

"അച്ചന്മാരെ എന്നല്ല നിഷ്ക്കളങ്കരെ ആരെ വേദനിപ്പിച്ചാലും അവരൊന്നും ചെയ്തില്ലെങ്കിലും പ്രകൃതി തിരിച്ചടിക്കും, അതു പ്രകൃതി നിയമമാണ്. ന്യായമായ കാര്യങ്ങള്‍ക്കു മാന്യമായ രീതിയില്‍ പ്രതികരിക്കണം, അതിനല്ലെ തമ്പുരാന്‍ നമുക്കു വിവരോം വിവേകോം തന്നിരിക്കുന്നത്. അതിന്‍റെ പേരില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായാല്‍ കാലം അതു ശാന്തമാക്കുമെന്നു പ്രതീക്ഷിക്കുക അത്രതന്നെ.
നേരത്തെ അംഗമായിരുന്ന ഒരാശ്രമത്തിനടുത്ത് വളരെ അടുപ്പമുണ്ടായിരുന്ന ഒരാളുടെ മൃതസംസ്ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. ഒരുപാടു പരിചയക്കാര് അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവരോടൊക്കെ ഒരുകവിളു മിണ്ടാന്‍ സമയം കണക്കാക്കി അല്‍പം നേരത്തെ അവിടെയെത്തി. മൃതദേഹത്തിനടുത്ത് ഒപ്പീസു ചൊല്ലിക്കഴിഞ്ഞ് തിരിഞ്ഞപ്പോള്‍തന്നെ പലരും അടുത്തേക്കു വരുന്നതുകണ്ട് സാവകാശം പന്തലിനു പുറത്തേക്കു ഞാന്‍ നടന്നു. ഓരോരുത്തരുമായി എന്തെങ്കിലുമൊന്നു മിണ്ടിപ്പറഞ്ഞ് നടന്നു നീങ്ങുമ്പോള്‍ അടുത്തുവരാതെ എന്നാല്‍ അടുത്തുനിന്നു മാറാതെ, മറ്റുള്ളവരു മാറിയിട്ടൊന്നു മിണ്ടാനുള്ള ഭാവത്തില്‍ ഒരു താടിക്കാരന്‍ കൂടെ നടക്കുന്നതു ശ്രദ്ധിച്ചു. ഞാനയാളുടെ നേരെ തിരിഞ്ഞപ്പോള്‍ അയാള്‍ കൈയ്യില്‍ പിടിച്ചു വലിച്ചു. മാറ്റിനിര്‍ത്തി എന്തോ പറയാനാണെന്നു മനസ്സിലായതുകൊണ്ട് അടുത്തേക്കു വന്നുകൊണ്ടിരുന്ന പലരേയും കൈകാണിച്ചു നിര്‍ത്തിയിട്ട് അല്‍പം ആളൊഴിഞ്ഞ സ്ഥലത്തേക്ക് അയാളൊടൊപ്പം ചെന്നു.
"അച്ചന്‍ വരുമെന്നുറപ്പായിരുന്നതുകൊണ്ടു ഞാന്‍ നേരത്തെ വന്നതാ. അച്ചനെന്നെ മനസ്സിലായോ?"
ഒരു പരിചയവുമില്ലാത്തതുപോലെ ഞാന്‍ നോക്കുന്നതു കണ്ട് അയാള്‍ പറഞ്ഞു:
"അച്ചനു പെട്ടെന്നു മനസ്സിലാകാന്‍, ഞാന്‍ ഹരിച്ചന്ദ്രന്‍റെ മകനാ."
"എന്‍റെ ദൈവമേ, ........ക്കുട്ടന്‍?"
അന്നു ഞാനവനെ വിളിച്ചിരുന്ന പേര് അതായിരുന്നു. അതു ഞാനോര്‍ത്തു പറഞ്ഞപ്പോള്‍ അവനു വലിയ സന്തോഷമായി. അവന്‍റെയപ്പന് ഹരിച്ചന്ദ്രനെന്നു ഞാനിട്ട പേര് ഞങ്ങളുടെ സര്‍ക്കിളില്‍ പിന്നീട് വിളിപ്പേരായി തീരുകയായിരുന്നു. അന്നു ഫ്രാന്‍സിസ്ക്കന്‍ മൂന്നാംസഭയുടെ രണ്ടു മൂന്നു രൂപതകളിലെ മേല്‍നോട്ടം എനിക്കായിരുന്നു. ഇയാള്‍ ഒരു രൂപതയിലെ മൂന്നാംസഭയുടെ കേന്ദ്രക്കമ്മറ്റിയംഗവും ട്രഷററും ആയിരുന്നു. കമ്മിറ്റി മീറ്റിങ്ങിനൊക്കെ ചെല്ലുമ്പോള്‍ എനിക്കു വണ്ടിക്കൂലി തരണമെന്നായിരുന്നു ചട്ടം. എന്‍റെ ബസ്ടിക്കറ്റു വാങ്ങിച്ചു നോക്കിയിട്ടായിരുന്നു ഈ ട്രഷറര്‍ എനിക്കു കാശു തന്നിരുന്നത്.
