top of page

കൊറോണാ പാഠം...

Oct 14, 2020

4 min read

ഫ�ാ. ജോസ് വെട്ടിക്കാട്ട്

field of paddy

മറ്റുപരിപാടികളൊന്നുംതന്നെ ഇപ്പോളില്ലാത്തതുകൊണ്ട് പകലു മിക്കവാറും പറമ്പിലും കൃഷിപ്പണികളിലുമാണ് ശ്രദ്ധിക്കാറ്. പണിക്കിടയില്‍ ഉച്ചയോടടുത്ത സമയത്ത്, ഞാന്‍ സ്ഥലത്തുണ്ടോ എന്നന്വേഷിച്ചുകൊണ്ട് ഒരു ഫോണ്‍കോള്‍ വന്നു. വല്ലപ്പോളും മാത്രമേ വിളിക്കാറും കാണാറുമുണ്ടായിരുന്നുള്ളുവെങ്കിലും വര്‍ഷങ്ങളായിട്ടു സൗഹൃദവും അടുപ്പവുമുള്ള ഒരാളായിരുന്നു വിളിച്ചത്. സാമാന്യം നല്ലകച്ചവടമുള്ള ഒരു സ്റ്റേഷനറി ആന്‍ഡ് ലേഡീസ് സെന്‍ററാണ് അയാളുടെ വരുമാനമാര്‍ഗ്ഗം. മൂന്നുമക്കളില്‍ പന്ത്രണ്ടുവയസ്സുള്ള മൂത്തമകന് ശരിയായ ബുദ്ധിവളര്‍ച്ചയില്ല എന്നതായിരുന്നു അവരുടെ വലിയ സങ്കടം. കടയില്‍ പോകുന്ന സമയമൊഴികെ ആ കുട്ടിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് ഈ അപ്പനാണ്. എവിടെ പോയാലും അവിടെയെല്ലാം അവനെയും കൂടെകൊണ്ടുപോകും, അത്രകാര്യമാണ് അയാള്‍ക്കവനെ. സാധാരണ എന്നെ വിളിക്കാറുള്ളത്, കാണാന്‍വരുന്നുണ്ട് എന്നുപറയനാണ്. കാണാന്‍വരുമ്പോളൊക്കെ മക്കളും ഭാര്യയും ഒരുമിച്ചേ വരാറുണ്ടായിരുന്നുള്ളു. ഞാന്‍ സ്ഥലത്തുണ്ട്, കാണാന്‍ വരാനാണെങ്കില്‍ ഉച്ചയ്ക്കുശേഷം എത്തിയാല്‍മതി എന്നു പറഞ്ഞപ്പോളേക്കും ഫോണ്‍ കട്ടായി. പക്ഷേ, ഞാന്‍ ഉച്ചയൂണിനു പറമ്പില്‍നിന്നും കയറിവരുമ്പോള്‍ അയാളുടെ കാര്‍ മുറ്റത്തുകിടക്കുന്നുണ്ടായിരുന്നു

"ഞാനിവിടെ എത്തിക്കഴിഞ്ഞായിരുന്നു മുമ്പേ അച്ചനെ വിളിച്ചത്. ഇവിടെയുണ്ടെങ്കില്‍ അച്ചന്‍ പറമ്പിലെവിടെയെങ്കിലുമായിരിക്കുമെന്നറിയാം. ഉച്ചയ്ക്കു കയറിവരുമെന്നും എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് അച്ചന്‍ വരാന്‍വേണ്ടി വെയ്റ്റു ചെയ്തത്.""എല്ലാവരും കാണുമല്ലോ കാറില്‍. കയറിയിരിക്ക്, ഞാനീ വേഷമൊന്നു മാറിയിട്ടുവരാം.""ഇല്ലച്ചാ, ഇന്നു ഞാനും മൂത്തമോനും മാത്രമേയുള്ളു. അവന്‍ വണ്ടിക്കകത്തിരുന്നു ബഹളംവയ്ക്കാന്‍ തുടങ്ങി. എനിക്ക് അച്ചനോടല്‍പം കാര്യം പറയാനുണ്ടായിരുന്നു. പത്തുമിനിറ്റുമതി. അച്ചന്‍ ഊണുകഴിച്ചിട്ടുവന്നാല്‍മതി. എനിക്കുതിരക്കില്ല. ഞാന്‍ കാത്തിരിക്കാം."

"എന്നാല്‍പിന്നെ മോനെയുംകൂട്ടി താനുംകൂടി വാ, ഉള്ളതുകൊണ്ടു നമുക്കു കഴിക്കാം."

"ഇല്ലച്ചാ, വീട്ടില്‍ പറയാതെയാണു ഞാനിന്നു പോന്നിരിക്കുന്നത്. എത്രവൈകിയാലും ഞാന്‍ ചെല്ലുന്നതുവരെ അവളും ഉണ്ണാതെ കാത്തിരിക്കും."

"ശരി. എങ്കില്‍പിന്നെ സംസാരിച്ചുകഴിഞ്ഞു ഞാനൂണുകഴിച്ചോളാം. വാ, കാറിനടുത്തേക്കു പോകാം, മോനെ ഒറ്റയ്ക്കിരുത്തേണ്ട."