top of page

സവിതയുടെ മരണത്തിന് ഉത്തരവാദി ആര്?

Dec 1, 2012

2 min read

ഡോ. ഫെലിക്സ് പൊടിമറ്റം, (Dr. Felix Podimattom)
A drawing

ഇന്ത്യന്‍ വനിത സവിത ഹാലപ്പനാവര്‍ ഐര്‍ലണ്ടില്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിരിക്കുന്ന നിരവധി കുഴക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് ആശയറ്റ സാഹചര്യങ്ങളിലെ ഗര്‍ഭഛിദ്രത്തെപ്പറ്റിയുള്ള കത്തോലിക്കാസഭയുടെ നിലപാടിന്‍റെ വിശ്വാസ്യത സംബന്ധിച്ചാണ്.

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണതകള്‍ അമ്മയുടെ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ ഗര്‍ഭഛിദ്രത്തെപ്പറ്റി, രാജ്യത്ത് നിലവിലുള്ള നിയമവും കത്തോലിക്കാസഭയുടെ നിലപാടും തമ്മിലുള്ള വ്യത്യാസം തുടക്കത്തില്‍ത്തന്നെ നമുക്ക് പരിശോധിക്കാം. ഇവ തമ്മില്‍ കൂട്ടിക്കുഴച്ചാല്‍ കത്തോലിക്കാസഭയുടെ നിലപാട് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ ഇടയുണ്ട്. ഈ വിഷയത്തില്‍ കത്തോലിക്കാ സഭയുടെ പ്രബോധനം എന്താണ്? 'ഇരട്ടഫല പ്രമാണം' അനുസരിച്ച് കുഞ്ഞിന്‍റെ ജീവന്‍ നഷ്ടപ്പെടുത്തിയും അമ്മയുടെ ജീവന്‍ രക്ഷിക്കുന്നതിന് സഭ അനുവദിക്കുന്നു. അതായത്, അമ്മയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനാണ് പ്രഥമ പരിഗണനയെന്നു സാരം.

മനുഷ്യജീവിതത്തിലെ ചില നിര്‍ണ്ണായക മേഖലകളില്‍ ബോധപൂര്‍വ്വമോ അല്ലാതെയോ ചെയ്യുന്നതെന്ന് പറയപ്പെടുന്നവ തമ്മിലുള്ള വേര്‍തിരിവിനെ ചുരുക്കി വിളിക്കുന്നതാണ് ഇരട്ടഫല പ്രമാണം. ഈ വേര്‍തിരിവ് നിരവധി സംഘര്‍ഷാത്മക സാഹചര്യങ്ങളെ നേരിടുന്നതിനും തിന്മയെ ഒഴിവാക്കുന്നതിനും ഉപയോഗിക്കപ്പെട്ടു വരുന്നു. ഒരാള്‍ നന്മ ചെയ്യാന്‍ പുറപ്പെടുമ്പോള്‍ ഒരു തിന്മയുണ്ടാകുന്ന അവസ്ഥ നീതീകരിക്കപ്പെടുകയോ അല്ലെങ്കില്‍ ക്ഷമിക്കാവുന്നതാണെന്ന് കണക്കാക്കപ്പെടുകയോ ചെയ്യുന്നത് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്. അതിന് ഒന്നാമതായി, തിന്മയുളവാക്കുന്ന ആ പ്രവൃത്തി നല്ലതായിരിക്കണം, അല്ലെങ്കില്‍ അതിനാല്‍ത്തന്നെ വ്യതിരിക്തമായിരിക്കണം, ഇത് ഒരിക്കലും സദാചാരവിരുദ്ധമായിരിക്കുകയുമരുത്. രണ്ടാമതായി, ഉദ്ദേശ്യം നല്ലതായിരിക്കണം - അതായത് തിന്മയായിരിക്കരുത് ലക്ഷ്യം. മൂന്നാമതായി, സദ്ഫലത്തോടൊപ്പം തന്നെയായിരിക്കണം ദോഷഫലവും. നാലാമതായി, ദോഷഫലമുണ്ടാകുന്നത് അനുവദിക്കാന്‍ യുക്തവും ഗുരുതരവുമായ കാരണമുണ്ടാകണം. ഈ വ്യവസ്ഥകളൊക്കെ വര്‍ഷങ്ങളായി പറഞ്ഞു വരുന്നതാണ്, പക്ഷേ എല്ലാം പറയപ്പെടുമ്പോഴും ചെയ്യപ്പെടുമ്പോഴും വ്യവസ്ഥകള്‍ പാലിക്കപ്പെടുന്നെങ്കില്‍, ഉണ്ടാകുന്ന ദോഷം പ്രവൃത്തിയുടെ ആഗ്രഹിക്കാത്ത ഉപോത്പന്നമായി കണക്കാക്കുകയും യുക്തമായ ഗുരുതരകാരണങ്ങളുടെ സാന്നിദ്ധ്യത്തില്‍ നീതീകരിക്കപ്പെടുകയും ചെയ്യും.