അന്ന് രണ്ടു പൈസയുടെയും അഞ്ചുപൈസയുടെയും തുട്ടുകള്‍ പ്രചാരത്തിലുണ്ടായിരുന്ന കാലമായിരുന്നു. ബസ്ചാര്‍ജ് രണ്ടു രൂപ മുപ്പത്തിയഞ്ചു പൈസയാണെങ്കില്‍ കൃത്യം അത്രയും തരും. ഒരിക്കല്‍ അഞ്ചുപൈസയുടെ ചില്ലറയില്ലാഞ്ഞിട്ട് പത്തുപൈസയുടെ തുട്ടുമായി പലരുടെയും അടുത്തു ചോദിച്ചിട്ടാണ് രണ്ട് അഞ്ചുപൈസാത്തുട്ട് കിട്ടിയത്. അങ്ങനെ കൃത്യം എനിക്കു വണ്ടിക്കൂലി തന്നു! അന്നു ഞാനയാള്‍ക്കിട്ട പേരാണ് ഹരിച്ചന്ദ്രനെന്ന്. അതിലയാള്‍ക്ക് അശ്ശേഷംപോലും പരിഭവവുമില്ലായിരുന്നു. പക്ഷെ ഒരു കാര്യം, അയാള്‍ സ്വന്തം ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു. കപടത തൊട്ടുതീണ്ടാത്ത ഒരു ശുദ്ധമനസ്ക്കന്‍. അതുകൊണ്ടുതന്നെ അയാള്‍ എത്ര എതിര്‍ത്താലും ഇടവകക്കാര് അയാളെ കൈക്കാരനായിട്ട് ആവര്‍ത്തിച്ചു തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു.
ഞങ്ങള്‍ അക്കാലത്ത് നല്ല സുഹൃത്തുക്ക ളുമായിരുന്നു. ഒരുപാടു പ്രാവശ്യം അയാളുടെ വീട്ടില്‍ ഞാന്‍ പോയിട്ടുമുണ്ട്. അയാളുടെ മൂന്നു മക്കളില്‍ ഇളയവനായിരുന്നു ആണ്‍കുട്ടി. അന്നവന്‍ സ്കൂളില്‍ പഠിക്കുന്നു. അവനാണ് ഇപ്പോള്‍ എന്‍റെ മുമ്പില്‍ നില്‍ക്കുന്ന ഈ താടിക്കാരന്‍. ഞാനങ്ങോട്ടൊന്നും ചോദിക്കുന്നതിനു മുമ്പുതന്നെ അവന്‍ എന്നോടു ചോദിച്ചു:
"അച്ചന് അടക്കുകഴിഞ്ഞ് വീട്ടില്‍വരെ ഒന്നു വരാന്‍ സാധിക്കുമോ, ചാച്ചന്‍ തീരെ കിടപ്പിലാണ്."
മറ്റു പല പ്ലാനുകളുമിട്ടായിരുന്നു ഞാന്‍ പോയതെങ്കിലും വീട്ടില്‍ ചെല്ലാമെന്നു സമ്മതിച്ചു. അടക്കു കഴിഞ്ഞു സെമിത്തേരിയില്‍ നിന്നിറങ്ങി വരുമ്പോള്‍ ആളു കാത്തു നില്ക് കുന്നുണ്ടായിരുന്നു.
