

ഇംഗ്ലണ്ടിലെ ആദ്യത്തെ വനിതാ ന്യൂറോ സര്‍ജന്‍. 1985-ല്‍ 28-ാം വയസ്സില്‍ ഗവേഷണവും പരിശീലനവും പൂര്‍ത്തിയാക്കി അന്താരാഷ്ട്ര വേദികളില്‍ പ്രഭാഷണങ്ങള്‍ അവതരിപ്പിച്ച് ന്യൂറോ സര്‍ജറിയിലെ ഭാവിവാഗ്ദാനമെന്ന് പ്രശംസിക്കപ്പെട്ടു. 'ന്യൂറോ സര്‍ജറിയില്‍ ഈ ദശകങ്ങളിലെ യുവപ്രതിഭ' എന്ന് മുതിര്‍ന്നവരാല്‍ വാഴ്ത്തപ്പെട്ട ലിസ് മില്ലര്‍ വെറും ഒരു വര്‍ഷത്തിനുള്ളില്‍, ഇരുപത്തൊന്‍പതാം വയസ്സില്‍ അവള്‍ ജോലി ചെയ്തിരുന്ന എഡിന്‍ബര്‍ഗ് റോയല്‍ ഹോസ്പിറ്റലിലെ മാനസികരോഗികള്‍ക്കുള്ള വാര്‍ഡില്‍ അടയ്ക്കപ്പെട്ടു. രോഗം, അത്യന്തം വിരുദ്ധ ധ്രുവങ്ങളില്‍ ചാഞ്ചാടുന്ന മനസ്സിന്‍റെ അസ്വഭാവിക അവസ്ഥ.(Bi polar mental disorder) കടുത്ത ഉല്‍ക്കണ്ഠയും Severe anxiety) മതിഭ്രമവും (Paranoiac), മറുവശത്ത് തീവ്രവിഷാദവും. ആത്മഹത്യാപ്രവണതയും മടുപ്പും മന്ദതയും മനസ്സിനെ അമ്മാനമാടുന്ന അതിതീവ്ര മാനസിക രോഗം.
ഇംഗ്ലണ്ടിലെ മാനസികാരോഗ്യ നിയമപ്രകാരം ലിസിന്‍റെ തൊഴില്‍പരമായ ഭാവി അനിശ്ചിതത്വത്തിലായി. മെഡിക്കല്‍രംഗത്ത് ഉടനെ പ്രവര്‍ത്തിക്കാമെന്ന പ്രത്യാശയും ഇല്ലാതായി. പത്തുമാസത്തിനുശേഷം രോഗം ഭേദപ്പെട്ടു. ലിസിന് മറ്റൊരു ജോലി ലഭിച്ചു. എന്നാല്‍ അവളുടെ മാനസികാവസ്ഥ അപകടകരമായി തുടര്‍ന്നു. അവള്‍ രണ്ടു തവണ കൂടി ചികിത്സയ്ക്ക് വിധേയയായി.
