ജോര്ജ് വലിയപാടത്ത്
Oct 25
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ
ജീവിതത്തെയും ചരിത്രത്തെയും അനുഭവങ്ങളെയും സ്ത്രീപക്ഷത്തുനിന്ന് നോക്കിക്കാണുന്ന എഴുത്താണ് പെണ്ണെഴുത്ത്. വ്യക്തിപരമായതും രാഷ്ട്രീയമായി മാറുന്ന എഴുത്താണിത്. നൂറ്റാണ്ടുകളായി പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹത്തില്‍ ആ മൂല്യങ്ങള്‍ അടിയുറച്ചിരിക്കുന്നു. സ്ത്രീക്കെതിരായ അനേകം കോട്ടകള്‍ സമൂഹം പടുത്തുയര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു. പുരുഷാധിപത്യമൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും ബദലായി ഒരു പ്രതിസംസ്‌കൃതിയെന്ന നിലയില്‍ പെണ്ണെഴുത്ത് ഇന്ന് അടയാളപ്പെടുത്താം. കെ. ആര്‍, മീരയുടെ 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' എന്ന നോവല്‍ സ്‌ത്രൈണാനുഭവങ്ങളുടെ വൈചിത്ര്യമാര്‍ന്ന ലോകം തുറന്നിടുന്നു. ബൈബിളിലെ ജെസബെലിന്റെ ജീവിതത്തെ കഥയോടു ചേര്‍ത്തുനിര്‍ത്തി ഒരു സ്ത്രീയുടെ അനുഭവങ്ങള്‍ തീക്ഷ്ണമായി ആലേഖനം ചെയ്യുകയാണ് എഴുത്തുകാരി. സഫലീകരിക്കാനാകാത്ത കാമനകള്‍ ചിറകടിച്ചുയരുന്ന സന്ദര്‍ഭങ്ങള്‍ നിറഞ്ഞ ഈ നോവല്‍ നമ്മുടെ കാഴ്ചകള്‍ക്ക് മറ്റൊരു മാനം നല്കുന്നു.
ജെസബെല്‍ എന്ന കഥാപാത്രത്തിന്റെ ജീവിതചിത്രീകരണത്തിലൂടെ പുരുഷാധിപത്യത്തിന്റെ അനേകം വിതാനങ്ങള്‍ കെ. ആര്‍. മീര വിശകലനവിധേയമാക്കുന്നു. ബൈബിളിലെ ജെസബെല്‍ എന്ന കഥാപാത്രത്തെ സ്ത്രീപക്ഷത്തുനിന്നു നോക്കിക്കാണുമ്പോള്‍ നമ്മുടെ പരമ്പരാഗതസങ്കല്പനങ്ങള്‍ അപ്പാടേ തകര്‍ന്നു വീഴുന്നു. ബൈബിളിന്റെ ഫെമിനിസ്റ്റ് വായനകള്‍ നമുക്കു സുപരിചിതമായിട്ടില്ലാത്ത സാഹചര്യത്തില്‍ ഇതിന് പ്രസക്തിയേറുന്നു. സ്ത്രീയുടെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ വിശ്വാസവും മതവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം പലപ്പോഴും സ്ത്രീവിരുദ്ധമാണെന്നു കാണാം. എല്ലാ വിലക്കുകളും അവളെ വലിഞ്ഞുമുറുക്കുന്നതാണ്. മീരയുടെ നോവലിലെ ജെസബെല്‍ പലതരത്തിലുള്ള ചോദ്യങ്ങളാണ് സമൂഹത്തോട് ചോദിക്കുന്നത്. ''അധികാരം കൈയടക്കാന്‍ ആഗ്രഹമുള്ളവരെ ചോദ്യം ചെയ്ത സ്ത്രീകളെല്ലാം എന്തുകൊണ്ട് വ്യഭിചാരിണികളെന്നു വിളിക്കപ്പെട്ടു'' എന്ന ചോദ്യം അത്യന്തം പ്രസക്തമാണ്. സ്ത്രീയുടെ ചോദ്യങ്ങളെ സമൂഹത്തിന് അത്ര ഇഷ്ടമല്ല. എങ്കിലും ചിലര്‍ വെല്ലുവിളികള്‍ ഏറ്റെടുത്ത് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു.
