

അന്തമില്ലാത്ത അധികാരത്തിന്‍റെ തേര്‍വാഴ്ച ലോകത്തെ പുതിയ പ്രതിസന്ധികളിലേക്കു നയിക്കുന്ന കാലത്താണ് നാം അതിജീവനത്തിനായി പൊരുതുന്നത്. പുതിയ കാലത്തെ അധികാരികളെല്ലാം ഉന്മാദത്തിന്‍റെ പിടിയിലാണെന്നു തോന്നുന്നു. യുദ്ധമായും കൊലവിളിയായും പുറന്തള്ളാനുള്ള വ്യഗ്രതയും അധികാരം വേഷം മാറി വന്നുകൊണ്ടിരിക്കുന്നു. അധികാരസ്ഥാനത്ത് ഭിന്നവ്യക്തികളെങ്കിലും എല്ലാവര്‍ക്കും ഒരേ മുഖം. ട്രമ്പിസത്തിന്‍റെ കാലത്ത് അതൊരു വ്യക്തി മാത്രമല്ലാതാകുന്നു. ലോകത്തെ കാല്‍ക്കീഴിലമര്‍ത്തി അനന്തകാലത്തോളം വാഴ്ച നടത്താമെന്ന മിഥ്യാഭ്രമത്തിൽ ഓരോ അധികാരിയും കാട്ടിക്കൂട്ടുന്നതെല്ലാം അനേകമായിരങ്ങളുടെ ജീവിതത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഉന്മാദികളാ യ അധികാരികള്‍ പുതിയ ലോകക്രമത്തെ മാറ്റിമറിക്കാനുള്ള ശ്രമത്തിലാണ്.
വ്യക്തിതലം മുതല്‍ ലോകതലംവരെ അധികാരത്തിന് ഭിന്നമുഖങ്ങളുണ്ട്. സ്ഥൂലവും സൂക്ഷ്മവുമായ അധികാരരൂപങ്ങള്‍ നമ്മോടൊപ്പമുണ്ട്. കുടുംബം മുതല്‍ രാജ്യങ്ങള്‍ വരെ അധികാരഘടനയ്ക്കകത്താണ്. ദുഷിച്ച അധികാരത്തിന്‍റെ കരാളഹസ്തത്തിലാണ് ലോകമിന്ന് അമര്‍ന്നിരിക്കുന്നത്. ജനാധിപത്യത്തിന്‍റെ ഇടങ്ങള്‍ ചുരുങ്ങിവരുന്നതാണ് അനുഭവം. പേരിന് തിരഞ്ഞെടുപ്പുകളൊക്കെയുണ്ടെങ്കിലും ഏകാധിപത്യത്തിന്‍റെ രീതികളാണ് സാധാരണമായിക്കൊണ്ടിരിക്കുന്നത്.
അധികാരം വല്ലാതെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത് നാം അറിയുന്നു. ഭിന്നസ്വരങ്ങളോട്, ജനവിഭാഗങ്ങളോട് സഹിഷ്ണുതയില്ലാതെ, ശത്രുതാഭാവത്തില്‍ പെരുമാറുന്നവര്‍. വേര്‍തിരിവുകളുടെ മതില്‍ക്കെട്ടുകള്‍ പത്തിയുയര്‍ത്തുകയാണ്. അപരനെ സൃഷ്ടിക്കുന്ന, അജ്ഞനെ ഒരു വിഭാഗത്തെ ചേര്‍ത്തുനിര്‍ത്തുന്ന നീതി വ്യാപകമായി പ്രശോഭിക്കപ്പെടുന്നു. സമ്പത്തും അധികാരവും കൈയ്യടക്കാന്‍ എന്തും ചെയ്യുന്ന തരത്തിലേക്ക് ഭരണാധികാരികള്‍ മാറിക്കൊണ്ടിരിക്കുന്നു. സത്യാനന്തരകാലത്ത് സത്യത്തെ ബലികഴിച്ച് അധികാരത്തിന്‍റെ കാല്‍ക്കല്‍ കെട്ടിയിട്ടിരിക്കുകയാണ്.
ഭയപ്പെടുത്തുന്ന അധികാരരൂപങ്ങള്‍ വിധേയത്വവും അനുസരണവും പ്രതീക്ഷിക്കുന്നു. വിമതസ്വരങ്ങളെ ഏതുവിധത്തിലും ഇല്ലാതാക്കാന്‍ അധികാരത്തിനു സാധിക്കുന്നു. ഏകപക്ഷീയമായ വാദങ്ങള്‍ മാത്രം. അങ്ങനെ സംവാദസാധ്യതകള്‍ അടയുന്നു. അപ്പോള്‍ നമ്മുടെ ആകാശം ചെറുതാകുന്നു. മനുഷ്യത്വം പരാജയപ്പെടുന്നു. നിസ്സഹായന്‍റെ ശബ്ദം എവിടെയും എത്തുന്നില്ല. അധികാരമാണ് ശരി എന്നത് വ്യാപകമാകുമ്പോള്‍ ചോദ്യങ്ങള്‍ ഇടറി വീഴുന്നുണ്ട്. ഏകപക്ഷീയമായ അധികാരവും വിപണിയും ചേര്‍ന്ന് സൃഷ്ടിക്കുന്ന നുണകളുടെ കോട്ടകൊത്തളങ്ങള്‍ ഭ്രമക്കാഴ്ചകളായി മാറുന്നു. സത്യവും അസത്യവും വേഷം മാറി പ്രത്യക്ഷമാകുന്നു. അതിജീവിക്കാനുള്ള ഓട്ടപ്പന്തയത്തിനിടയില്‍ മനുഷ്യര്‍ ഇതൊന്നും ഗൗരവമായി കാണാതായിരിക്കുന്നു. അല്ലെങ്കില്‍ അവരുടെ സ്വരം എവിടെയും കേള്‍ക്കാതാകുന്നു.
