top of page

പു. ക. കു. വും, പു. ക്രി. യും

Apr 1, 1990

3 min read

ഫ��ാ. ജോസ് വെട്ടിക്കാട്ട്

പാരമ്പര്യമുള്ള പുരാതന ഇടവക. പരിചയമുള്ള ആളാണു വികാരിയച്ചൻ. അടുത്തൊരു സ്ഥലത്തു ധ്യാനം കഴിഞ്ഞു മടങ്ങുംവഴി അച്ചനെ കാണാൻ കയറിയതാണ് 'അവശ ക്രൈസ്തവ' പ്രശ്നത്തെപ്പററി സംയുക‌ത ഇടയ ലേഖനം വായിച്ച ദിവസമായിരുന്നു അന്ന്. വിഷയത്തെപ്പററി കൂടുതൽ ചർച്ചയ്ക്കും പഠനത്തിനുമായി കുർബാനയ്ക്കു ശേഷം പാരിഷ് ഹാളിൽ കൂടാൻ 'ദൈവജനത്തിന് ആഹ്വാനമുണ്ടായിരുന്നു. . പത്തുനൂറു പേരുണ്ടായിരുന്നു സദസ്സിൽ. വേദിയിലേക്കു കയറിച്ചെന്നതു ഞാൻ . വികാരിയച്ചൻ പറ്റിച്ച കെണി. എന്നെ പരിചയപ്പെടുത്തി ചർച്ച നയിക്കാനെന്നെ ചുമതലപ്പെടുത്തി, അച്ചൻ രംഗം വിട്ടു. ഇണങ്ങാത്ത കുപ്പായമിട്ട ഒരു 'ഫീലിംഗ"' എനിക്കുള്ളിൽ. നേരത്തെ വായിച്ചു നോക്കിയിരുന്ന ഇടയലേഖനത്തിന്റെ കോപ്പി മാത്രമാണ് പയറ്റാനും തടുക്കാനും എല്ലാത്തിനും കൂടിയുള്ള ആയുധം. പ്രാർത്ഥനയോടെ ആരംഭിച്ചു. ഒരു തുടക്കത്തിനു എന്തെങ്കിലും ഒരു പോയിന്റിനു വേണ്ടി മനസ്സിൽ പരതി. അപ്പോൾ കിട്ടിയതെടുത്തിട്ടു.


"എൻെറ അഭിപ്രായത്തിൽ ഈ 'അവശ' പ്രയോഗം തന്നെ ക്രൈസ്തവർക്കു അപമാനമാണ് പറഞ്ഞിട്ട പ്രതി കരണമറിയാൻ ഞാൻ ചുററും നോക്കി.


"അതിലും നല്ലതു നമ്മുടെ നാടൻ പ്രയോഗം 'പുതുക്രിസ്ത്യാനി' തന്നെയാ ഒരു കാരണവരുടെ വീതം: എല്ലാവർക്കും രസിച്ചു.


മാർഗവാസീന്നായാലും 'അവശ'നെക്കാൾ ഭേദമാ' വേറൊരു പ്രമാണി. അതും എല്ലാവർക്കും രുചിച്ചു.


"ഇപ്പം സത്യത്തിൽ അവരെക്കാളും അവശത നമ്മളെപ്പോലെയുള്ളവർക്കാ'' ഒരു ഖദർ ധാരി.


"അവരു നന്നാകരുതെന്നും നമ്മുടെ കൂടെ കൂടരുതെന്നും ആരും പറയുന്നില്ലല്ലോ. അവർക്കിന്ന് അവശ ക്രൈസ്തവ യൂണിയനും സംഘടനയും എല്ലാമുണ്ടല്ലോ" വേറൊരു മാന്യൻ.


''അച്ചാ, സത്യം പറഞ്ഞാൽ എൻ്റെ അഭിപ്രായത്തിൽ ഇവരുടെ പ്രശ്നം അല്പം മനഃശാസ്ത്രപരമാണ്. അവർക്ക് ഒരുമാതിരി ഇൻഫീരിയോരിറ്റി കോംപ്ലക്‌സാണ്. " ഒരു ചെറുപ്പക്കാരൻ മനഃശാസ്ത്രജ്‌ഞന്റെ നിഗമനം കേട്ട് കാര്യം പിടികിട്ടാഞ്ഞ കാരണവന്മാർ അങ്ങോട്ടുമിങ്ങോട്ടും സംശയം ചോദിച്ചു തുടങ്ങി.