ജെസബെല്ലിന് ശക്തമായ വെളിപാടു ലഭിച്ചത് വിവാഹത്തോടെയാണ്. ''ശരീരം നിത്യമായ കുരിശാകുന്നു' എന്നതായിരുന്നു ആ വെളിപാട്. ശരീരത്തിന്റെ പേരിലാണ് അവള്‍ എപ്പോഴും കുരിശുചുമക്കേണ്ടി വരുന്നത്. ''അവളുടെ ഹൃദയത്തിലെ ആഹ്‌ളാദത്തിന്റെയും പ്രത്യാശകളുടെയും പ്രാവിന്‍ കുഞ്ഞുങ്ങളെ കഴുത്ത് പിരിച്ച് മുറിക്കു''ന്നത് അനുഭവിക്കുമ്പോള്‍ ജെസബെല്‍ വല്ലാതെ നിരാശപ്പെടുകയും തളരുകയും ചെയ്യുന്നു. താന്‍ കാംക്ഷിക്കുന്നതോരോന്നും തന്നില്‍ നിന്ന് അകന്നുപോകുന്നത് നിസ്സഹായതയോടെ നോക്കിനില്ക്കുന്നു. ഹൃദയത്തിന്റെയും ശരീരത്തിന്റെയും ഇച്ഛാഭംഗം അവള്‍ ഒരുമിച്ച് അനുഭവിക്കുന്നു. മറ്റാരും കാണാത്ത ചില കാഴ്ചകള്‍ അവള്‍ കാണുന്നു. ഒരിക്കല്‍ തുറന്നുപോയ കണ്ണുകള്‍ അപകടകാരികളാണ് എന്നു ജെസബെല്‍ കണ്ടു. അടച്ചാലും അടച്ചാലും ഒരിക്കല്‍ കണ്ടുപോയവ മായ്ക്കുക അസാധ്യമെന്ന് അവള്‍ വ്യാകുലപ്പെട്ടു.'' അറിവായിരുന്നു മുറിവായി മാറിയത്.
ജെറോം മരക്കാരന്റെ ജീവിതത്തോട് കൂട്ടികെട്ടിയപ്പോള്‍ ജെസബെല്ലിന്റെ ജീവിതം ഇല്ലാതായി. സ്വാതന്ത്ര്യത്തിന്റെ ആകാശം അവള്‍ സ്വപ്നം കണ്ടു. എന്നാല്‍ മതവും സമൂഹവും ചുറ്റുപാടുകളും അവളെ വരിഞ്ഞുമുറുക്കി. മനസ്സിലാക്കപ്പെടാത്തതിന്റെ, അംഗീകരിക്കപ്പെടാത്തതിന്റെ യാതനകള്‍ മനസ്സിലും ശരീരത്തിലും അവള്‍ ഏറ്റുവാങ്ങി. അസംതൃപ്തകാമനകള്‍ ജെസബെല്ലിനെ പൊള്ളിച്ചുകൊണ്ടിരുന്നു. ''സ്ത്രീയുടെ ആകൃതിയുള്ള ഓരോ ജീവിക്കും ശരീരം മറയ്ക്കുന്ന ഈരണ്ടു ചിറകുകളും അടുത്തുനില്‍ക്കുന്ന ജീവികളുടെ ചിറകുകളെ സ്പര്‍ശിക്കുന്ന ഈരണ്ടുചിറകുകളും ഉണ്ടാകും.'' ഈ ചിറകുകള്‍ നിവര്‍ത്താന്‍ കഴിയാത്തവര്‍ വല്ലാതെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കും. ''അവളുടെ ഹൃദയം കിട്ടാതെ പോയ സ്‌നേഹത്തിന്റെയും സത്യസന്ധതയുടെയും കണക്കു ചോദിച്ചു''കൊണ്ടിരുന്നു.
