാധ്യമാകുന്നില്ല.
ഈ പരിതസ്ഥിതിയിൽ, ദൈവവചനപ്രഘോഷണ പരിപാടികളും കരിസ്മാറ്റിക് ധ്യാനവും രോഗശാന്തി ശുശ്രൂഷകളുമൊക്കെ ഒരു പരിധിവരെ ഈ വിടവു നികത്തുന്നുണ്ടെന്നു പറയാം. അതുപോലെതന്നെ രോഗം സുഖപ്പെടുമെന്ന ദൃഢമായ വിശ്വാസവും രോഗശമനത്തിൽ മുഖ്യമായ ഒരു പങ്കുവഹിക്കുന്നുണ്ട് രോഗിയുടെ വിശ്വാസവും രോഗിക്കുവേണ്ടി പ്രാർഥിക്കുന്നയാളിൻ്റെ വിശ്വാസവും. മുകളിൽ പറഞ്ഞ കേന്ദ്രങ്ങളിലെ ചില പരിപാടികളും വാമൊഴ ിയായും വരമൊഴിയായുമുള്ള സാക്ഷ്യം പറച്ചിലുമൊക്കെ ഈ വിശ്വാസത്തെ ഉജ്‌ജീവിപ്പിക്കാനും വളർത്താനും പോരുന്നവയാണല്ലോ. ചില രോഗശാന്തികൾ ഇങ്ങനെ സ്വാഭാവികമായി സംഭവിക്കുന്നുണ്ടെന്ന് വിചാരിക്കുന്നതിലും തെറ്റില്ലെന്നു തോന്നുന്നു.
രോഗശാന്തിയെപ്പറ്റി പറഞ്ഞതുതന്നെ 'ദർശനങ്ങൾ', 'പ്രവചനങ്ങൾ', 'ഭാഷാവരപ്രാർഥന' തുടങ്ങിയ അസാധാരണ പ്രതിഭാസങ്ങളെപ്പറ്റിയും പറയാൻ കഴിയും. അവ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലിലൂടെ സംഭവിക്കുന്ന അത്ഭുതങ്ങളാവാം, അല്ലെങ്കിൽ അതീന്ദ്രിയജ്‌ഞാനം (Clairvoyance), ദൂരാനുഭൂതി (telepathy), ഗ്ലോസ്റ്റോലാലിയാ (glossolalia - ഒരുതരം മാനസികരോഗം. ഭാഷാവരമെന്ന പരിശുദ്ധാരൂപിയുടെ ദാനത്തിനും ഗ്രീക്കുമൂലത്തിൽ ഈ പേരുതന്നെയാണുള്ളത്) തുടങ്ങിയ മനഃശാസ്ത്രത്തിലെ സ്വാഭാവിക പ്രതിഭാസങ്ങളിലൂടെ സംഭവിക്കുന്ന കാര്യങ്ങളാവാം. അതിനാൽ, ഒരു കാര്യം അത്ഭുതമാണന്നോ അല്ലെന്നോ അസന്ദിഗ്ധമായി പറയാനോ ശാസ്ത്രീയമായി തെളിയിക്കാനോ ആർക്കും സാധ്യമല്ല. അതിനാൽ ഇങ്ങനെയുള്ള 'അത്ഭുതസിദ്ധി'കളുണ്ടെന്ന് വിചാരിക്കുന്ന വ്യക്‌തികൾ സ്വയം എളിമയുള്ളവരായിരിക്കാൻ ഈയൊരു ചിന്ത സഹായിക്കുമെന്നു തോന്നുന്നു.
അത്ഭുതങ്ങൾ വിശ്വാസത്തിന്റെ വെളിച്ചത്തിൽ
അത്ഭുതങ്ങൾ വിശ്വാസത്തിന്റെ തലത്തിലായതുകൊണ്ട്, ഏതു വ്യക്തിക്കു വേണ്ടി ദൈവം അത്ഭുതം പ്രവർത്തിക്കുന്നുവോ ആ വ്യക്തിക്ക് ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലും അത്ഭുതവുമായി അത് മനസ്സിലാക്കാനും വിശ്വസിക്കാനും സാധിക്കും. അയാളെ സംബന്ധിച്ചിടത്തോളം വിശ്വാസത്തിന്റെ ഒരടയാളവും കൂടുതൽ സജീവമായ വിശ്വാസത്തിലേക്കുള്ള ഒരാഹ്വാനവുമായിരിക്കും ഈ അത്ഭുതം. ദൃഢമായ വിശ്വാസത്തോടെയുള്ള തീവ്രമായ പ്രാർഥനക്കുത്തരമായിട്ടാണ് ദൈവം പലപ്പോഴും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. അവിടന്ന്, അങ്ങനെ ചെയ്യുമ്പോൾ, അത്ഭുതമായി അതേറ്റു പറഞ്ഞു കൊണ്ട് ദൈവത്തെ സ്തുതിക്കാനും നന്ദി പറയാനും ആ വ്യക്തിക്ക് വിഷമമുണ്ടാകില്ല. ഈ അത്ഭുതത്തിന് ദൃക്സാക്ഷികളായിട്ടുള്ളവർക്കും കൂടുതൽ സജീവമായ വിശ്വാസത്തിലേക്കുള്ള ആഹ്വാനമായി അതനുഭവപ്പെടാം. വിശ്വാസത്തിൻറെ വെളിച്ചത്തിൽ അത്ഭുതമായി അവർ അത് അംഗീകരിക്കയും ദൈവത്തെ സ്തുതിക്കയും ചെയ്തേക്കാം. വേറെ ചിലരാകട്ടെ, ശാസ്ത്രത്തിന്റെ തലത്തിൽ നിന്നുകൊണ്ട് അതിനെ വെറും സ്വാഭാവികമായ ഒരു പ്രതിഭാസമായി കണക്കാക്കിയേക്കാം. രണ്ടും സാധ്യതകളാണ്. രണ്ടു സാധ്യതകൾക്കും നിർബന്‌ധിക്കുന്ന കാരണങ്ങളോ (compelling reasons) തെളിവുകളോ ഇല്ല.
