top of page

പ്രതിനായകനാവുന്ന വികസനം

Sep 1, 2013

4 min read

മപ
Waterfalls

* പരിസ്ഥിതി പ്രവര്‍ത്തകര്‍ കുളിക്കാതെയും പല്ലുതേയ്ക്കാതെയും നടക്കുന്നവരും വികസനത്തിന് എതിരെ നിലകൊള്ളുന്നവരുമാണ്.

- ഒരു ജനപ്രതിനിധി


* യുനസ്ക്കോയുടെ ടണ്‍ക്കണക്കിന് ഫണ്ടുവാങ്ങി കേരളം മുഴുവന്‍ വനഭൂമിയാക്കി മാറ്റുവാനുള്ള ഗുഢശ്രമത്തിന്‍റെ ഭാഗമാണ് ഇവിടുത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍

- ഒരു സംഘടന


* 'പരിസ്ഥിതി മൗലീകവാദികളുടെ മരുഭൂമിയില്‍ തോരാത്തമഴ' മരവും കാടും നശിപ്പിച്ചിട്ടും മഴ കൂടുതലെന്ന് എഡിറ്റോറിയല്‍.

- ഒരു പ്രമുഖ മലയാള ദിനപത്രം


* ജനങ്ങളുടെ എതിര്‍പ്പുണ്ട് എന്നതുകൊണ്ടുമാത്രം പണം മുടക്കിയ ഒരു വ്യവസായം അത് എന്തുതന്നെയായിരുന്നാലും നിര്‍ത്തേണ്ടതില്ല.

- കോടതി


* വെടിയിറച്ചിയും കള്ളപ്പവും, ഒരു പൈന്‍റും കുറച്ചു ഗാന്ധിയുമായി കസ്തുരിരംഗനെ ഒന്നു പോയിക്കാണണം (പഠനത്തിനായി കേരളത്തിലെത്തുമെന്ന വാര്‍ത്ത കേട്ടപ്പോള്‍). ഗാഡ്ഗില്‍ വന്നതറിഞ്ഞില്ല. അന്നേ ഇതു ചെയ്യേണ്ടതായിരുന്നു.

-ഒരു പാറമട മുതലാളി


ഇവര്‍ എന്തിനെയോ ഭയക്കുന്നുണ്ടോ? ആരാണീ ആക്ഷേപിക്കപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍? ഇവര്‍ വികസനവിരോധികളാണോ? വികസനം പരിസ്ഥിതി സംരക്ഷണത്തിനെ ബാധിക്കുന്നുണ്ടോ?...