തന്റെ 'ഇടങ്ങള്‍' ചുരുങ്ങിവരുന്നത് ജെസബെല്‍ വേദനയോടെ അറിഞ്ഞു. കെട്ടുപോയ നെരിപ്പോടുകള്‍. അവയില്‍ നിന്നും ശേഖരിച്ച കരിക്കട്ടകള്‍ കൊണ്ട് ലോകത്തിനുവേണ്ടി ചില ചിത്രങ്ങള്‍ വരയ്ക്കാന്‍ അവള്‍ ആഗ്രഹിച്ചു. അവയില്‍ ചിലത് പെണ്ണിനോടു ക്ഷമിക്കാന്‍ സാധിക്കാത്ത പുരുഷന്മാരുടെ ചിത്രങ്ങളായിരുന്നു. മറ്റു ചിലത് തന്റെ തന്നെ വികലചിത്രങ്ങളും. എന്നാല്‍ അവള്‍ക്ക് ഒരു ചിത്രവും വരയ്ക്കാന്‍ അവസരം ലഭിച്ചില്ല. ജെസബെല്ലിന് അതിന്റെ അസ്വസ്ഥതയും പേറി സഞ്ചരിക്കേണ്ടിവന്നു. ''ഇരുട്ടിന്റെ വലിയ ഒരു പേടകത്തില്‍ തന്നെ ആരോ അടക്കം ചെയ്തതായി അവള്‍ അനുഭവിച്ചു. സ്ത്രീജന്മങ്ങളുടെ കഥയാണിതെന്ന് നാം തിരിച്ചറിയുന്നു.
തന്റെ പ്രിയപ്പെട്ട നിറങ്ങളും രുചികളും ഗന്ധങ്ങളും എല്ലാം നഷ്ടപ്പെടുന്നത് ജെസബെല്‍ നിസ്സഹായതയോടെ നോക്കിക്കണ്ടു. ''അവള്‍ പ്രശംസയ്ക്കായി ദാഹിക്കുകായിരുന്നു. അംഗീകരിക്കപ്പെടാന്‍, ലാളിക്കാന്‍, അഭിനന്ദിക്കപ്പെടാന്‍ അവളുടെ ഹൃദയത്തില്‍ വിശപ്പുണ്ടായിരുന്നു'' എന്നാല്‍ ആ വിശപ്പ് ഒരിക്കലും ശമിച്ചില്ല. എല്ലാവരെയും അവരവരുടെ ഗൊല്‍ഗോഥകള്‍ കാത്തിരിക്കുന്നു എന്ന് അവള്‍ തിരിച്ചറിയുന്നു. തന്റെ ജീവിതം ആരൊക്കെയോ ചവിട്ടിമെതിച്ച് അശുദ്ധവും ഉപയോഗശൂന്യവുമാക്കി എന്നും താന്‍ വിലപ്പെട്ടതായി കരുതിയതൊന്നും ഇപ്പോള്‍ തനിക്കില്ലെന്നും മനസ്സിലാക്കുന്ന ജെസബെല്‍ അനേകം സ്ത്രീജന്മങ്ങളുടെ പ്രതിനിധിയായി മാറുന്നു.
കെ. ആര്‍. മീരയുടെ നോവല്‍ ജെസബെലിന്റെ, സ്ത്രീയുടെ പക്ഷത്തുനിന്ന് രചിക്കപ്പെട്ടതാണ്. പുരുഷാധിപത്യമൂല്യങ്ങളെ നിശിതമായി ചോദ്യം ചെയ്യുകയാണ് അവര്‍. മതവും സംസ്‌കാരവും സമൂഹവും എല്ലാം സ്ത്രീപക്ഷത്തുനിന്ന് നിരീക്ഷിക്കപ്പെടുകയാണിവിടെ. ''ജീവിതത്തിന്റെ മുറിപ്പാടുകള്‍ ഏല്‍ക്കാത്ത ഒരു പുതിയ കുട്ടിയായി ലോകത്തെ നോക്കി നുണക്കുഴികള്‍ വിടര്‍ത്തി പുഞ്ചിരിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നു കൊതിക്കുന്നു.'' ജെസബെല്‍ നമ്മെ പിന്തുടര്‍ന്നു കൊണ്ടിരിക്കും. (സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ- കെ. ആര്‍. മീര, ഡി. സി. ബുക്‌സ്).