"അച്ചനു വീട്ടിലേക്കുള്ള വഴിയറിയാമെന്നെനിക്കറിയാം. ചാച്ചനെ കാണുന്നതിനുമുമ്പ് ചില കാര്യങ്ങള്‍ അച്ചനോടു പറയാനുണ്ടായിരുന്നു. അച്ചനെ ഞാന്‍ കണ്ട കാര്യം ചാച്ചനറിയണ്ടാ, അടക്കിനു വന്നപ്പോള്‍ കാണാന്‍ കയറിയതാണെന്നു പറഞ്ഞാല്‍ മതി. ഒരുപാടു പേര് ഇപ്പോളച്ചനെ കാണാന്‍ വരും, അതിനു മുമ്പ് രണ്ടു മിനിറ്റ് അച്ചനീ കാറിലൊന്നു കയറിയിരിക്കാമോ, ഞാനതിനാണു വണ്ടി ഇവിടെ കൊണ്ടുവന്നിട്ടത്."
ഞാന്‍ കാറില്‍ കയറി. ഒരു നീണ്ടകഥ ചുരുക്കമായി അയാള്‍ പറഞ്ഞൊപ്പിച്ചു. ഇയാള്‍ ജോലിയുമായി കുടുംബസമേതം പുറത്തായിരുന്നു. അപ്പന് 86 വയസ്സുണ്ടെങ്കിലും സത്യത്തില്‍ ആരോഗ്യത്തിനു യാതൊരു പ്രശ്നവുമില്ല. സാമ്പത്തിക ബുദ്ധിമുട്ടൊന്നുമില്ല. രണ്ടുകൊല്ലം മുമ്പുവരെ ഒരു തകരാറുമില്ലായിരുന്നു. എല്ലാ ദിവസവും പള്ളീലും പോകുമായിരുന്നു, വീട്ടിലെ എല്ലാക്കാര്യങ്ങളും നോക്കിയിരുന്നതുമാണ്. പെട്ടെന്നൊരു ദിവസം മൗനിയായി, പള്ളീപ്പോക്കു നിര്‍ത്തി, ഉറക്കം തീരെയില്ലാതായി. വികാരിയച്ചനെ എന്നല്ല, ഒരച്ചനെയും കാണുന്നതിഷ്ടമില്ലാതായി. ആരോ കൈവിഷം കൊടുത്തതായിരിക്കുമെന്ന് ഏതോ ഒരു പ്രാര്‍ത്ഥനക്കാരന്‍ അമ്മയോടു പറഞ്ഞതോടെ അമ്മയാകെ വിഷമത്തിലായി. അവസാനം നിവൃത്തിയില്ലാതെ അമ്മ ഇവനെ വിളിച്ചു. ഉടനെതന്നെ അവധിയെടുത്ത് ഇവന്‍ വീട്ടിലെത്തി.
ഒരാശുപത്രിയിലും പോകില്ല, അതിനുള്ള അസുഖമൊന്നുമില്ലതാനും. ഒന്നു രണ്ടു പ്രാവശ്യം അപ്പന്‍ തനിച്ചിരുന്നു കരയുന്നതു കണ്ടപ്പോള്‍ അവന്‍ അപ്പനോടു കെഞ്ചിച്ചോദിച്ചു, കാര്യമെന്താണെന്നു പറയാന്‍, എന്തു പരിഹാരവും അവന്‍ ചെയ്യാമെന്ന് ഉറപ്പും കൊടുത്തു. അവസാനം അപ്പന്‍ പറഞ്ഞു, അപ്പനല്ലാതെ മറ്റാര്‍ക്കും പരിഹാരം ചെയ്യാന്‍ കഴിയാത്ത പ്രശ്നമാണ്, ഇനിയുമതൊട്ട് സാധിക്കുകയുമില്ലെന്ന്.
