top of page
മരണം
മരണം കൊണ്ടുപോകുന്നത്
ശരീരങ്ങള്‍ മാത്രമല്ല
ആ മുഖങ്ങളും -
വെളിച്ചത്തില്‍ നിന്നു മാത്രമല്ല
ഓര്‍മ്മയില്‍ നിന്നു പോലും....
അവശേഷിക്കുന്നത്
ചില ശൂന്യസ്ഥലങ്ങള്‍
അച്ഛന്‍, അമ്മാവന്‍
അവന്‍, അവള്‍....
പിന്നെ
കുറെ പേരുകളും
ഇന്നലെ
മള്‍ട്ടിനാഷണല്‍ കമ്പനിയുടെ
വില്പനക്കാരനാകാന്‍
പഞ്ചനക്ഷത്ര ഹോട്ടലില്‍
ഊഴം കാത്തു നില്ക്കവേ
ആരോ
പരിചയമുള്ള ഒരു പേര്
ഉറക്കെ വിളിക്കുന്നു
ഓര്‍മ്മിച്ചു നോക്കി
അതേ
അതെന്‍റെ പേര് തന്നെ!
എന്തതിശയം
എന്‍റെ മുഖം
എന്നേ
ഓര്‍മ്മയില്‍ നിന്ന്
മാഞ്ഞുപോയി!
മഴയും കുടയും
പ്രണയം പെരുകി
പെരുമഴയായി
അവളാകെ
നനഞ്ഞു കുതിര്‍ന്നു
അവനോ
കുടചൂടി
നനയാതെ നനഞ്ഞു
പെയ്തു തീര്‍ന്നപ്പോള്‍
അവളാകെ
കുതിര്‍ന്ന്...
വിറച്ച് -
മരവിച്ച്...
അവനോ
പുതുമഴ തേടി.....
കുടയുമായി.