ഋതുക്കള്‍ ഞാനാകുന്നു
ചങ്ങമ്പുഴ എന്ന കവിയുടെ, വ്യക്തിയുടെ ജീവിതം ഒരു കാലത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വിധേയമായതാണ്. പലപ്പോഴും എഴുത്തും ജീവിതവും ഒന്നാണെന്ന് വായനക്കാര്‍ വിചാരിക്കുന്നു. അപ്പോള്‍ എഴുത്തുകാര്‍ തെറ്റായി മനസ്സിലാക്കപ്പെടാന്‍ സാധ്യതയുണ്ട്. ചങ്ങമ്പുഴയും ഏറെ തെറ്റുദ്ധാരണകള്‍ക്ക് ഇരയായ കവിയാണെന്ന് നാം തിരിച്ചറിയുന്നു. കപടതയുടെ കൂടാരമായ നമ്മുടെ സമൂഹം നിര്‍മ്മിച്ചിരിക്കുന്ന ചട്ടക്കൂടുകള്‍ക്കിടയില്‍ വ്യക്തികള്‍ പലപ്പോഴും ഞെരിഞ്ഞമരാറുണ്ട്. എഴുത്തിനെയും ജീവിതത്തെയും വേര്‍തിരിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ചങ്ങമ്പുഴയെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ നമുക്കു കഴിയും. കാല്പനികതയുടെ വസന്തം സൃഷ്ടിച്ച ചങ്ങമ്പുഴ ഭാവനാലോകത്തില്‍ വിഹരിച്ചയാളാണ്. അന്നത്തെ സമൂഹം അദ്ദേഹത്തെ മനസ്സിലാക്കാന്‍ പലപ്പോഴും ശ്രമിച്ചില്ല. പ്രണയത്തിന്റെ ആകാശങ്ങളില്‍ പറന്ന കവിയെ സമൂഹം ക്രൂശിക്കാന്‍ ഒരുമ്പെട്ടു. ചങ്ങമ്പുഴയെ കുറെക്കൂടി അടുത്തുനിന്ന് മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് 'ഋതുക്കള്‍ ഞാനാകുന്നു' എന്ന കാവ്യനോവലില്‍ അബ്രഹാം മാത്യു. ചങ്ങമ്പുഴയുടെ പ്രണയിനിയായ ലക്ഷ്മിയിലൂടെയാണ് കവിയുടെ ജീവിതം ഇതള്‍ വിടരുന്നത്.
കവിതയിലാണ് നോവല്‍ വിരചിതമായിരിക്കുന്നത്. ചങ്ങമ്പുഴയുടെ പ്രധാന കാവ്യഭാഗങ്ങള്‍ ഇടകലരുകയും ചെയ്യുന്നു. ലക്ഷ്മിയുടെ വാക്കുകളില്‍ നിന്ന് നാമറിഞ്ഞതില്‍ നിന്ന് വ്യത്യസ്തനായ ഒരു കവിയെയും വ്യക്തിയെയും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. കവി ചങ്ങമ്പുഴയുടെ നിറഞ്ഞാടിയ സ്വകാര്യജീവിതവും പൂത്തുലഞ്ഞ കാവ്യജീവിതവുമാണ് 'ഋതുക്കള്‍ ഞാനാകുന്നു' എന്ന നോവല്‍ എന്ന് നോവലിസ്‌ററ് കുറിക്കുന്നു. കവിയുടെയും പ്രണയിനിയുടെയും ജീവിതത്തിലൂടെയുള്ള അനുയാത്രാണീ ഈ നോവല്‍.
