top of page

നിരായുധീകരണം

May 14, 2025

1 min read

George Valiapadath Capuchin

ഇന്നത്തെ സാഹചര്യത്തിൽ വ്യവസാപിത മാധ്യമങ്ങളും ഒരു തരത്തിൽ സോഷ്യൽ മീഡിയ തന്നെയാണ്. എല്ലാ മാധ്യമങ്ങളും ഏതാനും മിനിറ്റുകൾക്കുള്ളിൽത്തന്നെ അവരുടെ മാധ്യമ ഉള്ളടക്കം ഓൺലൈനിലും അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റ് ചെയ്യുന്നുണ്ടല്ലോ. മാധ്യമങ്ങളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ വാക്കുകൾ ഉപയോഗിക്കുന്ന രീതി മനം മടുപ്പിക്കുന്നതാണ്. ഇക്കാലത്ത് ആളുകൾ അവരുടെ സംഭാഷണങ്ങളെ ഒരു യുദ്ധമായി പരിഗണിക്കുന്നതുപോലെ തോന്നാറുണ്ട്. ഉപയോഗിക്കുന്ന വാക്കുകളിൽ വളരെയധികം വൈകാരികഭാരം നിറച്ചിരിക്കുന്നു. പലപ്പോഴും ആക്രമണാേത്സുകതയും വെറുപ്പും നിന്ദയും ഒക്കെ കൊണ്ട് നിറച്ചിരിക്കുകയാണ് വാക്കുകൾ. വ്യക്തിപരമായി പറഞ്ഞാൽ, ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയയിലെ അത്തരം പദപ്രയോഗങ്ങളിലും അഭിപ്രായപ്രകടനങ്ങളിലും എന്റെ അതൃപ്തി ഞാൻ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരം വാക്കുകളുടെയും പ്രയോഗങ്ങളുടെയും ഉപയോഗബാഹുല്യം കാരണം പലപ്പോഴും എനിക്ക് പലരുടെയും പോസ്റ്റുകളോട് പ്രതികരിക്കാനോ അഭിപ്രായം പറയാനോ കഴിയാറുമില്ല. ഈ വിഷയത്തിൽ കുറച്ച് വെളിച്ചം വീഴ്ത്തിത്തരുന്നതിന് ലിയോ മാർപാപ്പായോട് നന്ദി പറയട്ടെ.


പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടിട്ട് മൂന്ന് ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പാപ്പായായി ലോകത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടതിന്റെ നാലാം ദിവസം, വ്യത്യസ്തമായ ഒരു ആശയവിനിമയ രീതി പ്രോത്സാഹിപ്പിക്കാനായി ലിയോ പാപ്പാ മാധ്യമ പ്രവർത്തകരെ വത്തിക്കാനിലേക്ക് ക്ഷണിച്ചുവരുത്തി. തിങ്കളാഴ്ച പോപ്പ് പോൾ VI ഹാളിൽ വച്ചായിരുന്നു മാധ്യമ പ്രൊഫഷണലുകളുമായുള്ള ഈ കൂടിക്കാഴ്ച നടന്നത്. ആശയവിനിമയത്തെക്കുറിച്ചുള്ള തന്റെയും സഭയുടെയും സ്വപ്നം അദ്ദേഹം അവരുമായി പങ്കുവെച്ചു. "എന്തു ചെയ്തിട്ടായാലും സമവായം വരുത്തിയേ അടങ്ങൂ എന്ന നിലപാടെടുക്കാത്ത, ആക്രമണാേത്സുകമായ വാക്കുകൾ ഉപയോഗിക്കാത്ത, മത്സരത്തിന്റെ സംസ്കാരം പിന്തുടരാത്ത, സത്യാന്വേഷണത്തെ, വിനയപൂർവ്വം സ്നേഹത്തിൽ അതന്വേഷിക്കുന്നതിൽനിന്ന് വേർതിരിച്ചു കാണാത്ത" ആശയവിനിമയം ആവശ്യമാണ്.

"നമ്മൾ ആശയവിനിമയം നടത്തുന്ന രീതിതന്നെ അടിസ്ഥാനപരമായി പ്രാധാന്യമുള്ളതാണ്", അദ്ദേഹം പറഞ്ഞു. "വാക്കുകളുടെയും ചിത്രങ്ങളുടെയും യുദ്ധരീതിയോട് നാം 'ഇല്ല' എന്നു പറയണം; യുദ്ധത്തിന്റെ സമീപനമാതൃക നാം നിരസിക്കണം."


സത്യം റിപ്പോർട്ട് ചെയ്തതിന് തടവിലാക്കപ്പെടുന്ന പത്രപ്രവർത്തകരോടുള്ള സഭയുടെ ഐക്യദാർഢ്യം പുതിയ മാർപ്പാപ്പയും ഊന്നിപ്പറഞ്ഞു. അവരെ മോചിപ്പിക്കാൻ, അദ്ദേഹം ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.


അഗസ്റ്റീനിയൻ സമൂഹാംഗമായ അദ്ദേഹം വി. അഗസ്റ്റിനെ ഉദ്ധരിച്ചിങ്ങനെ പറഞ്ഞു: "നമുക്ക് നന്നായി ജീവിക്കാം, നമ്മുടെ കാലഘട്ടം നല്ലതാകും. കാരണം നാമാണ് കാലം."


"ആശയവിനിമയം വിവരങ്ങളുടെ വിനിമയം മാത്രമല്ല, മാനുഷികവും ഡിജിറ്റലുമായ സാഹചര്യങ്ങളിൽ സംഭാഷണത്തിനും ചർച്ചയ്ക്കുമുള്ള ഇടങ്ങളായി മാറുന്ന ഒരു സംസ്കാരത്തിന്റെ സൃഷ്ടി കൂടിയാണത്."


ഉപസംഹാരമായി, 2025 ലെ ലോക സാമൂഹിക സമ്പർക്ക ദിനത്തിന് ഫ്രാൻസിസ് പാപ്പാ നല്കിയ സന്ദേശം അദ്ദേഹം ആവർത്തിച്ചു. "നമ്മുടെ മുൻവിധികളിൽനിന്നും നീരസത്തിൽനിന്നും ആശയവിനിമയത്തെ നമുക്ക് നിരായുധീകരിക്കാം. നമുക്ക് വാക്കുകളെ നിരായുധീകരിക്കാം, അങ്ങനെ ലോകത്തെ നിരായുധീകരിക്കാൻ സഹായിക്കാം."


പാപ്പാ നല്കുന്ന പ്രകാശത്തിൽ നമ്മുടെ വാക്കുകളുടെയും ചിത്രങ്ങളുടെയും വിനിയോഗം സംബന്ധിച്ച് നാമെല്ലാം ഒരു മനഃപരിശോധന നടത്തേണ്ടതുണ്ടെന്ന് തോന്നുന്നു.

Recent Posts

bottom of page