ഗര്‍ഭിണി ഗര്‍ഭപാത്രത്തില്‍ ക്യാന്‍സര്‍ ബാധിതയാണെന്ന് കണ്ടെത്തുന്ന സാഹചര്യം ഒരു നല്ല ഉദാഹരണമായെടുക്കാം. ഒന്നും ചെയ്യുന്നില്ലെങ്കില്‍ ക്യാന്‍സര്‍ പടരുകയും അമ്മയും കുഞ്ഞും മരിക്കാനിടയാവുകയും ചെയ്യും. എന്നാല്‍ ക്യാന്‍സര്‍ ബാധിച്ച ഗര്‍ഭപാത്രം നീക്കം ചെയ്താല്‍ കുട്ടി നശിച്ചാലും അമ്മയെ രക്ഷിക്കാന്‍ കഴിയുന്നു. മേല്‍പറഞ്ഞ സാഹചര്യത്തില്‍ യൂട്രസ് നീക്കം ചെയ്യുന്നത് അനുവദനീയമാണ്.

കത്തോലിക്കാ പാരമ്പര്യത്തില്‍ നിരവധി നൂറ്റാണ്ടുകളായി വളരെ നിര്‍ണ്ണായകമായിരുന്ന ഈ വേര്‍തിരിവ് ഈ പാരമ്പര്യത്തിന് വെളിയിലുള്ളവര്‍ പൊതുവില്‍ അംഗീകരിച്ചില്ലെന്നതോ അറിഞ്ഞിരുന്നില്ലെന്നതോ ആണ് രസകരം. കത്തോലിക്കരല്ലാത്ത ചില സദാചാര ദൈവശാസ്ത്രചിന്തകരും ഈ കാഴ്ചപ്പാട് ഉപയോഗിച്ചിട്ടുണ്ട്.

ബിഷപ്പുമാരുടെ പ്രബോധനങ്ങളിലേയ്ക്കെത്തിയാല്‍, ബെല്‍ജിയന്‍ ബിഷപ്പിന്‍റെ അഭിപ്രായത്തില്‍ 'രണ്ട് ജീവനും അപകടത്തിലാണെങ്കില്‍ രണ്ട് ജീവനും രക്ഷിക്കാന്‍ പരമാവധി ചെയ്യുക, കഴിയാതെ വന്നാല്‍ രണ്ട് പേരും നശിക്കാനിടയാവാതെ ഒരാളെയെങ്കിലും രക്ഷിക്കുക' എന്നാണ്.