ലക്ഷ്മി, ഉദ്യാനലക്ഷി, കഥ തുടങ്ങുന്നു, വാക്ക്, മനസ്സ്, സങ്കല്പം, ധ്യാനം, ജ്ഞാനം, ബലം, ആശംസ, സ്മരണ, പ്രാണന്‍, സത്യം, കര്‍മം, ആത്മാവ്, സ്‌നേഹം, അനന്തത, ബ്രഹ്മം, അസ്ഥിമാടം, സുഗന്ധം എന്നിവയാണ് നോവലിലെ അധ്യായങ്ങള്‍. ഇതെല്ലാം കവിയുടെ കാമിനിമാരാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഇതൊന്നും മനസ്സിലാക്കാനായില്ല. അവര്‍ മുദ്രകുത്തുകയും കവിയെ പലവിധത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.'കവിയുടെ കാല്പാടുകളില്‍ലക്ഷ്മി സ്വന്തം കാല്‍ വെയ്ക്കുന്നു.രണ്ടു കാല്പാടുകളും ഒന്നാകുന്നുഒന്നായിത്തീരുന്നുഒന്നായി മാറുന്നു' എന്നാല്‍ അവര്‍ വേര്‍പെടുന്നു. എങ്കിലും ശാരീരികസാന്നിദ്ധ്യത്തിനപ്പുറത്തുള്ള ആത്മീയബന്ധമായി പ്രണയം വളരുന്നു. ഇതൊന്നും ആര്‍ക്കും എളുപ്പത്തില്‍ അറിയാനാവില്ലല്ലോ.
കവിയുടെ വാക്കുകള്‍ മുത്തുകളായിരുന്നു. ആ മുത്തുകള്‍ കവിതയുടെ നവ്യാകാശത്തു വിടര്‍ന്നുവന്നു.വാക്കുകള്‍ ധര്‍മ്മാധര്‍മ്മങ്ങളെയുംനന്മതിന്മകളെയും വിളിച്ചറിയിക്കുന്നുവാക്കുകള്‍ വറ്റാത്ത ഉറവകളാകുന്നു' അങ്ങനെ കവിതയുടെ ഒരു പ്രവാഹം ചങ്ങമ്പുഴയില്‍ നിന്നുണ്ടായി. ശാപം കിട്ടി ലോകത്തിലെത്തിയ ഗന്ധര്‍വ്വനായി കവി സഞ്ചരിക്കുകയായിരുന്നു.
സങ്കല്പമായിരുന്നു എന്തിന്റെയും കേന്ദ്രബിന്ദു. അതു കവിയുടെ പ്രണയിനിയായിരുന്നു. സങ്കല്പലോകത്തിലാണ് കവി പാറിനടക്കുന്നത്. നൂതനമായ ലോകത്തേക്ക് കവിയെ സങ്കല്പം ആനയിച്ചു. കവി പറന്നു നടന്ന ആകാശം നമുക്കെന്നും അന്യമായിരുന്നു.
ചങ്ങമ്പുഴയുടേത് സ്പന്ദിക്കുന്ന അസ്ഥിമാടമാണ്. അവിടം സന്ദര്‍ശിക്കുകയെന്നത് ലക്ഷ്മിയുടെ സ്വപ്നമായിരുന്നു.''മന്ദം മന്ദം പൊടിപ്പതായി കേള്‍ക്കാംസ്പന്ദനങ്ങളിക്കല്ലറയ്ക്കുള്ളില്‍'' എന്ന് കവിതന്നെ പാടിയിട്ടുണ്ടല്ലോ. ഒരു കാലഘട്ടത്തിന്റെ വികാരവിചാരങ്ങളും സ്വപ്നങ്ങളും പ്രണയവുമെല്ലാം ആ അസ്ഥിമാടത്തില്‍ ഉറങ്ങുന്നു. കവിയുടെ യഥാര്‍ത്ഥസ്മാരകം കവിതകളാണ്. ആ കവിതകള്‍ തലമുറകളിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നു.'വീണ്ടും ഒരു കനത്ത കാറ്റ്വീടിനുള്ളിലേയ്ക്ക്അടിച്ചുകയറുന്നുഉടന്‍ കാറ്റ് തിരികെപ്പോകുന്നുപാലപൂത്ത സുഗന്ധംകാറ്റിനൊപ്പം തിരികെപ്പോകുന്നു' എന്നെഴുതി അവസാനിപ്പിക്കുമ്പോള്‍ ചങ്ങമ്പുഴയുടെ ജീവിതത്തിലൂടെ, കവിതകളിലൂടെ സഞ്ചരിച്ച അനുഭവം നമുക്കുണ്ടാകുന്നു. ചങ്ങമ്പുഴയെപ്പോലൊരു കവിയെ ശരിയായ രീതിയില്‍ അടയാളപ്പെടുത്താനുള്ള ശ്രമമാണ് എബ്രാഹം മാത്യുവിന്റേത്.