നമ്മുടെ രാഷ്ട്രീയ-സാമൂഹിക അവസ്ഥ വിശകലനം ചെയ്താല്‍ കേരളം, ലോകത്താദ്യമായി ഒരു കമ്മ്യൂണിസ്റ്റ് ഭരണത്തെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുത്ത ഒരു സംസ്ഥാനവും ലോകത്താദ്യമായി ജനകീയസമരത്തിലൂടെ അതേ കമ്മ്യൂണിസ്റ്റ് ഭരണത്തെ പുറത്താക്കുകയും ചെയ്ത സംസ്ഥാനമാണ്. ജന്മിത്വം അവസാനിപ്പിക്കുവാന്‍ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ സംസ്ഥാനമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സാമൂഹിക യുദ്ധത്തിനിടയില്‍ 'പെറ്റി ബൂര്‍ഷ്വാ' എന്ന ഓമനപ്പേരിലറിയപ്പെടുന്ന; ഒരേസമയം മുതലാളിയും, തൊഴിലാളികള്‍ക്കൊപ്പംനിന്ന് പണിയെടുക്കുന്ന കര്‍ഷകനുമായ, ഇടത്തട്ടുകാരന്‍ ഭൂരിപക്ഷം തീരുമാനിക്കുന്ന, ജനാധിപത്യ സംവിധാനമുള്ള ഒരു സംസ്ഥാനമാണ് കേരളം. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കേരളം നേരിട്ട ഭക്ഷ്യക്ഷാമത്തെ അതിജീവിക്കുവാന്‍ കേരളത്തിലെ മലയോരങ്ങളും കന്യാവനങ്ങളും വെട്ടിത്തെളിച്ച് കൃഷിചെയ്ത്, പനഞ്ചോറും ഈന്തങ്ങയും കൂവയും ആറ്റികുറുക്കി ഭക്ഷണമാക്കി പട്ടിണിയെ ഉള്‍ക്കൊണ്ടുതന്നെ തലമുറകളെ മുന്നോട്ടുകടത്തിവിട്ട, മലമ്പാമ്പിനോടും, മലമ്പനിയോടും മല്ലിട്ട് കേരളത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ, മഴക്കൊപ്പം വേനലിനൊപ്പം കാലാവസ്ഥയ്ക്കൊപ്പം വ്യത്യസ്ത കൃഷികള്‍ ചെയ്ത് അതിജീവിച്ച യഥാര്‍ത്ഥ പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ഇവര്‍ ഇന്ന് കേരളത്തില്‍ അവശേഷിക്കുന്നുണ്ടോ? പച്ചിലവളവും ചാണകവുമിട്ട് വളമുണ്ടാക്കി, കയ്യാലകെട്ടി മണ്ണൊലിപ്പ് തടഞ്ഞ്, വളക്കുഴികള്‍ കുത്തി മഴവെള്ളം മണ്ണിലിറക്കി ഉറവയാക്കി കൃഷി ചെയ്തിരുന്ന ഇവരെ, 70കളില്‍ രാസവളവും കീടനാശിനിയും കൊടുത്ത് അത്യുല്‍പാദനശേഷിയും ലാഭവും പ്രദാനം ചെയ്തപ്പോള്‍, കേരളത്തില്‍ കാളകളും മണ്ണിരയും ഇല്ലാതെയായിത്തുടങ്ങി. രോഗാണുക്കളേയും രോഗത്തേയും അതിനുള്ള മരുന്നും ഒരേ ലാബോറട്ടറിയില്‍നിന്നും ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ ലോകത്തിന്‍റെ സമ്പദ്വ്യവസ്ഥ നിയന്ത്രിച്ചു തുടങ്ങി. അതുവരെ, വിതയ്ക്കേണ്ട ദിനവും കൊയ്യേണ്ട ദിനവും മഴപെയ്യുന്ന ദിനവും എല്ലാം മുന്‍കൂട്ടി അറിഞ്ഞ് പരിസ്ഥിതിക്കനുകൂലമായി കൃഷിചെയ്തിരുന്ന കര്‍ഷകര്‍ ഭക്ഷ്യസുരക്ഷയ്ക്കു പകരം ലാഭങ്ങളുടെ മാത്രം കണക്കുകള്‍ പറഞ്ഞുതുടങ്ങി.


ദുരന്തങ്ങള്‍ വിതച്ചുകൊണ്ട് എക്കാലത്തുമില്ലാത്ത മഴ കേരളത്തിലെ ജലസംഭരണികളെ നിറയ്ക്കുമ്പോള്‍ മരവും കാടും ആവശ്യമില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു. കഴിഞ്ഞ വര്‍ഷം നേരിട്ട കൊടിയ വേനല്‍ ഊറ്റിയെടുത്ത ഭൂമിയിലെ ജലാംശം മുഴുവന്‍ പെയ്തൊഴിയാതെ വയ്യായെന്ന് വികസനവാദികള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെ. പെയ്യുന്ന ഓരോ തുള്ളിയും സൂര്യതാപത്തില്‍ നീരാവിയായ ഭൂഗര്‍ഭജലം തന്നെയാണ്. വെയിലിനെ ചെറുക്കാന്‍ മനുഷ്യന്‍ കുട ചൂടുംപോലെ, തീവ്രമായ സൂര്യതാപത്തെ അതിജീവിക്കുന്നതിന് പ്രകൃതി സൃഷ്ടിച്ച സസ്യലതാദികള്‍ വെട്ടിമാറ്റുമ്പോള്‍, വികസനത്തിനുവേണ്ടി മണ്ണും മരങ്ങളും മാറ്റി പാറ ഖനനം ചെയ്യപ്പെടുമ്പോള്‍ നീരാവിയായിപ്പോകുന്ന ഭൂഗര്‍ഭജലത്തെക്കുറിച്ച് വികസനവാദികള്‍ ചിന്തിക്കുന്നുണ്ടോ? ഈ വര്‍ഷം നാലു മീറ്ററിലധികം മഴപെയ്താലും, വരുന്ന ഡിസംബര്‍ മുതല്‍ നദികള്‍ വറ്റിവരളുകയും ടാങ്കറുകള്‍ കേരളത്തില്‍ കുടിവെള്ളം വിതരണം ചെയ്യുകയും ചെയ്തുതുടങ്ങില്ലെ? കുടിവെള്ളം ലിറ്ററിന് 15 രൂപയില്‍ താഴാതെ തന്നെ വിപണിയില്‍ കാണില്ലെ.