സ്കാന്‍ഡിനേവിയന്‍ ഹൈരാര്‍ക്കിയുടെ വീക്ഷണത്തില്‍ അബോര്‍ഷന്‍ സംബന്ധമായ തീരുമാനം എടുക്കേണ്ടത് ബന്ധപ്പെട്ട സ്ത്രീ തന്‍റെ മനസ്സാക്ഷി അനുസരിച്ചാണ്. സമൂഹത്തിന്‍റെ സമ്മര്‍ദ്ദം അവളുടെ മേല്‍ ഉണ്ടാകുമെന്ന് അവര്‍ക്ക് ആശങ്കയുണ്ട്. സമൂഹത്തിന്‍റെ സമ്മര്‍ദ്ദങ്ങളില്‍നിന്ന് അവളെ രക്ഷിക്കുകയും വേണ്ട ഉപദേശങ്ങള്‍ നല്‍കുകയുമാണ് ആത്മീയ ഉപദേഷ്ടാവിന്‍റെ ചുമതല. പക്ഷേ ആത്മീയ കൗണ്‍സിലര്‍ അവളെ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് നിര്‍ബന്ധിക്കാന്‍ പാടില്ല എന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്.

കത്തോലിക്കര്‍ക്കെതിരെയുണ്ടായ കുറ്റാരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ ബിഷപ്പുമാരും ദൈവശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചിട്ടുള്ള കാഴ്ചപ്പാടുകള്‍ ഒരുമയുളളതായിരുന്നു. അവര്‍ ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളത് അമ്മയുടെ ജീവന്‍ രക്ഷിക്കാനല്ലാതെ ഗര്‍ഭഛിദ്രം പാടില്ലെന്നു മാത്രമാണ്.

കഴിഞ്ഞ മാസമാണ് 31 കാരിയും 17 ആഴ്ച ഗര്‍ഭിണിയുമായ സവിതയെ അയര്‍ലണ്ടിലുള്ള ഗാല്‍വേ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യം മോശമായതിനാല്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതര്‍ നിരസിച്ചു.

കത്തോലിക്ക രാജ്യമായ ഐര്‍ലണ്ടില്‍ രുക്ഷമായ അഭിപ്രായഭിന്നത നിലനില്ക്കുന്ന വിഷയമാണ് ഗര്‍ഭചിദ്രവും അതിനെതിരെയുള്ള കര്‍ശന നിയമങ്ങളും. സ്ത്രീയുടെ ജീവന്‍ അപകടത്തിലാകുന്ന പക്ഷം ഗര്‍ഭഛിദ്രം നടത്താമെന്ന് സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. കത്തോലിക്കാസഭ ഏറെക്കാലമായി പറയുന്നതും ഇതുതന്നെയാണ്. അപ്പോള്‍ സവിതയുടെ മരണത്തിന് സഭ എങ്ങനെ ഉത്തരവാദിയാകും ?

നമുക്കിങ്ങനെ ഉപസംഹരിക്കാം: ഈ ദാരുണസംഭവത്തില്‍ ഗാല്‍വേ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ മെഡിക്കല്‍ സ്റ്റാഫിനെ ചതിച്ചത് യഥാര്‍ത്ഥ കത്തോലിക്കാപ്രമാണങ്ങളിലുള്ള അജ്ഞതയാണ്. വളരെ ലജ്ജാകരമായ അജ്ഞത എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. കാരണം, നിയമം മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ നിയമത്തിനു വേണ്ടിയല്ല എന്ന് സംശയലേശമെന്യേ ബൈബിളില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍, കത്തോലിക്കാപ്രമാണങ്ങളുടെ പരാജയമല്ല, ചികിത്സാപ്പിഴവാണ് നമ്മള്‍ അഭിമുഖീകരിക്കുന്നത്.

നിയമത്തിന്‍റെ സൂക്ഷ്മതയില്‍ കടിച്ചു തൂങ്ങുന്നതിനു പകരം ഡോക്ടര്‍മാര്‍ അവരുടെ തൊഴില്‍പരമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കുകയായിരുന്നു വേണ്ടത്. അവരത് ചെയ്യാതിരുന്നതിന്‍റെ കാരണം കണ്ടെത്തി നടപടികള്‍ സ്വീകരിക്കാനുള്ള ചുമതല ഐര്‍ലണ്ട് ഭരണകൂടത്തിനുണ്ട്.

Dec 1, 2012

0

1

Recent Posts

bottom of page