കാര്യമെന്താണെന്നു പറയാന്‍ അപ്പന്‍ മടിച്ചപ്പോള്‍ അങ്ങനെയാണെങ്കില്‍ അവന്‍ ജോലിയുപേക്ഷിച്ചു വീട്ടിലേക്കു പോരുകയാണെന്നു പറഞ്ഞപ്പോളാണ് അപ്പന്‍ അവസാനം സത്യം പറഞ്ഞത്, അപ്പന് ദൈവശാപമേറ്റിട്ടുണ്ട്, അതു കുടുംബത്തെയും ബാധിക്കുമെന്ന്. അതെങ്ങനെയാണപ്പനറിഞ്ഞത് എന്നു ചോദിച്ചപ്പോള്‍ ഇടവകയില്‍ നാലഞ്ച് അച്ചന്മാര് ഒന്നിച്ചു വന്നു നടത്തിയ ധ്യാനമുണ്ടായിരുന്നു. ആ ധ്യാനത്തില്‍, ദൈവത്തിന്‍റെ അഭിഷിക്തരായ അച്ചന്മാരെ ഏതെങ്കിലും രീതിയില്‍ ആരെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കു ദൈവശാപമുണ്ടാകുമെന്നും, അച്ചന്മാരു ശപിച്ചാലും ഇല്ലെങ്കിലും ശാപം വന്നു ഭവിക്കുമെന്നും, അത് അവരെ മാത്രമല്ല കുടുംബത്തെയും ബാധിക്കുമെന്നും പലപ്രാവശ്യം ധ്യാനഗുരുക്കന്മാര് ആവര്‍ത്തിച്ചു പറഞ്ഞെന്നും, മക്കളാരും അറിഞ്ഞിട്ടില്ലെങ്കിലും ഇടവകയിലിരുന്ന രണ്ടു മൂന്നു വികാരിയച്ചന്മാരെ അപ്പന്‍ വിഷമിപ്പിച്ചിട്ടുണ്ടെന്നും അവരില്‍ ഒരാളൊഴികെ ബാക്കിയുള്ളവരു മരിച്ചുപോയെന്നും, ജീവിച്ചിരിക്കുന്ന ഒരാളിനോടുപോയി ക്ഷമ ചോദിക്കാന്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം സ്ട്രോക്കു വന്ന് യാതൊരു ബോധവുമില്ലാതെ കിടക്കുകയാണെന്നും അപ്പന്‍ അവനോടു പറഞ്ഞു.
ആരെങ്കിലും അച്ചന്മാരെക്കാണാനോ, ധ്യാനത്തിനു പോകാനോ പറഞ്ഞപ്പോള്‍ അശ്ശേഷം സമ്മതിക്കുന്നുമില്ല. അവധി തീര്‍ന്നപ്പോള്‍ അവന്‍ തിരിച്ചുപോയതായിരുന്നു. പക്ഷേ അമ്മയുടെ കഷ്ടപ്പാടോര്‍ത്തപ്പോള്‍ ജോലി ഉപേക്ഷിച്ച് തിരിച്ചുപോന്നിട്ട് ഇപ്പോള്‍ ഒരുവര്‍ഷമായി. അവന്‍റെ ഭാര്യ മക്കളുടെ പഠനം തീരുന്നതുവരെ ജോലിയുമായി അവിടെത്തന്നെ തുടരുന്നു.
വീട്ടില്‍ ആരും വരുന്നതും ആരെയും കാണുന്നതും അപ്പനിഷ്ടമല്ല. ഏറെ സമയവും കിടപ്പാണ്. പ്രായത്തിന്‍റെ ക്ഷീണമാണെന്ന ധാരണയില്‍ ആരുമൊട്ട് കൂടുതല്‍ അന്വേഷിക്കാറുമില്ല. കുറെനാള്‍ മുമ്പ് പത്രത്തില്‍ വന്ന ഒരച്ചന്‍റെ ചരമവാര്‍ത്ത കണ്ട് അച്ചന്‍റെ അടക്കിനു പോകണമെന്നു പറഞ്ഞു. മകന്‍ കൊണ്ടുപോവുകയും ചെയ്തു. അതുകഴിഞ്ഞാണ് കരച്ചിലു കൂടിയത്. പിന്നീടാണ് അറിഞ്ഞത് നേരത്തെ പറഞ്ഞ ബോധമില്ലാതെ കിടന്ന ആ അച്ചനായിരുന്നു മരിച്ചതെന്ന്. പിന്നെ ഈ അടുത്തെയിടെയുണ്ടായ വേറൊരു സംഭവം അതിലും ഗുരുതരമായിരുന്നു. പത്രംമുഴുവന്‍ വായിക്കും. കഴിഞ്ഞ ദിവസം ആരോ ഒരാള്‍ ചെറുപ്പത്തിലെങ്ങോ ആരെയോ തൊഴിച്ചു കൊന്നിട്ട് ആരുമറിയാതെ രക്ഷപ്പെട്ടെങ്കിലും ഈയിടെ കുറ്റബോധം സഹിക്കാതെ ഏറ്റുപറഞ്ഞ പത്രവാര്‍ത്ത പിന്നെയും പിന്നെയും വായിക്കുന്നതു കണ്ടു. അന്ന് ഉറങ്ങിയിട്ടേയില്ല. അതിന്‍റെ കൂടെ ഈ അടുത്ത ദിവസം കര്‍ണ്ണാടകത്തിലെവിടെയോ ഒരുപാടുപേരുടെ മൃതദേഹങ്ങള്‍ രഹസ്യമായി കുഴിച്ചിട്ടയാള്‍ ഇപ്പോള്‍ കുറ്റബോധം കാരണം അതെല്ലാം വിളിച്ചു പറയാന്‍ തുടങ്ങിയ സംഭവും വായിച്ചിട്ടു കരച്ചിലോടു കരച്ചിലായിരുന്നു.