പുഴയുടെ തീരത്ത് 50 മീറ്ററിനുള്ളിലും, കടലിന് 500 മീറ്ററിനുള്ളിലും കെട്ടിടങ്ങള്‍ പണിയാന്‍ പാടില്ലെന്ന് നിയമമുണ്ടെങ്കിലും പുഴയിലേയ്ക്കിറക്കി ബാല്‍ക്കണി പണിത്, വീട്ടിലിരുന്ന് മീന്‍പിടിക്കുന്നവനെ മലവെള്ളം കൊണ്ടുപോയെങ്കില്‍, അല്ലെങ്കില്‍ സുനാമി കൊണ്ടുപോയെങ്കില്‍ ആരാണുത്തരവാദി. മഴക്കാലത്ത് ഖനനങ്ങള്‍ മുഴുവന്‍ നിര്‍ത്തിവയ്ക്കുവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിട്ടും പെരുമ്പാവൂരില്‍ അനധികൃതമായി പാറ ഖനനം ചെയ്തവര്‍ മണ്ണിടിഞ്ഞുവീണു മരിച്ചപ്പോള്‍, സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. യഥാര്‍ത്ഥത്തില്‍ ആ തുക നിയമലംഘനം നടത്തിയവനില്‍നിന്ന് സര്‍ക്കാര്‍ ഈടാക്കി നല്‍കേണ്ടതായിരുന്നില്ലെ? 20 അടിയില്‍ കൂടുതല്‍ ഖനനം പാടില്ലെന്നും മണ്ണും മരങ്ങളും മാറ്റി പാറ പൊട്ടിക്കാന്‍ പാടില്ലെന്നും നിയമമിരിക്കെ, അതു ലംഘിച്ച് നാലുപേരുടെ മരണത്തിന് കാരണമായവന് ഇവിടെ ശിക്ഷയൊന്നുമില്ലെ?


