

എനിക്കിവിടെ(USA) സെപ്റ്റംബർ ഒന്നാം തീയതി കടന്നു പോവുകയാണ്. ഇന്ന് 'സൃഷ്ടിയുടെ കാലം' ആരംഭിച്ചിരിക്കുകയാണ്. സൃഷ്ടിയെപ്രതിയും സൃഷ്ടിക്കുവേണ്ടിയും നമുക്കുവേണ്ടിത്തന്നെയും ജപ-ധ്യാന-കർമ്മങ്ങളിൽ ഏർപ്പെടാൻ സ്വയം സമർപ്പിക്കേണ്ട കാലം.
യഹൂദ പാരമ്പര്യമനുസരിച്ച്, ദൈവം സൃഷ്ടി നടത്തിയത് പ്രകാരമാണ് അവരുടെ വർഷം ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. അതിനാൽ വർഷാരംഭം അവർക്ക് (ഒന്നാം മാസമായ തിഷ്റേയ് മാസത്തിൻ്റെ ആരംഭം) റോഷ് ഹെഷാനാ(ഹ്) എന്ന തിരുനാളാണ്. വർഷത്തിൻ്റെ തല എന്നാണ് അതിൻ്റെ വാച്യാർത്ഥം. ആധുനിക കാലണ്ടർ പ്രകാരം പ്രസ്തുത മാസവും തീയതിയും സെപ്റ്റംബറിൽ ആണ് വന്നു വീഴുന്നത്. ഒരുപക്ഷേ, യഹൂദ പാരമ്പര്യങ്ങൾ കൂടുതൽ അടുത്ത് അനുകരിക്കുന്നതാണ് ഓർത്തഡോക്സ് സഭാ പാരമ്പര്യം. ഓർത്തഡോക്സ് സഭകളുടെ എക്യൂമെനിക്കൽ പാത്രിയാർക്കീസ് ആയിരുന്ന കോൺസ്റ്റാൻ്റിനോപ്പിളിലെ കാലം ചെയ്ത പരിശുദ്ധ ദിമിത്രിയോസ് ഒന്നാമൻ ബാവായുടെ 1989-ലെ ആഹ്വാനപ്രകാരം ആ വർഷം മുതൽ സെപ്റ്റംബർ 1-ാം തിയ്യതി ഓർത്തഡോക്സ് സഭകൾ 'സൃഷ്ടിയുടെ ദിനം' ആയി ആചരിച്ചു പോരുന്നു. പ്രോട്ടസ്റ്റൻ്റ് സഭകളുടെ മുൻകൈയ്യിൽ ഉള്ള സഭകളുടെ ലോക കൗൺസിൽ (WCC) ഓർത്തഡോക്സ് സഭകളിൽ നിന്ന് പ്രസ്തുത ആചരണം ഏറ്റെടുത്ത് അത് സെപ്റ്റംബർ 1 മുതൽ അസ്സീസിയിലെ വി. ഫ്രാൻസിസിൻ്റെ തിരുനാൾ ദിനമായ ഒക്റ്റോബർ 4 വരെ അഞ്ചാഴ്ച നീളുന്ന സൃഷ്ടി ധ്യാനത്തിൻ്റെയും പ്രാർത്ഥനയുടെയും കാലമായി ആചരിച്ചുപോന്നു.
2015 ജൂൺ 18 ന് ആണ് സൃഷ്ടിയോടുള്ള ആദരവിൻ്റെയും സൂക്ഷിപ്പിൻ്റെയും വിശ്വാസപ്രമാണമായി മാറിയ - ഫ്രാൻസിസ് മാർപാപ്പയുടെ 'ലൗദാത്തോ സീ' എന്ന ചാക്രിക ലേഖനം ഇറങ്ങുന്നത്. അങ്ങനെ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനപ്രകാരം കത്തോലിക്കാ സഭയും സെപ്റ്റംബർ 1 സൃഷ്ടിയുടെ ദിനമായും, അന്നുമുതൽ ഒക്റ്റോബർ 4 വരെ 'സൃഷ്ടിയുടെ കാലം' ആയും ആചരിക്കാൻ ആരംഭിക്കുകയായിരുന്നു. ഇക്കൊല്ലം പത്തു വർഷം തികയുകയാണ്.
സൃഷ്ടിയുടെ രഹസ്യം ധ്യാനിക്കുകയും എല്ലാ സൃഷ്ടികളോടും കൃതജ്ഞതയും ആദരവും വളർത്തുകയും മനുഷ്യരെന്ന നിലയിൽ അവയുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ച് അവബോധപ്പെടുകയും സൃഷ്ട പ്രപഞ്ചത്തെ കളങ്കപ്പെടുത്തുന്ന പ്രവൃത്തികളിൽ നിന്ന് പിന്മാറാൻ സമൂഹത്തെ നിർബന്ധിക്കുകയും, അതിനായി പ്രവർത്തിക്കുകയും സൃഷിടിയെ ആദരിക്കുന്ന ജീവിതരീതി പിന്തുടരാൻ പരിശ്രമിക്കുകയും ചെയ്യാനുള്ള കാലമായാണ് ഇന്ന് ലോകത്തിലെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും ഈ അഞ്ചാഴ്ചക്കാലത്തെ കണക്കാക്കുന്നത്. "ശാന്തിയുടെയും പ്രത്യാശയുടെയും വിത്തുകൾ" എന്നതാണ് ലിയോ പാപ്പാ ഈ വർഷത്തെ സൃഷ്ടിയുടെ കാലത്തിന് നിർദ്ദേശിച്ചിട്ടുള്ള പ്രമേയം.
ഈ വർഷത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് സൃഷ്ടികീർത്തനം എന്ന തന്റെ സുന്ദരകാവ്യം രചിച്ച് പൂർണ്ണമാക്കി പാടിയതിന്റെ 800-ാം വാർഷികം കൂടിയാണ് ഇക്കൊല്ലം.