ഒരു കുഴപ്പവുമില്ലാതെ ഓടിപ്പാഞ്ഞു നടന്നിരുന്ന, അത്ര ഉത്സാഹിയായിരുന്ന അപ്പന്‍ ഈ പ്രായത്തില്‍ ഇങ്ങനെ വല്ലാതെ വിഷമിക്കുന്നു, ഒന്നും ചെയ്യാനും പറ്റാത്ത അവസ്ഥ. അതുകൊണ്ട്, ഈ മരിച്ചടക്കിനു ഞാന്‍ വരുമെന്നറിഞ്ഞപ്പോള്‍ ഒത്തിരിനാളായിട്ടു ബന്ധമൊന്നുമില്ലെങ്കിലും പഴയ സൗഹൃദം വച്ച് അപ്പന്‍റെ കാര്യത്തില്‍ എനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നായിരുന്നു അവന്‍റെ അപേക്ഷ.
അമ്മയോടു ഞാന്‍ ചെല്ലുമെന്ന് അവന്‍ അറിയിച്ചിരുന്നതുകൊണ്ട് ഞാന്‍ മുറ്റത്തു വണ്ടി നിര്‍ത്തിയപ്പോള്‍ത്തന്നെ അവരിറങ്ങി വന്നു. വണ്ടിയുടെ സ്വരം കേട്ട് 'ഹരിച്ചന്ദ്രനും' വരാന്തയിലേക്ക് ഇറങ്ങിവന്നു. ചേടത്തിയെ ശ്രദ്ധിക്കാതെ ഞാന്‍ അയാളുടെ അടുത്തേക്കു ചെന്നു.
"ഹരിച്ചന്ദ്രന് എന്നെ മനസ്സിലായില്ലേ?"
സംശയത്തോടെ നോക്കിനിന്ന അയാളോടു ഞാനത്രയും ചോദിച്ചപാടെ ചാടിയൊരു കെട്ടിപ്പിടുത്തമായിരുന്നു, തൊട്ടുപിന്നാലെ കരച്ചിലും. എന്നെയും കൂട്ടി അകത്തേക്കു കയറി.
"ഞാന്‍ ഭക്ഷണം കഴിച്ചതല്ല കേട്ടോ ചേടത്തീ."
പിന്നാലെ വന്ന ചേടത്തി ആ ഭാഗത്തേക്കു വരാതെ പണികൊടുക്കാന്‍ വേണ്ടിയായിരുന്നു ഞാനതു പറഞ്ഞത്. അവര് അതു കേട്ടപാടെ അടുക്കളയിലേക്കു തിടുക്കത്തില്‍ വലിഞ്ഞു.
"ഇന്നത്തെ അടക്കിനു വന്നപ്പോള്‍ പഴയ ഹരിച്ചന്ദ്രനെയൊന്നു കാണണമെന്നു തോന്നി. അതുകൊണ്ട് ഒന്നോടിക്കയറിയതാ. എന്തിയേ, മോനിപ്പോളെവിടെയാ?"
സ്വസ്ഥമായിട്ട് ഇരുന്നു കഴിഞ്ഞപ്പോള്‍ ഒന്നുമറിയാത്ത മട്ടില്‍ ഞാന്‍ ചോദിച്ചു. മറുപടി പറയാതെ എന്‍റെ കണ്ണിലേക്കു നോക്കി പിന്നെയും തേങ്ങല്‍. ഞാനതു ശ്രദ്ധിക്കാത്ത മട്ടില്‍, എന്‍റെ ആശ്രമത്തെപ്പറ്റിയും അവിടുത്തെ കാര്യങ്ങളെപ്പറ്റിയുമൊക്കെ വിശദമായി പറഞ്ഞു കൊണ്ടിരുന്നപ്പോള്‍ ചേടത്തി കുടിക്കാനുമായി വന്നു.
"അച്ചന്‍റെ പണ്ടത്തെ ആ നീണ്ടമുടിയൊക്കെ കളഞ്ഞോ?"
