top of page

ദര്‍ശനവര്‍ണ്ണങ്ങള്‍

Aug 1, 2001

2 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
Image of Eyes

തൊട്ടിലിലുറങ്ങുന്ന കുഞ്ഞുമോളെ നോക്കിയിരിക്കുകയാണ് നമ്മള്‍. സ്വപ്നത്തിലവള്‍ പുഞ്ചിരിക്കുന്നുണ്ട്. കുഞ്ഞിന്‍റെ സ്വപ്നങ്ങളിലെന്താവും തെളിയുക. പൂവിന്‍റെ സ്വപ്നങ്ങള്‍ പൂക്കളെക്കാള്‍ മൃദുലവും സൗമ്യവുമായിരിക്കും എന്നു പറയുന്നതുപോലെ അതിനിര്‍മ്മലമായ കിനാക്കളാവണമത്. ശൈശവത്തേക്കാള്‍ നിര്‍മ്മലം. അവള്‍ മിണ്ടിത്തുടങ്ങുമ്പോള്‍ നമുക്കതു ചോദിക്കണം. അതുവരെ അവളത് ഓര്‍മ്മിക്കാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കാം.

ഹൃദയപൂര്‍വ്വം പുഞ്ചിരിക്കാന്‍ നിദ്രയിലും ഒപ്പം ജാഗരണത്തിലും കുറെ സൗമ്യദീപ്തമായ കിനാക്കള്‍ നമുക്കും ഉണ്ടായിരുന്നുവെങ്കില്‍. സ്വപ്നങ്ങള്‍ പോലും കളഞ്ഞുപോയൊരു കാലത്തിലൂടെയാണല്ലോ നമ്മള്‍ ഇടറി നീങ്ങുക. അങ്ങനെ ജീവിതം തോളിലെ അദൃശ്യനുകംപോലെ മടുപ്പിക്കുകയും തളര്‍ത്തുകയും ചെയ്യുന്നു.

ഉറങ്ങുമ്പോള്‍ കാണുന്ന സ്വപ്നങ്ങളെക്കാള്‍ പ്രധാനമാണ്, ഉണരുമ്പോള്‍ കാണുന്ന സ്വപ്നം. ഗുരുവിന്‍റെയടുക്കലെത്തിയ ഒരാള്‍ ചോദിച്ചു, എന്‍റെ രാത്രിസ്വപ്നങ്ങളെ വ്യാഖ്യാനിച്ചു തരിക.

ഗുരു പറഞ്ഞു: "നിന്‍റെ രാത്രിസ്വപ്നങ്ങളുടെ പൊരുള്‍ പറഞ്ഞുതരാന്‍ ഞാനാരാണ്. കാരണം നീയല്ല അവയെ ചിട്ടപ്പെടുത്തിയത്. ഉണരുമ്പോള്‍ നിന്നെ നിര്‍ണയിക്കാനോ ചിട്ടപ്പെടുത്താനോ അവയ്ക്കു കെല്‍പ്പുമില്ല. ഉണര്‍ന്നിരിക്കുമ്പോള്‍ നീ കാണുന്ന സ്വപ്നങ്ങളെക്കുറിച്ചെന്നോട് പറയുക. അവ നിര്‍ണ്ണയിച്ചത് നിശ്ചയമായും നീയാണ്, അവയ്ക്ക് നിന്നെയും നിര്‍ണ്ണയിക്കാനാവും." ഉണര്‍ന്നവന്‍റെ സ്വപ്നമാണ് ദര്‍ശനം.

ദൈവത്തിന്‍റെ കൈയില്‍ ഒരു വീശുമുറമുണ്ടെന്ന് ബൈബിള്‍ പറയുന്നു. കതിരും പതിരും വേര്‍തിരിക്കുന്ന വീശുമുറം. ഓരോ നിമിഷവും ദൈവം മനുഷ്യനെ പാറ്റിക്കൊണ്ടിരിക്കുകയാണ്. ഉള്‍ക്കാമ്പുള്ള മനുഷ്യരാണ് കതിര്. ഉപരിതലത്തില്‍ ജീവിക്കുന്ന മനുഷ്യരാണ് പതിര്. അതിന്‍റെയര്‍ത്ഥം ദര്‍ശനങ്ങളുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവുമാണ് ഒരുവനെ കതിരോ പതിരോ ആക്കി മാറ്റുന്നത്. അവന്‍റെ വീശുമുറത്തില്‍ ഞാന്‍ കതിരായിരിക്കുമോയെന്ന ചിന്ത ഒരാത്മധ്യാനത്തിന് പ്രേരിപ്പിക്കുന്നയൊന്നാണ്. സാത്താന്‍റെ കൈയിലുമുണ്ടീ വീശുമുറം. അതുകൊണ്ടാണ് ക്രിസ്തു പീഡാനുഭവങ്ങളുടെ തലേരാവില്‍, പീറ്ററിനോടിങ്ങനെ പറഞ്ഞത് ഓര്‍മ്മിക്കണം, സാത്താനീ രാവില്‍ നിന്നെ ഗോതമ്പുപോലെ പാറ്റുമ്പോള്‍ നീ തോല്‍ക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.

