

ജനുവരി 1 ലോക സമാധാന ദിനമായി സഭ ആചരിക്കുന്നു. 2025 ആണെങ്കിൽ, ജൂബിലി വർഷവും. അതുകൊണ്ടുതന്നെ ഈ ആഘോഷത്തിന് വലിയ പ്രാധാന്യമുണ്ട്. "ഞങ്ങളുടെ കടങ്ങൾ ഞങ്ങളോട് ക്ഷമിക്കണേ : നിൻ്റെ സമാധാനം ഞങ്ങൾക്ക് നൽകണേ" എന്നാണ് ഈ വരുന്ന ലോക സമാധാന ദിനത്തിൻ്റെ പ്രമേയമായി കഴിഞ്ഞയാഴ്ച ഫ്രാൻസിസ് മാർപാപ്പ വെളിപ്പെടുത്തിയത്.
'നാം എല്ലാവരും ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. ദൈവം തൻ്റെ അനന്തമായ കാരുണ്യത്തിൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും മറ്റുള്ളവരോട് ക്ഷമിക്കാൻ നമ്മോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. നമ്മുടെ ലോകത്തിൽ ദൈവത്തിൻ്റെ വിമോചനപരമായ നീതിക്കുള്ള ആഹ്വാനമാണത്. ക്ഷമയും നീതിയും ഐക്യദാർഢ്യവുമാണ് പ്രശ്‌നബാധിതമായ നമ്മുടെ ലോകത്തിന് പ്രത്യാശയിലേക്കും സമാധാനത്തിലേക്കുമുള്ള വഴികൾ. മനുഷ്യസ്‌നേഹത്തിൻ്റെ പൊടുന്നനെയുള്ള പ്രവർത്തനങ്ങളല്ല, സാംസ്‌കാരികവും ഘടനാപരവുമായ മാറ്റങ്ങളാണ് ഉണ്ടാവേണ്ടത്. ഭൂമിയിലെ വിഭവങ്ങൾ മനുഷ്യരാശിക്ക് ഉപയുക്തമാകുംവിധം ദൈവം നൽകിയ സമ്മാനമാണ്. നാമെല്ലാവരും അവനോട് കടത്തിലാണെന്നും അതേസമയം, പരസ്പരം പങ്കുവയ്ക്കുന്നതും വൈവിധ്യപൂർണ്ണമായ ഉത്തരവാദിത്തത്തിൻ്റെ മനോഭാവത്തിലും പരസ്പരം പങ്കുവക്കാൻ മറ്റുള്ളവരെയും നമുക്ക് ആവശ്യമുണ്ട് എന്ന് മാനവകുലം തിരിച്ചറിയുമ്പോൾ സാംസ്കാരികവും ഘടനാപരവുമായ മാറ്റം സംഭവിക്കുകതന്നെ ചെയ്യും! -എന്നാണ് പാപ്പാ പറയുന്നത്.
മരുഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദമായ സ്നാപകനെപ്പോലെയാകാനാണ് സഭയുടെ വിളി. വിളിച്ചു പറയുന്ന ആഹ്വാനങ്ങളുടെ ശബ്ദങ്ങൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോയേക്കാം. പക്ഷേ, കാലം കഴിയുന്തോറും പതുക്കെപ്പതുക്കെ മാറ്റം വരും എന്നാണ് എനിക്ക് തോന്നുന്നത്.





