ആകെ കരഭൂമിയുടെ 2.5% മാത്രമേ ഇന്ത്യയുള്ളൂവെങ്കിലും ലോകത്തിലെ ജൈവവൈവിധ്യങ്ങളില്‍ 8% ഇവിടെയാണ് വളരുന്നത്. ഏകദേശം 47,000 സ്പീഷ്യസുകള്‍. ഭാരതസംസ്കാരത്തിന്‍റെ ഭാഗമായ ആയുര്‍വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സസ്യജാലങ്ങളുടേയും ഇന്ത്യയിലുള്ള മുഴുവന്‍ സസ്യജാലങ്ങളുടെയും ഈറ്റില്ലമായ പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ അനിവാര്യതയിതാണ്. മനുഷ്യന്‍റെ പ്രവൃത്തികള്‍ക്കൊണ്ട് ദുര്‍ബലമായിത്തീര്‍ന്ന ഈ പ്രദേശത്തെ ശക്തിപ്പെടുത്തുന്നതിന് എന്തൊക്കെ ചെയ്യണമെന്നാണ് ഗാഡ്ഗില്‍ കമ്മറ്റിയും മറ്റും ശുപാര്‍ശ ചെയ്തത്. പക്ഷേ, മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായിക്കൊള്ളട്ടെ, ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് മാത്രം ഇവിടെ നടപ്പിലാക്കാന്‍ പറ്റില്ലായെന്ന് ചിലര്‍ ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്നു. കാരണം, അത് നടപ്പിലായാല്‍ ഈ പ്രദേശത്തുള്ള ഖനനവും റിസോര്‍ട്ടുകളും നിര്‍ത്തലാക്കേണ്ടി വരും. വ്യവസായത്തിനുവേണ്ടി വാങ്ങിക്കൂട്ടിയ കൃഷിഭൂമിയില്‍ അവര്‍ക്ക് തൂമ്പയെടുത്ത് കിളയ്ക്കേണ്ടി വരും. പരിസ്ഥിതിദോഷം വരാതെ കൃഷിചെയ്യുന്ന പാവം കര്‍ഷകര്‍ക്ക് പട്ടയം നല്‍കാതെ അവരെ മുന്‍നിര്‍ത്തി ഇവര്‍ യുദ്ധം ചെയ്യുന്നു.


ശബരി റെയില്‍, വിഴിഞ്ഞം തുറമുഖം, എമര്‍ജിങ് കേരളയില്‍ ഉയര്‍ന്നുവന്ന വിവിധ പദ്ധതികള്‍, മെട്രോ റെയില്‍ തുടങ്ങി ഇപ്പോള്‍ പരിഗണനയിലും പ്രവൃത്തിയിലുമുള്ള പദ്ധതികള്‍ക്ക് എത്ര കോടി ടണ്‍ കല്ല് ദിനംപ്രതി ആവശ്യമായി വരും. അതിനുവേണ്ടി കേരളത്തിലെ പശ്ചിമഘട്ട മലനിരകളില്‍തന്നെ പതിനായിരക്കണക്കിന് ഏക്കര്‍ മലനിരകള്‍ ഉപജാപസംഘങ്ങള്‍ ഇപ്പോഴേ വാങ്ങിക്കൂട്ടിയിരിക്കുന്നു. അവര്‍ക്ക് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയുമോ?


സര്‍വ്വചരാചരങ്ങള്‍ക്കുമുള്ളതുപോലെ, കേരളത്തിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഒരായുസുണ്ട്. ഇന്ന് ഒരു ദിവസം ഒരുലക്ഷം ടണ്‍ പാറ ഖനനം ചെയ്താല്‍, അതുപയോഗിച്ച് നിര്‍മ്മിക്കുന്ന കെട്ടിടങ്ങളും മറ്റും, അമ്പതുവര്‍ഷങ്ങള്‍ക്കപ്പുറത്ത് പ്രതിദിനം, ഇന്നത്തെ ഉല്‍പാദനത്തിന്‍റെയത്ര കോണ്‍ക്രീറ്റ് മാലിന്യങ്ങളെ കേരളത്തിന് സമ്മാനിക്കുമെന്ന് തിരിച്ചറിയണം.