ജീവിതത്തെ വ്യത്യസ്തമാക്കി മാറ്റുന്നത് ചില ദര്‍ശനങ്ങളാണ്. ഏതു കാഴ്ചയ്ക്കു പിന്നിലും ഒരര്‍ത്ഥമോ വെളിച്ചമോ വെളിപ്പെട്ടുകിട്ടിയാല്‍ അതിനെ ദര്‍ശനമെന്നു വിളിക്കുക. പല മുഖങ്ങളും നമ്മെ മടുപ്പിക്കുന്നത് മിഴികളില്‍ ഈ ദര്‍ശനവെട്ടം അണഞ്ഞുപോകുമ്പോഴാണ്. ഒരുവന്‍റെ ആത്മീയതയുടെ ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ് ഇത്. ജോയേല്‍ പ്രവാചകന്‍റെ പുസ്തകത്തില്‍ ദൈവത്തിന്‍റെ ആത്മാവ് ഭൂമിയെ തൊടുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് ദര്‍ശനങ്ങളും വൃദ്ധര്‍ക്ക് സ്വപ്നങ്ങളും ഉണ്ടാകും എന്നു നാം വായിക്കുന്നു.ക്ലാസില്‍ അദ്ധ്യാപകന്‍ വളരെ ആത്മാര്‍ത്ഥമായി പഠിപ്പിക്കുമ്പോള്‍ ഒരുവന്‍ ഗാഢനിദ്രയിലാണ്. അടുത്തിരിക്കുന്നവന് തീരെ സഹിക്കുന്നില്ല. അവന്‍ വിളിച്ചു പറഞ്ഞു: "ഇവന്‍ ഇവിടെ ഉറങ്ങുകയാണ്." അവന്‍റെ അദ്ധ്യാപകന്‍ സ്വയം ആശ്വസിക്കുകയാണ്. ഉറങ്ങുന്നവന്‍ ഉറങ്ങിക്കോട്ടെ. ഉണര്‍ന്നവര്‍ക്ക് സ്വപ്നങ്ങള്‍പോലും ബാക്കിയില്ലല്ലോ.

ജീവിതത്തെ മനോഹരമാക്കുന്നത് ചില സ്വപ്നങ്ങളുടെയും ദര്‍ശനങ്ങളുടെയും സാന്നിദ്ധ്യമാണ്. കുറെപ്പേര്‍ കൂടി പണിചെയ്യുന്ന സ്ഥലത്ത് ഒരു സഞ്ചാരി എത്തുന്നു. എന്തുചെയ്യുന്നു എന്ന ചോദ്യത്തിന് ഒരുവന്‍ തടി ചിന്തേരിടുകയാണ്, മറ്റൊരുവന്‍ ഇഷ്ടിക മിനുക്കുകയാണ്, വേറൊരാള്‍ മണല്‍ വാരുന്നു... വെള്ളവുമായി എത്തുന്ന കുട്ടി പറയുന്നു ഞാന്‍ ഒരു കത്തീഡ്രല്‍ പണിയുകയാണ്. ആദ്യത്തെയാളുകളെല്ലാം തങ്ങളുടെ ഇത്തിരി കാഴ്ചകളിലേക്ക് ചുരുങ്ങുമ്പോള്‍ ഒടുവിലത്തേവന് ഒരു ദര്‍ശനമുണ്ട്. അതുകൊണ്ടുതന്നെ അവന്‍റെ അദ്ധ്വാനത്തിന് കുറേക്കൂടി കൗതുകവര്‍ണങ്ങള്‍ ലഭിക്കുന്നു.

ദര്‍ശനങ്ങള്‍ ജീവിതനുകങ്ങളുടെ ഭാരം വല്ലാതെ കുറച്ചുതരും. അതുകൊണ്ടാണ് ക്രിസ്തു പറഞ്ഞത് എന്‍റെ നുകത്തിന് ഭാരം കുറവും മധുരവുമാണെന്ന്. നാലുവയസ്സുള്ള ഒരു കുട്ടി അവന്‍റെ പോളിയോ പിടിപെട്ട ജ്യേഷ്ഠനെ തോളിലേറ്റി നടന്നുപോകുന്നു. വഴിയില്‍ നിന്ന് ആരോ ചോദിക്കുന്നു: "കുഞ്ഞേ, വല്ല്യ ഭാരമാണല്ലേ?" കുഞ്ഞു പറഞ്ഞു: "ഏയ് ഭാരമൊന്നുമല്ല, ചേട്ടനാണ്."