വിവേചിച്ചറിയാനുള്ള ചില മാനദണ്‌ണ്ടങ്ങൾ
യഥാർഥത്തിൽ ദൈവം പ്രവർത്തിക്കുന്ന അത്ഭുതങ്ങളെ അത്ഭുതങ്ങളായി മനസ്സിലാക്കാനും ഏറ്റുപറയാനും സഹായിക്കുന്ന ചില ഘടകങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും. മനുഷ്യർ ദൈവഹിതം നിറവേറ്റിക്കൊണ്ടു ജീവിക്കാൻ അവരെ സഹായിക്കുന്ന പരിപാടിയാണോ ഈ കേന്ദ്രങ്ങളിൽ നടക്കുന്നത്, യേശുവിന്റെ അരുപിക്കും ആദർശങ്ങൾക്കുമൊത്ത് തങ്ങളുടെ ജീവിതത്തെ കരുപിടിപ്പിക്കാൻ അവർക്ക് അത് പ്രചോദനമായിത്തീരുന്നുണ്ടോ, കൂടുതൽ മനുഷ്യസ്നേഹത്തിലേക്ക് അതവരെ വളർത്തുന്നുണ്ടോ, സത്യം, നീതി, സ്നേഹം, സമാധാനം, സഹിഷ്ണുത തുടങ്ങിയ ദൈവിക മാനുഷിക മൂല്യങ്ങളിലേക്ക് അതവരെ കൂടുതൽ അടുപ്പിക്കുന്നുണ്ടോ, തുടങ്ങിയ മാനദണ്ഡങ്ങൾവെച്ചുവേണം ദൈവാരൂപിയുടെ സാന്നിധ്യവും പ്രവർത്തനവുമാണോ ഈ കേന്ദ്രങ്ങളിൽ ഉള്ളതെന്ന് നിശ്ചയിക്കാൻ. അത്ഭുതങ്ങൾ ആത്യന്തികമായി ദൈവാരൂപിയുടെ പ്രവർത്തന ഫലമാണല്ലോ.
ഇങ്ങനെ നോക്കുമ്പോൾ, ദൈവാരൂപിയുടെ സാന്നിധ്യവും പ്രവർത്തനവും ഈ കേന്ദ്രങ്ങളിലുണ്ടെന്ന് മാനുഷികമായ നിശ്ചിതത്വത്തോടെയെങ്കിലും നമുക്കു പറയാൻ കഴിയും. കാരണം, മുകളിൽ പറഞ്ഞ മൂല്യങ്ങൾക്കു വേണ്ടിയാണല്ലോ ഈ കേന്ദ്രങ്ങൾ പൊതുവേ നിലകൊള്ളുന്നതും പ്രവർത്തിക്കുന്നതും. മാനുഷികമായ പരിമിതികൾ എല്ലായിടത്തും കണ്ടെന്നുവരാം. എങ്കിലും, ഈ കേന്ദ്രങ്ങളുടെ പൊതുസേവന സ്വഭാവത്തെ ഈ പരിമിതികൾ അസാധുവാക്കുന്നില്ലെന്നു വേണം പറയാൻ, ഇപ്പോഴത്തെ നിലയിൽ അവയെ വിലയിരുത്തിയാൽ വ്യക്തികൾക്കു ലഭിച്ചിട്ടുള്ള അത്ഭുത വരസിദ്ധികളെ വിലയിരുത്താനുള്ള മാനദണ്ഡം അവരുടെ ജീവിത സാക്ഷ്യമാണെന്ന് പറയാം. ആഴമായ വിശ്വാസത്തിലേക്കും ജീവിത വിശുദ്ധിയിലേക്കും വളർന്നിട്ടുള്ളവർക്കാണ് ദൈവാരൂപി സാധാരണമായി അത്ഭുതവര സിദ്ധികൾ നൽകുക. തെറ്റുകളും പാളിച്ചകളും അവരുടെ ജീവിതത്തിലും ഉണ്ടായിക്കൂടെന്നില്ല. അങ്ങനെയുണ്ടായാൽ, മാനസാന്തരത്തിലൂടെ, ജീവിത നവീകരണത്തിലൂടെ, ഒന്നുകൂടി ആഴമായ ദൈവസ്നേഹത്തിലേക്കും മനുഷ്യസ്നേഹത്തിലേക്കും വളരുവാൻ അവർ ദത്തശ്രദ്ധരായിരിക്കും. ഏതായാലും, ജീവിതസാക്ഷ്യമില്ലാത്തവരുടെ 'അത്ഭുതവരസിദ്ധികളെ' വിമർശനാത്മകമായിട്ടു മാത്രമേ കാണാൻ കഴിയൂ.