(ഋതുക്കള്‍ ഞാനാകുന്നു- എബ്രാഹം മാത്യു- മാതൃഭൂമി ബുക്‌സ്).
വരകളെയും വാക്കുകളെയും ഭയക്കുമ്പോള്‍
നമ്മുടെ രാജ്യം ഇന്നെത്തിനില്‍ക്കുന്നത് വലിയൊരു പ്രതിസന്ധിക്കു മുന്നിലാണെന്ന് നാം മനസ്സിലാക്കുന്നു. സമൂഹത്തെ മധ്യകാലഘട്ടത്തിലേക്ക് മടക്കിക്കൊണ്ടുപോകാനുള്ള ശ്രമം ചിലര്‍ ശക്തമാക്കിയിരിക്കുന്നു. ഇരുണ്ടകാലത്തേക്കു നാം കടക്കുമോ എന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നു. സര്‍ഗാത്മകതയെ, പുതിയ അന്വേഷണങ്ങളെ, ചോദ്യങ്ങളെ ഭയപ്പെടുന്ന മൗലികവാദത്തിന്റെ ശക്തികള്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്നു. 'ഫാഷിസം' എന്നു നാം വിളിക്കുന്ന തമോശക്തിയുടെ കടന്നുകയറ്റം ശക്തമാകുന്നു. ജനാധിപത്യം അപകടത്തിലാകുന്നതിന്റെ ലക്ഷണങ്ങളും കാണാം. പൗരസമൂഹം ഏറെ ജാഗ്രത പുലര്‍ത്തേണ്ട ചരിത്രമുഹൂര്‍ത്തമാണിത്. മൗലികവാദവും കോര്‍പറേറ്റ് സാമ്പത്തിക ശക്തിയും എല്ലാം ചേര്‍ന്ന് രൂപപ്പെടുന്ന ഇരുട്ടിന്റെ ശക്തികള്‍ നമ്മെ കീഴടക്കാന്‍ അനുവദിക്കരുത്. അതിന് ഉറക്കത്തില്‍ നിന്ന് നാം ഉണരേണ്ടിയിരിക്കുന്നു. 'വരകളെയും വാക്കുകളെയും ഭയക്കുമ്പോള്‍' എന്ന പ്രൊഫ. ജെ. പ്രഭാഷിന്റെ ഗ്രന്ഥം ഇത്തരം വിഷയങ്ങള്‍ സൂക്ഷ്മമായി അന്വേഷണവിധേയമാക്കുന്നു. ''പ്രതികരിക്കുവാനും ആവിഷ്‌കരിക്കുവാനുമുള്ള ജനങ്ങളുടെ സ്വാതന്ത്ര്യം അതീവ ദുര്‍ബലമായിരിക്കുന്നുവെന്നും വിയോജിക്കാനുള്ള ഇടങ്ങള്‍ നമ്മുടെ രാജ്യത്ത് കുറഞ്ഞുവരുന്നു എന്നും'' ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു.
