ജോര്‍ജ് വലിയപാടത്ത്
Oct 25
അനേകം മഴത്തുള്ളികളാണല്ലോ അരുവികളുടെയും പുഴകളുടെയും ജീവനാഡി. അല്പം പുളിമാവ് മുഴുവന്‍ മാവിനെയും പുളിപ്പിക്കുമെന്നും കടുകുമണിയില്‍ വൃക്ഷം ഉറങ്ങുന്നുവെന്നും ദൈവരാജ്യത്തെക്കുറിച്ച് സ്വപ്നം കണ്ട ക്രിസ്തു പഠിപ്പിച്ചു. "ഒറ്റയ്ക്കു സ്വപ്നം കാണുമ്പോള്‍ സ്വപ്നം സ്വപ്നമായിത്തന്നെ തുടരും, അത് ആരോടെങ്കിലും പങ്കിടുമ്പോള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് വഴിതുറക്കും"-ബിഷപ്പ് ഹെല്‍ഡര്‍ കാമറ. നല്ലൊരു നാളെയെകുറിച്ച് സ്വപ്നം കാണുമ്പോള്‍ നന്മയുടെ അംശം പേറുന്ന മനുഷ്യര്‍ എവിടെയെങ്കിലുമൊക്കെ ഉണ്ട് എന്ന തിരിച്ചറിവ് നമ്മെ ബന്ധിപ്പിക്കുന്ന ചരടുകളാകുന്നു. നിങ്ങള്‍ക്ക് പരിചയമുള്ള നന്മയുടെ നുറുങ്ങുവെട്ടങ്ങളെ (വ്യക്തികളോ, സംഘങ്ങളോ) അസ്സീസിയിലെ ഈ പംക്തിയിലൂടെ പരിചയപ്പെടുത്താം.
Mob: 9495 628422, e-mail: assisi.magz@gmail.com - എഡിറ്റര്‍ ഇന്‍ ചീഫ്
ദേവസ്യായുടെ ഏദന്‍തോട്ടം
അസ്സീസിയിലെ ഫ്രാന്‍സീസിന്‍റെ ബെസ്റ്റ് ബഡ്ഡീസ് ആയിരുന്നു കിളികളും മൃഗങ്ങളും മരങ്ങളുമൊക്കെ. അതിനാല്‍ത്തന്നെ കൂട്ടുകാരന്‍ പറയുന്നതെന്തും അവര്‍ കാതുകൂര്‍പ്പിച്ചു കേട്ടിരിക്കും. എന്തിനേറെ പറയുന്നു മനുഷ്യന് മനസ്സിലാക്കാന്‍ പറ്റാത്ത അടയാളങ്ങളുടെ ആഴങ്ങള്‍പോലും മരങ്ങള്‍ വളരെ വേഗത്തില്‍ മനസ്സിലാക്കിയിരുന്നു. മഹാന്മാരും വിശുദ്ധരും എന്നുവേണ്ട ദൈവം തമ്പുരാന്‍ വരെ ഒരിക്കല്‍ ശ്വസിച്ചിരുന്ന വായുവാണ് കാര്യമായ മാറ്റങ്ങളൊന്നും സംഭവിക്കാതെ നാം ഇപ്പോഴും ശ്വസിച്ചുകൊണ്ടിരിക്കുന്നത്. അതായത് മഹാന്മാരുടെ ഉടലിലൂടെ കയറിയിറങ്ങിയ ആ വായൂ അവരിലെ ജ്ഞാനങ്ങളെല്ലാം സ്വീകരിച്ച് ഇന്ന് നമ്മള്‍ പലരുടെയും ശ്വാസകോശത്തിലൂടെ കയറിയിറങ്ങുന്നു. ഇത്തരത്തില്‍ നമ്മുടെ അസ്സീസി പുണ്യവാന്‍ നിശ്വസിച്ച വായുവിലൂടെ അദ്ദേഹത്തിന്‍റെ സ്പോഞ്ചുപോലെ ഇരിക്കുന്ന ശ്വാസകോശം ഒപ്പിയെടുത്ത് അവ ശരീരത്തിലെ ഓരോ രോമകൂപങ്ങളില്‍ നിറച്ചുവച്ചിരിക്കുന്ന ഒരാളെയാണ് നാമിന്ന് കടുകുമണിയും പുളിമാവിലൂടെ കാണാന്‍ പോകുന്നത്.