ഇവരുടെയെല്ലാം സംസാരത്തിൽ മുഴച്ചുനിന്ന 'അവരും' 'ഞങ്ങളും' പ്രയോഗം തന്നെ ചർച്ചയുടെ ഉദ്ദേശം കെടുത്തുമല്ലൊ എന്നു തോന്നി. ക്രൈസ്തവ വിശ്വാസത്തിലേക്കു സമീപകാലത്തു കടന്നു വന്നവരെ രണ്ടാം തരക്കാരായി കാണാതെ, അവരെയും ക്രൈസ്‌തവ സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും 'മുഖ്യധാര'യിലേക്കു കൂട്ടി കൊണ്ടു വരുവാനുള്ള കർമ മാർഗം തിരഞ്ഞുള്ള ചർച്ചയിലാണ് ഈ തുരുതുരാ 'അവരും' 'ഞങ്ങളും' പ്രയോഗം എന്ന് ചിന്തിക്കണം. പോക്കു പന്തിയല്ലല്ലോ എന്നു മനസ്സിൽ പറഞ്ഞു കൊണ്ടിരുന്നപ്പോൾ പിൻബഞ്ചിൽ നിന്നും ഒരു യുവാവ് എഴുന്നേറ്റു നിന്നൊരു ചോദ്യം.


"അച്ചാ, അച്ചന്റെ കുടുംബം 'പു. ക്രി' യാണോ, 'പു. ക. ക.' ആണോ " പെട്ടെന്നൊരു നിശബ്ദത. പിന്നെ എല്ലാവരും കൂടിയൊരു പൊട്ടിച്ചിരി. കാര്യം മുഴുവൻ പിടികിട്ടാതെ ഞാനൊന്നു കുഴങ്ങി. ചിരിയടങ്ങിയപ്പോഴേയ്ക്കും അയാൾ ഗൗരവത്തിൽത്തന്നെ തുടർന്നു.


"അച്ചനൊരു പുതുക്രിസ്ത്യാനി, പു. ക്രി. യാണോ അതോ പുരാതന കത്തോലിക്കാ കുടുംബാംഗം. പു. ക. കു. ആണോന്നാ ചോദ്യം.'' എനിക്കും അയാളുടെ നർമം വളരെ ഇഷ്‌ടപ്പെട്ടു.


"ഞാനൊരു പു. ക. കു. തന്നെയാ."


"എങ്കിൽ അച്ചൻ ഈ ചർച്ച നയിച്ചിട്ടു കാര്യമില്ല. അച്ചാ ഞങ്ങളുടെ വികാരം മനസ്സിലാക്കണമെങ്കിൽ ഇവിടെ പലരും പറഞ്ഞതുപോലെയുള്ള ചവറുകൾ വിളമ്പിയിട്ടു കാര്യമില്ല." അയാൾ ചുററും നോക്കി. ആരുടെയും മുഖഭാവം അനുകൂലമല്ലെന്നു കണ്ടപ്പോൾ അയാൾ ഇരുന്നു. ഇതിനിടെ അടുത്തിരുന്ന ഒരു മാന്യൻ എൻ്റെ ചെവിയിൽ പറഞ്ഞു. 'അവനൊരു പുതുക്രിസ്ത്യാനിയാ.' ഒരു ഏറ്റുമുട്ടലിൽ എത്തിക്കാതെ ചർച്ച തുടരുന്നതിനും പരുക്കേൽക്കാതെ തടി ഊരുന്നതിനും എന്തെങ്കിലും തന്ത്രപരമായൊരു നീക്കം നടത്തേണ്ടിയിരിക്കുന്നു. ഞാനവനെത്തന്നെ ക്ഷണിച്ചു.


ചർച്ച ചെയ്യുന്ന വിഷയവുമായി വളരെ ബന്ധപ്പെട്ട വ്യക്തി എന്ന നിലയ്ക്ക് ഇദ്ദേഹത്തിന്റെ വികാരങ്ങളിൽ ചിലതെങ്കിലും തുറന്നവതരിപ്പിച്ചാൽ പ്രായോഗികമായ ചർച്ചയ്ക്ക് സഹായകമായേക്കും " എന്റെ അഭിപ്രായത്തോട് " പലരും യോജിച്ചു.