തിരിച്ചറിയുന്നുണ്ട് ചിലര്‍, അതുകൊണ്ടാണ്, 1972 ലെ സ്റ്റോക്ക് ഹോം സമ്മേളനത്തിന്‍റെ പിന്‍തുടര്‍ച്ചയായി, 1992, ജൂണ്‍ 5 ന് ഐക്യരാഷ്ട്രസഭ, ബ്രസീലിലെ റിയോ-ഡി-ജനീറോയില്‍ കൂടിയ സമ്മേളനത്തില്‍, ലോകരാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയും പരിസ്ഥിതി സംരക്ഷണ ഉടമ്പടിയില്‍ ഒപ്പുവച്ചത്. അതേത്തുടര്‍ന്നാണ്, ജൈവ-വൈവിധ്യ നിയമം, ഗ്രീന്‍ ട്രൈബൂണല്‍ ആക്ട്, പരിസ്ഥിതി നിയമം, വന്യജീവി ആക്ട്, ജലനിയമം തുടങ്ങി പലതും നിര്‍മ്മിക്കപ്പെട്ടത്. തമസ്കരിച്ച് മൂടിവച്ചിരിക്കുന്ന ഈ നിയമങ്ങള്‍, പുറത്തുവരും മുമ്പ്, ഒരു വികസനവിപ്ളവംതന്നെ നടത്തി പരമാവധി പാറയും പ്രകൃതിയും ചൂഷണം ചെയ്യുവാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകര്‍ വികസനവിരോധികളാവില്ലെ? അവര്‍ നടത്തുന്ന സമരങ്ങളെ ഏതുവിധേനയും അടിച്ചമര്‍ത്തേണ്ടതില്ലെ? അതിനുവേണ്ടി ഒരു പാരലല്‍ ഭരണസംവിധാനംതന്നെ ഇവിടെയുണ്ടാക്കേണ്ടതില്ലെ?


കാതികുളംപോലെ ചിലയിടങ്ങളിലെ സമരങ്ങള്‍ പോലീസ് അടിച്ചമര്‍ത്തുന്നത് ഇത്തരം സമാന്തര ഭരണസംവിധാനത്തില്‍ കൂടിയാണ്. എങ്ങനെയാണ് ഇവര്‍ പോലീസ് സംരക്ഷണം നേടുന്നത്?


ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്‍റെയും പോലീസിന്‍റെയും ചുമതലയാണ്. പക്ഷേ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കാതികുളത്തും മറ്റും, ആയിരക്കണക്കിനാള്‍ക്കാര്‍ പോലീസിന്‍റെ മര്‍ദ്ദനമേറ്റുവാങ്ങിയതും ഇതേ നിയമത്തിന്‍റെ പിന്‍ബലത്തില്‍ തന്നെയാണ് എന്നതും ഒരു വിരോധാഭാസമാണ്. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മാഫിയാസംഘങ്ങള്‍ ഇത്തരം വിധികള്‍ നേടിയെടുക്കുന്നത്. തന്‍റെ ഭൂമിയില്‍ അതിക്രമിച്ചുകയറി നാശനഷ്ടങ്ങളുണ്ടാക്കിയെന്ന ഒരു കള്ളക്കേസ് ഇവരുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവര്‍ക്കെതിരെ ആദ്യം പോലീസില്‍ നല്‍കും. പിന്നീട് പോലീസ് തന്‍റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നില്ലായെന്ന് കാട്ടി ഹൈക്കോടതിയില്‍, ഇവരുടെതന്നെ പിണയാളുകള്‍ക്കെതിരെ പോലീസ് പ്രൊട്ടക്ഷന്‍ കേസ് നടത്തും. മാഫിയാകള്‍ക്ക് വിധേയമായ പോലീസ് വാദങ്ങളും പ്രതികളുടെ കോടതിയിലെ അസാന്നിദ്ധ്യവും അവര്‍ക്ക് സംരക്ഷണം നല്‍കുവാനുള്ള വിധി നേടിക്കൊടുക്കും.


പ്രക്ഷോഭവുമായി നില്‍ക്കുന്നവര്‍ക്കെതിരെ നിരന്തരം, പോലീസ് കേസുകള്‍ കൊടുത്ത്, ആക്ട് പ്രകാരമുള്ള കേസുകളില്‍പെടുത്തിയും, 107, 108 തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അണികളെ നിര്‍ജ്ജീവമാക്കുവാന്‍ ഈ സമാന്തരഭരണസംവിധാനത്തിന് കഴിയുന്നുണ്ട്. ഈ സംവിധാനത്തില്‍ ജനപ്രതിനിധികളും രാഷ്ട്രീയക്കാരും പോലീസ് മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമൊക്കെ ഉള്‍പ്പെടുന്നു. അവരൊക്കെ, കേരളത്തിലെ വിവിധ പാറമടകളിലും മറ്റും ഷെയര്‍ ഉള്ളവരുമാണ്.