പൂണ്ടിക്കുളം ദേവസ്യാച്ചന്‍. പ്രായം 90-നടുത്ത്. മക്കളും പേരക്കുട്ടികളും അവരുടെ മക്കളുമെല്ലാമായി മലയിഞ്ചിപ്പാറയിലെ 'വനസ്ഥലി' കുടുംബത്തില്‍ താമസിക്കുന്നത് മൂവായിരത്തോളം പേരാണ്. അനന്തരാവകാശികളുടെ നമ്പര്‍ വായിച്ച് പലരുടെയും കണ്ണ് 'ബുള്‍സ് ഐ' പോലെ തുറിച്ച് പൊന്തിയിരിക്കും. ഇത്രയും മക്കളേയും കൊച്ചുമക്കളെയുമൊക്കെ എങ്ങനെ ഒപ്പിച്ചെടുത്തുവെന്ന് ചോദിച്ചാല്‍ നമ്മുടെ ദേവസ്യാച്ചന്‍ ഒന്ന് കണ്ണിറിക്കിക്കൊണ്ടു പറയും എല്ലാം ആ ഫിലിപ്പിന്‍സുകാരി ലിച്ചിയുടെ പണിയാ... ഇനിയും കണ്‍ഫ്യൂഷന്‍ മാറിയില്ലെ നിങ്ങള്‍ക്ക്.
അലിഗഡ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോ. രാജേന്ദ്രപ്രസാദിനൊപ്പം രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദമെടുത്ത മഹാനാണ് നമ്മുടെ കഥാനായകന്‍. .. പണ്ടുകാലത്തായിരുന്നെങ്കില്‍ മഹാരാജാവിന്‍റെ കയ്യില്‍ നിന്നും പട്ടും വളയും ലഭിക്കേണ്ട വിദ്വാന്‍. പഠിച്ചിറങ്ങിയ സര്‍വ്വകലാശാലയിലെ അധ്യാപകനായി നിയമനം ലഭിച്ചപ്പോള്‍, അത് പുല്ലുപോലെ തട്ടിക്കളഞ്ഞു.
ഇന്ന് പൂഞ്ഞാറിലെ മലയിഞ്ചിപ്പാറ എന്ന കുന്നിന്മേല്‍ വീതം കിട്ടിയ 21 ഏക്കറില്‍ 8 ഏക്കറില്‍ ഒരു വലിയ കാടും ബാക്കിയുള്ള സ്ഥലത്ത് ഉപജീവനത്തിനുള്ളവയും നട്ടുപിടിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഫോറസ്റ്റിനെക്കുറിച്ച് കേട്ടു കേഴ്വി പോലുമില്ലാതിരുന്ന ആ കാലത്ത് (അതായത് ഒരു 50 വര്‍ഷം മുമ്പ്) നല്ല പൊന്നു വിളയുന്ന സ്ഥലത്ത് കണ്ട 'കാടും പടല'വുമെല്ലാ വെച്ചുപിടിപ്പിച്ച ദേവസ്യാച്ചനു പഠിച്ചു പഠിച്ചു വട്ടായിപ്പോയി എന്നു നാട്ടുകാരും വിചാരിച്ചു.
എന്തായാലും നമ്മുടെ ദേവസ്യാച്ചന്‍ നാട്ടുകാരുടെ വികാരവിചാരങ്ങളെ മാറ്റാന്‍ നില്‍ക്കാതെ ദേശമായ ദേശങ്ങളെല്ലാം വിവിധ ഇനം മരങ്ങളെത്തേടി ഇറങ്ങി. അങ്ങനെ ഇന്ന് തൊണ്ണൂറാം വയസ്സെത്തി നില്‍ക്കുന്ന നമ്മുടെ നായകന്‍റെ ഏദേന്‍ തോട്ടത്തില്‍ 200 ഇനങ്ങളിലായി 3000 ത്തോളം മരങ്ങളാണ് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നത്. ഈ കൂട്ടത്തിലെ സുന്ദരിയും സുശീലയും സര്‍വ്വോപരി സര്‍വ്വഗുണ സമ്പന്നയുമാണ് ദേവസ്യാച്ചന്‍റെ മൂത്ത പുത്രി ഫിലിപ്പന്‍സുകാരി ലിച്ചി. ഇപ്പോ കാര്യങ്ങളൊക്കെ വായനക്കാര്‍ക്ക് പിടികിട്ടി എന്നു തോന്നുന്നു. ദേവസ്യാ-മേരി ദമ്പതികള്‍ക്ക് സന്താനസൗഭാഗ്യം ലഭിച്ചില്ല. പക്ഷേ മനുഷ്യ സന്താനങ്ങളെക്കാള്‍ ഏറെ സ്നേഹിക്കുന്ന വനസന്താനങ്ങളെ അവര്‍ക്കു ലഭിച്ചു. ഈ തൊടിയില്‍ നില്‍ക്കുന്ന ഓരോ മരവും ചെടിയും ഒപ്പം അവയിലൂടെ പാറി നടക്കുന്ന കിളികളും പറവകളും അണ്ണാനുമെല്ലാം ഇന്ന് ദേവസ്യാച്ചനു സ്വന്തം മക്കളെപ്പോലെയാണ്. രാവിലെ ഉറക്കമുണരുന്നതുമുതല്‍ അന്തിയാകുന്നതുവരെ മക്കളോടും കൊച്ചുമക്കളോടുമെല്ലാം കിന്നാരം പറഞ്ഞും അവരോടൊപ്പം ആടിയും പാടിയും അവരുടെ കുസൃതിത്തരങ്ങള്‍ കണ്ടും രസിച്ചുമെല്ലാമാണ് ദേവസ്യാച്ചന്‍റെ ഒരു ദിനം കടന്നുപോകുന്നത്.