"ഞാൻ പലതും പറയുമ്പോൾ മുമ്പ് ആരോ ആരോപിച്ചതുപോലെ ഇൻഫീറിയോരിറ്റി കൊംപ്ലക്‌സാണെന്ന് തോന്നിയേക്കാം. എന്നിരുന്നാലും അച്ചന്റെ മുന്നാലു ക്ലാസുകൾ കേട്ടിട്ടുള്ളതിൽ നിന്നും അച്ചൻ അല്പം പുരോഗമനപരമായി ചിന്തിക്കുന്നയാളാണെന്നു തോന്നുന്നതുകൊണ്ട് പറയാം. പത്തുനാൽപതു വർഷമായി ഞങ്ങളിവിടെ താമസിക്കുന്നെങ്കിലും ഞങ്ങളെ ഇവിടെ ഇടവക ചേർത്തിട്ടില്ല. ഞങ്ങളു വേറെ, "രൂപത" ക്കാരാണെന്നുപോലും. ഇടവകയിലെ ഏതു പിരിവിനും ഞങ്ങളെ സമീപിക്കാറുണ്ട്, സഹകരിച്ചിട്ടുമുണ്ട്. രൂപതയിൽനിന്നും പാവപെട്ടവർക്കുള്ള ചില ആനുകുല്യങ്ങളെപ്പറ്റി അറിഞ്ഞു ചെന്നപ്പോൾ മറുപടി " ഈ ഇടവകയിൽപ്പെട്ടവർക്കേ കൊടുക്കാൻ പറ്റു "ഞാനൊരു ബിരുദധാരിയാണ്. P.D.C.കഴിഞ്ഞു ഞാൻ സെമിനാരിയിൽ ചേരാൻ ആഗ്രഹിച്ച് പലയിടങ്ങളിലേയ്‌ക്കും എഴുതി ചെല്ലാൻ പറഞ്ഞു ചെന്നു. എന്നെ പുറന്തള്ളി, ഒറ്റക്കാരണം പു. ക്രി. യാണന്ന്. ഒരിടത്തു ചെന്നപ്പോൾ എന്നെ നിർത്തിക്കോണ്ടു തന്നെ പു. ക്രി യെപ്പററി ചർച്ച ചെയ്ത് എന്നെ തള്ളി. അച്ചന്റെ കപ്പുച്ചിൻ സഭേലും ഞാൻ അന്വേഷിച്ചതാണ് എന്നെ എടുത്തില്ല. മൂന്നാലുവർഷം മുമ്പ് ഒരു പെൺകുട്ടിയെ യാദൃശ്ചികമായി പരിചയപ്പെട്ടു. ഒന്നു രണ്ടു പ്രാവശ്യം സംസാരിച്ചു. അടുത്ത ദിവസം അവളുടെ സഹോദരനും മൂന്നാലു പേരുംകൂടി വഴിയിൽ എന്നെ വളഞ്ഞു. ഞാൻ വെറും പു. ക്രി. മാനമുള്ള പെണ്ണങ്ങളോടു മിണ്ടിയാൽ എല്ലു പൊടിയാക്കി ഇഞ്ചിക്കിടുമെന്ന്. പു. ക. കു. അല്ലെ, എന്നെ ജനിപ്പിച്ചവരെ മനസ്സു കൊണ്ട് അറിയാതെ പ്രാകി ഞാൻ ക്ഷമ പറഞ്ഞൊഴിവായി. അച്ചാ ഈ ഇടയലേഖനോം ചർച്ചയും ഒക്കെ ഞങ്ങൾക്കുവേണ്ടി ഏതാണ്ടൊക്കെ ചെയ്തു എന്ന് ചിലർക്കൊക്കെ ആശ്വസിക്കാനൊരു അടവല്ലേ. ഞാൻ വെല്ലുവിളിക്കട്ടെ, എത്ര സത്യക്രിസ്ത്യാനികൾ നിങ്ങളുടെ മക്കളെ പു. ക്രി. ക്കു കെട്ടിച്ചു കൊടുക്കും. അല്ലെങ്കിൽ കെട്ടും. ഒരിക്കൽ ഇതിനെപ്പറ്റി കേട്ട കമൻറ് എതാണന്നോ 'ആന മെലിഞ്ഞാലും കൊട്ടിലിൽ കെട്ടുമോ''ന്ന്. അച്ചന്റെ ബന്ധുക്കളാരെങ്കിലും "പുതുക്രിസ്ത്യാനിയെ" കല്യാണം കഴിക്കുന്നെന്നറിത്താൽ അച്ചൻ കല്യാണത്തിനു പോകാതെ ഒഴിഞ്ഞു മാറുകേലെ? അതു വേണ്ട അച്ചന്റെയൊക്കെ സെമിനാരിൽ ഞങ്ങളെ എടുക്കുമോ? 'സംവരണം' വേണ്ട. മാന്യമായിട്ട് ആഗ്രഹിച്ചു വരുന്നവരെയെങ്കിലും? കേരളത്തിലെ മഠങ്ങളിൾ ചേരാൻ ചെന്നാൽ ഞങ്ങളുടെ പെങ്ങന്മാരെ സ്വീകരിക്കുമോ?


