

യേശുവിനെ സംബന്ധിച്ചിടത്തോളം കുരിശ് എന്തായിരുന്നു എന്നതിനെ ഞാൻ എങ്ങനെയാണ് മനസ്സിലാക്കുന്നത് എന്ന് ഏതാനും ദിവസം മുമ്പ് കുറിച്ചിരുന്നു. കുറഞ്ഞ സമയം കൊണ്ട് കുട്ടികളോട് അതെങ്ങനെ സംവേദിക്കാം എന്ന് ഞാൻ ആലോചിച്ചു. അന്ന് എഴുതിയതും അടിസ്ഥാനപരമായി മൂന്ന് കാര്യങ്ങൾ ആയിരുന്നു.
നീതിക്കുവേണ്ടി നിലപാട് എടുക്കുക എന്നതാണ് ഒന്നാമതായി ചെയ്യേണ്ടത്. നോക്കൂ ചരിത്രത്തിൽ നീതിക്കുവേണ്ടി നിലപാട് എടുത്തവർ പ്രത്യേകിച്ചും അവരുടെ തീരുമാനങ്ങൾ, നിലപാടുകൾ, ഒക്കെ ഒരു സമൂഹത്തിൻ്റെ, സമുദായത്തിന്റെ സ്വാർത്ഥപരമായ താല്പര്യങ്ങൾക്ക് വിഘ്നം വരുത്തുന്നതാണെങ്കിൽ, അവരൊക്കെയും പീഡിപ്പിക്കപ്പെട്ടിട്ടോ കൊല്ലപ്പെട്ടിട്ടോ ഉണ്ട്.
മുഖം നോക്കാതെ സത്യത്തെ പറയുകയും സത്യത്തോടൊപ്പം നിൽക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തേത്. ചരിത്രത്തിൽ ഉടനീളം ഇത്തരം വ്യക്തികളും പീഡിപ്പിക്കപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്യുന്നത് കാണാം.
സ്നേഹമാണ് മൂന്നാമത്തേത്. സ്നേഹം എന്ന് പറയുമ്പോൾ കേവലം വ്യക്തിസ്നേഹം മാത്രമല്ല നാം വിവക്ഷിക്കുന്നത്. സ്നേഹം എന്നത് സാർവത്രിക സ്നേഹം കൂടിയാണ്. എല്ലാവരെയും സ്നേഹിക്കുക; എല്ലാവർക്കും എല്ലാം ആയിത്തീരുക. അതാണ് സ്നേഹത്തിൻ്റെ ഉയർന്ന തലം. അപ്പോൾ നാം നമ്മുടെ ഇത്തിരിവട്ടത്തിന് അപ്പുറം പോകേണ്ടതായി വരും. നമ്മുടെ കുടുംബത്തിനും പഞ്ചായത്തിനും സമുദായത്തിനും അപ്പുറം, എല്ലാവരുടെയും സുസ്ഥിതിയും ഉയർച്ചയും നന്മയും നാം കാംക്ഷിക്കേണ്ടതായി വരും. സ്വാഭാവികമായും തങ്ങളുടെ പഞ്ചായത്തിനെയും സമുദായത്തെയും ഏറ്റവും വലിയ മൂല്യങ്ങളായി കരുതുന്നവർക്ക് അത് വലിയ വിഷമം ഉണ്ടാക്കും. അവർ നമ്മെ എതിർക്കുകയും, എതിർപ്പിന് വഴങ്ങില്ല എന്ന് കാണുമ്പോൾ നമ്മെ ഒറ്റപ്പെടുത്തുകയും, ഒറ്റപ്പെടുത്തിയിട്ടും ഫലമില്ല എന്ന് കാണുമ്പോൾ നമ്മെ ഇല്ലാതാക്കുകയും ചെയ്യും.
ഏറ്റവും വ്യക്തമായി യേശുവിൻ്റെ ജീവിതത്തിൽ ഇക്കാര്യങ്ങൾ കാണാം. തൽക്കാലം യേശുവിനെ നമുക്ക് വിടാം. ഏബ്രഹാം ലിങ്കനെ നോക്കൂ; മഹാത്മാ ഗാന്ധിയെ നോക്കൂ; മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിനെ നോക്കൂ; ഇഷാക്ക് റബീൻ-നെ നോക്കൂ; പത്രീസ് ലുമുംബയെ നോക്കൂ; ബെനീഞ്ഞോ അക്വീനോയെ നോക്കൂ; അല്ലെങ്കിൽ വധിക്കപ്പെട്ടിട്ടുള്ള നിരവധി ക്രിസ്റ്റ്യൻ മിഷനറിമാരെ നോക്കൂ. നീതിക്കുവേണ്ടി, സത്യത്തിനു വേണ്ടി, സാർവ്വത്രിക സ്നേഹത്തിനു വേണ്ടി, കൂടുതൽ വിശാലമായ ഒരു ലോകത്തിനുവേണ്ടി നിലകൊണ്ടവരായിരുന്നില്ലേ അവരെല്ലാം? അപ്പോൾ ഒരു കാര്യം നമുക്ക് വ്യക്തമാകുന്നുണ്ട്. കുരിശ് എന്നാൽ സത്യത്തിനും നീതിക്കും സ്നേഹത്തിനും വേണ്ടിയുള്ള അചഞ്ചലമായ നിലപാടാണ്. ചുരുക്കത്തിൽ, ഇവ ഏറ്റെടുക്കുന്നതാണ് തൻ്റെ ശിഷ്യത്വത്തിന് ആധാരമായി യേശു ലോകത്തോട് ആവശ്യപ്പെടുന്നത്.





