"കളഞ്ഞതല്ല ചേടത്തീ പോയതാ. പിന്നെ കറിയൊന്നും ഒത്തിരി വേണ്ട കേട്ടോ, ഒരു ചമ്മന്തിമാത്രം അരച്ചാല്‍ മതി. എനിക്കു പോകാന്‍ തിരക്കുമുണ്ട്."
അവരുടെ സംസാരം നീട്ടാതെ അവരെ ഒഴിവാക്കാന്‍വേണ്ടി ഞാന്‍ പറഞ്ഞു. അവരു പോയി.
"ഞാനിപ്പോള്‍ അച്ചനറിയുന്ന ആ പഴയ ഹരിച്ചന്ദ്രനല്ലച്ചാ. പള്ളീപ്പോയിട്ടു തന്നെ നാളൊത്തിരിയായി."
ചേടത്തി പോയിക്കഴിഞ്ഞപ്പോള്‍ കണ്ണുതുടച്ചുകൊണ്ട് അയാള്‍ പറഞ്ഞു തുടങ്ങി. സാവകാശം മകന്‍ നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങളൊക്കെ ഒന്നൊന്നായി അയാള്‍ ചുരുളഴിച്ചു. അതുകഴിഞ്ഞപ്പോള്‍ കുറെ ദുരനുഭവങ്ങളും നിരത്തി. കുറെനാളുമുമ്പ് പെണ്‍മക്കളു രണ്ടുപേരുടെയും കുട്ടികള്‍ക്കു നാട്ടിലെത്തിയപ്പോള്‍ അസുഖം പിടിപെട്ടതും, ഭാര്യയ്ക്ക് രണ്ട് ഓപ്പറേഷന്‍ വേണ്ടിവന്നതും, ഇപ്പോള്‍ മകന് ജോലി ഉപേക്ഷിച്ചു പോരേണ്ടി വന്നതുമെല്ലാം ദൈവശിക്ഷയാണെന്ന വലിയ തിരിച്ചറിവായിരുന്നു അയാള്‍ അവതരിപ്പിച്ചതിന്‍റെ സാരം. എല്ലാം ശാന്തമായി കേട്ടുകൊണ്ട് അയാള്‍ പറഞ്ഞതിനെയൊക്കെ ശരിവയ്ക്കുന്ന രീതിയില്‍ ഇരുന്നു കൊടുത്തു. അതിനുശേഷം ധ്യാനിപ്പിച്ചതാരായിരുന്നു എന്നൊക്കെ ചോദിച്ചറിഞ്ഞു. ധ്യാനം നടന്നതു രണ്ടുവര്‍ഷം മുമ്പായിരുന്നു എന്നും അന്നുണ്ടായിരുന്ന വികാരിയച്ചന്‍ പെട്ടെന്നു സ്ഥലം മാറിയെന്നും അറിഞ്ഞപ്പോള്‍ എന്‍റെ സംശയം ബലപ്പെട്ടു.
പെണ്‍മക്കളുടെ മക്കള്‍ വീട്ടില്‍ വരുന്നത് അവധിക്കാലത്താണെന്നു ചോദിച്ചറിഞ്ഞു. അവരിലൊരാള്‍ക്ക് ചിക്കന്‍പോക്സും മറ്റെയാള്‍ക്ക് കോവിഡും വന്ന് ഗുരതരമായത് എന്നായിരുന്നെന്നന്വേഷിച്ചപ്പോള്‍ അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നെന്നും ഉത്തരം കിട്ടി. ഭാര്യയുടെ ഓപ്പറേഷനും നാലുവര്‍ഷം മുമ്പായിരുന്നു. ഒരു മണിക്കൂറോളമങ്ങനെ സംസാരിച്ചിരിക്കുന്നതിനിടയില്‍ കാറിന്‍റെ സ്വരം കേട്ടപ്പോള്‍ മകനാണു വന്നതെന്നയാള്‍ പറഞ്ഞു. ഒത്തിരിനാളു മുമ്പു കണ്ടതല്ലെ, ഞാനൊന്നു കാണട്ടെയെന്നു പറഞ്ഞെഴുന്നറ്റു പുറത്തേക്കിറങ്ങിയപ്പോള്‍ അയാളും കൂടെയിറങ്ങി.
"എത്ര നാളായി ക ണ്ടിട്ട്, എന്നെ ഓര്‍ക്കുന്നുണ്ടോ?"