'വരകളേയും വാക്കുകളെയും ഭയക്കുമ്പോള്‍' മുതല്‍ 'ഇറോം ശര്‍മ്മിള: സ്‌നേഹത്തിനും സമരത്തിനും ഇടയിലെ ജീവിതം' വരെ ഇരുപത് അധ്യായങ്ങളിലായി നമ്മുടെ നാടും ലോകവും ഇന്നു നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ഡോ പ്രഭാഷ് അവതരിപ്പിക്കുന്നു. ഉണര്‍ന്നിരിക്കുന്ന ഒരു മനസ്സിന്റെ സാന്നിധ്യം ഈ ലേഖനങ്ങളെ ശ്രദ്ധേയമാക്കുന്നു. രാഷ്ട്രീയം, സംസ്‌കാരം, ചരിത്രം, മതം, സമ്പദ്ശാസ്ത്രം, നിയമം, മാദ്ധ്യമം എന്നിങ്ങനെ അദ്ദേഹത്തിന്റെ ചര്‍ച്ചാവിഷയങ്ങള്‍ നിരവധിയാണ്. ജഡത്വത്തില്‍ നിന്ന് നാം ഉണരേണ്ടതിനെക്കുറിച്ചാണ് പ്രഭാഷ് എടുത്തു പറയുന്നത്. 'ഇന്ത്യ എന്ന ആശയം ഒറ്റുകൊടുക്കപ്പെടുന്നുവെന്നതാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. നമ്മുടെ ജനാധിപത്യത്തിന് ജനങ്ങളെ വേണ്ടാതായിരിക്കുന്നുവെന്നും അദ്ദേഹം മനസ്സിലാക്കുന്നു. ആസ്തിക്കു പിന്നില്‍ നില്‍ക്കുന്ന ആത്മീയതയെയും പ്രഭാഷ് നിശിതമായി വിമര്‍ശിക്കുന്നു. ആരോഗ്യകരമായ പൊതുമണ്ഡലം രൂപപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുപറയുന്നു. ഭരണകൂടം ജനങ്ങളില്‍നിന്ന് ഏറെ അകന്നുപോകുന്നത് നാം തിരിച്ചറിയേണ്ടതാണ്. വിപണിയുടെയും മൂലധനശക്തികളുടെയും സ്വാധീനം ലോകത്തെ തകിടം മറിക്കുന്നു. ലോകം ഇന്നുവരെ നേടിയെടുത്ത മൂല്യങ്ങള്‍ കൊഴിഞ്ഞുപോകുന്നു. സാധാരണ മനുഷ്യര്‍ നിസ്സഹായരായ കാഴ്ചക്കാര്‍ മാത്രമായി മാറുന്നു. സമൂഹത്തിലെ ഏറ്റവും സാധാരണക്കാരനെ തരിശു ഭൂമി തുറിച്ചുനോക്കുന്നത് ലേഖകന്‍ കാണുന്നു. ''നാം ഒരു വൈരുദ്ധ്യത്തിന്റെ നടുവിലാണ്. ഒരു കാല്‍ ആധുനികതയിലും മറ്റേ കാല്‍ പാരമ്പര്യത്തിലും ചവിട്ടി നില്‍ക്കുകയാണ് നാം. ഒരു കൈയില്‍ മൊബൈല്‍ ഫോണും മറുകൈയില്‍ ത്രിശൂലവും പിടിച്ചു നില്‍ക്കുന്നു. ഒരേ സമയം മുന്നോട്ടും പിന്നോട്ടും പോകാന്‍ ശ്രമിക്കുന്നു' എന്ന നിരീക്ഷണം ശ്രദ്ധേയമാണ്.
നാം ജീവിക്കുന്ന കാലത്തെയും ചരിത്രസന്ദര്‍ഭത്തെയും മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകമാണിത്. സമഗ്രമായ കാഴ്ചപ്പാടാണ് ജെ. പ്രഭാഷിനുള്ളത്.
(വരകളെയും വാക്കുകളെയും ഭയക്കുമ്പോള്‍ - പ്രൊഫ. ജെ. പ്രഭാഷ്- നാഷണല്‍ ബുക്ക്സ്റ്റാള്‍, കോട്ടയം)