കോട്ടയം ജില്ലയില്‍ കടനാട് പഞ്ചായത്തിലെ പെരുകുന്ന് മലനിരകളില്‍, 200 ഏക്കറോളം സ്ഥലം പാറമടയ്ക്കു വേണ്ടി പലര്‍ വാങ്ങിക്കൂട്ടിയപ്പോള്‍, സമുദ്രനിരപ്പില്‍ നിന്നും, 1800 അടി ഉയരമുള്ളതും, ഏഴുകിലോമീറ്ററോളം നീളമുള്ളതുമായ ഈ മലനിരയുടെ സംരക്ഷണത്തിന് പഞ്ചായത്ത് കമ്മറ്റി ഒരു തീരുമാനമെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയിലുള്ള, നാട്ടിലെ കര്‍ഷകരും മറ്റുമായ 6 പേര്‍ ഉള്‍പ്പെടുന്ന ജൈവവൈവിധ്യ പരിപാലനസമിതിയുടെ അംഗീകാരത്തോടെ മാത്രമേ വലിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ഖനനത്തിനും അനുമതി നല്‍കാവൂ എന്നതായിരുന്നു ആ തീരുമാനം. ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ അവിടെ വന്ന പാറമട ലോബികള്‍ക്ക്, ആ തീരുമാനം റദ്ദ് ചെയ്യേണ്ടത് അനിവാര്യമായിരുന്നു. അതിനുവേണ്ടി, പഞ്ചായത്ത് അവിടെ ക്രഷര്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നിര്‍മ്മാണ അനുമതി നല്‍കി. കോടതിവിധികള്‍ എതിരായിരുന്നതിനാല്‍ പാറമടയും ക്രഷറും നടപ്പിലായില്ലെങ്കിലും ഇന്നും അവിടുത്തെ ജനങ്ങള്‍ വ്യാജമായ കുടിയിറക്കല്‍ ഭീഷണിയിലാണ്.


അഞ്ചു ഹെക്ടറില്‍ താഴെ ഖനനം നടത്തുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന സുപ്രീംകോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാരിനെക്കൊണ്ട് ഉത്തരവിറപ്പിക്കുവാനും, പഞ്ചായത്ത് രാജ് നിയമം തമസ്കരിച്ച്, മറ്റ് സര്‍ക്കാര്‍ ലൈസന്‍സുകള്‍ ഉണ്ടെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ബന്ധമായും, പഞ്ചായത്ത് നല്‍കേണ്ട 'ആപല്‍ക്കരവും അസഹനീയവുമായ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സ്' അനുവദിച്ചു കൊടുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കിപ്പിക്കുവാനും, ഈ സമാന്തര ഭരണസംവിധാനത്തിന് കഴിയും.


സ്ഫോടനത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചുവെന്ന് പരാതിപ്പെട്ടാല്‍, അത് ഭൂകമ്പത്തില്‍ ഉണ്ടായതാണെന്നും, അല്ലെങ്കില്‍ വീട്ടുമുറ്റത്ത് കിണര്‍ കുഴിച്ചപ്പോള്‍ സംഭവിച്ചതാണെന്നും അവര്‍ക്ക് കണ്ടെത്താന്‍ കഴിയും. പാറമടകള്‍ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലേക്ക് അത്യാധുനിക റോഡ് സംവിധാനങ്ങള്‍ എത്തിക്കുവാനും, മാഫിയകള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുവാനും അവര്‍ക്കു കഴിയും. കാരണം അവരാണ് കേരളത്തില്‍ വികസനം കൊണ്ടുവരുന്നവര്‍.