"അച്ചന്‍ പള്ളീല്‍ നില്‍ക്കുന്നതു ഞാന്‍ കണ്ടായിരുന്നു. പക്ഷേ പഴയ നീണ്ടമുടി ഇല്ലാത്തതുകൊണ്ടു സംശയിച്ചു. ഇപ്പോള്‍ ഉറപ്പായി."
ഞങ്ങളു രണ്ടുപേരുടെയും അഭിനയം കലക്കി. അവന്‍റെ കൈയ്യിലെ പൊതികള്‍ കണ്ടപ്പോള്‍ ഹോട്ടലീന്നു കറി സംഘടിപ്പിച്ചു എന്നുറപ്പായിരുന്നു. താമസിയാതെ ഉണ്ണാനിരുന്നു. ഉണ്ടുകൊണ്ടിരുന്നപ്പോള്‍ വികാരിയച്ചനെപ്പറ്റി ചോദിച്ചു. വളരെ നല്ല അഭിപ്രായം പറഞ്ഞപ്പോള്‍ ചോദിക്കാതെതന്നെ ചേടത്തി പറഞ്ഞു; പോയ അച്ചന്‍ വിഷമത്തോടെയാണു പോയതെന്ന്. ഹരിച്ചന്ദ്രന്‍റെ മുഖം മാറുന്നതു ഞാന്‍ ശ്രദ്ധിച്ചു. മകന്‍ മനപ്പൂര്‍വ്വം വിഷയം മാറ്റാന്‍ നോക്കിയപ്പോള്‍ അതു ശ്രദ്ധിക്കാതെ എന്തായിരുന്നു അച്ചന്‍ പെട്ടെന്നുമാറാന്‍ കാരണമെന്നു ഞാന്‍ ചോദിച്ചു. വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന ഒരു പൊളിച്ചുപണി അച്ചന്‍ നിര്‍ദ്ദേശിച്ചു. ജനമെല്ലാം സാമ്പത്തികമായി ഞെരുക്കത്തിലായതുകൊണ്ട്, അത്ര അത്യാവശ്യമില്ലാത്ത ആ പണി മാറ്റിവയ്ക്കണം എന്ന് മഹാഭൂരിപക്ഷം ഇടവകക്കാരും ആവശ്യപ്പെട്ടു. അച്ചന്‍ നിര്‍ബ്ബന്ധം പിടിച്ചപ്പോള്‍ പൊതുയോഗത്തില്‍ അച്ചനുമായി വാക്കേറ്റംവരെ ഉണ്ടായി. അതു കഴിഞ്ഞുടനെയാണ് അച്ചന്‍ ധ്യാനം നടത്താന്‍ അച്ചന്മാരെ കൊണ്ടുവന്നത്.
"ഒരുപക്ഷേ നിങ്ങള്‍ക്കന്നതു മനസ്സിലായില്ലെങ്കിലും ഇപ്പോള്‍ ആ ധ്യാനഗുരുക്കന്മാരു പറഞ്ഞതിന്‍റെ കാര്യങ്ങള്‍ ക്ലിയറായില്ലേ. വികാരിയച്ചന്‍ ഉദ്ദേശിച്ച കാര്യം നടത്തിക്കിട്ടാന്‍ ഇടവകക്കാരെ മെരുക്കാന്‍ വേണ്ടിയാണ് അച്ചന്‍ ധ്യാനം ഏര്‍പ്പാടാക്കിയത്. അതിനുവേണ്ട ട്യൂഷനൊക്കെ അച്ചന്‍ ധ്യാനഗുരുക്കന്മാര്‍ക്കു കൊടുത്തിട്ടുമുണ്ടാകും. അതു മനസ്സില്‍വച്ച് അവരു ധ്യാനിപ്പിച്ചപ്പോള്‍ അച്ചന്മാരെ വിഷമിപ്പിച്ചാല്‍ ശാപംവരും കോപംവരും എന്നൊക്കെ പറഞ്ഞാല്‍ ഇടവകക്കാരു മെരുങ്ങും എന്ന് കണക്കുകൂട്ടി അവരത് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ടാകും."