മനുഷ്യന്‍റെ അവസ്ഥകള്‍ക്കൊക്കെ ഒരു സാര്‍വ്വത്രിക ഭാവമുണ്ട്. ഓരോ മനുഷ്യനും കടന്നുപോകേണ്ടിവരുന്ന അഴലിനും അശാന്തിക്കുമൊക്കെ അനുപാതങ്ങളില്‍ വ്യത്യാസമുണ്ടെന്നു മാത്രമേയുള്ളൂ. ഏറെക്കുറെ സമാനം തന്നെ. ചിലര്‍ ദര്‍ശനങ്ങള്‍കൊണ്ട് തങ്ങളുടെ വിധികളെ അതിജീവിക്കുമ്പോള്‍ മറ്റുചിലര്‍ അതിന്‍റെ അഭാവത്തില്‍ വല്ലാതെ തളര്‍ന്നുപോകുന്നു. ക്രിസ്തുവിന്‍റെ അന്തിമനിമിഷത്തില്‍ അവന്‍റെ ഇരുവശങ്ങളിലുമായി ഉയര്‍ന്ന കുരിശുകളെ ധ്യാനിക്കുക. ഒരേ അവസ്ഥയിലുള്ള, ഒരേ വിധി തേടിയ രണ്ടുപേര്‍. എന്നാല്‍ ഒരുവന്‍ പറയുന്നു: "നീ ദൈവപുത്രനാണെങ്കില്‍ സ്വയം രക്ഷപ്പെടുക. എന്നെ രക്ഷിക്കുകയും ചെയ്യുക." തൊട്ടുമുന്‍പിലുള്ള അറുപതോ എഴുപതോ വര്‍ഷങ്ങളെ അയാള്‍ക്ക് കാണാനാവുന്നുള്ളൂ. എന്നാല്‍ അപരന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: നിന്‍റെ രാജ്യത്തില്‍ എനിക്കും ഇടം തരണമേ." അവന്‍റേത് ദര്‍ശനമാണ്, നിത്യതയോളം നീളുന്ന ഒന്ന്.

ഒരു ഞൊടിയിടയില്‍ ക്രിസ്തു ഇങ്ങനെ മന്ത്രിച്ചു: "നീ എന്നോടൊപ്പം പറുദീസായിലാണ്." ചോദിച്ചവനും ഉത്തരം നല്‍കിയവനും മരിച്ചിട്ടില്ല. പിന്നെ ഇപ്പോള്‍ത്തന്നെ പറുദീസായില്‍ പ്രവേശിച്ചു എന്നു പറയുന്നതിന്‍റെ അര്‍ത്ഥമെന്താണ് - അതിതാണ് ഒരു ദര്‍ശനമുള്ളവന്‍ ഈ മണ്ണിന്‍റെ ഭാഗമല്ല, മറിച്ച് ആകാശത്തിന്‍റെ അവകാശിയാണ്. രണ്ടുപേര്‍ ഒരേ ജാലകത്തിലൂടെ പുറത്തേയ്ക്കു നോക്കി. ഒരുവന്‍ നക്ഷത്രങ്ങളുടെ ആകാശം കണ്ടു. അപരന്‍ ഭൂമിയുടെ മുഴുവന്‍ മാലിന്യങ്ങളും...

അദ്ധ്വാനമൊക്കെ പാഴായിപ്പോകുന്ന ഒരു സന്ധ്യയില്‍ ക്രിസ്തു അപ്പസ്തോലന്മാരോടു പറഞ്ഞു: "ഇന്ന് ആഴങ്ങളിലേക്കു വലയെറിയുക." കാഴ്ചയുടെ തീരങ്ങളില്‍ കുടുങ്ങിയാലും മനുഷ്യന് എങ്ങനെയെങ്കിലുമൊക്കെ ജീവിക്കാനായേക്കും. നിസ്സാരതകള്‍ ശേഖരിച്ചും ചെറിയ കാര്യങ്ങളില്‍ ഇടറിവീണുമൊക്കെ ... എന്നാല്‍ ജീവിതത്തിന്‍റെ മഹത്ത്വമറിയണമെങ്കില്‍ സാന്ദ്രതയും സൗന്ദര്യവും വെളിപ്പെട്ടുകിട്ടണമെങ്കില്‍ ദര്‍ശനങ്ങളുടെ ആഴക്കടലിലേക്ക് ഒറ്റയ്ക്കു യാത്ര ചെയ്തേ തീരൂ.

ഫാ. ബോബി ജോസ് കട്ടിക്കാട്

0

0

Featured Posts