വികസനത്തിന്‍റെ പാരമ്യത്തില്‍, ബംഗളുരുവിലെ ഭൂഗര്‍ഭജലസ്രോതസ് 1200 അടില്‍ താഴെയാണ്. ആയിരം അടിക്കു താഴെ വിഷാംശമുള്ള കെമിക്കല്‍ വാട്ടറാണ് ലഭ്യമാവുക. ച. കി. മീറ്ററുകള്‍, റോഡായും കെട്ടിടങ്ങളായും ടൈല്‍പാകിയ മുറ്റങ്ങളായും മണ്ണു കാണാനില്ലാത്ത നഗരമായി ഇവിടെ മാറിക്കഴിഞ്ഞു. അതേ വികസനപാതയിലാണ് നമ്മുടെ കൊച്ചിയും തിരുവനന്തപുരവുമൊക്കെ.


വിദേശരാജ്യങ്ങളിലെ വികസനം കണ്ട് ഊറ്റം കൊള്ളുന്നവര്‍ അവര്‍ പരിസ്ഥിതി സംരക്ഷണത്തിനു കൊടുക്കുന്ന, മനുഷ്യാവകാശങ്ങള്‍ക്കു കൊടുക്കുന്ന പരിഗണനകൂടി കേരളത്തിലെത്തിക്കുവാന്‍ തയ്യാറാവണം. വികസനത്തിന്‍റെ പേരില്‍ ഒരുവന്‍ ജനിച്ചുവളര്‍ന്ന ഭൂമി പിടിച്ചുവാങ്ങുന്ന സര്‍ക്കാരുകളാണ് ഇവിടം ഭരിക്കുന്നത്. ഒരു മനുഷ്യന്‍റെ സാമൂഹികവും സാമ്പത്തികവും ജൈവികവുമായ ബന്ധങ്ങളെല്ലാം അറുത്തുകളഞ്ഞ് വികസനത്തിനുവേണ്ടി കുടിയൊഴിപ്പിക്കുന്നവന് എന്താണ് പകരം ലഭിക്കുന്നത്. വന്‍വ്യവസായങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണങ്ങള്‍ അനുഭവിക്കുന്നവന് ആര് നീതി നേടിക്കൊടുക്കും. അവന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ തുകയുടെ ചെറിയൊരു ശതമാനം അച്ചാരം നല്‍കിയാല്‍ കാര്യങ്ങള്‍ നടപ്പിലാക്കിക്കൊടുക്കുന്ന സമാന്തരഭരണസംവിധാനത്തിന് മുന്നണി ഭരണ വ്യത്യാസങ്ങളൊന്നുമില്ലതാനും. ഇങ്ങനെ വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടും സ്വൈരജീവിതം നശിപ്പിക്കപ്പെട്ട് നാടുവിട്ടുമൊക്ക, ഒരു വികസിത സംസ്ഥാനമാക്കി കേരളത്തെ ഇവര്‍ മാറ്റിയെടുക്കും.


ലോകത്തിലെ ഏറ്റവും സമ്പന്ന നഗരമായിരുന്ന അമേരിക്കയിലെ ഡെട്രോയിറ്റ് പട്ടണത്തില്‍ ജനം ഉപേക്ഷിച്ചുപോയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ഭരണകൂടം കഷ്ടപ്പെടുകയാണ്. ജനങ്ങള്‍ക്ക് നികുതിയൊടുക്കാന്‍ പണമില്ലാതെ നഗരത്തെ പാപ്പരായി പ്രഖ്യാപിക്കുവാന്‍ ശ്രമങ്ങള്‍ നടന്നുവരുന്നു. പരിസ്ഥിതി സംരക്ഷണനിയമങ്ങള്‍ കര്‍ക്കശമാവും മുമ്പ് കേരളത്തേയും ഒരു ഡെട്രോയിറ്റ് നഗരമാക്കുവാനുള്ള ശ്രമത്തെ പരിസ്ഥിതിപ്രവര്‍ത്തകര്‍ എതിര്‍ത്തു തുടങ്ങിയാല്‍ അവരെ അടിച്ചമര്‍ത്തേണ്ടതുതന്നെയല്ലെ...

Featured Posts