"അച്ചന്മാരെ എന്നല്ല നിഷ്ക്കളങ്കരെ ആരെ വേദനിപ്പിച്ചാലും അവരൊന്നും ചെയ്തില്ലെങ്കിലും പ്രകൃതി തിരിച്ചടിക്കും, അതു പ്രകൃതി നിയമമാണ്. ന്യായമായ കാര്യങ്ങള്‍ക്കു മാന്യമായ രീതിയില്‍ പ്രതികരിക്കണം, അതിനല്ലെ തമ്പുരാന്‍ നമുക്കു വിവരോം വിവേകോം തന്നിരിക്കുന്നത്. അതിന്‍റെ പേരില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായാല്‍ കാലം അതു ശാന്തമാക്കുമെന്നു പ്രതീക്ഷിക്കുക അത്രതന്നെ. മക്കളുടെ മക്കള്‍ക്ക് അസുഖം വന്നിട്ടുള്ളത് ഇവിടെ വന്നപ്പോള്‍ മാത്രമല്ലല്ലോ. അതും എത്രനാളു മുമ്പാണ്, അവരു സുഖപ്പെട്ട് അവരുടെ പാട്ടിനു പോവുകയും ചെയ്തു. ഭാര്യേടെ ഓപ്പറേഷന്‍ നടന്നിട്ടു നാളെത്രയായി. ചേടത്തി ഇപ്പോളിതേ കഞ്ഞിം കറീം വച്ചു പയറുപോലെ നടക്കുന്നു. എന്നിട്ടും ഒരു പ്രസംഗം കേട്ടിട്ട് സംഭവിക്കുന്നതെല്ലാം ശാപമാണെന്നും പറഞ്ഞു കുനിഞ്ഞു കൊടുക്കുന്നതു കഷ്ടമല്ലേ ഹരിച്ചന്ദ്രാ. പണ്ട് എനിക്കു വണ്ടിക്കൂലി തരാന്‍ പത്തുപൈസത്തുട്ടു ചില്ലറ മാറാന്‍ പോയത് ഓര്‍മ്മയില്ലെ. കൃത്യമായി കണക്കുകൂട്ടാന്‍ നല്ലവശമുണ്ടല്ലോ. ഞാനിതെല്ലാം പറഞ്ഞോണ്ടിരുന്നാല്‍ ഊണു നടക്കില്ല. വേഗം ഊണു കഴിക്ക്, അതുകഴിഞ്ഞിട്ട് ബാക്കി."
പിന്നെ വീട്ടുകാര്യോം നാട്ടുകാര്യോമൊക്കപ്പറഞ്ഞ് ഊണു കഴിഞ്ഞ് ഹരിച്ചന്ദ്രനെ മാറ്റിനിര്‍ത്തി ഞാന്‍ സംശയനിവാരണം വരുത്തി. എനിക്കു വണ്ടിക്കൂലിക്ക് അഞ്ചുപൈസാ വിട്ടുവീഴ്ച ചെയ്യാത്ത അയാള്, ആരോടായാലും ആ നിലപാടെടുക്കുമെന്ന് എനിക്കറിയാമായിരുന്നതു കൊണ്ട്, കൈക്കാരനായിരുന്ന കാലത്ത് മൂന്ന് അച്ചന്മാരെ വിഷമിപ്പിച്ചതിന്‍റെ ചരിത്രമൊക്കെ ഞാന്‍ ഛര്‍ദ്ദിപ്പിച്ചു. അതു മൂന്നും സാമ്പത്തിക പ്രശ്നമായിരുന്നു. അതിലൊന്നു പോലും അയാളുടെ കുറ്റവുമായിരുന്നുമില്ല. ഒരഡ്ജസ്റ്റ്മെന്‍റിനും കൂട്ടുനില്‍ക്കാതെ നൂറുശതമാനം സത്യസന്ധനായിരുന്നതു കൊണ്ടു മാത്രം ഉണ്ടായ ഏറ്റുമുട്ടലായിരുന്നു അതെല്ലാം. പിറ്റെ ദിവസം മുതല്‍ പള്ളീല്‍ പോകാന്‍ പറഞ്ഞിട്ടു ഞാന്‍ പോന്നു. കഴിഞ്ഞ ദിവസം മകന്‍ വിളിച്ചിരുന്നു, ചാച്ചന്‍ ഉഷാറായി, അവന്‍ ജോലിക്കു തിരിച്ചു പോയാലോന്നോര്‍ക്കുകയാണു പോലും! ഹരിച്ചന്ദ്രനു ശാപമോക്ഷം!!
ഹരിച്ചന്ദ്രനു ശാപമോക്ഷം!
ഫാ. ജോസ് വെട്ടിക്കാട്ട്
അസ്സീസി മാസിക, ഓഗസ്റ്റ് 2025





















