top of page

മനുഷ്യാസ്തിത്വത്തിലെ വിധികല്‍പിതത്വം

Jun 17, 2009

1 min read

ഡപ

മനുഷ്യന്‍ അവന്‍ ആഗ്രഹിക്കുന്നത് ആയിത്തീരാന്‍ സിദ്ധിയുള്ള, അനേകമനേകം സാദ്ധ്യതകളുള്ള ഒരു സ്വതന്ത്ര ജീവിയായിട്ടാണ് പൊതുവേ ചിത്രീകരിക്കപ്പെടാറുള്ളത്. പ്രതീക്ഷയും സര്‍ഗ്ഗാത്മകതയും സാദ്ധ്യതകളും പരിമിതികളില്ലാത്ത സ്വാതന്ത്ര്യവുമുള്ള മനുഷ്യന്‍ എന്ന സങ്കല്പം, മനുഷ്യനെക്കുറിച്ച് നമ്മുടെ മുമ്പില്‍ വയ്ക്കുന്നത് സുന്ദരവും ദീപ്തവുമായ ഒരു ചിത്രമാണ്. ഇത് സത്യസന്ധമായ ചിത്രമാണെങ്കിലും പൂര്‍ണ്ണമായ ചിത്രമല്ല. കാരണം, ഞാന്‍ ഇപ്പോള്‍ എന്താണോ ആ അടിത്തറമേല്‍ മാത്രമേ എനിക്കെന്നെ പണിതുയര്‍ത്താനാകു. ഒരു പ്രത്യേക ചുറ്റുപാടിലേക്ക് ഞാന്‍ എറിയപ്പെട്ടിരിക്കുകയാണ്. അത് സ്വീകരിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. അതു സംബന്ധിച്ച് ഒരു തെരഞ്ഞെടുപ്പു നടത്താന്‍ എനിക്കാവുകയേയില്ല. ഞാന്‍ ചോദിക്കാതെതന്നെ എനിക്കു ലഭിച്ചതാണത്.

ഉദാഹരണത്തിന്, എന്‍റെ മാതാപിതാക്കളെ ഞാന്‍ തെരഞ്ഞെടുത്തതല്ല, എനിക്കു നല്‍കപ്പെട്ടതാണ്. എന്‍റെ ജനനം ഇന്ത്യയിലായിരിക്കണമോ അതോ മറ്റെവിടെങ്കിലുമായിരിക്കണമോ എന്നോ, സമ്പന്ന കുടുംബത്തിലോ അതോ ദരിദ്രകുടുംബത്തിലോ ആയിരിക്കണമെന്നോ, ഇരുപതാം നൂറ്റാണ്ടിലോ അതോ ഇരുപത്തൊന്നാം നൂറ്റാണ്ടിലോ ആയിരിക്കണമെന്നോ ഞാന്‍ തീരുമാനമെടുത്തതല്ല. എന്‍റെ ജീവിതത്തിന്‍റെ കാലവും സ്ഥലവും എന്നില്‍ അടിച്ചേല്‍പിച്ചതാണ്. ഞാന്‍ ആണോ പെണ്ണോ എന്നതും എന്‍റെ തീരുമാനമല്ല. ഞാന്‍ പുരുഷനാണ് എന്ന ഒറ്റക്കാരണത്താല്‍ ലോകസുന്ദരി പട്ടത്തിനുവേണ്ടിയുള്ള മത്സരത്തിന്‍റെ വാതിലുകള്‍ എന്‍റെ മുമ്പില്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. ഞാന്‍ സ്ത്രീയാണ് എന്ന ഒറ്റക്കാരണത്താല്‍ ഒരു കത്തോലിക്കാ പുരോഹിതയാകാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമല്ല. എന്‍റെ ശാരീരിക സവിശേഷതകള്‍ക്ക് വളരെ തുച്ഛമായ മാറ്റങ്ങളേ ഏതു ബ്യൂട്ടിപാര്‍ലറിനും നിര്‍വഹിക്കാനാകൂ. അതിലും കുറവു മാറ്റങ്ങളേ എന്‍റെ ആന്തരിക സവിശേഷതകളുടെ കാര്യത്തില്‍ സാധ്യമാകൂ. എന്‍റെ ബൗദ്ധിക ശേഷി, വൈകാരിക പ്രകൃതം, എന്‍റെ സിദ്ധികള്‍... എല്ലാം എനിക്കു നല്‍കപ്പെട്ടതാണ്. വലിയൊരു അളവുവരെ എന്‍റെ സ്വഭാവ വിശേഷങ്ങളും എന്‍റെ കഴിവുകളും എനിക്കു നല്‍കപ്പെട്ടതാണ്. എന്‍റെ വ്യക്തിത്വത്തിലെ മാറ്റങ്ങളും വികാസവുമെല്ലാം എനിക്കു നല്കപ്പെട്ട ചുറ്റുപാടിനാല്‍ - സാമൂഹ്യ, സാംസ്ക്കാരിക, മത, സാമ്പത്തിക ചുറ്റുപാട് - നിര്‍ണ്ണയിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

ഞാന്‍ 'എടുത്തെറിയപ്പെട്ടിരിക്കുന്ന' ഈ ചുറ്റുപാട് - ഞാന്‍ ചോദിക്കാതെ എനിക്ക് നല്‍കപ്പെട്ടിരിക്കുന്നവ എല്ലാം - എന്‍റെ അസ്തിത്വത്തിലെ ഒരു സുപ്രധാന ഘടകമാണെന്നു അങ്ങനെ ഞാന്‍ കാണുന്നു. ഞാന്‍ എന്നു പറയുന്നത് എന്‍റെ ജീവിതത്തിലൂടെ ഞാന്‍ ആയിത്തീരുന്നത് മാത്രമല്ല, ഞാന്‍ ഇതുവരെ എന്തായിരുന്നുവോ അതും കൂടിയാണ്. അങ്ങനെ എന്‍റെ അസ്തിത്വം പരിമിതപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു; എന്‍റെ സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. എന്‍റെ കഴിവുകള്‍ക്ക് പരിധി കല്‍പിക്കപ്പെട്ടിരിക്കുന്നു. രണ്ടു വിരുദ്ധഘടകങ്ങളെ ഞാന്‍ അഭിമുഖീകരിക്കേണ്ടി വരുന്നു: ഒന്ന് എന്‍റെ അസ്തിത്വത്തിലെ സാധ്യതകള്‍; രണ്ട്, ഞാന്‍ എറിയപ്പെട്ടിരിക്കുന്ന ചുറ്റുപാട്. ചില കാര്യങ്ങള്‍ എനിക്കുവേണ്ടി തീരുമാനിക്കപ്പെടുന്നു. ഒരേസമയം ഞാന്‍ പ്രാപ്തനും അപ്രാപ്തനുമാണ്.

ഡപ

0

0

Featured Posts