ദൈവരാജ്യ സാക്ഷാത്ക്കാരം മുഖ്യമായകാര്യം
'അത്ഭുതങ്ങൾ' എന്നു പൊതുവെ പറയുന്നതെല്ലാം യഥാർഥത്തിൽ അത്ഭുതങ്ങൾ ആയിരിക്കണമെന്നില്ല, അവ ദൈവത്തിന്റെ സാധാരണ പരിപാലനയിൽ സ്വാഭാവിക കാരണങ്ങൾകൊണ്ട് സംഭവിക്കുന്ന കാര്യങ്ങളാകാമെന്ന് മുകളിൽ സൂചിപ്പിച്ചല്ലോ. മനുഷ്യർക്ക് പ്രയോജനപ്രദമെങ്കിൽ, അവയും ദൈവരാജ്യത്തിൻ്റെ വളർച്ചക്ക് സഹായിക്കുന്ന കാര്യങ്ങൾ തന്നെയാണ്.. പോട്ടയിലും മുരിങ്ങൂരും മറ്റു ധ്യാനകേന്ദ്രങ്ങളിലുമൊക്കെ നടക്കുന്ന ചില രോഗശാന്തികൾ മനഃശാസ്ത്രപരമായ പ്രതിഭാസങ്ങൾ മാത്രമാണെങ്കിൽപോലും, അവക്കും. രക്ഷാകരമായ ഒരു മൂല്യമുണ്ടെന്ന വസ്തുത നാം മറന്നുകൂടാ. ഒരു ഡോക്‌ടർ മരുന്നുകൊടുത്ത് രോഗിയെ സുഖപ്പെടുത്തുമ്പോഴും ഒരധ്യാപകൻ അറിവ് പകർന്നു കൊടുത്ത് അജ്‌ഞനെ വിജ്‌ഞനാക്കുമ്പോഴുമെല്ലാം പരോക്ഷമായിട്ടെങ്കിലും അവർ ദൈവരാജ്യ സാക്ഷാത്ക്കാരത്തിനുവേണ്ടി പ്രവർത്തിക്കയാണല്ലോ. ദൈവവചന പ്രഘോണംവഴിയും രോഗശാന്തി ശുശ്രൂഷ വഴിയുമുണ്ടാകുന്ന ചില രോഗശാന്തികൾ സ്വാഭാവിക കാരണങ്ങളാലുണ്ടാകുന്നവ ആണെങ്കിൽ പോലും, അവയും ദൈവരാജ്യ സാക്ഷാത്ക്കാരത്തിനു ഉപകരിക്കുന്ന പ്രവർത്തനങ്ങൾ തന്നെയാണ്. ദൈവവചനം പങ്കുവെക്കുന്നതിലൂടെ ആത്മാവും മനസ്സും സംശുദ്ധമായതിൻ്റെ പ്രത്യാഘാതമാണ് ഈ സ്വാഭാവിക രോശാന്തിയെങ്കിൽ, അതിന് ഒന്നുകൂടി മൂല്യമേറുന്നു. ദൈവത്തിൻ്റെ ഇഷ്ടമാണ് മനുഷ്യൻ ആത്മാവിലും മനസ്സിലും ശരീരത്തിലും സൗഖ്യമുള്ളവനായിരിക്കണമെന്നത്. അതിനുവേണ്ടിയുള്ള പ്രവർത്തനം ദൈവരാജ്യ സാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള പ്രവർത്തനമാണെന്നതിൽ സംശയമില്ലല്ലോ. അതിനാൽ ഈ കേന്ദ്രങ്ങളിൽ നടക്കുന്ന രോഗശാന്തി കളും മറ്റും അത്ഭുത രോഗശാന്തികളാണോ, അതോ സ്വാഭാവിക കാരണങ്ങളിലൂടെയുള്ള രോഗശാന്തികളാണോ എന്നു ചിന്തിച്ച് തലപുകയ്ക്കുന്നതിൽ അധികം അർഥമില്ലെന്ന് തോന്നുന്നു.
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ,
അസ്സീസി മാസിക, മാർച്ച്, 1995





