ഇവിടെ 'അവശ' ക്രൈസ്തവരോടുള്ള സർക്കാരിന്റെ അവഗണനയിലാണ് വേദന. അതിനെതിരെയാണ് ലേഖനോം, ചർച്ചേം!! അതിനൊക്കെ യൂണിയനും സംഘടനേം നോക്കട്ടച്ചാ. ഞങ്ങളോടുള്ള മനുഷ്യത്വമില്ലാത്ത വിവേചനം സഭയിൽ നിന്നു തന്നെയാ. ഇതിന്റെ കുറ്റബോധത്തിന് മറയിടാനുള്ള വെറും സ്റ്റണ്ടല്ലേ ഈ ലേഖനോം ചർച്ചേം. ആറു മാസം കഴിയുമ്പം ഞാനച്ചനെ വന്നു കാണാം. എഴുത്തും ലേഖനോമൊക്കെ പൊടിപിടിക്കും. ചർച്ചയൊക്കെ പാടെ മറക്കും... പു. ക. കു വും, പു. ക്രി യും തുടരും.


പറയാനവസരം ലഭിച്ചത്തിലുള്ള ആശ്വാസത്തോടെ നിർത്തി ആരെയും നോക്കാതെ അവനിരുന്നു. ഞാൻ ചുറ്റും നോക്കി. അവന്റെ വെല്ലുവിളി സ്വീകരിക്കാനോ, ചോദ്യങ്ങൾക്കു മറുപടി കൊടുക്കാനോ ആരും എഴുന്നേറ്റില്ല. അസുഖകരമായ നിശബ്ദത. പലരും സമയമായമട്ടിൽ വാച്ചിൽ നോക്കി തുടങ്ങി. ചിലരൊക്കെ പരസ്പരം എന്തൊക്കെയോ ചൂടായി പറഞ്ഞു തുടങ്ങി. ചർച്ച തുടരുന്നതിന്റെ അവിവേകത്തെപ്പറ്റി എന്റെ മനസ്സു മന്ത്രിച്ചു. ആവശ്യത്തിനു മനസ്സിലാകാനുള്ളത് അവൻ പറഞ്ഞു കഴിഞ്ഞു. കൂടുതൽ ചർച്ച ചെയ്തു അതിന്റെ സാന്ദ്രത കുറയ്ക്കണോ!


"ഇതിന്റെ വശങ്ങളെപ്പറ്റി പഠിച്ച് ചർച്ച ചെയ്യാൻ അടുത്തൊരു ദിവസം കൂടാൻ ഞാൻ വികാരിയച്ചനോടു പറയാം. നമുക്കു തല്കാലം നിർത്താം." പരുക്കേല്ക്കാതെ രക്ഷപ്പെടേണ്ടത് എന്റെയും ആവശ്യമാണല്ലോ. ദൈവജനം പിരിഞ്ഞു, ഹാൾ ഒഴിഞ്ഞു, അവനിരുന്ന ബെഞ്ചുകളിലേക്കു ഞാൻ നോക്കി. അതിപുരാതനം! ഞങ്ങളിരുന്ന മുറിയുടെ ഭിത്തികളിലേക്കു നോക്കി പുരാതന കത്തോലിക്കാ കെട്ടിടം തന്നെ! ബലിഷ്ടം!!! ഇതു മാറുമോ? മാറ്റാൻ പറ്റുമോ? ആ ചെറുപ്പക്കാരന്റെ അവസാന വാക്കുകൾ അവിടെ ഇടിച്ചു നിന്നപോലെ 'പു. ക. കു. വും, പു. ക്രി. യും തുടരും.'


പു. ക. കു. വും, പു. ക്രി. യും, ഇടിയും മിന്നലും,

ഫാ. ജോസ് വെട്ടിക്കാട്ട്

അസ്സീസി മാസിക, ഏപ്രിൽ 1990.


Apr 1, 1990

4

163

Recent Posts

bottom of page