'വനസ്ഥലി' എന്നു പേരു നല്‍കിയിരിക്കുന്ന ദേവസ്യാച്ചന്‍റെ ഏദന്‍ തോട്ടത്തില്‍ പ്രകൃതിദത്തമായി നിര്‍മ്മിച്ച വള്ളിക്കുടിലുകളുണ്ട്, പറവകള്‍ക്കും അണ്ണാനുമെല്ലാം ദാഹമകറ്റാന്‍ ചെറിയ ചെറിയ കുളങ്ങള്‍ ഉണ്ട്, ഉഞ്ഞാലുമുണ്ട്. ഇവയെല്ലാം കാണുമ്പോള്‍ തോന്നും സ്വര്‍ഗ്ഗത്തിലെ ഏദന്‍ തോട്ടത്തിന്‍റെ ഒരു തുണ്ട് താഴെ വീണതാകാം ഭൂമിയിലെ ഏദന്‍ തോട്ടമെന്ന്.
'ഒരു മരം നട്ടാല്‍ സ്വര്‍ഗ്ഗം, ഒരു മരം മുറിച്ചാല്‍ നരകം' സുകൃതജപംപോലെ അമ്മ പറഞ്ഞു കൊടുത്ത ഈ വാക്കുകളാണ് 'വനസ്ഥലി'യുടെ ഉത്ഭവത്തിനു പിന്നില്‍. അതിനാല്‍ത്തന്നെ മുറ്റത്തെ മാവു മുറിച്ചുമാറ്റി എയര്‍കണ്ടീഷണര്‍ വാങ്ങുന്ന ഇന്നത്തെ തലമുറ ഒരിക്കലെങ്കിലും വനസ്ഥലിയിലേക്ക് കടന്നു ചെല്ലുന്നത് നല്ലതാണ്. കാരണം, അടച്ചിട്ട മുറിയില്‍, ശിതീകരണിയുടെ കൃത്രിമ കുളിരില്‍ ടെലിവിഷന്‍ സ്ക്രീനില്‍ തെളിഞ്ഞു വരുന്ന Discovery - National Geography പോലുള്ള ചാനലുകളില്‍ മാത്രം പച്ചപ്പു കണ്ടുവളരുന്ന നമ്മുടെ മക്കള്‍ക്കു മരത്തണലിന്‍റെ കുളിരെന്തെന്നും കിളികളുടെയും അണ്ണാന്‍റെയുമെല്ലാം കലപില ശബ്ദം എങ്ങിനെയാണെന്നും നാട്ടുമാവിന്‍റെ മാമ്പഴം ചപ്പിക്കുടിക്കുന്നതിന്‍റെ രുചി എന്താണെന്നും അറിഞ്ഞിരിക്കേണ്ടതല്ലേ?
നമ്മുടെ മുറികളെ ശീതീകരിക്കാന്‍ എയര്‍കണ്ടീഷണറിന് കഴിയും. പക്ഷെ ചുട്ടുപൊള്ളുന്ന ഈ ഭൂമിക്കു ഒരിറ്റു കുളിരേകാന്‍ ഏത് ശീതീകരണ യന്ത്രത്തെയാണ് നിങ്ങള്‍ നല്‍കുക? ഈ സാഹചര്യത്തില്‍ ദേവസ്യാച്ചനെപ്പോലുള്ളവര്‍ ഭൂമിക്കു മീതെ ഒരു കുട നിവര്‍ക്കുകയാണ്; പച്ചപ്പിന്‍റെ ഒരു കുട.
"How old are You'' എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ പറയുന്നതുപോലെ കൊട്ടാരങ്ങളും മണിമന്ദിരങ്ങളുമല്ല മറിച്ച് ഒരു ചെടി നടാന്‍ ഇടമുള്ള വീടുവെച്ചു എന്നതിന്‍റെ പേരിലാകട്ടെ ലോകം നാളെ നമ്മളെ സ്മരിക്കുന്നത്. ന്യൂട്ടന്‍റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ ഫിസിക്സില്‍ പുതിയ സിദ്ധാന്തങ്ങള്‍ ജനിച്ചു. പക്ഷെ നമ്മുടെ ഒക്കെ തല ഓംലറ്റ് അടിക്കാന്‍ പാകത്തിനു വെയിലേറ്റു ചുട്ടു പഴുത്തിട്ടും ഇതുവരെ ഹരിതനാദത്തിന്‍റെ ബോധോദയം നമുക്ക് ഉദിച്ചിട്ടില്ല.
എന്തായാലും വെയിലേറ്റ് തളരുമ്പോള്‍ ഓടി ചെല്ലാന്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ ഒരു ഇടമുണ്ട്.... ദേവസ്യായുടെ ഏദന്‍ തോട്ടം. ഏവര്‍ക്കും സ്വാഗതം.