ചെറിയ അധികാരങ്ങള്‍പോലും ആളുകളെ പലപ്പോഴും ഏറെ മാറ്റിമറിക്കാറുണ്ട്. പദവികളിലിക്കുന്നവര്‍ കൂടെയുള്ളവരോട് ഉടമയുടെ ഭാവത്തില്‍ പെരുമാറും. ആത്മാഭിമാനത്തെ ഹനിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങളും ഉണ്ടാകാറുണ്ട്. വലിയ അധികാരികളെ നാം വിമര്‍ശിക്കുമ്പോള്‍ നമ്മളൊക്കെ ചുറ്റുവട്ടങ്ങളെ അധികാരത്തിന്‍റെ വഴിതെറ്റിയ നീതികള്‍കൊണ്ട് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്ന് വിസ്മരിക്കരുത്. എല്ലാ അധികാരികളും വിധേയരായ തൊമ്മിമാരെ മാത്രമാണ് പ്രതീക്ഷിക്കുന്നത്. വേറിട്ടൊരു സ്വരമുണ്ടായാല്‍ സ്വാഗതം ചെയ്യണമെങ്കില്‍ ജനാധിപത്യം സംസ്കാരമായി ഒപ്പമുള്ളവരാകണം.
ജനാധിപത്യം ക്ഷീണിതമാകുന്നത് അധികാരമാനമുള്ള മനുഷ്യര്‍ ഏറിവരുന്നതുകൊണ്ടാണ്. ജനാധിപത്യം ഒരു സംസ്കാരമാണ്. അപരനോടുള്ള കരുതലാണ്. അവനവനില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് മറ്റുള്ളവരെ കാണാനാവില്ല. ദുഷിച്ച അധികാരം പുഷ്പിച്ചു മുറിവുകള്‍ ചരിത്രത്തിന്‍റെ ഭാഗമാണ്. ഇപ്പോഴും അത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
അധികാരത്തില്‍ നിന്ന് മാറിനടന്നവര്‍ ചുരുക്കമാണ്. ഒരു ബുദ്ധനോ ഗാന്ധിക്കോ മാത്രം സാധ്യമാണ്. അധികാരതൃഷ്ണ ഓരോ വ്യക്തിയിലും കഠിനമാണ്. അധികാരത്തോടുള്ള ആസക്തി ഏറുവരുമ്പോള്‍ എന്തും ചെയ്യുന്ന തരത്തിലേക്ക് വ്യക്തികള്‍ മാറുന്നു. നിരജനമായ അധികാരം കൈയ്യിലുള്ളവര്‍ വലിയ വിപത്തുക ള്‍ക്ക് കാരണമാകുമ്പോള്‍ ചെറിയ അധികാരസ്ഥാനത്തിരിക്കുന്നവര്‍ തന്‍റെതായ രീതിയില്‍ പ്രതിസന്ധികളും മുറിവുകളും സൃഷ്ടിക്കുന്നു. പണവും അധികാരവും കൂടിച്ചേര്‍ന്ന് രൂപപ്പെടുത്തുന്ന ലോകക്രമം നീതിയില്‍ നിന്ന്, സമത്വചിന്തയില്‍നിന്ന് ഏറെ അകലെയാണ്.
അധികാരം സേവനത്തിനാണെന്നു പറയുന്നവര്‍ സ്ഥാനത്തെത്തുമ്പോള്‍ സേവകരെ സൃഷ്ടിക്കുന്നു. അധികാരസ്ഥാനത്തിരിക്കുന്നവര്‍ സവിശേഷമായ സ്വഭാവരീതികള്‍ പരിശീലിക്കുന്നു. അന്യരെ സംശയത്തോടെ വീക്ഷിക്കുന്നു. ലോകം മുഴുവന്‍ കാല്‍ക്കീഴിലെന്നപോലെ ആക്രോശിക്കുന്നു. വര്‍ത്തമാനകാലത്ത് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഉന്മാദികളായ അധികാരികൾ സൃഷ്ടിക്കുന്നതാണ്. ലോകം ഇന്നുവരെ നേടിയ പല നന്മകളും നഷ്ടമാകുന്നത് നാം കാണുന്നു. വെളിച്ചത്തിന്‍റെ തുരുത്തുകളെ ഇരുട്ട് ആക്രമിക്കുന്നു. ദുഷിച്ച അധികാരത്തെ ചോദ്യം ചെയ്യാന്‍ കരുത്തുള്ള ധാര്‍മ്മിക ബലമുള്ള പൊതുസമൂഹത്തിനു മാത്രമേ ഇതിനെ തിരുത്താനാകൂ.
നമ്മുടെ ചുറ്റുപാടുകളില്‍ എങ്ങനെയാണ് നാം അധികാരികളാകുന്നത് എന്നത് പ്രധാനമാണ്. ലോകത്തെ കൂടുതല്‍ മനോഹരമാക്കാനുള്ള യാത്രയ്ക്കിടയില്‍ അധികാരത്തിന്‍റെ ദുഷിച്ച ശക്തികളെ മാറ്റിനിര്‍ത്തേണ്ടിവരും. ഇല്ലെങ്കില്‍ അധികാരത്തിന്‍റെ ബുള്‍ഡോസറുകള്‍ എല്ലാ ഹരിതഭൂമികളെയും കരിച്ചുകളയും. അങ്ങനെയാണ് ലോകത്തിലും മനസ്സിലും മരുഭൂമികള്‍ പടര്‍ന്നു കയറുന്നത്.





















